ഫിലസ്‌ത്വീൻ; ചരിത്രം വിസ്‌മരിക്കുന്നവരോട്

558
0

ദർവീഷിന്റെ പറവകൾ ഒടുവിലത്തെ ആകാശത്തെയും ചൂഴ്ന്ന് ദൂരെ ഭൂമിയിലെ ആവർത്തിച്ചാവർത്തിച്ച് മടുപ്പുളവാക്കുന്ന കാഴ്ചകളിലേക്ക് കണ്ണയച്ചു. പരിഷ്കൃതത്വത്തിന്റെ പരകോടിയിൽ അന്തരാളങ്ങൾക്കുമാത്രം വശ്യമായ ഭാഷയിൽ അവർ സമയത്തിനെത്തിപ്പിടിക്കാൻ കഴിയാത്ത കാലഘട്ടത്തെ ചേർത്തൊട്ടിച്ചിരിക്കുന്നു.

ഭൂപടങ്ങളുടെ കെട്ടുകളിൽ നിന്ന് കുതറിമാറാത്ത, ഭൂഗോളമാതൃകകൾ പൊട്ടിച്ചിതറിയാലും ശ്രദ്ധയിൽപ്പെടാ ഒരു രാഷ്ട്രത്തെക്കുറിച്ചാണ് എനിക്കെഴുതാനുള്ളത്. ഈ അറബ് ഭൂമികയുടെ ചരിത്രം സംഭവബഹുലമാണ്. അതിപൗരാണികമായ വേരുകൾ അതിന്റെ അത്യാധുനികതയിലും മുറുകെ കെട്ടുപിണഞ്ഞ് ഒരിക്കലും മായ്ക്കാനാവാത്ത വിധം പടർന്നുപിടിച്ച മണ്ണ്. ആശയധാരകളുടെ പുനരാഖ്യാനങ്ങളിൽ മൂന്നായ്ത്തീർന്ന മൂവരും വേരു പരതുന്ന മണ്ണ്. ചരിത്രത്തിന്റെ ഒരു കാലഘട്ടത്തിലും ഇവിടുത്തെ മേൽക്കൂരകൾ പ്രകമ്പനങ്ങളിൽ വിറക്കാതിരുന്നിട്ടില്ല. സമകാലിക അന്തരീക്ഷവുമായി തട്ടിക്കുമ്പോൾ ഈ വാദങ്ങൾക്ക് കഴമ്പുണ്ടെന്ന് കരുതാനാവില്ല. ആക്രമങ്ങളുടെ പരമ്പരയിൽ അതിന്റെ  പരിണാമങ്ങൾക്കെല്ലാമൊടുവിൽ അത് സംഘട്ടനത്തിന്റെ സാമാന്യ മാനങ്ങൾക്കപ്പുറം നിലനിൽപ്പിന്റെയും സ്വത്വബോധത്തിന്റെയും വിമോചനത്തിന്റെയുമെല്ലാം പുതിയ തലങ്ങളിലേക്ക് ചുവടുറപ്പിച്ചിരിക്കുന്നു. സ്വന്തം ജന്മഭൂമിക്കകത്ത് അഭയാർത്ഥികളായി മാറേണ്ടി വന്ന ഒരു ജനസമൂഹത്തിന്റെ കഥയാണത്. സെമറ്റിക് പാരമ്പര്യങ്ങളിൽ നിന്ന് രൂപമെടുത്ത മൂന്ന് പ്രബലമതങ്ങളുടെ വിശുദ്ധസ്ഥാനമാണിത്. നൂറ്റാണ്ടുകളായി അവിടെ വിവിധ ഭാഷ സംസാരിക്കുന്ന, വിവിധ സംസ്കാരങ്ങൾ പേറുന്ന ജനങ്ങൾ ജീവിച്ചുവരുന്നു. വ്യാപാരത്തിന്റെയും വിജ്ഞാനത്തിന്റെയുമെല്ലാം പുണ്യഭൂമിക. കാലത്തിനനുസരിച്ച് അത് ഉൾക്കൊള്ളുന്ന സാമ്രാജ്യത്തിന്റെയും അല്ലെങ്കിലൊരുപക്ഷേ അവിടെ അധിവസിക്കുന്ന ഭൂരിപക്ഷത്തിന്റെ സംസ്കാരത്തിന്റെ ചെറിയ അംശങ്ങൾ പൊതുവായ പലസ്തീനിയൻ സംസ്കൃതിയിലും പ്രതിഫലിപ്പിച്ചിട്ടുണ്ട്. ബാബിലോണിന്റെയും റോമിന്റെയും പേർഷ്യയുടെയും അറേബ്യയുടെയും തുർക്കിയുടെയും ബ്രിട്ടന്റെയുമെല്ലാം ശേഷിപ്പുകളിൽ അതിന്റെ സാംസ്കാരിക വൈവിധ്യം വിപുലീകരിക്കപ്പെട്ടു. യഹൂദ കുടിയേറ്റത്തിനു തൊട്ടു മുൻപുവരെയുള്ള ആ ജനതയെ നമുക്ക് മേൽ സൂചിപ്പിച്ച പോലെ അറബികളെന്നു വിളിക്കാം ഭൂരിപക്ഷം മുസ്‌ലിങ്ങളാണെങ്കിൽകൂടി പരമ്പരാഗതമായി അവിടെ ജീവിച്ചു വരുന്ന ക്രിസ്ത്യൻ, ജൂത,  സൊരാഷ്ട്രിയമതക്കാരും ഈ ഗണത്തിലുൾക്കൊള്ളും.

