പെരുന്നാൾ കുപ്പായം

174
0

പഴവർഗ്ഗങ്ങൾക്കിടയിൽ കിടന്നുകൊണ്ട് പലതും എന്നെ നോക്കി ചിരിക്കുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു. അതിനെ ഒക്കെ ഞാൻ കൈയിൽ എടുത്തു കടക്കാരന്റെ അടുക്കൽ കൊടുത്തു. അപ്പോഴാണ് കാഴ്ച ശ്രദ്ധയിൽ പെട്ടത്. ഒരു ഉമ്മ ഞാൻ വരുന്നതിനു മുമ്പ് കടയിൽ വന്നതാണെന്ന് തോന്നുന്നു. എന്നാൽ ഞാൻ സാധനങ്ങൾ വാങ്ങി പൈസ കൊടുക്കുമ്പോഴും ആ ഉമ്മ ഓരോന്നിന്റെയും വില ചോദിച്ചു കൊണ്ട് ഇരിക്കുകയാണ്.

പേഴ്സിൽ നിന്ന് പൈസ എണ്ണിനോക്കുന്നുമുണ്ട്. ഞാൻ ആ ഉമ്മാന്റെ അടുക്കലേക്ക് ചെന്നിട്ട് ചോദിച്ചു: ഉമ്മ കുറേ സമയം ആയല്ലോ ഇങ്ങനെ ഓരോന്നും വില ചോദിക്കുന്നു. ഉമ്മാക്ക് എന്താ വേണ്ടത്. മോനെ എന്റെ അടുക്കൽ കുറച്ചു പൈസയെ ഉള്ളൂ.. അപ്പോൾ ഇതിനുള്ളിൽ കിട്ടുന്ന പഴവർഗ്ഗങ്ങൾ വാങ്ങാൻ ആയിരുന്നു വില ചോദിച്ചത്. ഉമ്മാന്റെ കൈയിൽ എത്ര പൈസ ഉണ്ട് എന്ന് ഞാൻ ചോദിച്ചു. വളരെ സങ്കടമുഖത്തോടെ എന്നോട് പറഞ്ഞു അൻപതു രൂപയെ ഉള്ളൂ മോനെ. ആ ഉമ്മാക്ക് സങ്കടം വരണ്ട എന്ന് കരുതി ഞാൻ പറഞ്ഞു.ഓ! അത്രയും ഉണ്ടായിട്ട് ആണോ ഒന്നും വാങ്ങാതെ ഇങ്ങനെ നിൽക്കുന്നത്.

ഞാൻ നേരത്തെ വാങ്ങിയ അതെ പഴവർഗ്ഗങ്ങൾ വീണ്ടും ആ കടക്കാരനോട് എടുക്കാൻ ഞാൻ ആവശ്യപെട്ടു. എന്നിട്ട് രണ്ടിനും കൂടി ഒരു ബില്ല് മതി എന്ന് ആവശ്യപെട്ടു. ശേഷം ആ ഉമ്മാക്ക് സാധനങ്ങളുടെ ഒരു കവർ കൊടുത്തു. മോനെ ഇത് കുറെ ഉണ്ടല്ലോ . ഇതിനു കുറെ പൈസ ആവൂലെ. എന്റെ അടുക്കൽ ഞാൻ പറഞ്ഞല്ലോ എന്ന് ആ ഉമ്മ പറഞ്ഞപ്പോൾ നിഷ്കളങ്കമായ ഉമ്മാനോട് ഞാൻ പറഞ്ഞു ആ പൈസ ഉമ്മ എനിക്ക് താ…
അങ്ങനെ ഉമ്മാന്റെ കൈയിലിരുന്ന അമ്പതിന്റെ നോട്ട് എന്നിലേക്ക് നീട്ടി. സന്തോഷത്തോടെ ഞാൻ അത് വാങ്ങി. എന്നിട്ട് എന്റെ അടുക്കലിൽ ഉണ്ടായിരുന്ന 500 രൂപയുടെ ഒരു നോട്ട് ആ അൻപത് രൂപയുടെ കൂടെ ഞാൻ ആ പഴവർഗ്ഗങ്ങൾക്കിടയിൽ ഇട്ടിട്ട് കവർ ഉമ്മാന്റെ അടുക്കൽ കൊടുത്തു.

