പെൻഷൻ

124
0

പാലക്കാട്ടേക്കുള്ള വഴി മധ്യേ ഓല മേഞ്ഞ ഒരു ചായക്കട കണ്ട് നിർത്തിയതാണ്. ഞാനും റിയാസും ഓരോ ചായ പറഞ്ഞു, ഒരു ചേച്ചി ആണ് കട നടത്തുന്നത്.

സമാവറിൽ നിന്ന് ഉയർന്ന് പൊങ്ങിയ പുകച്ചുരുളുകൾക്കിടയിലൂടെ കാര്യമായി എന്തോ ആലോചിച്ചിരിക്കുന്ന ഒരമ്മച്ചിയുടെ മുഖം തെളിഞ്ഞ് വന്നു.

തൊലിയിൽ വീണ ചുളിവുകൾ തന്നെ പ്രായത്തെ ബോധ്യപ്പെടുത്തി. പല്ലില്ലാത്ത ഒരു ചെറു പുഞ്ചിരിയോടെ അമ്മച്ചി ഞങ്ങളെ നോക്കി. നീട്ടി വെച്ച കാലിൽ കൈ കൊണ്ട് തടവിയുള്ള ഇരുത്തം തന്നെ ഉള്ളിലെ സങ്കടത്തിലേക്കുള്ള സൂചനയായിരുന്നു .

വിശേഷം തിരക്കി തമാശ പറഞ്ഞ് റിയാസ് അമ്മച്ചിയിടൊപ്പം ചേർന്നു. അമ്മച്ചിയുടെ സ്ഥിരം ചായ കുടിക്കുന്ന സമയം ആണെന്നും ദിനേന രണ്ട് ചായ കുടിക്കുമെന്നും അമ്മച്ചിയുടെ വാചാലമായ സംസാരത്തിനിടയിൽ ഞങ്ങൾക്ക് മനസ്സിലായി.

മക്കളെ കുറിച്ച് ചോദിച്ചപ്പോഴാണ് അമ്മച്ചിയുടെ ഭയത്തെ കുറിച്ച് മനസ്സിലായത്.

മറുപടി ഇങ്ങനെ : മോള് എന്തേലും കൊണ്ട് വരുന്നത് കൊണ്ട് ജീവിച്ച് പോകുന്നു.

വേറെ ഒരുത്തൻ ഉണ്ട് , അവൻ്റെ അച്ഛൻ മരിക്കുമ്പോൾ അവന് മൂന്ന് മാസം പ്രായമായിരുന്നു, അവൻ്റെ മുപ്പത്തി ഏഴ് വയസ്സിനിടക്ക് ഒരു ചായപ്പൊടിക്കുള്ള പൈസ പോലും വീട്ടിലേക്ക് തന്നിട്ടില്ല.

കള്ള് കുടിക്കാൻ മാത്രം പണിയെടുക്കുന്ന ഒരുത്തൻ. ഞങ്ങളെന്തേലും ഉണ്ടാക്കി വെക്കും എന്നറിയുന്നത് കൊണ്ട് കൃത്യ സമയത്ത് വന്ന് ഉള്ളത് തിന്ന് പോകും.

മോനെ കുറിച്ച് ഇങ്ങനെ അല്ലാതെ നല്ലതൊന്നും പറയാൻ അമ്മച്ചിക്ക് ഉണ്ടായിരുന്നില്ല.

ആശ്രയമില്ലാത്ത ഒരു വൃദ്ധയുടെ നഷ്ടപ്രതീക്ഷയുടെ ആവലാതി ഉണ്ടായിരുന്നു ആ വാക്കുകളിൽ.

ചായ പൈസ കൊടുക്കട്ടെ എന്ന റിയാസിൻ്റെ ചോദ്യത്തിന് ഉത്തരം കൊടുത്തത് കടയിലെ ചേച്ചി ആണ് : “അത് ഇവിടുന്ന് എന്നും ഞാൻ കൊടുക്കുന്നതാണ്”

ഇതിനിടയിൽ ചർച്ച പെൻഷനും മുഖ്യമന്ത്രിയും ആയി മാറി. ആറു മാസമായി പെൻഷൻ കിട്ടിയിട്ട് എങ്കിലും മുഖ്യമന്ത്രിയെ കുറ്റം പറയാൻ ഒന്നും തയ്യാറല്ല അമ്മച്ചി, പണ്ട് മുതലേ സഖാവാണ് എന്നാണ് ന്യായം.
എങ്കിലും നല്ല പ്രയാസം ഉണ്ടെന്ന് അമ്മച്ചി ഞങ്ങളോട് പറഞ്ഞു, സാമ്പത്തിക ബുദ്ധിമുട്ടുള്ള ഒരാളുടെ പ്രയാസം നന്നായി അറിയുന്ന ഞങ്ങൾക്ക് എല്ലാം ശെരിയാകും എന്ന മറുപടി മാത്രമേ കൊടുക്കാൻ കഴിഞ്ഞുള്ളൂ…

വിധിയെ പഴിച്ചിരിക്കുന്ന അമ്മച്ചിയോട് ഞാൻ പറഞ്ഞു : വീട്ടിലേക്ക് പോകുമ്പോൾ ഒരു അമിട്ട് വാങ്ങി ഉറങ്ങുന്ന മോൻ്റെ മൂട്ടിലിട്ട് പൊട്ടിച്ചാൽ മതി അവൻ നന്നായിക്കോളും

ഭാവനയിൽ കണ്ടിട്ടാണോ അതോ ഉള്ളിലെ സന്തോഷം കൊണ്ടാണോ എന്നറിയില്ല മോണയും കാട്ടി ഒരു കുഞ്ഞു മുഖവുമായി അമ്മച്ചി പൊട്ടിച്ചിരിക്കുന്നത് കണ്ട ചേച്ചി കയ്യിലിരുന്ന ഗ്ലാസ്സ് ടേബിളിൽ വെച്ച് മുഖം പൊത്തി ചിരിച്ചു.

ഒരു ലാൽ സലാം കൊടുത്ത് തിരിച്ചിറങ്ങുമ്പോൾ അമ്മച്ചി ഞങ്ങളെ വിളിച്ചു, ഒരു ഭാഗം തടിച്ച് തൂങ്ങിയ കഴുത്തിൽ കൈ വെച്ച് അമ്മച്ചി പറഞ്ഞു : ” മുഖ്യമന്ത്രിയെ കണ്ടാൽ ആ പെൻഷൻ ഒന്ന് തരാൻ പറയണേ… ആറ് മാസമായി മരുന്ന് വാങ്ങിയിട്ട് “

ഉത്തരമില്ലാത്ത ആ ചോദ്യത്തിന് മുൻപിൽ പറയാം എന്ന കള്ളവുമായി ഞങ്ങൾ യാത്ര തുടർന്നു…

സർക്കാരിൽ നിന്നുള്ള പെൻഷൻ തുകക്ക് എത്ര മാത്രം വിലയുണ്ടെന്ന ചിന്തയിൽ കറുത്ത റോഡിലെ വെള്ള വരകൾ ഓരോന്ന് പുറകോട്ട് ഓടുന്നതിനിടയിൽ ട്രെയിൻ ശബ്ദമാണ് പാലക്കാട് എത്തിയെന്ന സിഗ്നൽ തന്നത്.

ഗതി കെട്ട ഒരു കാലത്തെ പഴി കെട്ട ചോദ്യവുമായി ഒരുപാട് മുത്തശ്ശിമാർ ഉണ്ടാവും ഇന്നും ഓരോ ചായക്കടയിലും…

Leave a Reply

Your email address will not be published. Required fields are marked *