Lying Map

 സയണിസന്റെ രാഷ്ട്രീയത്തിന് ജൂത പൈതൃകം കൊണ്ടാരു ആമുഖമെഴുതുകയെന്നത് എത്രത്തോളം ന്യായമാണെന്നറിയില്ല. എന്നിരുന്നാലും നമ്മുടെ സാമാന്യ രാഷ്ട്രീയ-ചരിത്ര വിശകലന പാരമ്പര്യങ്ങളെല്ലാം പേറിപ്പോരുന്ന പൊതുമുഖവുരയിൽ നിന്നു തുടങ്ങാം. രണ്ടു സഹസ്രാബ്ദങ്ങൾക്കുമുമ്പ് റോമൻ സാമ്രാജ്യത്തിന്റെ നിരന്തരമായ അക്രമങ്ങളാൽ ശിഥിലമാക്കപ്പെട്ട് ഭൂലോകത്തിന്റെ വിവിധ കോണുകളിലേക്ക് കുടിയേറിയവരാണ് ജൂതർ.  അവർ ചെന്നെത്തിയിടത്തെല്ലാം  അവരുടെ കൈയ്യൊപ്പ് ചാർത്തി, അവരെയുൾക്കൊള്ളുന്ന സമൂഹത്തിന്റെ സകല മാന മാറ്റങ്ങളുടെയും കടിഞാണിൽ അവരുടെതായ മുദ്രകൾ ചേർത്തുകെട്ടി. പക്ഷേ പൊതുവെ അവരെയുൾക്കൊള്ളുന്ന സംസ്കാരത്തോട് ഇഴകിച്ചേരാനോ പിന്തുടരുന്ന ആചാരാനുഷ്ടാനങ്ങിൽ തെല്ലിട മാറ്റം വരുത്താനോ അവർ തയ്യാറായില്ല. ക്രമേണ കുടിയേറിയിടത്തില്ലാം അതിന്റെ സാംസ്കാരിക രാഷ്ട്രീയ ഭരണ തലങ്ങളിലെല്ലാം അവർ ജനസംഖ്യാനുപാതത്തിന്റെ ഭീമമായ പരിഹാസങ്ങൾക്കപ്പുറം അഭൂതമായ ശക്തിയായി മാറി. എങ്കിലും സാമൂഹികമായ മാറ്റങ്ങൾക്ക് വഴങ്ങാത്ത അവരുടെ ഒഴിഞ്ഞു മാറൽ ക്രമേണ മുഖ്യധാരാ സമൂഹം അവരെ ഒരു വേറിട്ട വംശമായിത്തന്നെ കണക്കാക്കലിന് ഇടയാക്കി. കിംവദന്തികൾ മുതൽ ഷേക്സ്പിയറുടെ കഥാപാത്രങ്ങളിലെ യഹൂദബിന്ദുക്കൾ വരെ ഈ നിരീക്ഷണത്തിന്റെ സ്പഷ്ടമായ തെളിവുകളാണ്. രാഷ്ട്രത്തിന്റെ സമ്പത്തിൽ മാറിമറിയുന്ന സ്ഥിതിഗതികളൊന്നും ജൂതന്റെ സമ്പത്തിൽ പ്രതിഫലിക്കുന്നില്ലെന്ന നിരീക്ഷണം തുടർന്ന് ഇരുപതാം നൂറ്റാണ്ടിൽ വേരുറച്ച നാസിസ്റ്റ് ചിന്താഗതികളിൽ യെന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ടു. അന്ധമായ ജൂതവിരോധത്തിൽ എഴുതിക്കൂട്ടിയ വിഷലിപ്തമായ തന്റെ പുസ്തകത്തിൽ വംശത്തെയും ജനതയെയും പറ്റി പറയുന്നിടത്ത് ഹിറ്റ്ലർ ജുതൻ സമൂഹത്തിനു മേൽ ആധിപത്യമുറപ്പിക്കാൻ ശ്രമിക്കുന്ന പതിനഞ്ചോളം വഴികളെപ്പറ്റി വിശദമാക്കുന്നുണ്ട്. ചില വസ്തുതകൾക്ക് സാധ്യതയുണ്ടെങ്കിൽപ്പോലും ഗൂഢലക്ഷ്യങ്ങളായി വ്യാഖ്യാനിക്കപ്പെടുന്നതെല്ലാം കെട്ടുകഥയായേക്കാമെന്ന് ഹോളോകാസ്റ്റിന്റെ ഘട്ടത്തിലെ ജർമനിയുടെ സാമ്പത്തിക നിലയും, ചതിയുടെമേൽ വെള്ള പൂശി മറയുണ്ടാക്കാൻ ഉപയോഗിക്കുന്ന ഡമ്മിയായ ഫലസ്തീൻ ജൂതരാഷ്ട്രവും നമ്മെ ബോധ്യപ്പെടുത്തുന്നു.

