മനുഷ്യസ്നേഹത്തിലും കാരുണ്യത്തിലും നിന്നാണ് യഥാർത്ഥത്തിൽ ‘ദഅ്‌വത്ത്’ അഥവാ പ്രബോധനം ഉടലെടുക്കേണ്ടത്. സൃഷ്ടികൾ സ്രഷ്ടാവിന്റെ മതത്തിൽ നിന്നും വ്യതിചലിച്ച് പോകുമ്പോൾ അവരെ അവന്റെ മതത്തിലേക്ക് ക്ഷണിക്കൽ ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ്. വിശുദ്ധ ഖുർആൻ പറയുന്നു: “അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന് പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്.?” (41:33)

അല്ലാഹുവിലേക്ക് ക്ഷണിക്കുക എന്നാൽ തൗഹീദിലേക്കും ഇസ്‌ലാമിലേക്കും ക്ഷണിക്കുകയും, അതിനുവേണ്ടി ഉപദേശവും പ്രചാരവും നടത്തുക എന്ന് സാരം. ഇവിടെയാണ് മതപ്രബോധനത്തിന്റെ പ്രസക്തി.
മതപ്രബോധനം എന്നതുകൊണ്ട് മനുഷ്യരെ നന്മയിലേക്കും സത്യത്തിലേക്കും ക്ഷണിക്കുക അവരെ തിന്മയിൽ നിന്നും വെറുക്കപ്പെട്ട കാര്യങ്ങളിൽ നിന്നും തടയുക എന്നാണ് ഉദ്ദേശിക്കുന്നത്. എന്നാൽ ചിലർ ജല്പിക്കുന്നത് പോലെ മനുഷ്യർക്കിടയിൽ ഭിന്നതയും ശത്രുതയും ഉണ്ടാക്കുക എന്നതല്ല. “അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സദാചാരം കല്‍പിക്കുകയും. ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, നല്ല കാര്യങ്ങളില്‍ അത്യുത്സാഹം കാണിക്കുകയും ചെയ്യും. അവര്‍ സജ്ജനങ്ങളില്‍ പെട്ടവരാകുന്നു.” (3:114) മനുഷ്യർക്ക് അവന്റെ സ്രഷ്ടാവ് നന്മയും തിന്മയും വ്യക്തമാക്കി കൊടുത്തിട്ടുണ്ട്. അത് വേർതിരിച്ച് മനസ്സിലാക്കുവാൻ ഉള്ള ബുദ്ധിശക്തിയും കഴിവും നൽകി. അതുകൊണ്ടുതന്നെ മതത്തിൽ ആരെയും നിർബന്ധിക്കാൻ പാടില്ലെന്ന് വിശുദ്ധ ഖുർആൻ ശക്തമായി നിർദ്ദേശം നൽകിയിട്ടുണ്ട്. നന്മ ചെയ്യുവാനോ തിന്മയിൽ നിന്ന് വിട്ടുനിൽക്കുവാനോ ആരെയും നിർബന്ധിക്കേണ്ടതില്ല. ഏതു മാർഗവും സ്വീകരിക്കുവാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. അപ്പോൾ മതപ്രബോധനം എന്നത് നിർബന്ധ മതപരിവർത്തനമാണെന്ന വാദം ശരിയല്ല. “മതത്തിന്‍റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല.” (2:256)

മതപ്രബോധനത്തിന് വിശുദ്ധ ഖുർആൻ വിത്യസ്ത മാർഗങ്ങൾ വിവരിച്ചു തരുന്നുണ്ട്. “യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്‍റെ രക്ഷിതാവിന്‍റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ചുകൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക.”(16:125) വ്യക്തികളെ ഒറ്റക്കായും സംഘമായും രഹസ്യമായും പരസ്യമായും ഉപദേശിക്കാവുന്നതാണ്. പ്രവാചകന്മാരെല്ലാം ഇത് ചെയ്തതായി ഖുർആൻ വ്യക്തമാക്കുന്നുണ്ട്. മതപ്രബോധനത്തിന് വിശുദ്ധ ഖുർആൻ തന്നെ വിവരിക്കുന്ന മറ്റൊരു മാർഗമാണ് സംവാദം. താല്പര്യപൂർവ്വം നല്ല രീതിയിൽ ഉള്ള സംവാദമാണ് നടത്തേണ്ടത്. വിഷയത്തിന്റെ യാഥാർഥ്യം ഗ്രഹിക്കാവുന്നതിനുള്ള യുക്തിയും, തെളിവും, ലക്ഷ്യവും വിവരിച്ചു കൊടുത്തുകൊണ്ട് സദുപദേശം നൽകുക. സന്ദര്‍ഭത്തിനും പരിസ്ഥിതിക്കും അനുസരിച്ച് കൂടുതല്‍ നയത്തോടും മയത്തോടും കൂടി സത്യസന്ധമായിട്ടുള്ള സംഭാഷണം നടത്തുക. ഉത്തരം മുട്ടിക്കുകയല്ല, സത്യം ഗ്രഹിപ്പിക്കുകയാണ് ലക്ഷ്യം. സംസാരശൈലിയും ഉപയോഗിക്കുന്ന വാക്കുകളും വെറുപ്പിക്കുന്ന രൂപത്തിലാവാതെയുള്ള മാന്യമായ ചോദ്യങ്ങളും കാര്യങ്ങൾ ഗ്രഹിക്കാവുന്ന രീതിയിലുള്ള സംസാരമാണ് വേണ്ടത്.
മറ്റ് ആശയങ്ങളെയോ വിശ്വാസങ്ങളെയോ അധിക്ഷേപിക്കാതെ സ്വന്തം ആശയം മാന്യമായി അവതരിപ്പിക്കാനും ആരുടെയും മേൽ ഒന്നും അടിച്ചേൽപ്പിക്കാതെ സമാധാനപരമായ ആശയസംവാദങ്ങളിൽ ഏർപ്പെടാനും ജനാധിപത്യ സമൂഹത്തിൽ എല്ലാവർക്കും അവകാശമുണ്ട്. അതുകൊണ്ടുതന്നെ പൊതുയിടങ്ങളിൽ മാന്യമായി ആശയങ്ങൾ പങ്കുവെക്കുന്നതും മതപ്രബോധനം നടത്തുന്നതും തത്വത്തിൽ തെറ്റാണെന്ന് പറയാനാവില്ല.