പുരാവസ്തു

121
0

അന്ന് അതിരാവിലെ എണീറ്റ
കുഞ്ഞോന്റെ കണിയിൽ
വല്ലാണ്ട് മാറ്റം വന്നിരുന്നു

ഉമ്മറത്തെ ചാരുകസാലയിൽ
നീണ്ട് കിടക്കുന്ന വല്ലിപ്പയെയോ
സ്ഥിരം കുടിക്കുന്ന ചായ ഗ്ലാസോ
നീർത്തിവെച്ച പത്രമോ അവൻ കണ്ടില്ല

വല്ലിപ്പയോടൊപ്പം ചാരുകസേരയും
അപ്രത്യക്ഷമായത് അവനെ അത്ഭുതപ്പെടുത്തി

തിണ്ടത്ത് വെള്ളം നിറച്ച് വെച്ച
കിണ്ടിയും ചോന്ന കളർ പിടിച്ച
കോളാമ്പിയും ചാരി വെച്ച നീളൻ
വടിയും അയലിൽ തൂക്കിയിട്ട
വെള്ളമുണ്ടും അപ്രത്യക്ഷമായ
തവൻ സെക്കന്റുകൾക്കുള്ളിൽ
മനസ്സിലാക്കി

നിത്യം ചലിക്കുന്ന വല്ലിപ്പാടെ
തസ്ബീഹ് മാലയിലെ മുത്ത്
മണികൾ ചിന്നംചിതറി
അലക്ഷ്യമായ് കിടക്കുന്നതവൻ
വേദനയോടെ ഒരു നിമിഷം
നോക്കി നിന്നു

അന്നാദ്യമായവൻ തനിയെ
മദ്രസ്സയിലേക്ക് നടന്നു
വാതോരാതെ പഴങ്കഥ
പറയുന്ന വല്ലിപ്പാന്റെ
വിടവ് അവനെ തളർത്തി

ഒടുക്കം രണ്ടും കല്പിചുമ്മാനോടവൻ
ആരാഞ്ഞു ” ന്റെ വല്ലിപ്പെവ്ടേ “
കണ്ണുരുട്ടി ഉറഞ്ഞു തുള്ളി
ഉമ്മ പറഞ്ഞു
ഇനി വല്ലിപ്പ വരില്ലെന്ന സത്യം

പഴേ ആൾക്കാരു കൂടുന്ന
സ്നേഹസദനത്തിൽ
വല്ലിപ്പ കുഞ്ഞോനേ കൂട്ടാണ്ട്
അഭയം തേടിയതറിഞ്ഞ മുതലവൻ
ഒരു വറ്റിറക്കീല
കണ്ണീര് വറ്റിയ ചാലുകൾ
അവന്റെ കവിൾ തടം വരഞ്ഞു

ഒടുക്കം ഉമ്മ പടം പിടിച്
ചില്ലിട്ട് വെച്ച ആ ഫ്രെയിം
മകനേകി

ആ ഫ്രെയിമിൽ കണ്ണ് നിറച്ചവൻ
വല്ലിപ്പയെ കണ്ടെങ്കിലും
നീരറ്റു വറ്റി വരണ്ട കൈവിരലുകൾ
തരുന്ന സ്വാന്തനമവനു ലഭിച്ചില്ല

വരണ്ടുണങ്ങിയ ആ അധരങ്ങൾ
തരുന്ന ചൂട് അവനെ തഴുകാനെത്തിയില്ല
ആ കഥകളുടെ ശബ്ദം അവന്റെ കർണ
പുടത്തിൽ സ്പർശിക്കാനെത്തിനെ
ത്തിയത് പോലുമില്ല

ആ ചില്ലുകൂട്ടിൽ ഒരു പുരാവസ്തു
കണക്കെ ഒരുങ്ങി വല്ലിപ്പ നിൽക്കുന്നതായ്
മാത്രമവന് തോന്നി

അപ്പുറത്തെ വീട്ടിലെ അരുണിന്റെ മുത്തച്ഛനും സലീമിന്റെ ഉമ്മൂമ്മയും
സ്നേഹസദനത്തിലെത്തിയതോടെ
പഴേ ആൾക്കാരു പോകുന്ന ഭവനം തന്നെയതെന്നവൻ മനസ്സിലാക്കി

ഒരുനാൾ തന്റെ ഉമ്മയും ഉപ്പയുംഈ ഫ്രെയിമിൽ മാത്രം ഒതുങ്ങുന്ന പുരാവസ്തുവും സ്നേഹസദനത്തിലുറങ്ങുന്ന
ജീവനുമാവുമെന്നും ഇതൊരു പ്രക്രിയ
യാണെന്നുമവൻ കരുതി

പീളയടിഞ് നിറം മങ്ങിയ
കണ്ണുകളും
ഞരമ്പ് പൊന്തി നീര് വറ്റിയ
കൈകളും
നരബാധിച്ച തലയും
പുരാവസ്തുവായെന്ന
തെളിവെന്നോതിയവൻ
ഉമ്മയോട് ചോദിച്ചു

“അപ്പോമ്മാക്ക് വയസ്സായാലും
സ്നേഹസദനത്തിൽ
പോവോന്ന് “

കൂർത്ത കാരിരുമ്പ് പോൽ
ഹൃത്തിൽ തറച്ച ആ ചോദ്യത്തിന്
നാളെ താനുമാസദനത്തിലഥിതിയായെ
ത്തുമെന്നറിയാതവൾ ഉത്തരം
പറയാതെ നടന്നു നീങ്ങി

ഇനിയുമൊരുപാട് പുരാവസ്തുക്കൾ
ആ സദനത്തിൽ അഭയം തേടും
അതൊരു പ്രക്രിയയായ് തുടരും….

Leave a Reply

Your email address will not be published. Required fields are marked *