പരീക്ഷണങ്ങളിൽ ക്ഷമയോടെ

198
0

വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതത്തിൽ സദാസമയവും ഉണ്ടായിരിക്കേണ്ട ഒരു സ്വഭാവ ഗുണമാണ് ക്ഷമ. ജീവിതത്തിൽ ഉണ്ടാകുന്ന പ്രയാസങ്ങളിലും പ്രതിസന്ധികളിലും ക്ഷമ കൈക്കൊള്ളുവാനാണ് അല്ലാഹു വിശുദ്ധ ഖുർആനിൽ കൽപ്പിക്കുന്നത്. സൂറ അൽബഖറയിൽ പരീക്ഷണങ്ങളെക്കുറിച്ച് പറയുന്നത് “കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദർഭങ്ങളിൽ) ക്ഷമിക്കുന്നവർക്ക് സന്തോഷവാർത്ത അറിയിക്കുക”. അപ്പോൾ അല്ലാഹുവിന്റെ പരീക്ഷണങ്ങൾ വരുമ്പോൾ അതിൽ ക്ഷമിക്കുവാനാണ് അവൻ നിർദ്ദേശിക്കുന്നത്.

ജീവിതത്തിൽ ബാധിക്കുന്ന ഏത് വിഷമങ്ങളിലും ക്ഷമിക്കുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാകുന്നു. മഹാനായ ലുഖ്മാൻ(അ) തന്റെ മകനെ ഉപദേശിക്കുന്നിടത്ത് എന്റെ പൊന്നു മോനെ എന്ന് വിളിച്ചു കൊണ്ട് അദ്ദേഹം പറയുകയാണ് وَٱصۡبِرۡ عَلَى مَاۤ أَصَابَك “നിനക്ക് ബാധിച്ച വിഷമങ്ങളിൽ നീ ക്ഷമിക്കുക”.

നമ്മുടെ ജീവിതത്തിൽ നേരിടുന്ന പ്രയാസങ്ങളിലും പ്രശ്നങ്ങളിലും നിരാശരാവാതെ ക്ഷമ കൈക്കൊള്ളുകയും ഇത് അല്ലാഹുവിൽ നിന്നുള്ള തീരുമാനമാണ് എന്ന ബോധത്തോടുകൂടി അവനിൽ തവക്കുൽ ചെയ്യുകയും അതിൽ സമാധാനിക്കുകയുമാണ് ചെയ്യേണ്ടത്. അല്ലാഹു പറയുന്നു : فَٱصۡبِرۡ لِحُكۡمِ رَبِّك “നിന്റെ റബ്ബിന്റെ തീരുമാനത്തിൽ നീ ക്ഷമ കൈക്കൊള്ളുക”. അല്ലാഹു നന്മയിലും തിന്മയിലും നമ്മെ പരീക്ഷക്കുന്നതാണ്. കഷ്ടപ്പാടുകളും കഷ്ടതകളും വരുമ്പോൾ ഇത് അല്ലാഹുവിൽ നിന്നുള്ള പരീക്ഷണമാണ് എന്ന ചിന്തയോടെ അതിൽ ക്ഷമിക്കുവാൻ തയ്യാറായാൽ അവന് വിജയമുണ്ട്. എന്നാൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകുമ്പോഴും അതിൽ അവന് നന്ദി രേഖപ്പെടുത്തി അവനെ ഓർക്കുമ്പോൾ അതും വിശ്വാസിക്ക് ഗുണകരമാണ്.

പരീക്ഷണങ്ങളിൽ ക്ഷമിക്കുന്നവർക്ക് വിജയമുണ്ട് എന്ന് വിശുദ്ധ ഖുർആനിൽ കാണാം. یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ ٱصۡبِرُوا۟ وَصَابِرُوا۟ وَرَابِطُوا۟ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمۡ تُفۡلِحُونَ ഇവിടെ വിശ്വാസികളെ വിളിച്ചുകൊണ്ട് അല്ലാഹു പറയുന്നു “നിങ്ങൾ ക്ഷമിക്കുകയും ക്ഷമയിൽ മികവ് കാണിക്കുകയും ചെയ്യുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം”.

