നിങ്ങളോടെന്ന പോലെ എന്നോടും ഞാൻ ആവർത്തിച്ചു ചോദിക്കുകയാണ്. നന്നായി പ്രാർത്ഥിച്ചിട്ടുണ്ടോ..?
പറഞ്ഞ് വരുന്നത് ഇടവേളകളിൽ ചുണ്ടുകളാൽ യാന്ത്രികമായി ഉരുവിടപ്പെടുന്ന ശബ്ദങ്ങളെയോ പദപ്രയോഗങ്ങളെക്കുറിച്ചല്ല. ഹൃദയത്തിൽ നിന്ന് സഹജവും നിഷ്കളങ്കവുമായി ഒഴുകി വരുന്ന വിചാര പ്രവാഹത്തെക്കുറിച്ചാണ്…
കവികൾ പലപ്പോഴും’ കൂടുന്നതിലെ മധുരത്തെയും ഏകാന്തതയിലെ വേദനയെയും കുറിച്ച് വാചാലരാകാറുണ്ട്. എന്നാൽ ഏകാന്തത പോലും ലയിച്ചിരിക്കാവുന്ന മധുരമായി മാറ്റാൻ കഴിയുന്നവരല്ലേ ഭാഗ്യവാന്മാർ…? പ്രാർത്ഥന ഒരു തരത്തിൽ അതാണ്.
എല്ലാം തുറന്ന് പറയുന്നൊരു കൂട്ടുകാരനോടു പോലും ചിലപ്പോൾ സംസാരിക്കേണ്ടി വരിക പരസ്പരം നിർമിച്ചെടുക്കുന്നൊരു മാനകഭാഷയിലായിരിക്കും. ആ ഭാഷയിൽ ചിലത് നഷ്ടപ്പെടുത്തലോ ഭംഗിയാക്കലോ ഉണ്ടായേക്കാം. താൻ പറയുന്ന കാര്യങ്ങൾക്കല്ലാതെ പറയാതെ വിട്ട കാര്യങ്ങൾക്ക് നൽകാൻ സുഹൃത്തിന് ചിലപ്പോൾ കഴിയണമെന്നുമില്ല. എന്നാൽ അവനവന്റെ നിഷ്കളങ്കമായ വാക്കുകളിലൂടെയും മൗനത്തിലൂടെയും സുഖവും നോവും പ്രതിഫലിപ്പിക്കുമ്പോൾ കിട്ടുന്ന പൂർണത…ഉള്ളിൽ തൊടുന്ന വികാരങ്ങളെല്ലാം വേണ്ടിടത്ത് ലക്ഷ്യം പ്രാപിക്കുന്നു എന്ന വിശ്വാസം മനുഷ്യനെ വല്ലാതെ ശാന്തനാക്കുന്നു.
ചിലപ്പോഴെങ്കിലും അത് ഭൂതകാലത്തിലേക്കൊരു തിരിഞ്ഞു നോട്ടവും ഭാവിയെക്കുറിച്ചൊരു പ്രതീക്ഷയും കൂടിയാണ്. ജീവിതത്തിൽ ഒരു ശുഭാപ്തി വിശ്വാസവും ഇല്ലാത്തവന് എങ്ങനെയാണ് പ്രാർത്ഥിക്കാൻ കഴിയുക?
പ്രാർത്ഥനയുടെ രൂപം എല്ലായ്പോഴും അനുഷ്ഠാനങ്ങളാവണമെന്നില്ല. അവ പ്രാർത്ഥനകളാണെങ്കിൽക്കൂടി.

ചിലപ്പോൾ മൗനമോ നോട്ടമോ വരെ പ്രാർത്ഥനയാകുന്നു. മുന്നിൽ നിൽക്കുന്ന മനുഷ്യന്റെ തോളിൽ തട്ടിയോ ചേർത്തു പിടിച്ചോ “സാരമില്ലെഡോ” എന്ന് പറയുന്നതും മറ്റൊരു ദിശയിലേക്ക് പ്രാർത്ഥനയുടെ രൂപം വരിച്ച് സഞ്ചരിക്കുന്നുണ്ട്.
മാനുഷികബന്ധങ്ങളുടെ ഏറ്റവും വലിയ അസ്തിത്വം പരസ്പര സ്നേഹത്തിലാണ്. തന്റെ കൂട്ടുകാരൻ കൂടെ നിൽക്കുമ്പോൾ തന്നെ ഒരു സൂചനയുടെ തരി പോലും നൽകാതെ മൗനമായി അവന് വേണ്ടി പ്രാർത്ഥിക്കുന്നത് എത്ര ഭംഗിയുള്ള നിമിഷങ്ങളായിരിക്കും…! അതേ സമയം അയാളോ മറ്റൊരാളോ നമുക്ക് വേണ്ടിയും പ്രാർത്ഥിക്കുകയാണെങ്കിലോ…ആ നിമിഷമ ധന്യം…
നമ്മൾക്ക് അപരിചിതനായൊരാളോ എന്നോ കണ്ട് മറന്ന ഒരാളോ നമ്മൾക്ക് വേണ്ടി ഇന്നും പ്രാർത്ഥിക്കുന്നുണ്ടെങ്കിൽ നമ്മളെത്ര അനുഗ്രഹീതരാണ്…! നമ്മുടെ പുഞ്ചിരിയും ആനന്ദവും മറ്റാരുടെയോ പ്രാർത്ഥനകളാണെന്ന് വിശ്വസിക്കുന്നവർക്കാവണം ഏറ്റവും സൗന്ദര്യം.
ഈ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ തരണേ എന്ന ആവശ്യപ്പട്ടികകൾ നിർമിക്കുന്നതിന് പകരം കടന്നു പോകുന്നതും തിരഞ്ഞെടുക്കുന്നതുമായ എല്ലാ വഴികളും നന്മയുടെതാവണേ എന്ന് പ്രാർത്ഥിക്കാൻ കഴിഞ്ഞാൽ എത്ര നന്നായിരിക്കും…ദൈവം എന്തും നൽകാൻ കെൽപുള്ളവനായിരിക്കെ….!
നമ്മളൊക്കെ ധരിച്ച് വച്ചിട്ടുള്ള വലിയൊരു തെറ്റുണ്ട്. നോവുമ്പോഴാണ് പ്രാർത്ഥിക്കേണ്ടതെന്ന്. അല്ല സന്തോഷിക്കുമ്പോൾ പ്രാർത്ഥിക്കാത്തവർ ദുഖിക്കുമ്പോൾ പ്രാർത്ഥിക്കുന്നത് തെറ്റാണ്.
ഇനി വേറൊരു പ്രാർത്ഥന നോക്കുക. മഹാമാരി പിടിപെട്ട് മരണത്തെ കണ്ട് ഒറ്റപ്പെട്ടവനായി കഴിയുമ്പോൾ അയ്യൂബ് നബി(ബൈബിളിൽ ഇയ്യോബ് പ്രാർത്ഥിച്ചതാണ്:
“സത്യത്തിൽ ഇപ്പോഴെനിക്ക് കുറച്ച് പ്രയാസങ്ങളുണ്ട് തന്നെ. എന്നാൽ ഏറ്റവും കരുണാമയനായ ദൈവത്തിന്റെ ശക്തിയിൽ ലവലേശം ശങ്കയില്ല.’ – അദ്ദേഹം പിന്നീട് പൂർവാധികം ശക്തിയിൽ ജീവിതത്തിലേക്ക് തിരിച്ചു വന്നു.