പൊതു വിദ്യാഭ്യാസ രംഗത്തെ വെല്ലുവിളികൾ

213

‘വിദ്യാർത്ഥികളാണ് നാളെയുടെ നേതാക്കൾ’ എന്ന് നാം പലപ്പോഴും കേൾക്കാറുണ്ട്. പക്ഷേ, ഈ വാക്യം എത്രമാത്രം ആത്മാർത്ഥമായി സമൂഹം പരിഗണിക്കുന്നു എന്നതാണ് മുഖ്യ ചോദ്യം. ലോകത്തിന് ആവശ്യമായ വമ്പിച്ച മാനവവിഭവശേഷി ഇന്ത്യക്കുണ്ടെങ്കിലും, അതിനെ യഥാർത്ഥ ശേഷിയിലേക്ക് മെച്ചപ്പെടുത്തി ദേശീയ പുരോഗതിയിലേക്ക് നയിക്കാൻ വിദ്യാഭ്യാസ സംവിധാനത്തിൻ്റെ സ്ഥിരതയും നിലവാരവും നിർണ്ണായകമാണ്. ബെഞ്ചമിൻ ഫ്രാങ്ക്ലിന്റെ വാക്കുകൾ ഇവിടെ എടുത്തുദ്ധരിക്കാം: “An Investment in Knowledge Pays the Best Interest.”


ഇന്ത്യയിൽ ദേശീയ ഉത്പാദനത്തിന്റെ (GDP) 6% വിദ്യാഭ്യാസത്തിനായി വിനിയോഗിക്കണമെന്ന ശുപാർശ 1968-ലെ കോത്താരി കമ്മീഷനും, പിന്നീട് 2020-ലെ ദേശീയ വിദ്യാഭ്യാസ നയവും ഉറപ്പിച്ചു. എന്നാൽ യഥാർത്ഥത്തിൽ ചെലവ് പലപ്പോഴും 4.1% മുതൽ 4.6% വരെ മാത്രമാണ്. മറുവശത്ത്, 2023-ൽ അമേരിക്ക GDPയുടെ 6%വും ചൈന 6.13%വും വിദ്യാഭ്യാസത്തിനായി ചെലവഴിച്ചു. ഫലമായി, ഇന്ത്യയിൽ നല്ല പൊതുവിദ്യാഭ്യാസത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾക്ക് വരെ വലിയ കുറവുണ്ടാകുന്നു.



ജപ്പാനിലെ ഹോക്കൈഡോയിൽ കാമി-ഷിരതാക്കി റെയിൽ‌വേ സ്റ്റേഷൻ യാത്രക്കാരുടെ കുറവിനെ തുടർന്ന് അടച്ചുപൂട്ടാൻ തീരുമാനിച്ചെങ്കിലും, ആ സ്റ്റേഷൻ ഉപയോഗിച്ചിരുന്ന ഒരു ഹൈസ്കൂൾ വിദ്യാർത്ഥിനിയുടെ പഠനത്തിന് തടസമുണ്ടാകാതിരിക്കാൻ അവൾ പഠനം പൂർത്തിയാക്കുന്നത് വരെ സ്റ്റേഷൻ പ്രവർത്തിപ്പിക്കാൻ ജപ്പാൻ റെയിൽ‌വേ തീരുമാനിച്ചു. ഒരു വിദ്യാർത്ഥിയുടെ വിദ്യാഭ്യാസാവകാശത്തെ മുൻ‌നിർത്തിയ ഈ സമീപനം, ഇന്ത്യൻ സമൂഹവും ഭരണകൂടവും എത്രമാത്രം പിന്നിലാണെന്ന് വെളിപ്പെടുത്തുന്നത്തിനുള്ള ഒരു ഉദാഹരണമാണ്.


സ്കൂൾ കുട്ടികൾക്ക് രണ്ടാമത്തെ വീടാണ്. അധ്യാപകർ അറിവ് നൽകുന്നവർ മാത്രമല്ല; അവർ മൂല്യങ്ങൾ, ശീലങ്ങൾ, മാനസികമായ പ്രതിരോധ ശേഷി എന്നിവ വളർത്തുന്നവർ കൂടിയാണ്. പക്ഷേ, അടുത്തിടെ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സ്കൂൾ അപകടങ്ങളും മാനസിക പീഡനങ്ങളും ആത്മഹത്യകളും ഗൗരവമായി ചിന്തിപ്പിക്കുന്നു.

