പേവിഷ ബാധ: കരുതല്‍ വേണം

139
0

കേരളത്തില്‍ നായശല്യം രൂക്ഷമായി കൊണ്ടിരിക്കുന്നു. നായയുടെ കടിയേല്‍ക്കുകയും അപൂര്‍വ്വം കേസുകളില്‍ പേവിഷബാധയേറ്റ് മരണപ്പെടുന്ന സംഭവങ്ങളും വര്‍ധിച്ചു വരികയാണ്. പേവിഷ ബാധയെപ്പറ്റിയുള്ള അവബോധവും നിര്‍മ്മാര്‍ജന യത്നങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യേണ്ട സ്ഥിതിവിശേഷം സംജാതമായിട്ടുണ്ട്.

വൈറസ് അണുബാധ മൂലമുണ്ടാകുന്ന രോഗമാണ് പേവിഷ ബാധ അഥവാ റാബീസ് (Rabies). വര്‍ഷംതോറും ഏകദേശം 60000 പേര്‍ പേവിഷബാധ മൂലം മരണപ്പെടുന്നുണ്ട്. ഇതില്‍ 95% കേസുകളും ഏഷ്യയിലും ആഫ്രിക്കയിലുമാണ്. ഇന്ത്യയില്‍ മാത്രം 20000 പേരോളം വര്‍ഷംതോറും മരണപ്പെടുന്നുണ്ടെന്നാണ് കണക്ക്. ലോകത്തെ മൊത്തം മരണനിരക്കിന്റെ 35% വരുമിത്.

രോഗസംക്രമണം
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ (Zoonosis) രോഗമാണിത്. റാബീസ് വൈറസ് പ്രധാനമായും സസ്തനികളെയാണ് ബാധിക്കുന്നത്. നായ, കുതിര, കന്നുകാലികള്‍, പന്നികള്‍ തുടങ്ങിയ വളര്‍ത്തു മൃഗങ്ങളില്‍ മാത്രമല്ല, വവ്വാല്‍, കുറുക്കന്‍, കരടി, കുരങ്ങന്‍ തുടങ്ങിയ വന്യജീവികളിലും ഇതു കണ്ടുവരുന്നു. അതുകൊണ്ട് തന്നെ, ഭൂമിയില്‍ നിന്നും ഈ വൈറസിനെ സമ്പൂര്‍ണമായി നിര്‍മ്മാര്‍ജനം ചെയ്യുക ആയാസകരമാണ്.

പേവിഷ ബാധയുള്ള ഏത് ജീവി കടിച്ചാലും റാബീസ് വരാമെങ്കിലും മനുഷ്യരെ ബാധിക്കുന്ന 95% റാബീസും നായകളില്‍ നിന്നുമാണ് പടരുന്നത്. പൊതുവെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് റാബീസ് പകരാറില്ല.

പേവിഷ ബാധയേറ്റ മൃഗങ്ങള്‍ കടിക്കുകയോ മാന്തുകയോ ചെയ്യുമ്പോള്‍ അതിന്റെ ഉമിനീരിലുള്ള വൈറസുകള്‍ മുറിവിലൂടെ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നു. തൊലിപ്പുറത്തെ പോറലുകളിലോ, വായ, മൂക്ക് എന്നിവയുടെ ആന്തരാവരണങ്ങളിലോ നക്കിയാലും വൈറസ് ബാധയുണ്ടാകാം. കണ്ണുനീര്‍ പോലെയുള്ള ശരീര സ്രവങ്ങളിലൂടെയും വൈറസ് പകരാറുണ്ട്. എന്നാല്‍, രക്തം, മലം, പാല്‍ എന്നിവയിലൂടെ വൈറസ് പകരാറില്ല.

രോഗലക്ഷണങ്ങള്‍
വൈറസ് ശരീരത്തില്‍ പ്രവേശിച്ചാലും രോഗലക്ഷണം കണ്ടുതുടങ്ങാന്‍ പൊതുവെ 30-90 ദിവസം വരെ എടുക്കാറുണ്ട് (ഈ കാലയളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാറുണ്ട്).

തുടക്കത്തില്‍ കടിയേറ്റ ഭാഗത്ത് വേദന, ചൊറിച്ചില്‍, പനി, ക്ഷീണം, വിശപ്പില്ലായ്മ, തൊണ്ടവേദന, തലവേദന, ചര്‍ദ്ദി എന്നീ ലക്ഷണങ്ങള്‍ കാണാം. പിന്നീട് വെള്ളത്തോടുള്ള ഭയം,അപസ്മാരം, ഉറക്കമില്ലായ്മ, അബോധാവസ്ഥ തുടങ്ങിയ മാരകമായ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.

പേവിഷബാധയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം വെള്ളത്തോടുള്ള ഭയമാണ് (Hydrophobia). കഠിനമായ ദാഹം ഉണ്ടായാലും ഒരിറ്റ് വെള്ളമിറക്കാന്‍ സാധിക്കാത്ത അവസ്ഥയാണിത്. വെള്ളം കുടിക്കാന്‍ ശ്രമിക്കുമ്പോള്‍ തൊണ്ടയിലെ പേശികള്‍ ശക്തമായി കോച്ചിപ്പിടിക്കുകയും രോഗിക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്യും. അതിനാല്‍ രോഗിക്ക് വെള്ളം കാണുന്നത് പോയിട്ട് വെള്ളം വീഴുന്ന ശബ്ദം കേള്‍ക്കുന്നത് പോലും ഭീതിയുണ്ടാക്കും.

