മുൻ ലോകചാമ്പ്യന്മാരെ തളച്ച് കേപ് വെർദെ; ബെൽജിയത്തിന് മുന്നിൽ കോട്ടകെട്ടി ഇറാൻ ഗോൾകീപ്പർ

പന്തോളം – ഭാഗം 8

ഏഴത്ഭുതങ്ങൾ ഉള്ള ലോകത്ത് കാൽപ്പന്ത് എട്ടാമത്തെ വിസ്മയമാണ്. തൊട്ടടുത്ത നിമിഷത്തിൽ എന്തും സംഭവിക്കാവുന്ന, നിമിഷാർദ്ധത്തിൽ ഹീറോ വില്ലനും വില്ലൻ ഹീറോയുമാകുന്ന പ്രവചനാതീതമായ മഹാവിസ്മയം. ആ വിസ്മയത്തിന്റെ പള്ളിപ്പെരുന്നാളാണ് ഓരോ വിശ്വവേദിയും!

വിശ്വവേദിയിൽ ഗ്രൂപ്പ്തല മത്സരങ്ങൾ പുരോഗമിക്കുമ്പോൾ, ഇന്നലെ ഗ്രൂപ്പ് എച്ചിൽ രണ്ട് മത്സരങ്ങളായിരുന്നു ഉണ്ടായിരുന്നത്. അതിൽ ആദ്യ മത്സരം കണ്ടത് സ്പാനിഷ് അർമാഡയുടെ തേരോട്ടമായിരുന്നു. 2010-ൽ ഇനിയെസ്റ്റയും സാവിയും സ്പാനിഷ് മിഡ്ഫീൽഡ് ഭരിച്ച കാലം, അന്നവർ കലാശപ്പോരിൽ ഇനിയെസ്റ്റയുടെ ഗോളിൽ നെതർലാൻഡ്സിനെ തോൽപ്പിച്ച് വിശ്വകിരീടത്തിൽ മുത്തമിട്ടു. ആ സ്പാനിഷ് ടീം സ്ക്വാഡിലൂടെ വെറുതേ ഒന്ന് കണ്ണോടിച്ചാൽ മതി, കാര്യം മനസ്സിലാകും. ആ ടീം മുഴുക്കെ ലെജൻഡ്സ് ആയിരുന്നു. അടിമുടിയൊരു ഡ്രീം ടീം! ആ സ്പാനിഷ് സുവർണ്ണകാലത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഇന്നലത്തെ അവരുടെ പ്രകടനം. ആദ്യ മത്സരത്തിൽ കേപ് വെർദെയോട് ഗോൾരഹിത സമനില വഴങ്ങിയ സ്പെയിനിനെയേ അല്ല നമ്മളിന്നലെ കണ്ടത്. ലാമിൻ യമാൽ തന്റെ വിശ്വവേദിയിലെ ആദ്യ ഗോൾ നേടിയ മത്സരത്തിൽ രണ്ട് ഗോളും ഒരു അസിസ്റ്റുമായി മൈക്കൽ ഒയാർസബാൽ പ്ലെയർ ഓഫ് ദി മാച്ചായി.

രാഷ്ട്രീയപരമായും ഇന്നലത്തെ മത്സരത്തിന് പ്രസക്തിയുണ്ട്. ഇസ്രായേൽ ഈ ലോകകപ്പിലേക്ക് യോഗ്യത നേടിയാൽ തങ്ങൾ ഈ ലോകകപ്പേ കളിക്കില്ലെന്ന് പ്രഖ്യാപിച്ച ടീമായിരുന്നു സ്പെയിൻ. തന്റെ ലോകകപ്പ് ചരിത്രമാരംഭിക്കുന്ന ആദ്യഗോൾ നേടിയ ശേഷമുള്ള യമാലിന്റെ സുജൂദിൽ അതെല്ലാം ഉണ്ടായിരുന്നു. മത്സരം 4-0 എന്ന മാർജിനിൽ സ്വന്തമാക്കി സ്പെയിൻ ഗ്രൂപ്പ് ടേബിളിൽ ഒന്നാമതെത്തുമ്പോൾ സൗഡി അറേബ്യ ഇതോടെ ഗ്രൂപ്പിൽ അവസാന സ്ഥാനക്കാരായി.