ഉമ്മാന്റെ വീട് എവിടെയാണ്. ആരൊക്കെയുണ്ട് വീട്ടിൽ എന്നുള്ള ചെറിയ അനേഷണം നടത്തിയപ്പോഴാണ് കൂടുതൽ സങ്കടം അനുഭവപ്പെട്ടത്. ഉമ്മ പറഞ്ഞു വീട്ടിൽ ഞാനും മോളും മോനും മാത്രം. മക്കളുടെ ഉപ്പ മരണപെട്ടിട്ട് രണ്ടു വർഷമായി. ഞാൻ ഒരു കടയിൽ നിൽക്കുന്നുണ്ട്. അത് കൊണ്ട് ജീവിതം ഇങ്ങനെ പോകുന്നു. മോൾക്ക് വലിയ ആഗ്രഹം ഇതൊക്കെ കഴിക്കണം എന്ന്. അതാ ഞാൻ…… ശബളം വാങ്ങാം എന്ന് കരുതിയാലും അങ്ങോട്ട് കൊടുക്കാൻ അല്ലാതെ ഇങ്ങോട്ട് വാങ്ങാൻ ഇല്ല.. അത് കൊണ്ട് ചോദിക്കാനും നിന്നില്ല.. അത് വാങ്ങിയാൽ പെരുന്നാളിന് മക്കൾക്ക് ഡ്രസ്സ്‌ എടുത്തു കൊടുക്കാൻ പറ്റീല്ലെങ്കിലോ.

ഉമ്മ വണ്ടിയിൽ കയറൂ ഞാൻ വീട്ടിൽ കൊണ്ട് ആക്കാം. നോമ്പ് തുറക്കാൻ കുറച്ചു മണിക്കൂർ അല്ലെ ഉള്ളൂ. ഇനി ബസ് കാത്തിരുന്നു വീട്ടിൽ എത്തുമ്പോഴേക്കും ബാങ്ക് വിളിച്ചു കഴിഞ്ഞിട്ടുണ്ടാവും. മടി പിടിച്ചിട്ട് ആണെങ്കിലും ഉമ്മ എന്റെ കൂടെ കാറിൽ കയറി. ശേഷം ഞാൻ ഉമ്മാനോട് മറ്റുള്ള വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. അങ്ങനെ വീട്ടിലേക്കുള്ള വഴി എനിക്ക് പറഞ്ഞു തരുകയും ചെയ്ത് കൊണ്ടിരുന്നു . അവസാനം ഉമ്മാന്റെ വീട്ടിലേക്കുള്ള വഴിയിൽ എത്തി. ഇവിടെ നിർത്തിയാൽ മതി ഇങ്ങനത്തെ വണ്ടി ഒന്നും അങ്ങോട്ട് പോകില്ല മോനെ എന്ന് എന്നോട് പറഞ്ഞു. എന്നാൽ എനിക്ക് അതിയായ ആഗ്രഹം ഉമ്മാന്റെ മക്കളെ കാണാനും എന്തെങ്കിലും ഒക്കെ അവർക്ക് കൊടുക്കാനും. അങ്ങനെ ഞാനും ആ ഉമ്മാന്റെ കൂടെ പോയി. മോൻ വീട്ടിലേക്ക് വരുകയാണോ സൗകര്യം കുറവാണ് എന്ന് ഉമ്മ ഇങ്ങനെ പറയുന്നുണ്ട്. കണ്ടാൽ വീട് എന്ന് പറയില്ലേങ്കിലും ഒരു വീട്. ഞങ്ങൾ അവിടെ എത്തി. എന്നാൽ ഞാൻ ഉള്ളിലേക്ക് പ്രവേശിച്ചില്ല. എനിക്ക് അറിയാമായിരുന്നു അവിടത്തെ സൗകര്യം. എന്തിനാ അവരെ ബുദ്ധിമുട്ടിക്കുന്നത്. വീട്ടിന്റെ പുറത്തുനിന്നു മക്കളോട് വർത്തമാനം പറഞ്ഞു കുറച്ചു പൈസ രണ്ടു പേർക്കും കൊടുത്തിട്ട് ഞാൻ ആ ഉമ്മാനോടും മക്കളോടും സലാം പറഞ്ഞിറങ്ങി.

