പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം ഏറെ മുന്നിലാണെങ്കിലും, ഉന്നത വിദ്യാഭ്യാസ രംഗത്ത് ആ മികവ് നമ്മൾ പുലർത്തുന്നുണ്ടോ എന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസ നിലവാരത്തെ ആഗോള തലത്തിലേക്ക് ഉയർത്തേണ്ടതിന്റെ ആവശ്യകത ദിനംപ്രതി ഉയരുകയാണ് . പരമ്പരാഗത വിദ്യഭ്യാസ രീതിയിൽ കാതലായ മാറ്റങ്ങൾ വരുത്തുക എന്നത് വളരെ സാങ്കേതികത്ത്വം നിറഞ്ഞ ഒന്നാണ്. ഓരോ പരിഷ്കരണങ്ങൾക്കും വേണ്ട കാലതാമസങ്ങളും നാടകളും കേരളത്തിൽ വളരെ ഭീമമാണ്. ആയതിനാൽ തന്നെ സർക്കാർ പക്ഷത്ത് നിന്ന് ആഗോള വിദ്യാഭ്യാസ രംഗവുമായി കിടപിടിക്കുന്ന തരത്തിലുള്ള ഒരു മികവിലേക്ക് കൈപിടിച്ചുയർത്താനുതകുന്ന തരത്തിലുള്ള വിപ്ലവകരമായ നീക്കം ഏറെക്കുറെ അസംഭവ്യമാണെന്ന് കാലം തെളിയിക്കപ്പെട്ടതുമാണ്. കാലം ആവശ്യപ്പെടുന്ന മാറ്റങ്ങൾക്കൊപ്പം നീങ്ങിക്കൊണ്ട് ഒരിക്കലും കേരളത്തിന് പുറത്തേക്ക് പോകുന്ന മനുഷ്യ വിഭവത്തിന് തടയിടാൻ സാധിക്കില്ല. എന്താണ് വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന പ്രശ്നം എന്നത് വളരെ മുന്കൂട്ടായി കണ്ട് അടിയന്തിരമായി പഠിച്ച് പരിഹാരം കാണാൻ നമുക്ക് പറ്റണം. ദീർഘകാലാടിസ്ഥാനത്തിൽ ഇത് നമ്മുടെ സാമ്പത്തിക മേഖലയെ തന്നെ ബാധിക്കും.

ഈയൊരു പശ്ചാത്തലത്തിൽ വേണം നമ്മൾ കേരളത്തിലിപ്പോൾ അവതരിപ്പിച്ച സ്വകാര്യ സർവകലാശാല ബില്ലിനെ നോക്കിക്കാണാൻ. വിദ്യഭ്യാസ രംഗത്ത് മികവുറ്റ സംവിധാങ്ങൾ കൊണ്ടുവരുന്നതിന് ഭീമമായ നിക്ഷേപം വേണ്ടിവരും. അത് സർക്കാരിന് സാധിച്ചില്ലെങ്കിൽ സാധ്യമായവരെക്കൊണ്ട് സാധിപ്പിച്ചേ പറ്റൂ. അതെങ്ങനെ സാധിപ്പിക്കണം എന്നത് പക്ഷെ തീർത്തും സർക്കാരുകളുടെ മാത്രം കയ്യിൽ പെടുന്ന കാര്യവുമാണ്. കാലാനുസൃതമായി വിദ്യാഭ്യാസ രംഗം പരിഷ്കരിച്ചില്ലെങ്കിൽ വരും തലമുറയോട് ചെയ്യുന്ന മാപ്പർഹിക്കാത്ത തെറ്റാവുമത്.