2025 ജൂലൈ മാസം കൊല്ലം ജില്ലയിൽ സ്കൂൾ പരിസരത്ത് സുരക്ഷിതമല്ലാത്ത വൈദ്യുതി ലൈൻ മൂലം ഒരു വിദ്യാർത്ഥി മരണപ്പെട്ടിരുന്നു. 2024-ൽ പാലക്കാട്ട്, ട്രക്കിടിച്ച് നാല് വിദ്യാർത്ഥികൾ മരിച്ച സംഭവം റോഡ് സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവം സൂചിപ്പിക്കുന്നുണ്ട്. വയനാട്ടിൽ ക്ലാസിൽ ഇരിക്കുമ്പോൾ പാമ്പ് കടിയേറ്റ് വിദ്യാർത്ഥി മരിച്ചതോടെ 2025-ൽ സർക്കാറിന്റെ റിപ്പോർട്ട് പ്രകാരം, 1,157 സ്കൂൾ കെട്ടിടങ്ങൾ ക്ലാസുകൾക്ക് സുരക്ഷിതമല്ല, ഇതിൽ 875 എണ്ണം സർക്കാർ സ്കൂളുകളിലാണ്. ഇത്തരത്തിലുള്ള സാഹചര്യത്തിൽ കുട്ടികളിൽ നിന്നും മാത്രം ‘ഉത്തരവാദിത്തം’ പ്രതീക്ഷിക്കുക യുക്തിയല്ല.


2025 ഒക്ടോബറിൽ, പാലക്കാട് കന്നടി ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി, സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിനെ തുടർന്ന് അധ്യാപികയിൽ നിന്ന് നേരിട്ട മാനസിക പീഡനം കാരണം ആത്മഹത്യ ചെയ്തു. ഈ സംഭവം സമൂഹത്തിൽ നിന്ന് വലിയ പ്രതികരണങ്ങൾ ഉണ്ടാക്കി. വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യത്തിന് സ്കൂൾ പരിസ്ഥിതി അത്യന്താപേക്ഷിതമാണെന്ന് ഇത് തെളിയിക്കുന്നു.


റാഗിങ് വിദ്യാഭ്യാസസ്ഥാപനങ്ങളിൽ വളരുന്ന ഒരു ക്രൂര സംസ്കാരമായി മാറിയിട്ടുണ്ട്. 2024-ൽ പൂക്കോട് വെറ്ററിനറി കോളേജിൽ സിദ്ധാർത്ഥന്റെ മരണം രാജ്യവ്യാപകമായി ചർച്ചയായത് ഇതിനുള്ള ഉദാഹരണമാണ്. 2025-ൽ തന്നെ കോട്ടയത്തെ നഴ്സിംഗ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ക്രൂരപീഡനങ്ങൾ സമൂഹത്തെ ഞെട്ടിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങൾ സഹവർത്തിത്വവും മാനവികതയും വളർത്തേണ്ടിടമാണെങ്കിലും, ചിലയിടങ്ങളിൽ അത് ഭീതിയുടെയും മർദ്ദനത്തിന്റെയും കേന്ദ്രങ്ങളായി മാറുന്നത് ആശങ്കാജനകമാണ്.


കേരളത്തിൽ മയക്കുമരുന്ന് ഉപയോഗത്തിലും വിതരണത്തിലും വൻ വർദ്ധനവ് സംഭവിച്ചിട്ടുണ്ട്.
2022-ൽ മാത്രം 25,240 NDPS കേസുകൾ രജിസ്റ്റർ ചെയ്തു. 15 വയസ്സിന് താഴെയുള്ളവരിൽ 70% പേർ ലഹരിയുടെ സ്വാധീനത്തിൽപ്പെടുന്നുവെന്ന 2025ലെ പഠന റിപ്പോർട്ട് അതീവ ഗൗരവകരമാണ്.


സിന്തറ്റിക് മയക്കുമരുന്നുകൾ ഐസ്ക്രീം, മിഠായി എന്നിവയുടെ രൂപത്തിൽ വിതരണം ചെയ്യുകയും സോഷ്യൽ മീഡിയ വഴി രഹസ്യ ഇടപാടുകൾ നടത്തുകയും കുട്ടികളെ ‘കാരിയർ’ ആയി ഉപയോഗിക്കലുമൊക്കെയാണ് ലഹരിമാഫിയയുടെ തന്ത്രങ്ങൾ.

