പരദേശി

610

നോമ്പ് കഴിഞ്ഞ് തുടങ്ങിയിരിക്കുന്നു. ഇതിപ്പോ അവസാനത്തെ പത്തിൽ എത്തി . എത്ര വേഗമാണ് സമയം പോകുന്നത് ചെറുപ്പത്തിൽ അത്താഴത്തിന് വിളിക്കാത്തതിന് കരഞ്ഞതൊക്കെ ഇപ്പോഴും നല്ല ഓർമ്മകളായി……..

സൈന……
എന്താ… നീ നോമ്പ് തുറക്കുന്നില്ലേ .. …?

“നിങ്ങള് കുടിച്ചോളി….
എന്ക്കിപ്പോ വേണ്ട. എന്തോ ഒരു വല്ലായ്മ. രാവിലെ തുടങ്ങിയതാ…. ”

“തല കറങ്ങുന്ന പോലെയൊക്കെ… പ്രഷർ കുറഞ്ഞാല് ഉണ്ടാവുമെന്ന് പറയുന്നത് കേൾക്കാറുണ്ട്. പ്രഷറൊന്നും കുറഞ്ഞിട്ടില്ലായിരിക്കും. പേടിയാവുന്നു.”

“ഇങ്ങനെ പേടിച്ചാല് ഉള്ള പ്രഷറും കുറഞ്ഞു പോവും മണ്ടൂസേ…..”

“എന്ത് …. മണ്ടൂസേ….. ന്നോ…? ങ്ങക്ക് ഞാൻ വെച്ച്ക്ക്……” അവളുടെ തമാശ നിറഞ്ഞ ഒരു ഭീഷണിയാണത്.
പാവം അവൾക്ക് തന്നോട് അല്ലേ ചൂടാകാൻ പറ്റൂ………

കുട്ടികളെല്ലാം മുതിർന്നു. നല്ല ജോലിയൊക്കെ നേടി കല്യാണം എല്ലാം കഴിഞ്ഞു അവരുടെ ലോകത്താണ്.. അവർക്കുണ്ടോ 60 വയസ്സ് കഴിഞ്ഞു പ്രവാസം മതിയാക്കി വന്ന എൻറെയും ഇവളുടെയും ഒക്കെ കാര്യം നോക്കാൻ സമയം…. പണ്ട് ഞാൻ ലീവിന് വരുമ്പോൾ ഇടവും വലവും എൻറെ കൈകളിൽ തല വെച്ച് കിടക്കാനുള്ള മത്സരമായിരുന്നു!

‘ മൂന്ന് പേരിൽ ഒരാൾ പോലും ഉപ്പയും ഉമ്മയും നോമ്പ് തുറന്നോ എന്ന് ചോദിച്ചില്ലേ…….
നിന്നോട് പറഞ്ഞോ? “

“ഇല്ല… അവരൊക്കെ തിരക്കിൽ അല്ലേ വലിയ വലിയ ജോലികളിൽ നമ്മുടെ കാര്യമൊക്കെ ശ്രദ്ധിക്കാൻ എവിടെയാ സമയം….

” ഞാനൊരു ചായ ചോദിച്ചിരുന്നു മോളോട്…. കിട്ടിയില്ല…. ” അയാൾ പറഞ്ഞു.
“അവൾ മറന്നിരിക്കും… ഇപ്പോ വേണോ….?”
“വേണ്ട…. … അവളുടെ തോളിലേക്ക് അയാൾ ചാരിയിരുന്നു…..

 "ഞാൻ മരിച്ചുപോയാൽ നീ എന്ത് ചെയ്യും?" അയാളുടെ ഓർക്കാപ്പുറത്തുള്ള  ചോദ്യം അവളെ അന്ധാളിപ്പിക്കുകതന്നെ ചെയ്തു.

നിന്നെ സങ്കടപ്പെടുത്താൻ പറഞ്ഞതല്ല .നാം അതെല്ലാം മനസ്സിൽ കണ്ടുവെക്കണം. ഇപ്പോഴത്തെ കുട്ടികളുടെ കാര്യം അല്ലേ…
നാം ഒന്നും നമുക്ക് തിരിച്ചു കിട്ടും എന്ന് കരുതി ചെയ്യരുതെന്നാ….
ഇനി തുടങ്ങി… ആവശ്യമില്ലാത്ത ഓരോ കാര്യങ്ങൾ പറയാ. അവളുടെ ശബ്ദം ഇടറിയിരുന്നു….
അയാൾ അവളെ തന്നോട് ചേർത്തു പുറത്ത് മെല്ല തട്ടാൻ തുടങ്ങി…
പ്രവാസി സംഘടനയിൽ ഞാനുണ്ട് മരണപ്പെട്ടാൽ എന്തെങ്കിലും കിട്ടാതിരിക്കില്ല . പിന്നെ പ്രവാസി പെൻഷൻ….. വൈകിയാണെങ്കിലും എല്ലാ അടവും ഒന്നിച്ച് അടച്ചിട്ടുണ്ട്. അതൊക്കെ എന്താകുമോ ആവോ……..
ഇല്ല കിട്ടാതിരിക്കില്ല….
അത് ആശ്രിതർക്ക് കിട്ടുമോ ആവോ നാളെ ആരോടെങ്കിലും ചോദിക്കാം…

 അപ്പോൾ ഞാൻ മരിച്ചാലോ....

