മെഹന്തി

252

പിടിച്ചോണ്ട് പോകാന്‍
കുട്ടിപ്പട്ടാളം വരുന്നതും നോക്കി
തൊടിയിലെ മൈലാഞ്ചി ചെടി സഹനത്തോടെ
കാത്തിരുന്നു.

അമര്‍ത്താനും അരക്കാനും
ആരെങ്കിലും വരാന്‍
മൂലയിലെ അമ്മിക്കുട്ടി സൗഹൃദത്തോടെ
മൂളി നോക്കി.

ഇക്കിളിയാക്കി കൈയ്യില്‍
കറങ്ങി നടക്കാന്‍
ഈര്‍ക്കിള്‍ സന്തോഷത്തിനായ് തിരക്കുകൂട്ടി.

കടയില്‍ നിന്നവള്‍
വില കൊടുത്തൊരു
പുതിയ മെഹന്തി വാങ്ങി.

സന്തോഷത്തിന്റെ,
സഹനത്തിന്റെ,
സൗഹൃദത്തിന്റെ,
നിറമില്ലാത്ത
പുതിയ മെഹന്തി.