ഡി ഹണ്ട്, വിമുക്തി പോലുള്ള സർക്കാർ പദ്ധതികൾ പ്രശംസനീയമാണെങ്കിലും, സാമൂഹികമായ ജാഗരൂകതയും മാതാപിതാക്കളുടെ പങ്കാളിത്തവും ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിൽ അത്യാവശ്യമാണ്.


പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരത്തിൽ കുറവ് വന്നപ്പോൾ, രക്ഷിതാക്കൾ ഉയർന്ന ഫീസുള്ള സ്വകാര്യ സ്കൂളുകളിലേക്കാണ് തിരിഞ്ഞത്. ഇതോടെ വിദ്യാഭ്യാസം ‘വാണിജ്യവത്കരിച്ചു’. ‘വിജയം = മാർക്കുകൾ’ എന്ന സമൂഹത്തിന്റെ തെറ്റായ ധാരണ സ്വകാര്യ സ്കൂളുകളിൽ വിദ്യാർത്ഥികളെ എത്തിച്ചു. എന്നാൽ അത് കുട്ടികൾക്ക് മാനസിക സമ്മർദ്ദം വർധിക്കാൻ കാരണമായി. മതപരമായോ സാംസ്കാരികമായോ അടിച്ചേൽപ്പിക്കൽ അവിടങ്ങളിൽ സർവസാധാരണമായി.


ഹിജാബ് വിഷയവും, ‘ഗുരു പാദപൂജ’ പോലുള്ള ചടങ്ങുകളും, വിദ്യാർത്ഥികളെ മതചടങ്ങുകളിലേക്ക് നിർബന്ധിച്ച് കൊണ്ടുപോകൽ തുടങ്ങിയ കേസുകളും വിദ്യാലയങ്ങൾക്ക് വേണ്ട മതനിരപേക്ഷതയെ ചോദ്യം ചെയ്യുന്നു.


കേരളത്തിലെ പാഠ്യക്രമം വിശകലനാധിഷ്ഠിതമെന്ന് കരുതുന്നുവെങ്കിലും, ദേശീയ മത്സര പരീക്ഷകളിൽ വിദ്യാർത്ഥികൾ പിന്നോട്ട് പോകുന്നത് പ്രത്യക്ഷമാണ്. ASER 2023 റിപ്പോർട്ട് പ്രകാരം, സർക്കാർ സ്കൂളുകളിലെ 8-ാം ക്ലാസ് കുട്ടികളിൽ 28% പേർക്കും അടിസ്ഥാന ഗണിത പ്രശ്നങ്ങൾ വരെ പരിഹരിക്കാൻ കഴിയുന്നില്ല.

അധ്യാപക പരിശീലനത്തിന്റെ ലാഭനഷ്ടങ്ങളും നിയമനത്തിലെ അനിയന്ത്രിതമായ നടപടികളും പഠന നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്ന മാറ്റോരു ഘടകമാണ്.


ഇനിയെങ്കിലും കേരളം വിദ്യാഭ്യാസത്തെ മുൻഗണനാ നിക്ഷേപമായി കാണണം. GDPയുടെ 6% എന്ന സർക്കാർ ലക്ഷ്യം യാഥാർത്ഥ്യമാക്കണം. സ്കൂൾ സുരക്ഷ, മാനസികാരോഗ്യം, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കണം. അധ്യാപക പരിശീലനം ശാസ്ത്രീയവും തുടർച്ചയായതുമാകണം. വിദ്യാഭ്യാസം ലാഭവ്യാപാരമല്ല, സാമൂഹിക ഉത്തരവാദിത്വമാണെന്ന് ഉറപ്പു വരുത്തണം.

‘വിദ്യാർത്ഥികൾ നമ്മുടെ ഭാവി’ എന്ന് പറയുന്നത് ഒരു മുദ്രാവാക്യമായി മാറാതെ, നയങ്ങളിലും പ്രവർത്തനങ്ങളിലും യാഥാർത്ഥ്യമാകുന്ന ദിവസമാണ് നമുക്ക് വേണ്ടത്. നല്ല വിദ്യാഭ്യാസം ഒരു വ്യക്തിയുടെ മാത്രമല്ല, ഒരു രാഷ്ട്രത്തിന്റെ ഉയർച്ചയുടെയും അടിത്തറയാണ്.