നായയിലെ രോഗലക്ഷണങ്ങള്‍
പ്രകോപനമില്ലാതെ തന്നെ വര്‍ധിച്ച ആക്രമണ സ്വഭാവം കാണിക്കുക, അസ്വസ്ഥത, തളര്‍ച്ച, പരുക്കന്‍ ശബ്ദത്തിലുള്ള കുര അല്ലെങ്കില്‍ കുരയ്ക്കാന്‍ സാധിക്കാതെ വരിക, അമിതമായ ഉമിനീര്‍ ഉത്പാദനം, വായില്‍ നിന്ന് നുരയും പതയും വരിക തുടങ്ങിയവയാണ് പേവിഷബാധയേറ്റ നായകളുടെ പ്രധാന രോഗലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ പ്രകടമാക്കി പത്ത് ദിവസത്തിനകം നായ ചത്തുപോകും.

ചികിത്സ
പേവിഷബാധ മാരകമാണെങ്കിലും ഏതാണ്ട് നൂറ് ശതമാനം പ്രതിരോധിക്കാവുന്ന രോഗമാണിത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് രോഗിയാകുന്നത് എന്നതിനാല്‍ ഈ കാലയളവിലെ ചികിത്സ വളരെ പ്രധാനമാണ്. എന്നാല്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ പിന്നെ അതിജീവനം ഏറെക്കുറെ അസാധ്യമാണ്. അസുഖം മാറ്റാനുള്ള ഫലപ്രദമായ മരുന്നുകളൊന്നും തന്നെ ഇന്ന് നിലവിലില്ല. ശാരീരിക അസ്വസ്ഥതകള്‍ ലഘൂകരിക്കാനുള്ള ചികിത്സകള്‍ മാത്രമേ ഫലപ്രദമായുള്ളൂ.

മൃഗങ്ങള്‍ കടിക്കുകയോ മാന്തുകയോ ചെയ്താല്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ചെയ്യുക:
● ഭയപ്പെടാതിരിക്കുക
● വെള്ളം ഉപയോഗിച്ച് 15 മിനിറ്റ് കഴുകുക. മുറിവ് കഴുകുന്നതാണ് സുപ്രധാനമായ പ്രഥമ ശുശ്രൂഷ. 90% വൈറസും ഇതിലൂടെ നശിച്ചു പോകുന്നു.
● ഒഴുകുന്ന വെള്ളമാണ് ഏറ്റവും അനുയോജ്യം
● സോപ്പോ ഡിറ്റര്‍ജന്റോ ലഭ്യമെങ്കില്‍ ഉപയോഗിക്കുക.
● കഴുകിയതിന് ശേഷം അയഡിന്‍ ചേര്‍ന്ന ഓയിന്‍മെന്റുകള്‍ ലഭ്യമെങ്കില്‍ പുരട്ടുക.
● മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ്, മണ്ണ്, എണ്ണ തുടങ്ങിയവ പുരട്ടാതിരിക്കുക.
● ഉടനടി വൈദ്യസഹായം തേടുക
● ഡോക്ടറുടെ നിര്‍ദേശാനുസരണം ടെറ്റനസ് ടെക്സോയിഡ് കുത്തിവെപ്പ് എടുക്കുക.

പ്രതിരോധ കുത്തിവെപ്പ്
പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് വളരെ ഫലപ്രദവും സുരക്ഷിതവുമാണ്. വാക്സിനില്‍ ഉപയോഗിക്കുന്നത് നിര്‍ജീവമായ രോഗാണുക്കളായതിനാല്‍ കുത്തിവെപ്പിലൂടെ ഒരിക്കലും പേവിഷ ബാധയേല്‍ക്കുകയില്ല. ഗര്‍ഭിണികള്‍, മുലയൂട്ടുന്നവര്‍, ശിശുക്കള്‍, അസുഖ ബാധിതര്‍ തുടങ്ങി ആര്‍ക്കും കുത്തിവെപ്പ് നല്‍കാവുന്നതാണ്.

ജോലിയുടെ ഭാഗമായോ അല്ലാതെയോ മൃഗങ്ങളുമായോ റാബീസ് വൈറസുമായോ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്ന മൃഗ ഡോക്ടര്‍മാര്‍, പട്ടിപിടുത്തക്കാര്‍, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, ലാബ് ജീവനക്കാര്‍ എന്നിവര്‍ മുന്‍കൂട്ടി പ്രതിരോധ കുത്തിവെപ്പെടുക്കുന്നതാണ് അഭികാമ്യം. വളര്‍ത്തുമൃഗങ്ങള്‍ക്കും ഡോക്ടറുടെ നിര്‍ദേശാനുസരണം പ്രതിരോധ കുത്തിവെപ്പെടുക്കേണ്ടതുണ്ട്.

(റഫറന്‍സ്: പേവിഷബാധ: പ്രതിരോധവും നിര്‍മ്മാര്‍ജനവും, ഡോ. വി.പി യഹ്യ; ശാസ്ത്രഗതി, ജൂണ്‍ ലക്കം)

Leave a Reply

Your email address will not be published. Required fields are marked *