- ഇന്ത്യ സ്വതന്ത്രമാകുമ്പോൾ തിരുവിതാംകൂർ, ഹൈദരാബാദ് അടക്കം 552 നാട്ടുരാജ്യങ്ങൾ ഇന്ത്യൻ ഭൂപ്രദേശത്തിനുള്ളിൽ ഉണ്ടായിരുന്നു. ഇന്ത്യൻ ഇൻഡിപെന്റൻസ് ആക്ട് ഈ നാട്ടുരാജ്യങ്ങൾക്ക് 3 ഓപ്ഷനുകൾ നൽകിയിരുന്നു. ഇന്ത്യയുടെ ഭാഗമാകുക, പാകിസ്ഥാന്റെ ഭാഗമാകുക അല്ലെങ്കിൽ സ്വതന്ത്രമാകുക. 549 നാട്ടുരാജ്യങ്ങളും ഇന്ത്യയുടെ ഭാഗമാകാന്‍ തീരുമാനിച്ചപ്പോള്‍ ഹൈദരാബാദ്, ജുനഗഡ്, കാഷ്മീര്‍ എന്നീ 3 നാട്ടുരാജ്യങ്ങള്‍ മാത്രം ഇന്ത്യയുടെ ഭാഗമാകാന്‍ വിസമ്മതിച്ചു. ഹൈദരാബാദ് സൈനിക നടപടിയിലൂടെയും ജുനഗഡ് ഹിതപരിശോധനയിലൂടെയും കാഷ്മീര്‍ Instrument of Accession എന്ന ഉടമ്പടിപ്രകാരവും പിന്നീട് ഇന്ത്യയുടെ ഭാഗമായി.
- ധര്‍ കമ്മീഷന്‍
- ഇന്ത്യ സ്വതന്ത്ര്യമായി അധികം വൈകാതെ തന്നെ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനസ്സംഘടിപ്പിക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും, വിശിഷ്യാ തെക്കന്‍ ഇന്ത്യയില്‍ നിന്നും, ശക്തമായി ഉയര്‍ന്നു. ഇതിന്റെ പ്രായോഗികത പരിശോധിക്കാനായി 1948ല്‍ എസ്.കെ ധര്‍ അധ്യക്ഷനായുള്ള ഒരു കമ്മീഷനെ ചുമതലപ്പെടുത്തി. 1948 ഡിസംബറില്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഈ കമ്മീഷന്‍ ഭാഷയെ അടിസ്ഥാനമാക്കുന്നതിന് പകരം ഭരണപരമായ സൗകര്യത്തിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കണമെന്ന് ശുപാർശ ചെയ്തു. ഇത് പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമാകാന്‍ കാരണമായി.
- JVP കമ്മിറ്റി
- പ്രതിഷേധം തണുപ്പിക്കാന്‍ ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ വല്ലഭായി പട്ടേല്‍, പട്ടാഭി സീതാരാമയ്യ തുടങ്ങിയവര്‍ അംഗങ്ങളായ മറ്റൊരു കമ്മീഷന്‍ രൂപീകരിച്ചു. ഇത് JVP കമ്മിറ്റി എന്നാണ് ചരിത്രത്തില്‍ അറിയപ്പെടുന്നത്. ഈ കമ്മിറ്റിയും ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനസ്സംഘടിപ്പിക്കാനുള്ള ആവശ്യത്തെ തള്ളി.
- ആന്ധ്രയുടെ രൂപീകരണം
- എന്നാല്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കണമെന്ന ആവശ്യവുമായി ജനകീയ പ്രക്ഷോഭം ശക്തി പ്രാപിക്കുകയും ഇതിന്റെ ഭാഗമായി ആന്ധ്രക്കാരനായ പോറ്റി ശ്രീരാമലു അനിശ്ചിത കാലത്തേക്ക് നിരാഹാരം കിടക്കുകയും 56ആം ദിവസം അദ്ദേഹം രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. ഈ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ 1953 ഒക്ടോബറില്‍ തെലുഗു സംസാരിക്കുന്ന പ്രദേശങ്ങളെ മദ്രാസ് സംസ്ഥാനത്തില്‍ നിന്ന് വിഭജിച്ചു കൊണ്ട് ആന്ധ്ര സംസ്ഥാനം രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായി. ഭാഷാടിസ്ഥാനത്തില്‍ രൂപീകൃതമായ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് ആന്ധ്ര.