ഫലസ്തീൻ മണ്ണിനോടുള്ള യഹൂദരുടെ അഭിനിവേശത്തിന് ഒരുപാടുവർഷത്തെ പഴക്കമുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ തുടങ്ങി ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾക്കിടയിൽ ആർതർ ബാൽഫറിന്റെ  ജൂതസമൂഹത്തിന്റെ ഫലസ്തീനിലെ ദേശീയ രാഷ്ട്രമെന്ന സിദ്ധാന്തത്തിലൂടെ വേരുപിടിച്ച് ജർമൻ വംശിയതയുടെ മായാലോകത്തിൽ കെട്ടിപ്പടുത്ത ആര്യസിദ്ധാന്തത്തിൽ നിന്നുടലെടുത്ത ജൂതവംശഹത്യ അതിനെ പരകോടിയിലേക്ക് വലിച്ചെത്തിച്ചുവെന്നേ പറയാനൊക്കൂ. ഹോളോക്കോസ്റ്റ് അക്ഷരാർത്ഥത്തിൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ അടിത്തറ തേടി നടന്ന സയണിസ്റ്റ് പ്രയത്നങ്ങൾക്ക് സ്ഥാപിത ചട്ടക്കൂടുതന്നെ നൽകി. ജൂതരുടെ സംരക്ഷണം എന്നതിൽ നിന്ന് ജൂത രാഷ്ട്രം എന്ന കടമ്പയിലേക്കുള്ള പരിണാമത്തിന് അങ്ങനെയൊരു സന്ധി നിർണായകമായിരുന്നു. യുദ്ധാനന്തരം മറ്റുദേശങ്ങളിലേക്കുള്ള കുടിയേറ്റങ്ങൾ തടയാൻ സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗത്തു നിന്ന് കൃത്യമായി സമ്മർദ്ദമുണ്ടായിരുന്നു. സമ്പത്തും അധികാരവും പ്രതാപവും വെള്ളവും വായുവുമെല്ലാം ഉപേക്ഷിച്ച് പ്രതീക്ഷയോടെ അവർ ഫലസ്തീന്റെ മണ്ണിലെത്തി.  അറബികൾക്ക് എല്ലാ ദേശത്തെയും പോലെ അവർക്കുമുൽപിൽ വാതിൽ കൊട്ടിയടക്കാൻ കഴിയില്ലായിരുന്നു.

എവിടത്തെയും പോലെ അറബികളുമായും ജൂതർക്ക് താദാത്മ്യപ്പെടാനായില്ലെങ്കിലും സമാധാനത്തോടെ അവർ ഫലസ്തീന്റെ മണ്ണിൽ ജീവിച്ചു. അവിടത്തെ വിളനിലങ്ങളിൽ അവർ കൃഷിയിറക്കി. വ്യാപാരത്തിലും മറ്റു മേഖലകളിലും ചുവടുറപ്പിച്ചു. ക്രമേണ ഫലസ്തീന്റെ വിവിധ മേഖലകൾ ജൂതഭൂരിപക്ഷമുള്ള പ്രദേശങ്ങളായി പരിണമിക്കപ്പെട്ടു. അങ്ങനെയൊരവസരത്തിൽ നിന്ന് ജൂത അറബ് ബന്ധം സംഘർഷത്തിന്റെ പാതയിലെത്തുന്നത് അതിന് രാഷ്ട്രീയമാനം കൈവന്നപ്പോഴാണ്. അഥവാ സയണിസം ജൂതസമൂഹത്തിന്റെ പൊതു സാമാന്യ ജീവിതത്തിൽ വേരു താഴ്ത്തിയപ്പോൾ.

Shelling of buildings in the Palestinian city of Gaza - Sputnik India, 1920, 13.10.2023