ക്ഷമയിൽ മികവ് കാണിക്കുക എന്ന് പറഞ്ഞത് ക്ഷമയുടെ അങ്ങേയറ്റമാണ്. പ്രവാചകന്മാരുടെ ജീവിതത്തിൽ അത് കാണുവാൻ സാധിക്കും. മഹാനായ യഅ്ഖൂബ് നബി(അ) ക്ക് മകൻ യൂസുഫ് നെ നഷ്‌ടപ്പെട്ട സംഭവം പറയുന്നിടത്ത് فَصَبۡرࣱ جَمِیل “ഭംഗിയുള്ള ക്ഷമ” എന്ന് കാണാം. അല്ലാഹുവിൽ അചഞ്ചലമായ വിശ്വാസവും തവക്കുലുമുള്ളവക്കാ ണ് ഇത്തരത്തിൽ ശക്തമായ ക്ഷമ കൈക്കൊള്ളുവാൻ സാധിക്കുക. നബി(സ) പറഞ്ഞു : “ക്ഷമയെക്കാൾ ഉത്തമവും വിശാലവുമായ ഒരു ദാനം ഒരാൾക്കും നൽകപ്പെട്ടിട്ടില്ല”. (ബുഖാരി.മുസ്ലിം). വിശുദ്ധ ഖുർആനിൽ നിന്നും പ്രവാചകന്മാരുടെ ജീവിതത്തിൽ നിന്നും ക്ഷമയുടെ വിശാലത മനസ്സിലാക്കുവാൻ സാധിക്കും. അപ്പോൾ ഏത് പ്രയാസഘട്ടത്തിലും ക്ഷമ കൈവിടാതെ മുന്നോട്ടു പോയാൽ അല്ലാഹു നമ്മുടെ കൂടെയുണ്ടാകും. അല്ലാഹു പറയുന്നു : وَٱصۡبِرُوۤا إِنَّ ٱللَّهَ مَعَ ٱلصَّـٰبِرِین “നിങ്ങൾ ക്ഷമിക്കുക, തീർച്ചയായും അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാണ്”.

ക്ഷമശീലർ അല്ലാഹുവിന് ഇഷ്ടപ്പെട്ടവരാണ് എന്ന് വിശുദ്ധ ഖുർആനിൽ കാണാം. وَٱللَّهُ یُحِبُّ ٱلصَّـٰبِرِینَ “അല്ലാഹു ക്ഷമശീലരെ ഇഷ്ടപ്പെടുന്നു”. അതുകൊണ്ട് തന്നെ ക്ഷമശീലർക്ക് മഹത്തായ പ്രതിഫലമാണ് അല്ലാഹു ഒരുക്കിവെച്ചിരിക്കുന്നത്. وَجَزَىٰهُم بِمَا صَبَرُوا۟ جَنَّةࣰ وَحَرِیرࣰا “അവര്‍ ക്ഷമിച്ചതിനാല്‍ സ്വര്‍ഗത്തോപ്പും പട്ടുവസ്ത്രങ്ങളും അവര്‍ക്കവന്‍ പ്രതിഫലമായി നല്‍കുന്നതാണ്‌”. മറ്റൊരു ആയത്തിൽ കാണാം “ക്ഷമശീലർക്ക് തന്നെയാകുന്നു പ്രതിഫലം കണക്ക് നോക്കാതെ നിറവേറ്റി കൊടുക്കപ്പെടുന്നത്”. അപ്പോൾ അല്ലാഹുവിന്റെ ഇഷ്ടവും പ്രതിഫലവും ഉണ്ടാകുന്ന മഹത്തായ അനുഗ്രഹവും സ്വഭാവ ഗുണവുമാണ് ക്ഷമ. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ എല്ലാ മേഖലയിലും ഉണ്ടായിരിക്കേണ്ട ഒരു സ്വഭാവഗുണമാണ്. അത്തരത്തിൽ ക്ഷമ കൈക്കൊള്ളുകയും ക്ഷമയിലധിഷ്ഠിതമായ ജീവിതം നയിക്കുകയും ചെയ്യുവാൻ ശ്രമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *