സ്കൂൾ ജീവിതതത്തിന്റെ തുടക്കം മുതൽ കൂടെ പിറപ്പായി മാറിയതായിരിക്കും എല്ലാവർക്കും എഴുത്ത്. എഴുത്തിനെ സ്കൂൾ ജീവിതത്തിൽ പലപ്പോഴും ശപിച്ചിട്ടുണ്ട്. കാരണം ബാല്യത്തിൽ ഉമ്മയുടെ വീട്ടിൽ ഒന്ന് പോയി കളിയും ചിരിയുമായി ആഘോഷിക്കാൻ കിട്ടുന്ന അവസരങ്ങളായിരുന്നു അവധി ദിനങ്ങൾ. എന്നാൽ ആ ദിവസമൊക്കെ ഡയറി എഴുതാതെ ക്ലാസദ്ധ്യാപകൻ ക്ലാസിലേക്ക് പ്രവേശനം അനുവദിക്കാറില്ല. എങ്ങനെയൊക്കെ പറഞ്ഞ് പേടിപ്പിച്ചാലും കളി ചിരികൾക്കിടയിൽ അത് മറന്ന് പോകും.
പിന്നീട് അവധിയെല്ലാം കഴിഞ്ഞ് വളരെ നേരത്തെ ഒരു വരവുണ്ട് സ്ക്കൂളിലേക്ക്. പലപ്പോഴും സ്ക്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ അവിടെയെത്തും. എന്നിട്ട് അന്നത്തെ ഒരു രൂപയുടെ മഞ്ഞപേനയുടെ ഫില്ലർ തല തിരിച്ചിട്ട് ഒരെഴുത്തുണ്ട്, ഒരു മാസത്തെ ഡയറിയെഴുത്ത്.
കുറച്ച് കഴിയുമ്പോഴേക്കും പ്യൂൺ എത്തിയിട്ടുണ്ടാവും. വേഗം ക്ലാസിന്റെ ചാവി വാങ്ങി ഞാൻ തന്നെ തുറന്ന് ക്ലാസിലിരുന്ന് വീണ്ടും മഞ്ഞപ്പേനയിൽ എഴുത്ത് തുടരും. മഞ്ഞപ്പേനയുടെ ഫില്ലർ തിരിച്ചിട്ടാൽ നല്ല സ്പീഡ് കിട്ടും എന്നുള്ള ധാരണ ചിലർക്കുണ്ടായിരുന്നു. മനസ്സിൽ ഒരു പേടിയോടെ എഴുതി കൊണ്ടിരിക്കുമ്പോഴായിരിക്കും ക്ലാസദ്ധ്യാപകന്റെ വരവ്. തൽസമയം അദ്ധ്യാപകൻ കാണാതെ എഴുതിയത് ഒളിപ്പിച്ച് വെക്കും. കാരണം അദ്ധ്യാപകന് അത് ഓർമ്മ വരാതിരിക്കേണ്ടത് നമ്മടെ ആവശ്യമല്ലേ. എന്നാൽ ഓർമ്മശക്തി വളരെ കൂടുതലായ ഞങ്ങളുടെ മാഷ് ആദ്യം ചോദിക്കുന്നത് ഡയറിയായിരിക്കും.

പത്ത് ദിവസം പോലും തികയാത്ത എന്റെ ഡയറി മാഷുടെ മുന്നിൽ വെച്ചപ്പോഴേക്കും മാഷ് പുറത്ത് കടക്കാനുള്ള ഉത്തരവ് പുറപ്പെടുപിപ്പിച്ചു. അങ്ങനെ ഞാനും കുറച്ച് കുട്ടുകാരും പുറത്ത് നിന്ന് എഴുതാൻ തുടങ്ങി. കുറച്ച് സമയത്തിന് ശേഷം ഞാനും എന്റെ മറ്റൊരു കൂട്ടുകാരനും മാത്രം ബാക്കിയായി കാരണം മറ്റുള്ളവർക്ക് വളരെ കുറച്ച് ദിവസത്തെ ഡയറി മാത്രമേ എഴുതാനുണ്ടായിരുന്നുള്ളൂ. പല അവധിക്കാലത്തും ഏറ്റവും അവസാനം ഞങ്ങൾ രണ്ടു പേരും മാത്രമേ പുറത്ത് ഉണ്ടാകാറുള്ളൂ. പുറത്ത് നിന്ന് പല കഥകളും പറഞ്ഞ് ഡയറി എഴുതിയത് ഒരിക്കലും മറക്കാനാകാത്ത ഒരു ഓർമ്മയാണ്.
വർഷങ്ങൾ കഴിഞ്ഞു. ഒമ്പതാം ക്ലാസിൽ ഞങ്ങളുടെ മലയാള ടീച്ചർ ഞങ്ങൾക്ക് ഇടക്കിടക്ക് കുറിപ്പ് തയ്യാറാക്കാൻ ഓരോ വിഷയങ്ങൾ തരാറുണ്ട്. പലപ്പോഴും എന്തെങ്കിലുമൊക്കെ എഴുതി കൊടുക്കാറാണ് പതിവ്. കാരണം എഴുത്തിനെ അത്ര വെറുത്തിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ടീച്ചർ ഞങ്ങളോട് അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കാൻ പറഞ്ഞു. ഞാൻ അന്നെഴുതിയത് ഞാൻ തന്നെ അതിന് മാർക്കിട്ട എഴുത്തായിരുന്നു. അത്രക്ക് മനോഹരമായി ഞാൻ അത് എഴുതി എന്ന് ഞാൻ തന്നെ വിശ്വസിച്ചു.
പിറ്റേ ദിവസം ടീച്ചറും വരുന്നത് പ്രതിക്ഷിച്ച് നിൽക്കുകയായിരുന്നു ഞാൻ. കാരണം ടീച്ചർ ആ എഴുത്ത് കണ്ടാൽ ഒന്ന് ഞെട്ടിയേക്കാം, എനിക്ക് നല്ല മാർക്ക് തന്നേക്കാം, മാത്രവുമല്ല എന്റെ എഴുത്തിനെ കുറിച്ച് മറ്റു കുട്ടികൾക്ക് പറഞ്ഞ് കൊടുത്തേക്കാം എന്നൊക്കെ കിനാവു കണ്ടങ്ങനെ ഇരിക്കുകയാണ് ഞാൻ.
ടീച്ചർ ക്ലാസിലെത്തി. പിരിഡ് കഴിയാറായിട്ടും ടീച്ചർ കുറിപ്പ് ചോദിക്കുന്നില്ല. ടീച്ചറോട് പോകാൻ നേരം കുറിപ്പ് നോക്കിയില്ല ടീച്ചറേ എന്ന് ആവേശത്തോടെ ഞാൻ വിളിച്ച് പറഞ്ഞു. ടീച്ചർ കേട്ട പാടെ അത് ഇനി പിന്നെ നോക്കാം എന്ന് പറഞ്ഞു. ജീവിതത്തിൽ ആദ്യമായി ഞാൻ മനോഹരമായി എഴുതിയ കുറിപ്പിനു മുകളിലൂടെ വീണ്ടും ഞാൻ എഴുതി. കട്ടി കൂട്ടിയ കുറിപ്പ് ഞാൻ മാത്രം മാർക്കിട്ട കുറിപ്പായി മാറി. പിന്നീട് എഴുത്ത് പലപ്പോഴും മനസ്സിൽ വെറുപ്പായി മാറി.