ഓട്ടോമൻ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം ഫലസ്തീൻ ഉൾപ്പെടുന്ന പ്രദേശം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായി. സാമ്രാജ്യത്ത്വം അതിന്റെ അധികാര സുസ്ഥിരതകൾക്കുവേണ്ടിയുള്ള സാർവ്വലൗകികമായ ചോദന സ്വഭാവികമായും സയണിസത്തിനെ പ്രോത്സാഹിപ്പിക്കുക വഴി ഉരുത്തിരിയുന്ന അറബ് – ജൂത  ദ്വന്ദ സമൂഹത്തിലൂടെയും അവസാനിക്കാത്ത അസ്ഥിരതകളും സ്വാഭാവികമായും ഒരു മൂന്നാം കക്ഷിയുടെ പ്രസക്തിയിലൂടെയും മൂന്നു പതിറ്റാണ്ടുകാലം മുതലെടുത്തു. ഈ ഈ ബൈനറിയിൽ സ്വാഭാവികമായും ഉടലെടുത്ത ഭൂമിക്കും സ്വത്തിനും മേലുള്ള തർക്കങ്ങളിലെല്ലാം പാറാവുകാരന്റെ വേഷത്തിലിരുന്ന ബ്രിട്ടീഷുകാരൻ ഏക പക്ഷീയമായി തീരുമാനമെടുത്തു. ക്രമേണ സ്വന്തം നാട്ടിൽ ഫലസ്തീകളായ അറബികൾ രണ്ടാം തര പൗരന്മാരായി ഗണിക്കപ്പെട്ടുതുടങ്ങി. 1948 മെയ് പതിനഞ്ചിന് ബ്രിട്ടീഷുകാരൻ മുപ്പതുവർഷത്തെ സേവനത്തിനുശേഷം കതകു പൂട്ടിയിറങ്ങുമ്പോഴേക്കും ജൂതൻ ഇസ്രായേൽ സ്വാതന്ത്ര്യ പ്രഖ്യാപനം (Israel declaration of independence) വായിച്ചു തുടങ്ങിയിരുന്നു. ഇന്ത്യാ- പാക് പ്രശ്നം പോലെ കൊളോണിയലിസത്തിലെ ശേഷിപ്പുകളിൽ ഒരു നീറുന്ന ഓർമായി ജൂതർക്കും മുസ്‌ലിംകൾക്കും വേണ്ടി പലസ്തീൻ കീറിമുറിക്കാൻ ഒടുക്കം ധാരണയായി.. കാലങ്ങളായി താമസിച്ചു വന്ന ദേശത്ത് സഹതാപവുമായി കയറിവന്ന  ഒരു ജനതക്ക് തന്റെ കിടപ്പാടം വിട്ടു കൊടുത്ത്, സ്വന്തം നാട്ടിൽ അഭയാർത്ഥിയാവേണ്ട അവസ്ഥ. ഫലസ്തീനികളുടെ ഉള്ളറകളിൽ സ്വത്വം പുകഞ്ഞുതുടങ്ങി. പണയംവെക്കപ്പെട്ട അഭിമാനം അവരിൽ വിദ്വേഷത്തിന്റെ ജ്വാലകളുതിർത്തു. ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ നടന്നു കൊണ്ടിരിക്കെത്തന്നെ, പൂർണമായും പക്ഷപാതിത്വപരമായി ഒരു വിഭാഗത്തിനുവേണ്ടിമാത്രം, കാലങ്ങളായി മനസ്സിൽ സൂക്ഷിക്കുന്ന വിഷവിത്തിന്റെ പാകലായിരുന്നു 1948 മെയ് പതിനാലിന് വടക്ക് ഗലീലി മുതൽ തെക്ക് അഖാബ ഉൾക്കടൽ വരെ ഇസ്രായേൽ എന്ന ജൂത രാഷ്ട്രം നിലവിൽവന്നു.. കിഴക്കും പടിഞ്ഞാറുമായി വെസ്റ്റ് ബാങ്കും ഗാസയും പലസ്തീന്റെ ഭാഗങ്ങളായി വേറിട്ടുകിടന്നു. സ്വന്തം സ്വത്വമുറങ്ങുന്ന ഭൂമികയെ വെട്ടിപ്പിളർക്കാൻ വെമ്പുന്ന ലോകശക്തികൾക്കിടയിലും ചുറ്റും പടർന്നുപിടിക്കുന്ന സയണിസ്റ്റ് ചിന്താധരണികൾക്കിടയിലും ഇസ്രായേൽ എന്ന രാഷ്ട്രത്തെ അംഗീകരിക്കാൻ ഫലസ്തീനികൾ തയ്യാറായില്ല. വീശിയടിച്ച കൊടുങ്കാറ്റിൽ തന്റെ മാളത്തിനു പുറത്ത് പറന്നുപോവാതെ കഷ്ടിച്ച് എതിരേ നിൽക്കുന്ന കുഞ്ഞനുറുമ്പിന്റെ പ്രതിഷേധം പോലെ മറ്റു ലോകവാർത്തകളിൽ ഈ ജനതയുടെ രോദനവും അയൽദേശങ്ങളുടെ കോപ്പുകൂട്ടലും മുങ്ങിപ്പോയി. തദ്ദേശീയരുടെ സ്വീകാര്യതയില്ലാതെ കെട്ടിപ്പടുത്ത ഒരു രാഷ്ട്രത്തിന് ലോകം സ്വാഗതമോതി, അംഗീകരിക്കാത്ത തദ്ദേശീയർ ചിത്രത്തിൽ നിന്നും പുറത്തുപോയി.

ഒരിക്കലും ഉണങ്ങാതെ നീറിപ്പുകയേണ്ട ഒരു പ്രശ്നത്തിന്റെ മുറിവ് അപ്പോൾ സംഭവിച്ചുകഴിഞ്ഞേ ഉണ്ടായിരുന്നുള്ളൂ. പുതിയ ജൂതരാഷ്ടത്തിന്റെ ഭൂപടത്തിൽ ഒരു കോണിൽ കാലങ്ങളായി മൂന്നു മതവിഭാഗങ്ങളുടെ പുണ്യഭൂമിയായ ജറുസലേമും ഉൾക്കൊണ്ടു. സ്വത്വബോധത്തിനുമപ്പുറം അത് വികാരപരമായ ഒരു പ്രതികരണം സൃഷ്ടിച്ചു. സ്വാഭാവികമായും ഒരു വർഷത്തിനകം ചുറ്റുപാടുനിന്നും പ്രതികരണങ്ങൾ വന്നു തുടങ്ങി. പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് 1949 ഓടെ അവരുമായി അതിർത്തി പങ്കിടുന്ന അറബ് രാജ്യങ്ങൾ പലസ്തീന്റെ വിമോചനത്തിനായും ഇസ്രായേലിനെ തകർക്കാനായും കോപ്പുകൂട്ടി. യുദ്ധം പരാജയപ്പെട്ടെന്നു മാത്രമല്ല, പലസ്തീന്റെയും സഖ്യകക്ഷികളുടെയും ഒരു പാടു പ്രദേശങ്ങളും ഇസ്രായേൽ കീഴടക്കി. അവിടന്നിതുവരെയുള്ള സംഭവവികാസങ്ങളെ താഴെ കാണുമ്പോലെ സംഗ്രഹിക്കാം.