അവളുടെ തിരിച്ചുള്ള ചോദ്യം…
പെണ്ണിനെ പോലെയല്ല “ആണ്”
അവർക്ക് ആയുസ്സ് കുറവായിരിക്കും .നീ നമ്മുടെ കുടുംബത്തിൽ തന്നെ നോക്ക്. ഭർത്താവ് ആദ്യം മരിച്ചു ഭാര്യ ജീവിച്ചിരിക്കുന്നതല്ലേ
കാണാൻ പറ്റുന്നത്….
അവൾ തിരിഞ്ഞു കിടന്നു….. പാവം ആലോചിക്കുകയാകും. പ്രായമായ സമയത്ത് ഇണ നഷ്ടപ്പെടുന്ന അവസ്ഥ അതൊരു വസ്തുത തന്നെ… കനത്ത ശൂന്യതയും നിശബ്ദതയും പെട്ടെന്നൊരു ദിവസം ആരുമില്ലാതെ ആയി എന്ന് തോന്നുന്ന അവസ്ഥ. ചാരാൻ ഒരു തോൾ ഇല്ലാതാകുന്ന അവസ്ഥ…
മക്കൾക്കോ കൂട്ടുകാർക്കോ നികത്താൻ ആവാതെ പെട്ടെന്ന് ആരുമില്ലാതെയായി എന്ന് തോന്നലിൽ എല്ലാത്തിൽ നിന്നും ഉൾവലിയുന്ന അവസ്ഥ….
ഇന്നലെവരെ ബഹുമാനത്തോടുകൂടി കണ്ടിരുന്നവർ പോലും ആരോരുമില്ലാത്തവൾ എന്ന കണ്ണുകളോടെ നോക്കാൻ തുടങ്ങും.

   ഇരുട്ടിലേക്ക് നോക്കി കിടന്നപ്പോൾ അവൾക്ക് എന്തോ പേടി തോന്നി. അറിയാതെ അയാളുടെ കൈകളിൽ മുറുക്കി പിടിച്ചു . രാത്രിയുടെ നിശബ്ദതയിൽ നായകളുടെ ശബ്ദം മലക്കുൽ  മൗത്തിനെ  കണ്ടിട്ടാണെന്ന് പേടി ഉണ്ടാക്കി.....
  പേടിക്കണ്ട.... കഴിഞ്ഞ വരവിൽ ഒരു ചെറിയ വീടും സ്ഥലവും നിൻറെ പേരിൽ ഞാൻ വാങ്ങിയിട്ടുണ്ട്. മക്കൾക്ക് ആർക്കും അറിയില്ല. അവിടെ ചെറിയ കൃഷിയൊക്കെ ചെയ്തു നിനക്ക് ജീവിക്കാം. മക്കളുടെ കനിവിനായി കാത്തിരിക്കേണ്ട അവസ്ഥയൊന്നും നിനക്കുണ്ടാവില്ല .അയാൾ കാതിൽ പറഞ്ഞുകൊണ്ട് മെല്ലെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു..

ഞാൻ ആദ്യം മരിച്ചാലോ… അയാളിൽ നിന്നും ഉത്തരം കിട്ടാനായി അവൾ ആ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.
എനിക്കുവേണ്ടി ഇത്രയൊക്കെ ചെയ്തുവെച്ച നിങ്ങൾ സ്വന്തത്തിനായി എന്താ ചെയ്തത് .
അയാളുടെ തല താഴ്ന്നു
എന്തെങ്കിലും ചെയ്യണം. മരണം ആരെ തേടി വരുക എന്നൊന്നും പറയാൻ പറ്റില്ല.

ജീവിതത്തിൻറെ ഭൂതകാലത്തിലേക്ക് പിന്തിരിഞ്ഞു നോക്കുമ്പോൾ നഷ്ടങ്ങളുടെ ഒരു വലിയ കണക്ക് പുസ്തകമാണ് ബാക്കിയാകുന്നത് . വീടുണ്ടാക്കാനും മക്കൾക്ക് വിദ്യാഭ്യാസം കൊടുത്തു നല്ല ജോലി വാങ്ങി കൊടുക്കാനും കുടുംബത്തിലുള്ളവർക്ക് ഒക്കെ സഹായമായി നിൽക്കാനും സാധിച്ചു എന്നല്ലാതെ തനിക്കൊരു ജീവിതം ഉണ്ടായിട്ടുണ്ടോ

രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വേണ്ടി പാടുപെടുന്ന പ്രവാസിക്ക് എവിടെയാണ്
നീക്കിയിരിപ്പ് .എന്നാലും കുറച്ചു മുമ്പേ ചിന്തിക്കേണ്ടതായിരുന്നു ഇനിയിപ്പോ. ……
അന്ന് ഒരു ചെറിയ സംഖ്യ മാസമാസം മാറ്റിവച്ചിരുന്നെങ്കിൽ
……
സൈന നീ ഉറങ്ങിയോ പാവം………

NB: പ്രവാസകാലത്ത് മാസമാസം തനിക്കായി നാളെക്കായി ഒരു ചെറിയ സംഖ്യ മാറ്റിവെക്കുക “