ഇനി നമ്മൾ ചർച്ച ചെയ്യേണ്ട മറ്റൊന്നാണ് ഇപ്പോൾ ഈ ബില്ല് ആര് കൊണ്ട് വരുന്നു ? അവരുടെ നയം എന്ത് ? ഇതേ വിഷയത്തിൽ അവരുടെ മുൻ നിലപാട് എന്തായിരുന്നു? ഇത് ഇഴകീറി പരിശോധിച്ച് ഉദ്ദേശശുദ്ധി ഉറപ്പുവരുത്തേണ്ടത് ജനാധിപത്യ വിശ്വാസി എന്ന നിലയിൽ നമ്മുടെ കടമയാണ്. വിദ്യാഭ്യാസം ചരക്കുവൽക്കരിക്കപ്പെടും എന്നതായിരുന്നു ഇടതുപക്ഷം ഇത്രയും കാലം നമ്മോട് പറഞ്ഞിരുന്നത്. അപ്പോൾ ഇപ്പോൾ അങ്ങനെയല്ലേ എന്ന ചോദ്യത്തിന്റെ ഉത്തരമായി “കൃത്യമായി നിയമ നിർമാണം നടത്തി സർക്കാർ ചട്ടക്കൂടുകൾക്ക് വിധേയമായി മാത്രം അനുമതി” നൽകിയാൽ ഒരു പരിധി വരേ അല്ല എന്നാണ് ഉത്തരം. ഈ വിഷയത്തിലെ ഇടതു പക്ഷ നയമാറ്റം ഇപ്പോൾ മാത്രമല്ല, മുൻപ് ബജറ്റ് അവതരണ വേളയിലും, മുഖ്യമന്ത്രിയുടെ നവകേരള രൂപരേഖ പ്രഖ്യാപനത്തിലും, സിപിഐഎം പിബി പ്രസ്താവന വേളയിലും ചർച്ച ചെയ്യപ്പെട്ടതാണ്. ഇന്ത്യൻ ഭരണകൂടവും അവരുടെ മുതലാളിമാരും ഇന്ത്യൻ വിദ്യാഭ്യാസ രംഗം എന്നേ വില്പനക്ക് വെച്ചു എന്നത് യാഥാർഥ്യമാണ്. അതിൽ നിന്ന് കേരളത്തിന് എത്ര കാലം ഒളിച്ച് നില്ക്കാൻ കഴിയും എന്നതൊരു ചോദ്യം തന്നെയാണ്. ഇത്തരത്തിലെ വൻകിട സ്വകാര്യ മൂലധന നിക്ഷേപകർ പൂർണ്ണ തോതിൽ നിയന്ത്രണമെടുക്കുന്നതിൽ കേരളത്തിനാലാവുന്ന രീതിയിലെ പ്രതിരോധമാണ് നിലവിൽ കേരളം ചെയ്യുന്നത്.

മുൻപ് കേരളത്തിൽ അവതരിക്കപ്പെട്ടതിൽ നിന്ന് മാറി സർക്കാർ നിയന്ത്രണത്തിൽ സ്വകാര്യ സർവ്വകലാശാലകൾ വരുന്നതിനെ എസ്എഫ്ഐ നിലവിൽ സ്വാഗതം ചെയ്തിരിക്കുന്നു. NEP 2020 പ്രകാരം കോടതി മുഖേന കേരളത്തിൽ സ്വകാര്യ സർവകലാശാല അനുവദിക്കപ്പെട്ടാൽ യാതൊരു വിധ സർക്കാർ നിയന്ത്രണവുമില്ലാതെയുള്ള വിദ്യഭ്യാസ വാണിജ്യത്തിന് നാം സാക്ഷിയായേനെ എന്ന് പേടി കൊണ്ടാകാമിത്. സീറ്റുകളിൽ നിലവിൽ 40% കേരളത്തിലെ വിദ്യാർത്ഥികൾക്ക് സംവരണം ചെയ്യപ്പെട്ടിരിക്കുകയും, അതിൽ കേരളത്തിൽ നിലനിൽക്കുന്ന സംവരണ വ്യവസ്ഥകൾ സമ്പൂർണ്ണമായും പാലിക്കണം എന്ന നിബന്ധനയും ഉണ്ട്. വിദഗ്ദ്ധ സമിതിയിലും ഗവേണിംഗ്, എക്സിക്യൂട്ടീവ്, അക്കാഡമിക് കൗൺസിലുകളിൽ സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്യുന്നവർ ഉൾപ്പെടുത്തണം എന്നൊക്കെയാണ് സർക്കാർ വ്യവസ്ഥകൾ. ഇത്ര മാത്രമേ സംസ്ഥാന സർക്കാരിന് കൈ കടത്താൻ നിർവാഹമുള്ളൂ. ഇതോടു കൂടി പൂർണ്ണ തോതിൽ സ്വകാര്യ സർവ്വകലാശാലകൾ സർക്കാർ നിയന്ത്രത്തിലാകുമോ എന്ന് ചോദിച്ചാൽ, ഇല്ല. ഇതൊരു കടിഞ്ഞാൺ മാത്രമാണെന്നും, ഒരൊറ്റ കോടതി ഉത്തരവിൽ കടപുഴകി വീഴാവുന്നതേ ഉള്ളു. നയമാറ്റം മൂലം സംഭവിച്ച ശോഷണത്തിൽ നിന്ന് സിപിഐഎമ്മിന് മുഖം രക്ഷിക്കാം എന്ന് മാത്രം.