 വർധിച്ചുവരുന്ന സംഘട്ടനങ്ങൾക്ക് ഒരു ഔദ്യോഗിക ഭാവം കൈവരുന്നത് 1964 ൽ പാലസ്തീൻ വിമോചന സംഘടന (Palestine Liberation Organisation – PLO) രൂപീകരിക്കുന്നതോടെയാണ്. രണ്ടാമതൊരിക്കൽക്കൂടി ഇസ്രായേലിന് അയൽരാജ്യങ്ങളുമായി കൊമ്പുകോർക്കേണ്ടി വരുന്നു. 1967 ലെ രണ്ടാം അറബ് ഇസ്രായേൽ യുദ്ധം മുഖ്യധാരാ മാധ്യമങ്ങളുടെ  പ്രവചനങ്ങളിൽ ഇസ്രായേലിന്റെ പതനത്തിനു ശേഷമുള്ള ഒരു ജൂതകുടിയേറ്റത്തെ ലോക രാജ്യങ്ങൾ എങ്ങനെ സ്വീകരിക്കുമെന്നുവരെ ചർച്ചചെയ്യപ്പെട്ടു. പക്ഷേ ആറുദിവസത്തിനുള്ളിൽ തങ്ങളുടെ സൈനിക സംഘാടനവും ആയുധശേഷിയും ലോകത്തിനു മുൻപിൽ പ്രദർശിപ്പിച്ച് ഇസ്രായേൽ വൻ വിജയം നേടി. വിരാമമായെന്നു കരുതിയ പ്രശ്നങ്ങൾ വീണ്ടും തലപൊക്കാൻ തുടങ്ങി. 1987 ൽ ഒന്നാം ഇൻത്തിഫാദാ മൂവ്മെന്റ് പലസ്തീനിൽ പൊട്ടിപ്പറപ്പെട്ടു. സായുധമായിത്തനെ ഇസ്രായേലിനെതിരെ അവർ അണിനിരന്നെങ്കിലും ലോകം മുഴുവൻ പ്രതീക്ഷിച്ച പോലെത്തന്നെ പ്രസ്ഥാനം പരാജയപ്പെട്ടു. കലുഷിതമായ സംഘർഷത്തിന്റെ അന്തരീക്ഷത്തിലും രാഷ്ട്രീയപരമായ ചില സമാധാനശ്രമങ്ങൾക്ക് ഇരു രാജ്യങ്ങളും തയ്യാറെടുത്തു. 1993 ൽ പി. എൽ. ഒ  ഇസ്രായേലി ഭരണകൂടവുമായി ഒരു സമാധാനസന്ധിയിൽ ഒപ്പിട്ടു. ഇസഹാഖ് റാബിന്റെയും യാസർ അറഫാത്തിന്റെ ഒരുമിച്ചുള്ള ഫോട്ടോ ലോകമാധ്യമങ്ങളിലുടനീളം സമാധാനത്തിന്റെ പ്രതിരൂപമായി പ്രചരിപ്പിക്കപ്പെട്ടു. ഈ ഉടമ്പടിപ്രകരം ഇസ്രായേൽ ഘട്ടം ഘട്ടമായി കീഴടക്കിയ ഗാസയിൽ നിന്ന് പിന്മാറാമെന്നും, ഇസ്രായേൽ എന്ന രാജ്യത്തിന്റെ നിലനിൽപ്പിൽത്തന്നെ പലസ്തീൻ കെട്ടിപ്പടുക്കുമെന്ന് പി. എൽ. ഒ യുടെ വ്യവസ്ഥ ഭേദഗതി ചെയ്യപ്പെട്ടു. പക്ഷേ ഉടമ്പടി വ്യവസ്ഥകൾ പാലിക്കപ്പെട്ടില്ല. ഓസ്ലോ കരാർ ഉടമ്പടി വ്യവസ്ഥകൾ നോക്കുകുത്തിയായി. വിട്ടുമാറാത്ത സംഘർഷങ്ങളിൽ ഇക്കാലമത്രയും പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള നിരപരാധികൾ കൊല്ലപ്പെട്ടു. സമാധാനം പലസ്തീനികളുടെ സ്വപ്നത്തിൽപ്പോലും വിദൂരങ്ങളിൽ ഉറങ്ങിക്കിടന്നു. ഇസഹാഖിനുശേഷം അധികാരമേറ്റ ഏരിയൽ ഷാരോണിന്റെ സാന്നിദ്ധ്യം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. പൊതുവെയുള്ള മനോഭാവത്തിനപ്പുറം ചില എരിയുന്ന സംഭവങ്ങളും പലസ്തീനികളുടെ മുറിവിൽ ഷാരോൺ തേച്ചുവച്ചു. അണപൊട്ടിയ പ്രതിഷേധം കലാശിച്ചത് 2000 ലെ രണ്ടാം ഇൻത്തിഫാദാ മൂവ്മെന്റിൽ. മധ്യധരണ്യാഴിയിലേക്ക് വീശിയടിച്ച പലസ്തീനിയൻ കാറ്റുകൾ രക്തത്തിന്റെ മണം പൂണ്ടു. അക്രമവും മരണവുമെല്ലാം അവിടുത്തെ ബാല്യങ്ങളുടെ സംസാരങ്ങളിൽപ്പോലും ചർച്ചാ വിഷയങ്ങളായി. അവർ ചോരക്കുഞ്ഞുങ്ങളായി ജനിച്ചുവീഴുന്നതേ പൂർണ രാഷ്ട്രീയധാരണയുള്ളവരായാണത്രെ. കലാപമുഖരിതമായ അന്തരീക്ഷം വർഷങ്ങൾക്കുശേഷം ഒരിടവേളയിൽ നിശബ്ദമായി. ദുരൂഹതകൾ ബാക്കി വെച്ച് പലസ്തീനുവേണ്ടി ജീവിച്ച ഒരു ഈജിപ്തുകാരൻ ഭൂമിലോകത്തുനിന്ന് യാത്രയായി. യാസർ അറഫാത്ത് മരിച്ചു…