വീട്ടിൽ എത്തിയ ഞാൻ നടന്നത് ഒക്കെ ഉമ്മാനോട് പറഞ്ഞപ്പോൾ ഉമ്മാക്ക് ഏറെ സന്തോഷം ആയി. ശേഷം ഉമ്മ പറഞ്ഞ ഒരു കാര്യം അതാണ് എന്നെ ചിന്തിപ്പിച്ചത്. ഉമ്മ പറഞ്ഞു നമ്മൾ ഒക്കെ മനസ്സ് വെച്ചാൽ ആരും പട്ടിണി കിടക്കത്തില്ല. അത് എങ്ങനെ ഉമ്മാ … നീ പഠിച്ചിട്ടില്ലേ അയൽവാസി പട്ടിണി കിടക്കുബോൾ വയറുനിറച്ചു തിന്നരുതേയെന്ന് നബി നമ്മെ പഠിപ്പിച്ചിട്ടില്ലേ… എല്ലാവരും അവരവരുടെ അയവാസികളെ പരിഗണിക്കുകയാ ണെങ്കിൽ ചേർത്തു പിടിക്കുകയാണെങ്കിൽ ഇങ്ങനെ ഉള്ള പ്രയാസങ്ങളിൽ നിന്ന് കുറെ ഒക്കെ മാറ്റം വരും.

ഈ കാര്യങ്ങൾ ഒക്കെ മജീദ് എന്നോട് പറഞ്ഞപ്പോൾ എനിക്കും എന്തെങ്കിലും ഒക്കെ ചെയ്യണം എന്ന് മനസ്സിൽ തോന്നുകയാണ്. ശേഷം മജീദ് പറഞ്ഞു ടാ! നമ്മുക്ക് പെരുന്നാളിന് ആർകെങ്കിലും ഡ്രസ്സ്‌ എടുത്തു കൊടുത്താലോ.. ഇത് പോലെ കഷ്ടപ്പെടുന്ന ആളുകൾ ഉണ്ടാവൂലെ അവരെ നമുക്ക് കണ്ടെത്തി അവർക്ക് ഒരു സഹായം ചെയ്താലോ. നല്ല കാര്യം എന്ന് പറഞ്ഞു ഞാൻ കൈ കൊടുത്തു. നമ്മൾ രാത്രി പുറത്ത് പോയി കളയുന്ന പൈസ ഇല്ലേ അത് മാറ്റി വെച്ച് അവസാനം പെരുന്നാളിന്റെ കുറച്ചു ദിവസം മുമ്പ് ആ പൈസ കൊണ്ട് ഇങ്ങനെ നമ്മുക്ക് ചെയാം.

മജീദ് ഇങ്ങനെ എന്നോട് പറഞ്ഞപ്പോൾ മനസ്സിന് അതിയായ ആഗ്രഹം തോന്നുകയാണ്. ഇത് എന്താ നേരത്തെ എനിക്ക് തോന്നാത്തതെന്ന്. ജീവിതത്തിൽ ഇനി എങ്കിലും ആരെയെങ്കിലും ഒക്കെ സഹായിക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചു. മജീദ് ഇന്ന് അവരെ സഹായിച്ചപ്പോൾ ആ ഉമ്മാക്ക് നല്ല സന്തോഷം ആയിട്ടുണ്ടാവും എന്ന് ആലോചിച്ചു സന്തോഷം കൊള്ളുന്നു ഞാൻ… ഇനി ചെയ്യാൻ ഉള്ള ആഗ്രഹം സഫലമാക്കി തരണമെന്ന് പ്രാർത്ഥിക്കുകയും ചെയ്തു..

Leave a Reply

Your email address will not be published. Required fields are marked *