പാരാമെഡിക്കല്‍ ബിരുദവുമായി ബന്ധപ്പെട്ട സംശയങ്ങളുമായി ഒരു പ്ലസ് ടു വിദ്യാര്‍ത്ഥി ബന്ധപ്പെട്ടിരുന്നു. മെറിറ്റ് സീറ്റ് കിട്ടാന്‍ സാധ്യത കുറവായതിനാല്‍ പ്രൈവറ്റ് സ്ഥാപനങ്ങളിലെ കോഴ്സുകളെപ്പറ്റി അറിയാനായിരുന്നു ബന്ധപ്പെട്ടത്. അംഗീകാരമുള്ള കോഴ്സുകള്‍ നടത്തുന്നുണ്ടെന്ന വാദവുമായി പല സ്ഥാപനങ്ങളും തങ്ങളെ ബന്ധപ്പെട്ടിരുന്നെന്ന് അവര്‍ പറഞ്ഞു.
കോഴ്സിന് അംഗീകാരമുണ്ടെന്ന് കാണിക്കാന്‍ എന്റെ നാട്ടിലെ തന്നെ ഒരു സ്ഥാപനം അവര്‍ക്ക് അയച്ചു കൊടുത്ത സര്‍ട്ടിഫിക്കറ്റ് എന്നെ കാണിച്ചപ്പോള്‍ അമ്പരന്നു പോയി. റൂറല്‍ സ്കില്‍ & ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കൌണ്‍സില്‍ എന്ന ഒരു സര്‍ക്കാര്‍ ഇതര സംഘടന (NGO) മേല്‍പ്പറഞ്ഞ സ്ഥാപനത്തെ Authorized Training Centre ആയി തെരഞ്ഞെടുത്തു എന്നെഴുതിയ സര്‍ട്ടിഫിക്കറ്റാണത്.
പാരാമെഡിക്കല്‍ കോഴ്സുകളുടെ അംഗീകാരവുമായി ഈ സര്‍ട്ടിഫിക്കറ്റിന് ഒരു ബന്ധവുമില്ല എന്ന് മാത്രമല്ല, പാരാമെഡിക്കല്‍ എന്ന ഒരു വാക്ക് പോലും ആ സര്‍ട്ടിഫിക്കറ്റില്‍ ഇല്ല എന്നതാണ് അതിശയം. എന്നിട്ടും ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് എത്ര രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയുമാണ് ഇവര്‍ നിരന്തരം പറ്റിച്ചു കൊണ്ടിരിക്കുന്നത്. കോഴ്സുകളുടെ അംഗീകാരത്തെപ്പറ്റി അടിസ്ഥാന വിവരം പോലും പല വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമില്ല എന്നതൊരു വാസ്തവമാണ്. ഈ അജ്ഞതയെ മുതലെടുത്ത് ലക്ഷങ്ങള്‍ കൊയ്യുകയാണ് ഇത്തരം അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.
പാരാമെഡിക്കല്‍ കോഴ്സുകളുടെ അംഗീകാരം
കേരളത്തിലെ പാരാമെഡിക്കല്‍ ബിരുദ കോഴ്സുകള്‍ക്ക് അംഗീകാരം നല്‍കുന്നത് കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് (KUHS) ആണ്. അതേസമയം, പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സുകള്‍ക്ക് അംഗീകാരം നല്‍കുന്നത് ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ (DME) ആണ്.
കേരളത്തിലെ പാരാമെഡിക്കല്‍ പ്രവേശനം എങ്ങനെ?
കേരളത്തിലെ പാരാമെഡിക്കല്‍ ബിരുദ/ ഡിപ്ലോമ കോഴ്സുകളിലെ മെറിറ്റ് സീറ്റിലേക്ക് അഡ്മിഷന്‍ നടത്തുന്നത് ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് & ടെക്നോളജിയാണ് (വെബ്സൈറ്റ്: lbscentre.kerala.gov.in). സര്‍ക്കാര്‍ പാരാമെഡിക്കല്‍ കോളേജുകളിലെ മുഴുവന്‍ സീറ്റുകളിലേക്കും സ്വാശ്രയ കോളേജുകളിലെ 50% സീറ്റുകളും മെറിറ്റ് സീറ്റുകളാണ്. സ്വാശ്രയ കോളേജുകളിലെ ബാക്കി 50% സീറ്റുകളും മാനേജ്മെന്റ് സീറ്റുകളാണ്. അവയിലേക്കുള്ള പ്രവേശനം അതാത് കോളേജുകള്‍ നേരിട്ടാണ് നടത്തുന്നത്.
തട്ടിപ്പുകള്‍ വ്യാപകം
ചുരുങ്ങിയ ചെലവില്‍ അംഗീകൃത പാരാമെഡിക്കല്‍ ബിരുദ/ ഡിപ്ലോമ കോഴ്സുകള്‍, 100% പ്ലേസ്മെന്റ് തുടങ്ങിയ പല മോഹന വാഗ്ദാനങ്ങളുമായി നമ്മുടെ നാട്ടില്‍ നിരവധി അനധികൃത സ്ഥാപനങ്ങള്‍ കൂണുപോലെ മുളച്ചു പൊന്തുകയാണ്. ഇവയെ നിയന്ത്രിക്കാനോ തട്ടിപ്പുകള്‍ തടയാനോ വേണ്ട സംവിധാനങ്ങളുടെ അപര്യാപ്തത മൂലം ഇന്ന് ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ നടക്കുന്ന മേഖലയായി പാരാമെഡിക്കല്‍ പഠനമേഖല മാറിയിട്ടുണ്ട്.