2006-ൽ പലസ്തീനിലാദ്യമായി തെരഞ്ഞെടുപ്പുനടന്നു. പുതുതായി രൂപം കൊണ്ട  ഹമാസ് അധികാരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.  അറഫാത്തിന്റെ മരണശേഷം പ്രതാപം നഷ്ടപ്പെട്ടുപോയ ഫത്താഹ് പാർട്ടിയുമായി ഹമാസിന് ഇടയേണ്ടിവരുന്നു. അതേസമയം തന്നെ ഇസ്രായേലുമായുള്ള സംഘർഷവും തുടർന്നുപോരുന്നു. വിമോചനത്തിന്റെ പാഠം പലസ്തീനികളുടെ രക്തത്തിൽ ജൈവികമായ ഒരു കണികയായി പരിണമിക്കപ്പെട്ടു. പിന്തുടർന്നു വന്ന ആറുവർഷത്തിനിടെ 2008-ലും 2012-ലും 2014-ലും ഗാസയിലെയും വെസ്റ്റ്ബാങ്കിലെയും തെരുവുവീഥികൾ രക്തപങ്കിലമാവുന്നു.

പ്രായം യുദ്ധത്തിന്റെ എണ്ണത്തിൽ തിട്ടപ്പെടുത്തുന്ന, നിസ്സാര ഗണിതപ്രശ്നങ്ങൾക്ക് കൊല്ലിനെയും കൊലയെയും ഉദാഹരിക്കുന്ന ബാല്യങ്ങൾ പലസ്തീന്റെ മണ്ണിൽ സൃഷ്ടിക്കപ്പെടുന്നു. ഈ മുഖങ്ങൾ ഒരു പരിധിവരെ സഹതാപത്തിന്റെ പ്രതിരൂപമായി വിൽക്കാനുള്ളതാണ്.. ആ പരിധിക്കപ്പുറം വിദൂരങ്ങളിൽ നിന്ന് ഇസ്‌ലാമിക ഭീകരതയുടെ ഉന്മൂലനമെന്ന മഹാദൗത്യത്തിലെ സ്വാഭാവിക വികാസങ്ങളായി വാങ്ങി വെക്കാനും..

Israel-Palestine War: Hamas attacks Gaza, simmering tensions erupt and catch Israel by surprise

വ്യർഥമായ പിണക്കം കൊണ്ട് ഒരു ജനതയുടെ അഭിലാഷത്തെയാണ് തട്ടിക്കളിക്കുന്നതെന്ന് മനസ്സിലാക്കുന്നതോടെ 2017 ൽ ഫത്താഹും ഹമാസും രമ്യതയിലെത്തുകയും പുതിയ ഗവൺമെന്റിന് രൂപം നൽകുകയും ചെയ്യുന്നു. പക്ഷേ സമയം വൈകിപ്പോയിരുന്നു. ഒരു നേതൃത്വത്തിന്റെ കീഴിൽ അടിയുറച്ച് പ്രക്ഷോഭം നടത്താനുള്ള ക്ഷമയിൽ നിന്നും അവർ വ്യതിചലിച്ചുപോയിരുന്നു. എഴുതി വച്ച പ്രാമാണിക യോഗ്യതകളെ അവർ വിമോചനത്തിന്റെ പാതയിൽ ബലികഴിപ്പിച്ചു. ഇസ്രായേലിന്റെ യുദ്ധടാങ്കുകൾക്കുമേൽ തന്നാലാവുന്ന കല്ലെറിയുന്നത് രാജ്യസ്നേഹമാണെന്ന് പിഞ്ചുകുഞ്ഞുങ്ങൾ വിശ്വസിച്ചു. യന്ത്രത്തോക്കുകളുമായി പാഞ്ഞടുക്കുന്നവരെ കവണ കൊണ്ട് എതിരിടാൻ ഫലസ്തീനികൾ ധൈര്യം കാണിച്ചു. ഭയം കൊണ്ടും മരണം കൊണ്ടും തോൽപ്പിക്കാൻ ശ്രമിക്കുന്നവർക്കുമുൻപിൽ നിന്റെ രക്തമാണ് നിനക്കീ മണ്ണിനോടുള്ള ധർമമെന്ന് ഫലസ്തീനിലെ ഉമ്മമാർ മക്കളെ പഠിപ്പിച്ചു.