ഉറുഗ്വായും കേപ് വെർദെയും തമ്മിലായിരുന്നു മറ്റൊരു മത്സരം. ഒരു ഫ്രീകിക്ക് അവസരം ഗോളാക്കി കേപ് വെർദെ ആദ്യം ലീഡെടുത്ത മത്സരത്തിൽ ഉറുഗ്വേ പിന്നെ രണ്ട് ഗോളുകൾ സ്കോർ ചെയ്യുന്നുണ്ട്. എന്നാൽ മിനിറ്റുകൾക്കിപ്പുറം കേപ് വെർദെ സമനില ഗോളും നേടി. പിന്നെ ഇരു ഗോൾമുഖത്തും ഗോളെന്നുറച്ച ശ്രമങ്ങൾ നിരവധി തവണയാണ് നടന്നത്. ഗോൾകീപ്പർമാർക്കപ്പുറത്ത് ഭാഗ്യം തുണച്ചത് കൊണ്ട് മാത്രമാണ് അവയിൽ ഭൂരിഭാഗവും ഗോളാകാതിരുന്നത്. മത്സരം 2-2 എന്ന സ്കോറിൽ പൂർത്തിയാകുമ്പോൾ ഹൃദയം തൊട്ട് ചിരിച്ചത് കേപ് വെർദെയാണ്. കാരണം ആദ്യമായി വിശ്വവേദിയിലെത്തുന്ന ഒരു ഇത്തിരിക്കുഞ്ഞൻ ദ്വീപ് രാജ്യം, അവർ അകപ്പെടുന്നത് ഈ ലോകകപ്പിന്റെ ഹോട്ട് ഫേവറിറ്റുകളായ സ്പെയിനും താരസമ്പന്നമായ ഉറുഗ്വായും ലോകകപ്പിലെ ജയന്റ് കില്ലേഴ്സ് എന്ന വിളിപ്പേരുള്ള സൗദിയും ഉൾപ്പെട്ട ഗ്രൂപ്പിലാണ്. എന്നാൽ ഗ്രൂപ്പിൽ ഓരോ ടീമിനും രണ്ട് വീതം മത്സരങ്ങൾ പൂർത്തിയാകുമ്പോൾ അവർ തോൽവിയറിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. മാത്രമല്ല രണ്ട് മുൻ ലോക ചാമ്പ്യന്മാരെയാണവർ സമനിലയിൽ കുരുക്കിയത്. ആദ്യ മത്സരത്തിൽ ഗോൾകീപ്പർ വോസീഞ്ഞയായിരുന്നു താരമെങ്കിൽ ഇത്തവണ ഡിഫൻസ് നിരയ്ക്കാണ് മാർക്ക്. ഇതോടെ ഗ്രൂപ്പിൽ അടുത്ത മത്സരം ടീമുകൾക്കെല്ലാം നിർണ്ണായകമായി.

ഗ്രൂപ്പ് ജിയിലാണ് പിന്നെ ഇന്നലെ മത്സരങ്ങൾ ഉണ്ടായിരുന്നത്. ഗ്രൂപ്പിലെ ആദ്യ മത്സരം ബെൽജിയവും ഇറാനും തമ്മിലായിരുന്നു. മത്സരത്തിൽ പൊളിയാക്കോട്ടയായി നിന്ന അലിറേസ ബെയ്‌റാൻവിന്ദ് എന്ന ഇറാനിയൻ ഗോൾകീപ്പർ തന്നെയായിരുന്നു താരം. 2018 ലോകകപ്പിൽ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനാൽറ്റി കിക്ക് സേവ് ചെയ്ത അതേ അലിറേസ ബെയ്‌റാൻവിന്ദ്. അറുപത്തിയാറാം മിനിറ്റിൽ ബെൽജിയൻ ഡിഫൻഡർ നഥാൻ ങ്കോയ് റെഡ് കാർഡ് കണ്ട മത്സരം ഗോൾരഹിത സമനിലയിലാണ് കലാശിച്ചത്. ഇതോടെ ഗ്രൂപ്പിൽ ഇറാൻ തങ്ങളുടെ അപരാജിത കുതിപ്പ് തുടരുകയാണ്. മൈതാനത്തിനകത്തും പുറത്തും ഇറാനിയൻ കരുത്ത് ലോകം കാണുകയാണ്!

ഗ്രൂപ്പിലെ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തിൽ ഈജിപ്ത് 3-1 എന്ന സ്കോറിനാണ് ന്യൂസിലാൻഡിനെ കടപുഴക്കിയത്. മത്സരത്തിൽ ആദ്യം ഗോൾ കണ്ടെത്തുന്നത് ന്യൂസിലാൻഡായിരുന്നു. പിന്നീട് മുഹമ്മദ് സലാഹിലൂടെ ഉൾപ്പെടെ മൂന്ന് തവണ ഈജിപ്ത് ന്യൂസിലാൻഡ് വലകുലുക്കി. ഒരു ഗോളും ഒരു അസിസ്റ്റുമായി കളിയിലെ താരമായതും സലാഹ് തന്നെയായിരുന്നു. ഇതോടെ ഗ്രൂപ്പിൽ ഇതുവരെയുള്ള മത്സരങ്ങളിൽ ആദ്യം ജയം കണ്ടെത്തുന്ന ടീമാകാനും അവർക്ക് കഴിഞ്ഞു. നിലവിൽ ഗ്രൂപ്പിൽ ഏക ജയം സ്വന്തമാക്കിയ ഈജിപ്ത് തന്നെയാണ് പോയിന്റ് ടേബിളിൽ ഒന്നാമതുള്ളത്. ഒരേ പോയിന്റാണെങ്കിലും ഗോൾ ഡിഫറൻസിൽ ഇറാനാണ് ബെൽജിയത്തിനും മുന്നിൽ, ഗ്രൂപ്പിൽ രണ്ടാമത്. ന്യൂസിലാൻഡാണ് ഗ്രൂപ്പിൽ ഏറ്റവും അവസാനം. ഗ്രൂപ്പിൽ അവശേഷിക്കുന്ന നിർണായകമായ തങ്ങളുടെ അവസാന മാച്ചാവും വിശ്വവേദിയിൽ ടീമുകളുടെ ഭാവി നിശ്ചയിക്കുക.

ഇന്ന് രാത്രി മെസ്സിയും സംഘവും ഗ്രൂപ്പ് ജെയിൽ അലാബയുടെ ഓസ്ട്രിയയോട് ഏറ്റുമുട്ടുമ്പോൾ അൾജീരിയയും ജോർദാനും തമ്മിൽ ഒരു മത്സരം ഉണ്ട്. ഗ്രൂപ്പ് ഐയിൽ ഫ്രാൻസും ഇറാഖും കൊമ്പ് കോർക്കുമ്പോൾ നോർവേയും സെനഗലും തമ്മിൽ പോരാടും. അതുകൊണ്ട് തന്നെ നാളേക്ക് പറയാൻ നമുക്ക് പന്തോളം വിശേഷങ്ങളും ഉണ്ടാകും!