പ്രകൃതി നമ്മുടേത്‌ മാത്രമല്ല

54
1

മനുഷ്യ ജീവിതത്തെ സ്വാധീനിക്കുന്ന ചുറ്റുപാടിനെയാണ് പ്രകൃതി എന്ന് പറയുന്നത്. പ്രകൃതിക്ക് സ്വന്തമായിട്ടുള്ള താളവും വ്യവസ്ഥയുമുണ്ട്. അതിന്റെ താളത്തിനൊത്ത് പരസ്പര ധാരണയോടു കൂടെ വർത്തിക്കുന്നതിന് പ്രകൃതി സംരക്ഷണമെന്നും. എന്നാൽ അതിന്റെ വ്യവസ്ഥയെ ലംഘിക്കുന്ന തരത്തിലുള്ള അതിര് കടക്കലുകളെ പ്രകൃതി നശീകരണമെന്നും പറയുന്നു. പ്രകൃതി എന്നാൽ നമുക്ക് ചുറ്റുമുള്ള വൃക്ഷങ്ങൾ, ജലാശയങ്ങൾ, അന്തരീക്ഷത്തിലുള്ള വായു എന്നിവ മാത്രമല്ല, മറിച്ച് ഈ ഭൂമിയിൽ നിലനിൽക്കുന്ന എല്ലാ ജീവജാലങ്ങളും ഇതിന്റെ ഭാഗം തന്നെയാണ്.

പ്രകൃതിയെ പോറ്റമ്മയായിട്ടാണ് കവികളും സാഹിത്യകാരും ചിത്രീകരിക്കുന്നത്. കാരണം, ഒരമ്മ കുഞ്ഞിനെ നോക്കി വളർത്തും പോലെയാണ് ഭൂമി നമ്മെ പരിഗണിക്കുന്നത്. നാം ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, മറ്റു കായ്കനികൾ എല്ലാം പ്രകൃതിയിൽ നിന്നുള്ളതാണ്. മനുഷ്യർക്ക് എന്നു മാത്രമല്ല മറ്റു ഇതര ജന്തുക്കൾക്കും ജീവിക്കാൻ പ്രകൃതി ആവശ്യമാണ്. ജീവന്റെ നിലനിൽപ്പിന് മർമ്മപ്രധാന ഘടകങ്ങളായ വായുവും വെള്ളവും ഭൂമുഖത്ത് നിന്നാണ് നാം സ്വരൂപിക്കുന്നത്.

എന്നാൽ, ഇതിന് നന്ദി എന്നോണം മനുഷ്യർ അവന്റെ ജീവിത സുഖത്തിനും സന്തോഷത്തിനും വേണ്ടി മരങ്ങൾ മുറിച്ചും പുഴകൾ മണ്ണിട്ട് മൂടിയും പരിസ്ഥിതിയെ നശിപ്പിക്കുന്നു. നാം ശ്വസിക്കുന്ന വായുവിനെയും കുടിക്കുന്ന വെള്ളത്തേയും നിലനിൽക്കുന്ന മണ്ണിനെയും, ഫാക്ടറികളിൽ നിന്നും പുറം തള്ളുന്ന കട്ടപ്പുകകളും നാറുന്ന ദ്രാവകങ്ങളും മലിനമാക്കി കൊണ്ടിരിക്കുകയാണ്. മനുഷ്യരുടെ ഇത്തരം ചെയ്തികൾ കാരണമാണ് പ്രകൃതിദുരന്തങ്ങളും മറ്റു മഹാമാരികളും പൊട്ടിപ്പുറപ്പെടുന്നത്.

മാത്രവുമല്ല, ഗതാഗത സൗകര്യത്തിനും കരണ്ട് ഉൽപാദനത്തിനും വേണ്ടി കത്തിച്ചു തീർക്കുന്ന ഫോസിൽ ഇന്ധനങ്ങൾ, അന്തരീക്ഷത്തിൽ കാർബൻ ഡൈ ഓക്സൈഡ് (carbon di oxide),മീതൈൻ (methane) തുടങ്ങിയ ഹരിതഗ്രഹ വാതകങ്ങളുടെ (green house gases) അളവ് വർദ്ധിപ്പിക്കുകയും, ഇവ ഭൂമിയുടെ ഉപരിതലത്തിലുള്ള താപത്തെ പുറന്തള്ളാതെ അന്തരീക്ഷത്തിൽ തന്നെ തടഞ്ഞു നിർത്തുന്നു. തുടർന്ന് ആഗോളതാപനത്തിലേക്ക് (global warming )വഴി നടത്തുകയും ചെയ്യുന്നു.

ഇപ്രകാരം തന്നെ മനുഷ്യരുടെ അമിതമായ രാസവസ്തുക്കളുടെ ഉപയോഗം മൂലം ഭൂമിയുടെ സംരക്ഷണ കവചമായ ഓസോൺ പാളിക്ക് വിള്ളൽ ഏൽക്കുന്നുണ്ട്.ഇതുമൂലം സൂര്യനിൽ നിന്നുള്ള അൾട്രാ വയലറ്റ് കിരണങ്ങൾ (ultra violet rays) ഭൂമിയിൽ നേരിട്ട് പതിക്കുന്നു. ഇത് അന്തരീക്ഷത്തിലെ താപത്തിന്റെ അളവ് കൂട്ടുകയും ഭൂമി സ്വയം വെന്തുരുകാനും ആരംഭിക്കുന്നു. ഈയൊരവസ്ഥ ഭൂമിയുടെയും ഭൂമിയിലെ മറ്റു ജീവജാലങ്ങളുടെയും നാശത്തിന് കാരണമാകുന്നു.

ഇത്തരം പ്രതിസന്ധികളിൽ നിന്ന് അമ്മയെ രക്ഷിക്കേണ്ടത് മക്കളായ നമ്മുടെ ഉത്തരവാദിത്വമാണ്. അതിനായി പ്രകൃതി സംരക്ഷണവും ചെടികൾ നടുന്നതുമൊക്കെ കേവലം പരിസ്ഥിതി ദിനത്തിൽ എടുക്കുന്ന നാല് ഫോട്ടോകളിൽ ഒതുങ്ങാതെ, എന്നൊന്നും നിലനിർത്താൻ കഴിയണം. ഗതാഗത സൗകര്യത്തിനും കരണ്ട് ഉല്പാദനത്തിനും കത്തിക്കുന്ന ഇന്ധനത്തിന്റെ അളവ് കുറക്കുകയും ഫാക്ടറികളിൽ നിന്നും മലിനമായ പുകയും ദ്രാവകങ്ങളും പുറന്തള്ളുന്നത് നിർത്തി, അതിനെ ശുദ്ധീകരിക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കണം.എന്നാൽ മാത്രമേ വരും തലമുറയ്ക്ക് ഇവിടെ സ്വസ്ഥമായ ഒരു ജീവിതം സാധ്യമാകൂ…

Leave a Reply

Your email address will not be published. Required fields are marked *

One thought on “പ്രകൃതി നമ്മുടേത്‌ മാത്രമല്ല

  1. 👍🏻❤️