പെട്ടന്ന്

181

പെട്ടന്നിരുന്നപ്പോൾ മരിക്കണമെന്ന് തോന്നി. ശരിയാണ്,കടുത്ത തീരുമാനങ്ങളൊക്കെ പെട്ടന്നാണല്ലോ തോന്നുക. മൂന്നുമുറി പാലത്തിൽ നിന്നും ചാടി മരിക്കണമെന്നായി മോഹം.
മരണവും മോഹത്തോടെ തന്നെയാവട്ടെ.
ഒടുവിലത്തെ ചായയെന്നോണം ഗിരി ഏട്ടന്റെ പീടികയിൽ നിന്നും ചായയും തേങ്ങാ ബിസ്ക്കറ്റും തിന്നു. നടന്നുനടന്ന് പാലത്തിലെത്തി. കൈവരിയുടെ മുകളിലേക്കു വലതു കാലെടുത്തു വെച്ചപ്പോൾ ഇടതുകാലിൽ ആരോ തൊട്ടതുപോലെ. തലതാഴ്ത്തി തിരിഞ്ഞു നോക്കിയപ്പോൾ ഒരു നായയാണ്. മുമ്പ് തേങ്ങാബിസ്ക്കറ്റ് കൊടുത്ത അതേ നായ. അവന് അടുത്ത തേങ്ങാബിസ്ക്കറ്റിനായി വിശന്നിട്ടുണ്ടാവും. “അതിനുവേണ്ടി ഞാൻ ജീവിക്കണമെന്നാണോ നായേ നീ പറയുന്നത്…?”
തത്കാലം മരണം മാറ്റി വെച്ചു തിരിച്ചു നടന്നു. രണ്ടാഴ്ചയ്ക്കു ശേഷം പിന്നെയും മരിക്കണമെന്ന മോഹം.
നടന്നുനടന്നു വീണ്ടും മൂന്നുമുറി പാലത്തിന്മേൽ എത്തി. അപ്പോഴുണ്ട്
സ്ഥിരമായി പാലത്തിൽ നിന്നും താഴേക്കു ചാടുന്നവരെ രക്ഷപ്പെടുത്തുന്ന സുഗുണേട്ടന്റെ കാലിൽ ഒരു കെട്ട്. കാര്യമെന്തെന്ന് ആരാഞ്ഞപ്പോൾ മിനിഞ്ഞാന്ന് ചാടിയ ചെക്കനെ പിടിക്കാനായി പിന്നാലെ ചാടിയപ്പോൾ കല്ലിൽ തട്ടി കാലിന് ഒടിവുണ്ടത്രേ. ഒടിഞ്ഞ കാലുമായി ചെക്കനെ ജീവനോടെ പിടിച്ചെന്നതും സത്യം.

ഇനി ഞാൻ ചാടിയിട്ട് ഇഷ്ട്ടന്റെ മറ്റേ കാലും ഒടിക്കണോ…?
തൽക്കാലം കാലു സുഖപ്പെടാൻ കാത്തിരിക്കാം.
കാത്തിരുന്നപ്പോൾ മരണക്കൊതി വിട്ടകന്നു പോയെന്നു തോന്നുന്നു.

ഒന്നു പിടുത്തം വിടുമ്പോൾ,
കണ്ണു നനയുമ്പോൾ, ചാടാനും മരിക്കാനുമൊക്കെ തോന്നുന്നേരം ചുറ്റുമുള്ളതെല്ലാം നേർത്ത പൊട്ടാറായ നൂലുകളാണ്. തിരിഞ്ഞു നോക്കിയാൽ പൊട്ടാതെ കയ്യിൽ പിടി മുറുക്കുന്ന നൂലുകൾ. ഒന്നു തിരിഞ്ഞു നോക്കണമെന്നു മാത്രം.

വായിച്ചിട്ട് ഇനിയും മറന്നുപോകാത്ത ഒരു പെൺകുട്ടിയുണ്ട്. അവളുടെ ഭൂതകാലം മുഴുവൻ പാപങ്ങളിൽ മുങ്ങിക്കുതിർന്നിരുന്നു. മനസ്സുമടുത്ത് അവൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു ഒരു ദിവസം. കടലോരത്തു കൂടി അവൾ തന്റെ അവസാന യാത്ര നടത്തുകയാണ്. ഒന്നു ധ്യാനിച്ചിട്ടു കടലിലേക്കു കുതിക്കാനായുമ്പോൾ ഉള്ളിന്റെ ഉള്ളിൽ നിന്നൊരു ശബ്ദം കേൾക്കുകയാണ്.
” തിരിഞ്ഞു നോക്കുക”.
അവൾ നടന്നുവന്ന വഴികളിലവളുടെ തെറ്റിന്റെ കാൽമുദ്രകൾ. അവൾ നോക്കി നിൽക്കുമ്പോൾ തന്നെ കടലിൽ നിന്നൊരു തിരമാല വന്ന് അതെല്ലാം തുടച്ചുമാറ്റി വീണ്ടും കടലിലേക്കു മടങ്ങി.
തീരം, കുട്ടി വൃത്തിയാക്കിയ സ്ലേറ്റു പോലെ മനോഹരമായി. ആ മൺതിട്ടയിൽ മുട്ടിന്മേൽ നിന്നവൾ വിതുമ്പിക്കരഞ്ഞു: “ദൈവമേ, നീ എന്റെ കഴിഞ്ഞ കാലത്തിന്റെ വിരൽപാടുകളെ സൗമ്യമായി തുടച്ചുമാറ്റുന്ന വെൺതിര, വൻകൃപ…”

പതിവായി നമ്മുടെ കണ്ണുതുടയ്ച്ചിരുന്ന മനുഷ്യകരങ്ങൾ ഒരുവേള സൈക്കിളിന്മേന്നു വീണ് ചതവ് പറ്റി കാലവിശ്രമത്തിലാവാം.
കേട്ടിരുന്ന കാതുകൾ ഇയർപോഡ് വെച്ച് പാട്ടു കേൾക്കുകയാവാം. ചിലപ്പോൾ എന്നതിൽ നിന്നും പലപ്പോഴും എന്നു മാറി ചിന്തിക്കണമെന്നു തോന്നുന്നു.
പലപ്പോഴും നമ്മൾക്ക് നമ്മൾ തന്നെ വേണം, മെല്ലെയൊന്നു തിരിഞ്ഞു നോക്കിയിട്ട് പൊട്ടുമെന്നു തോന്നുന്ന ആ നൂലുകളിൽ മുറുകെ പിടിക്കാൻ.
ആ നൂലുകൾ പൊട്ടാതിരിക്കാൻ മുറുകെ പിടിക്കുകയെന്നതാണ് മാർഗം.

പിടിച്ചു നിർത്താനും കണ്ണു തുടയ്ക്കാനും ആരോ ഉണ്ടെന്നാലും ഇല്ലെന്നാലും തന്നത്താൻ ഒന്നു തിരിഞ്ഞുനോക്കണമെന്നാണ് ജീവിതം പറഞ്ഞുവെക്കുന്നത്.