ഒരിക്കൽക്കൂടി ഒരു ചർച്ചക്ക് ഇരുകക്ഷികളും തയ്യാറെടുത്തു. 2017 ൽ ഇസ്രായേലും ഹമാസും ഒരിക്കൽക്കൂടി ഒരു ഉടമ്പടിക്ക് തയ്യാറായി. ഇസ്രായേൽ നിലനിന്നുകൊണ്ടു തന്നെ ഇപ്പോൾ ആകെ പലസ്തീനെന്നു വിളിക്കാവുന്ന ഗാസയും വെസ്റ്റ് ബാങ്കും ഉൾപ്പെടുത്തി ജെറുസലേം തലസ്ഥാനമാക്കി ഒരു പലസ്തീൻ എന്ന വാദം ഹമാസ് അവരുടെ പ്രമേയത്തിൽ പങ്കുവച്ചു. പ്രമേയം അംഗീകരിക്കപ്പെട്ടില്ല. ചർച്ച പരാജയപ്പെട്ടു. ഒടുക്കം ശൈഖ് ജർറാഹിലെ സംഭവങ്ങൾക്കുമുമ്പ് അവസാനമായി ഈ മുറിവിൽ എരിവു ചേർത്തരച്ചത് ഡൊണാൾഡ് ട്രംപായിരുന്നു. തർക്കഭൂമിയായ ജെറുസലേമിലേക്ക് ടെൽ അവീവിൽ നിന്ന് അമേരിക്കൻ എംബസി മാറ്റപ്പെട്ടു. വെസ്റ്റ് ബാങ്കിനു മേലും ഇസ്രായേലിന് അവകാശമുണ്ടെന്ന് പ്രഖ്യാപിക്കപ്പെട്ടു. രണ്ടുദിവസത്തെ ബ്രേക്കിങ് ന്യൂസിനും ന്യൂയോർക്ക് ടൈംസിലെ കാർട്ടൂണിനുമപ്പുറം വാർത്തകളുടെ ബാഹുല്യത്തിൽ ഈ സംഭവം മുങ്ങിപ്പോയി. ലോക ശ്രദ്ധയിൽ നിന്ന് പലസ്തീൻ വിസ്മരിക്കപ്പെട്ടു.

2021 ലെ ഇസ്രായേൽ അക്രമണത്തിനു ശേഷം ഫലസ്തീന്റെ രാഷ്ട്രീയ ജാതകത്തിൽ വിമത മുന്നേറ്റങ്ങളുടെ സാധ്യതകൾ പ്രകടമായിത്തുടങ്ങി. എൺപത്തിയഞ്ച് പിന്നിട്ട മഹ്മൂദ് അബ്ബാസിന്റെ ഭരണം വെസ്റ്റ് ബാങ്കിൽ കാര്യമായ രാഷ്ട്രീയ വികാസങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്ന് ജനത്തിന് തോന്നിത്തുടങ്ങി. അഴിമതിയുടെയും ഇസ്രായേൽ ഏജൻസികളുമായുള്ള ബന്ധങ്ങളെച്ചൊഴി അബ്ബാസിനുനേരെയും ഫത്താഹ് പാർട്ടിക്കുമേലെ പൊതുവിലും ആരോപണങ്ങൾ വന്നു തുടങ്ങി. പടിഞ്ഞാറ് ഗാസയിൽ ഹമാസിന്റെ നയങ്ങളും പലഘട്ടങ്ങളിൽ ജനങ്ങൾ ചോദ്യം ചെയ്തു ഫത്താഹിലും ഹമാസിലും വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങിയ ഫലസ്തീന്റെ മണ്ണിൽ ചില റാഡിക്കൽ പ്രാദേശിക ഗ്രൂപ്പുകൾ തലപ്പൊക്കിത്തുടങ്ങി. ലയൺ ഡെൻ (عرین الاسود), ജെനിൻ ബ്രിഗേഡ് (کتبہ جنین) തുടങ്ങിയവ അവയിൽ നിന്ന് പാശ്ചാത്യമാധ്യമങ്ങളിൽ കുഴപ്പമില്ലാത്ത കവറേജ് ലഭിച്ച സംഘടകളായിരുന്നു. സ്വാഭാവികമായും പ്രതിരോധത്തിന് ജീവസ്സുറ്റ ഫലസ്തീൻ രക്തം വിവിധ ഗ്രൂപ്പുകളിലേക്ക് ചേക്കേറി…

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ അതിരുകൾക്കു വേണ്ടി തുടങ്ങിയ അറബ്- ജൂത സംഘട്ടനം ഇപ്പോഴതിന്റെ സാമാധ്യ അർത്ഥവ്യാപ്തികളിൽ നിന്ന് വംശഹത്യയുടെ ലെൻസിലെത്തിയിരിക്കുന്നു. ഗാസയിന്ന് ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയിലാണ്. അവരുടെ വെള്ളവും, വൈദ്യുതിയും, വായുവും, വാതായനങ്ങളും ഇസ്രായേലിന്റെ കൈയ്യിലാണ്. 2008 മുതലുള്ള ഔദ്യോഗിക രേഖകളുടെ വെളിച്ചത്തിൽ വർഷം ശരാശരി നാനൂറ് ഫലസ്തീനികൾ ഇസ്രായേൽ അക്രമണങ്ങളിൽ കൊല്ലപ്പെടുന്നുണ്ട്. സ്വാഭാവികമായും പ്രതിരോധത്തിന് പതിനെട്ടു വർഷം മുൻപ് തെരഞ്ഞെടുത്ത ഒരു പാവ ഗവൺമെന്റിന്റെ കീഴിലെ നയതന്ത്ര ചർച്ചകളുടെ ഭാഷക്ക് പ്രസക്തിയുണ്ടാവണമെന്ന് വാശി പിടിക്കുന്നതിൽ കാര്യമുണ്ടെന്ന് തോന്നുന്നില്ല.