ലോകത്തെ മികച്ച സർവ്വകലാശാലകളൊന്നും മറ്റൊരു രാജ്യത്ത് ശാഖകൾ തുടങ്ങി, പ്രധാന കാമ്പസിന് തുല്യമായ രീതിയിലുള്ള പഠന സംവിധാനമൊരുക്കാറില്ല. അവരുടെ മികച്ച അധ്യാപകരെ അതിനായി മാറ്റിവെക്കാറുമില്ല, ഇന്ത്യ പോലെയൊരു രാജ്യത്ത് മറ്റു രാജ്യങ്ങളിൽ ലഭിക്കുന്ന ശമ്പളത്തിന് ആനുപാതികമായി ശമ്പളം ലഭിക്കാനും പോകുന്നില്ല. അതുകൊണ്ടു തന്നെ നമ്മുടെയെല്ലാ ദൗർബല്യങ്ങൾക്കുമുള്ള പരിഹാരമാവില്ല ഈ സർവ്വകലാശാലകളൊന്നും. സമ്പന്നർക്ക് മാത്രമോ , ഉപരി – വർഗ്ഗങ്ങൾക്ക് മാത്രമോ തുറക്കപ്പെടുന്നു ഒരു വാതിലാണ് ഈ സർവ്വകലാശാലകളുടേത്. ഭരണകൂട തലപര്യങ്ങൾക്ക് വിരുദ്ധമായി യാതൊന്നും ഉരുവിടാത്ത കളിപ്പാവയാവും ഇവയെന്നും സംശയലേശമന്യേ നമുക്കനുമാനിക്കാം. ലാഭം മാത്രം ലക്ഷ്യം വെച്ചുള്ള ഇത്തരം ഉന്നമനങ്ങളോടെ, വിദ്യാഭ്യാസ രംഗം തീർത്തും കച്ചവട രംഗമായി മാറുകയും സാമ്പത്തിക പിന്നോക്കം നിൽക്കുന്നവർ വിദ്യാഭ്യാസ രംഗത്ത് നിന്ന് തീർത്തും പുറന്തള്ളപ്പെടാനുള്ള സാധ്യതയും സന്നിഹിതമാവുന്നു.
മികച്ച സർവ്വകലാശാലകൾ കേരളത്തിലേക്ക് എത്തുന്നതോടെ വിദേശ വിദ്യാർത്ഥികളെ വരെ ആകർഷിക്കും വിധം നമ്മുടെ വിദ്യാഭ്യാസ രംഗം മാറും എന്നും നമുക്കനുമാനിക്കാം. ഇത്തരം സ്വകാര്യ സർവകലാശാലകളുടെ വരവോടു കൂടി, അവയോടു കിട പിടിക്കുന്നതിനായി നമ്മുടെ സർവകലാശാലകളുടെ കൂടി നിലവാരം ഉയരുമെന്നും നമുക്ക് പ്രതീക്ഷിക്കാം. കേരളം മുന്നോട്ട് വെച്ച നിബന്ധനകൾ അവയുടെ ഉദ്ദേശം പൂർത്തീകരിക്കട്ടെ എന്നും പ്രത്യാശിക്കാം. സംഥാനത്തിന്റെ വിദ്യാഭ്യാസ നിലവാരത്തെ ഉയർത്തുകയാണോ, മറിച്ച് ഒരു വിപണനകേന്ദ്രമാക്കി മാറ്റിയോ എന്നത് വരും വർഷങ്ങളിൽ കാത്തിരുന്ന് കാണേണ്ടി വരും.
Your article helped me a lot, is there any more related content? Thanks!