കേരളത്തില്‍ അംഗീകാരമുള്ള പാരാമെഡിക്കല്‍ ബിരുദ/ ഡിപ്ലോമ കോഴ്സുകള്‍ എന്ന ലേബലില്‍ പരസ്യം ചെയ്യുന്ന ഒട്ടുമിക്ക സ്വകാര്യ സ്ഥാപനങ്ങളും ബന്ധപ്പെട്ട സര്‍ക്കാര്‍ അതോറിറ്റികളുടെ യാതൊരുവിധ അംഗീകാരവുമില്ലാതെയാണ് പ്രവര്‍ത്തിച്ചു വരുന്നത്. പല സ്ഥാപനങ്ങളും അടിസ്ഥാന സൌകര്യങ്ങള്‍ പോലും ഇല്ലാതെ ട്യൂഷന്‍ സെന്റര്‍ മോഡലിലാണ് പ്രവര്‍ത്തിക്കുന്നത്. തങ്ങളുടെ കോഴ്സിന് കേരള പി.എസ്.സിയുടെയും യു.ജി.സിയുടെയുമെല്ലാം അംഗീകാരമുണ്ടെന്ന് തട്ടിവിടുക മാത്രമല്ല, സര്‍ക്കാരിന്റെ അംഗീകാരമുണ്ടെന്ന് കാണിക്കാന്‍ യാതൊരു വിലയുമില്ലാത്ത സര്‍ട്ടിഫിക്കറ്റുകള്‍ കാണിച്ച് രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും കബളിപ്പിക്കുന്നതും പതിവാണ്.
പരിണിത ഫലം
ഇത്തരം സ്ഥാപനങ്ങളുടെ ക്യാന്‍വാസില്‍ വീണവര്‍ക്ക് സാമ്പത്തിക നഷ്ടം മാത്രമല്ല ഉണ്ടാകുന്നത്. അംഗീകാരമില്ലാത്ത കോഴ്സുകള്‍ ആയതിനാല്‍ ഭാവിയില്‍ കേന്ദ്ര/ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സ്ഥിര/താത്കാലിക നിയമനങ്ങള്‍ക്കൊന്നും അപേക്ഷിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാകും.
കോഴ്സ് പൂര്‍ത്തീകരിച്ചവര്‍ക്ക് പാരാമെഡിക്കല്‍ മേഖലയില്‍ പ്രാക്ടീസ് ചെയ്യാന്‍ കേരള പാരാമെഡിക്കല്‍ കൌണ്‍സിലിന്റെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. എന്നാല്‍ ഇത്തരം അംഗീകാരമില്ലാത്ത കോഴ്സുകള്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് പാരാമെഡിക്കല്‍ കൌണ്‍സില്‍ യാതൊരു കാരണവശാലും രജിസ്ട്രേഷന്‍ നല്‍കുന്നതല്ല. ഫലമോ, വിദേശത്തോ സ്വദേശത്തോ ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി തേടാന്‍ സാധിക്കാതെ വരും.
എന്താണ് പരിഹാരം?
പ്ലസ് ടു കഴിഞ്ഞ് പാരാമെഡിക്കല്‍ മേഖലയിലേക്ക് തിരിയുന്നവര്‍ കോളേജും കോഴ്സും തെരഞ്ഞെടുക്കുമ്പോള്‍ വളരെ ജാഗരൂകരായിരിക്കണം. പാരാമെഡിക്കല്‍ ബിരുദമാണ് ലക്ഷ്യമെങ്കില്‍ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുകയും (വൈബ്സൈറ്റ്: kuhs.ac.in) തെരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്ന കോഴ്സുകള്‍ ഓഫര്‍ ചെയ്യാന്‍ കേരളത്തിലെ ഏതൊക്കെ സ്ഥാപനങ്ങള്‍ക്ക് KUHS അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് പരിശോധിച്ച് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ ബിരുദത്തിന് അഡ്മിഷന്‍ എടുക്കാവൂ.
ഡിപ്ലോമ കോഴ്സാണ് ലക്ഷ്യമെങ്കില്‍ ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുകയും (വെബ്സൈറ്റ്: dme.kerala.gov.in) നിലവിലെ അക്കാദമിക വര്‍ഷത്തില്‍ പ്രസ്തുത കോഴ്സ് ഓഫര്‍ ചെയ്യാന്‍ ഏതൊക്കെ സ്ഥാപനങ്ങള്‍ക്ക് അംഗീകാരമുണ്ടെന്ന് കൃത്യമായി വെബ്സൈറ്റില്‍ പ്രതിപാദിക്കുന്നുണ്ട്. ഇവ പരിശോധിച്ചു കൊണ്ടു വേണം അഡ്മിഷന്‍ എടുക്കാന്‍.
പാരാമെഡിക്കല്‍ വിദ്യാഭ്യാസം കുറ്റമറ്റതാക്കാന്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികള്‍ ഉണ്ടായാല്‍ മാത്രമേ ഈ മേഖലയിലെ തട്ടിപ്പുകള്‍ അവസാനിക്കുകയുള്ളൂ. മാത്രമല്ല, തട്ടിപ്പിന് ഇരയാകുന്നവര്‍ മാനനഷ്ടം ഭയന്ന് ഇത്തരം തട്ടിപ്പ് സ്ഥാപനങ്ങള്‍ക്കെതിരെ പ്രതികരിക്കാത്തതും ഇവര്‍ക്ക് പ്രചോദനമാകുന്നുണ്ട്.