ഫലസ്തീൻ വിഷയം മൂന്നു വർഷങ്ങൾക്കുശേഷം ഒരിക്കൽ കൂടി മുഖ്യധാരാ മാധ്യമങ്ങൾ അന്തിച്ചർച്ചയാക്കിയിരിക്കുകയാണ്. ഒക്ടോബർ ആദ്യത്തിൽ ഹമാസ് ടെൽ അവീവിന്റെ തെക്ക് ഇസ്രായേൽ പ്രവിശ്വകളിൽ റോക്കറ്റ് അക്രമണം നടത്തുകയും ഡോമുകൾ തകർക്കുകയും ചെയ്യുന്നു. ഹോളോക്കോസ്റ്റിനു ശേഷം ലോകം കണ്ട ഏറ്റവും വലിയ ജൂതഹത്യയെന്ന പേരിൽ അക്രമണത്തിന്റെ വാർത്തകൾ ടെലെക്കാസ്റ്റ് ചെയ്യപ്പെടുന്നു. വൈകീട്ടോടെ അൽ അഖ്സയിൽ എട്ടുമാസം മുൻപുണ്ടായ ഇസ്രായേൽ അധിനിവേശത്തിന്റെ മറുപടിയാണെന്ന പേരിൽ ഹമാസ് പ്രസ്താവനയിറക്കുന്നു.

മണിക്കൂറുകൾക്കകം തിരിച്ചടിയുണ്ടാവുന്നു. ഹമാസിനെയെന്നല്ല, ഗാസയെ മുഴുവനായി ഉന്മൂലനം ചെയ്യുമെന്നാണ് വാദം. ഗാസക്കുച്ചുറ്റും ഇപ്പോൾ ഇസ്രായേലിന്റെയും സഖ്യശക്തികളുടെയും വലിയൊരു സൈനിക സന്നാഹമുണ്ട്. അവിടെ കെട്ടിടങ്ങൾ പകലും രാത്രിയുമെന്നില്ലാതെ തകർക്കപ്പെടുന്നു. പ്രായഭേദമില്ലാതെ കുഞ്ഞുങ്ങളും സ്ത്രീകളും കശാപ്പ് ചെയ്യപ്പെടുന്നു. അപ്പോഴും നമ്മുടെ പ്രൈം ടൈം ചർച്ചകളിൽ ഹമാസിന്റെ നിരായുധീകരണം മാത്രം നിറയുന്നു. ശക്താശക്തരുടെ പോരാട്ടത്തിൽ നിലപാടില്ലാത്ത നിഷ്പക്ഷർ അവയിലേക്ക് കണ്ണയക്കുന്നു.

ഫലസ്തീൻ സമാധാനപ്പുലരിയുടെ വിദൂര ഭാവിക്ക് ഒരുപാട് കടമ്പകൾ കഴിയാനുണ്ട്. അൻപതുകൾ മുതലുള്ള സംഭവവികാസങ്ങൾ അവയെ കൂടുതൽ സങ്കീർണമാക്കുക മാത്രമേ ചെയ്തിട്ടുള്ളു. പ്രായോഗികമായി ഫലസ്തീനെന്നും ഇസ്രായേലെന്നും പേരുള്ള രണ്ടു രാഷ്ട്രങ്ങളുടെ സമാധാനപരമായ പരസ്പര അസ്തിത്വം മാത്രമേ കാണാൻ കഴിയൂ. ആ കടമ്പ പോലും നിലവിലെ രാഷ്ട്രീയ മാനങ്ങളിൽ ഉറങ്ങിക്കിടക്കുകയാണ്. പരമ്പരാഗതമായ സായുധ സംഘട്ടനങ്ങളുടെ നഷ്ടം ഒരു ഭാഗത്തേക്ക് മാത്രം വന്നുഭവിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയമായ മാറ്റങ്ങൾ കൈക്കൊള്ളേണ്ടത് ഫലസ്തീന്റെ ആവശ്യകതയാണ്. ഫലസ്തീൻ ജനതയെ മുഴുവനായി പ്രതിനിധീകരിക്കാൻ കഴിയുന്നൊരു രാഷ്ട്രീയ കക്ഷി ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കപ്പടണം. നയതന്ത്ര ചർച്ചകളിൽ രണ്ടു ഭാഗത്തു നിന്നും വിട്ടുവീഴ്ചകൾ നാളിതുവരെ സംഭവിച്ച ആൾനാശത്തിന്റെയും വിഭവ നാശത്തിന്റെയും വെളിച്ചത്തിൽ സംഭവിക്കണം. സംസ്കാരിക സങ്കലനത്തിന്റെ ഭൂമിയിൽ സ്വാഭാവികമായി ഉടലെടുത്തേക്കാവുന്ന ജെറുസലേം പോലുള്ള മേഘലകൾക്കുമേൽ മധ്യസ്തനാവാൻ നട്ടെല്ലുള്ള, സർവ്വസമ്മതനായ ഒരു മൂന്നാം കക്ഷി നിലവിൽ വരണം.

അറഫാത്തിന്റെ ഒലിവിലകൾ ഉണങ്ങിവീഴാതിരിക്കട്ടെ, ദർവീഷിന്റെ പറവകൾ ഭൂമിയിലേക്ക് തിരിച്ച് പറന്നിറങ്ങട്ടെ….

Leave a Reply

Your email address will not be published. Required fields are marked *