പ്രാർത്ഥന : ദൈവസാന്നിധ്യത്തിന്റെ അനുഭവം

149

വിശ്വാസികളുടെ ജീവിതത്തിൽ ഒരിക്കലും ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് പ്രാർത്ഥന. ജീവിതത്തിലെ എല്ലാ സന്ദർഭങ്ങളിലും വിശ്വാസികളുടെ മനസ്സ് പ്രാർത്ഥന നിർഭരമായിരിക്കണം. വിശ്വാസത്തിൽ ദൃഢത ഉണ്ടാകുവാൻ പ്രാർത്ഥന ഏറെ സഹായകരമാണ്. കാരണം അല്ലാഹുവുമായുള്ള ബന്ധം നിലനിർത്തുവാനും ഉറപ്പിക്കുവാനും അത് കാരണമായിത്തീരും. സത്യവിശ്വാസിയുടെ ഏറ്റവും വലിയ ആയുധം പ്രാർത്ഥന തന്നെയാണ്. അതുകൊണ്ടുതന്നെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ പ്രയാസങ്ങളിലും പ്രതിസന്ധികളിലും ക്ഷമ കൈക്കൊള്ളുകയും റബ്ബിനോട് പ്രാർത്ഥിക്കുകയുമാണ് വിശ്വാസികൾ ചെയ്യേണ്ടത്. അതിലൂടെ റബ്ബിലേക്ക് കൂടുതൽ അടുക്കുവാനും അവനിൽ എല്ലാം ഭരമേല്പിക്കുവാനും കഴിയും. അടിമയുടെ ആവശ്യങ്ങളും വേവലാതികളും കേൾക്കുകയും അതിന് ഉത്തരം നൽകുക എന്നുള്ളതും ഉടമയായ റബ്ബിന് ഏറെ ഇഷ്ടമുള്ള കാര്യമാണ്. “അല്ലാഹുവിന് പ്രാർത്ഥനയേക്കാള്‍ ആദരവുള്ള മറ്റൊന്നുമില്ല” എന്ന് ഹദീസിൽ കാണാൻ സാധിക്കും.

അല്ലാഹുവിലേക്ക് കൂടുതൽ അടുപ്പിക്കുന്ന ഒന്നാണ് പ്രാർത്ഥന. അതുകൊണ്ട്തന്നെ പൂർണ്ണ സമർപ്പണ മനസ്സോടെയായിരിക്ക ണം പ്രാർത്ഥന നടത്തേണ്ടത്. അപ്പോഴാണ് അതിന് അർത്ഥമുണ്ടാവുക. പൂർണ്ണ ഭക്തിയോടെ നടത്തുന്ന മനസ്സിൽ തട്ടിയ പ്രാർത്ഥനക്കാണ് കൂടുതൽ സ്വീകാര്യതയുള്ളത്. അല്ലാഹുവിനെ സ്തുതിച്ചും പ്രകീർത്തിച്ചും മഹത്വപ്പെടുത്തിയും പ്രാർത്ഥിക്കുമ്പോൾ കൂടുതൽ ഹൃദയസാന്നിധ്യവും അല്ലാഹുവിലേക്ക് അടുപ്പവും ലഭിക്കും. അല്ലാഹുവിനോട് നിറഞ്ഞ ഭക്തിയും വിനയവുമുള്ളവനും അല്ലാഹുവിന്റെ കാരുണ്യത്തിൽ തികഞ്ഞ പ്രതീക്ഷയുള്ളവനും മാത്രമേ ഹൃദയത്തിൽ നിന്നുള്ള മനസ്സിൽ തട്ടിയ പ്രാർത്ഥന വരികയുള്ളൂ. “താഴ്മയോടെ കൂടിയും രഹസ്യമായും നിങ്ങളുടെ റബ്ബിനോട് പ്രാർത്ഥിക്കുക” എന്ന് വിശുദ്ധ ഖുർആനിൽ കാണാം. അപ്പോൾ റബ്ബിനോട് പ്രാർത്ഥിക്കുമ്പോൾ ഹൃദയസാന്നിധ്യം അനിവാര്യമാണ്. ഉത്തരം കിട്ടുമെന്ന് ഉറപ്പിച്ചു കൊണ്ടാകണം പ്രാർത്ഥിക്കേണ്ടത്. അശ്രദ്ധമായ ഹൃദയത്തിൽ നിന്നുള്ള പ്രാർത്ഥന സ്വീകരിക്കപ്പെടുകയില്ല.

അല്ലാഹുവിനുള്ള ആരാധനയും മഹത്തായ പുണ്യകർമ്മവും പ്രതിഫലം ലഭിക്കുന്നതുമാണ് പ്രാർത്ഥന. അതിലുപരി ഒരു മുസ്ലിമിന്റെ കടമയുമാണ്. എത്ര നിസ്സാരമായ ആവശ്യമാണെങ്കിലും അത് റബ്ബിനോട് ചോദിക്കണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ചെയ്തുപോയ തെറ്റുകളും പോരായ്മകളും എടുത്തുപറഞ്ഞും അതിലുള്ള ഖേദത്തോടെയും ഇനി പ്രവർത്തിക്കുകയില്ല എന്ന ഉറപ്പോടെയും ആത്മാർത്ഥമായി കൊണ്ട് പ്രതീക്ഷയോടെ കൂടിയായിരിക്കണം പ്രാർത്ഥിക്കേണ്ടത്. പ്രാർത്ഥന ശൂന്യമായ ജീവിതത്തിൽ അല്ലാഹുവിന്റെ ബർക്കത്ത് ഉണ്ടാവുകയില്ല. പ്രാർത്ഥിക്കാത്തവന് റബ്ബിന്റെ പരിഗണന ലഭിക്കുകയില്ലെന്ന് വിശുദ്ധ ഖുർആനിൽ കാണാം. അതിനാൽ വിശ്വാസികളായ നാം നമ്മെ സൃഷ്ടിച്ച റബ്ബിനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നവരാകണം. അങ്ങനെ റബ്ബിലേക്ക് അടുക്കുവാനും അവനുമായുള്ള ബന്ധം ദൃഢമാക്കുവാനും സാധിക്കേണ്ടതുണ്ട്.