വിമർശകരുടെ വായടപ്പിച്ച് റൊണാൾഡോ; ‘ദി കിംഗ് ഈസ് ബാക്ക്’ പ്രഖ്യാപനവുമായി പോർച്ചുഗീസ് പടയോട്ടം

പന്തോളം – ഭാഗം 9

കാൽപ്പന്തിന്റെ ചരിത്രം എങ്ങനെയായിരിക്കും
എഴുതപ്പെടുക? അതിൽ ഓരോ താളുകളും എങ്ങനെയാവും വരച്ചിടുക? കാൽപ്പന്തിന്റെ ആ ആകാശപുസ്തകത്തിൽ ഏറ്റവും തിളക്കമുള്ള താരകം ആരാവും?

ഇന്നലെയും അതിന് തലേന്നും വിശ്വവേദിയിൽ സംഭവിച്ചതിനൊക്കെയും സാക്ഷിയായവർക്ക് അതിനുത്തരമുണ്ടാകും. പക്ഷേ, അവരുടെ ഉത്തരങ്ങൾക്കൊക്കെ വെവ്വേറെ നിറങ്ങൾ ആയിരിക്കുമെന്ന് മാത്രം!

ഓസ്ട്രിയയോടുള്ള മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ കിട്ടുന്ന പെനാൽറ്റി കിക്കെടുക്കുന്നത് മെസ്സിയാണ്. കിക്കെടുക്കുന്ന മെസ്സിക്ക് പക്ഷേ പിഴയ്ക്കുന്നു. പന്ത് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തേക്ക് പോകുന്നു. പിന്നെയും കണ്ടു പാസുകൾ പിഴയ്ക്കുന്ന, ബോൾ കണക്റ്റ് ചെയ്യാൻ പ്രയാസപ്പെടുന്ന, കിതയ്ക്കുന്നൊരു മെസ്സിയെ. എന്ത് പറയണം? ഒരുപക്ഷേ ഇന്ന് അയാളുടെ ദിനമല്ലെന്ന് ആശ്വസിക്കാമെന്ന് കരുതി ഒരു നെടുവീർപ്പിൽ എല്ലാം ഒതുക്കുമ്പോഴാണ് ആ ഗോൾ പിറക്കുന്നത്. ആ ക്ലാസിക് ഇടങ്കാലൻ ഗോൾ! സാന്റിയാഗോ ബെർണബ്യൂവിൽ അയാൾ അവതരിച്ച ആ എൽ ക്ലാസിക്കോയും, ആ ഐക്കോണിക് സെലിബ്രേഷനും ഫ്ലാഷ്ബാക്കടിച്ച നേരം. അതുകൊണ്ടും തീരുന്നില്ലല്ലോ, കളിതീരാൻ സെക്കൻഡുകൾ ശേഷിക്കേ വീണ്ടുമൊരു മെസ്സി ഗോൾ. ഇത്തവണ കണ്ടത് സാക്ഷാൽ മിശിഹായെയാണ്! 2006-ൽ ആദ്യമായി വിശ്വവേദിയിൽ പന്ത് തട്ടിയ ആ പത്തൊൻപതുകാരനെ. ആ ഗോൾ എങ്ങനെ പറഞ്ഞുതീർക്കും? കണ്ടാൽ തന്നെ മതിവരില്ലല്ലോ, പിന്നെയാണോ വാക്കുകൊണ്ട്!

മത്സരത്തിൽ കടപുഴകിയത് മിറോസ്ലാവ് ക്ലോസെയുടെ ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ എന്ന റെക്കോർഡ് കൂടിയായിരുന്നു. ഇനിയതും അയാൾക്ക് സ്വന്തം. അയാളുടെ ഇരട്ട ഗോളിൽ അർജന്റീന ഇന്നലെ ഓസ്ട്രിയയെയും കടന്ന് നോക്കൗട്ട് (റൗണ്ട് ഓഫ് 32) ഉറപ്പിച്ചു.

ഗ്രൂപ്പ് ജെയിൽ അൾജീരിയ 2-1 ന് ജോർദാനെയും തോൽപ്പിച്ചപ്പോൾ, ഗ്രൂപ്പ് ഐയിൽ എംബാപ്പെ ഇരട്ട ഗോൾ കണ്ട മത്സരത്തിൽ ഫ്രാൻസ് ഇറാഖിനെയും, ഹാലണ്ട് ഇരട്ട ഗോൾ കണ്ടെത്തിയ മത്സരത്തിൽ നോർവേ സെനഗലിനെയും പരാജയപ്പെടുത്തുന്നുണ്ട്.

വിശ്വവേദിയിൽ പിന്നെ സംഭവിച്ചത് റൊണാൾഡോ തിരിച്ചുവന്ന മത്സരമായിരുന്നു. വിമർശകരുടെ വായടപ്പിച്ച മത്സരം! ഉസ്ബക്കിസ്ഥാനും പോർച്ചുഗലും തമ്മിലായിരുന്നു പോരാട്ടം. മത്സരത്തിൽ രണ്ട് ഗോളുകൾ നേടി ആ 41-കാരൻ പോർച്ചുഗലിന്റെ വിശ്വവേദിയിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനാകുന്നു. ഗോൾ നേടിയ ശേഷം അയാൾ ഗാലറിയിലേക്ക് നോക്കി പറയുന്നുണ്ട്, “ഐ ആം ബാക്ക്” എന്ന്. അതെ, ദി കിംഗ് ഈസ് ബാക്ക്! അതിനുശേഷം അയാളുടെ വിഖ്യാതമായ “സൂ” (SIUUU) സെലിബ്രേഷനും മൈതാനത്ത് വിരിഞ്ഞു. റോണോയ്ക്ക് ഹാട്രിക് അവസരങ്ങൾ നിരവധി തവണ കൺമുന്നിൽ മിസ്സായെങ്കിലും 5-0 നാണ് പോർച്ചുഗൽ ഉസ്ബക്കിസ്ഥാനെ തകർത്തത്. നuno മെന്റസും, ജാവോ ഫെലിക്സും, ബ്രൂണോ ഫെർണാണ്ടസും, റാഫേൽ ലിയാവോയുമൊക്കെ അടയാളം വെച്ച മത്സരം പക്ഷേ അയാൾക്ക് മാത്രമുള്ളതായിരുന്നു. ഫുട്ബോളിന്റെ രാജാവ് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കുള്ളത്!

ഗ്രൂപ്പ് കെയിൽ കൊളംബിയയും കോംഗോയും 1-1 ന്റെ സമനിലയിൽ പിരിഞ്ഞപ്പോൾ ഗ്രൂപ്പ് എല്ലിൽ ഇംഗ്ലണ്ടിനെ ഘാന ഗോൾരഹിത സമനിലയിൽ കുരുക്കി. ക്രൊയേഷ്യ 1-0 എന്ന സ്കോറിന് പനാമയെ മറികടക്കുകയും ചെയ്തു.