- ഫസല്‍ അലി കമ്മീഷന്‍
- ആന്ധ്രാ സംസ്ഥാനത്തിന്റെ രൂപീകരണത്തോടെ ഭാഷാടിസ്ഥാനത്തില്‍ തങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ വേണമെന്ന ആവശ്യം രാജ്യത്തിന്റെ പല കോണുകളില്‍ നിന്നും ഉയര്‍ന്നു. ഈ ആവശ്യം വീണ്ടും പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായി. തദ്ഫലമായി 1953 ഡിസംബറില്‍ ഒരു മൂന്നംഗങ്ങളുള്ള സംസ്ഥാന പുനസ്സംഘടനാ കമ്മീഷന്‍ (State Reorganisation Commission) രൂപീകരിച്ചു. ഇതിന്റെ അധ്യക്ഷന്‍ (Chairman) ഫസല്‍ അലിയായിരുന്നു. അതിനാല്‍ ഫസല്‍ അലി കമ്മീഷന്‍ എന്നുമറിയപ്പെടുന്നു. സര്‍ദാര്‍ കെ.എം പണിക്കരും എച്ച്.എന്‍ കുന്‍സ്രു (H.N Khunzru) എന്നിവരായിരുന്നു മറ്റംഗങ്ങള്‍. 1955 സെപ്റ്റംബറില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനസംഘടിക്കുക എന്ന ആവശ്യം അവര്‍ അംഗീകരിച്ചു. എന്നാല്‍ ‘ഒരു ഭാഷ, ഒരു സംസ്ഥാനം’ എന്ന ആശയത്തെ നിരാകരിച്ചു.
- ഭരണഘടന നിലവിൽ വരുമ്പോൾ സംസ്ഥാനങ്ങളെയും മറ്റു ഭൂപ്രദേശങ്ങളെയും നാലായി തരം തിരിച്ചിരുന്നു (Part A,B,C &D). ഈ തരംതിരിവ് റദ്ദാക്കി പകരം 16 സംസ്ഥാനങ്ങളും 3 കേന്ദ്രഭരണ പ്രദേശങ്ങളും രൂപീകരിക്കാൻ കമ്മീഷൻ നിർദേശിച്ചു. കേന്ദ്ര സർക്കാർ ചില മാറ്റങ്ങളോടെ ഈ നിർദേശം അംഗീകരിച്ചു. തത്ഫലമായി States Reorganisation Act (1956), 7th ഭരണഘടനാ ഭേദഗതി ആക്ട് (1956) എന്നിവ പ്രകാരം 1956 നവംബർ 1ന് 14 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണ പ്രദേശങ്ങളും നിലവിൽ വന്നു.
- തിരുവിതാംകൂർ-കൊച്ചി സംസ്ഥാനം, മദ്രാസിന്റെ ഭാഗമായിരുന്ന മലബാർ പ്രദേശം, ദക്ഷിണ കന്നഡയുടെ ഭാഗമായിരുന്ന കാസർഗോഡ് എന്നിവ ലയിപ്പിച്ചു കൊണ്ട് കേരള സംസ്ഥാനം രൂപീകരിച്ചു. ഹൈദരാബാദിന്റെ ഭാഗമായിരുന്ന തെലുഗ് സംസാരിക്കുന്ന പ്രദേശങ്ങൾ ആന്ധ്രയിൽ ലയിപ്പിച്ച് ആന്ധ്രാ പ്രദേശ് സംസ്ഥാനം രൂപീകരിച്ചു. മധ്യഭാരത്, വിന്ധ്യ, ബോപ്പാൽ എന്നീ സംസ്ഥാനങ്ങൾ ലയിപ്പിച്ചു കൊണ്ട് മധ്യപ്രദേശ് സംസ്ഥാനം രൂപീകരിച്ചു. സൌരാഷ്ട്ര, കച്ച് സംസ്ഥാനങ്ങൾ ബോംബെ സംസ്ഥാനത്തിലേക്ക് ലയിപ്പിച്ചു. കൂർഗ് മൈസൂരിലേക്ക് ലയിപ്പിച്ചു. അജ്മീർ രാജസ്ഥാനിലേക്ക് ലയിപ്പിച്ചു. മാത്രമല്ല, മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ലക്ഷദീപ്, മിനിക്കോയ്, അമൻദീവ് ദ്യീപ് എന്നിവ അതിൽ നിന്ന് വേർപ്പെടുത്തി ഒരൊറ്റ കേന്ദ്രഭരണപ്രദേശമാക്കി മാറ്റി.