ദാവീദും ഗോലിയാത്തും; ഇക്വഡോറിനെ തളച്ച് കുറകാവോയുടെ പോരാട്ടവീര്യം

പന്തോളം – ഭാഗം 7

ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പുരോഗമിക്കുമ്പോൾ ഇന്നലെയും ഇന്നുമായി ഗ്രൂപ്പ് ഇയിലും ഗ്രൂപ്പ് എഫിലും നടന്ന മത്സരങ്ങളിൽ, ഗ്രൂപ്പ് എഫിൽ ഗോൾവർഷവും ഗ്രൂപ്പ് ഇയിൽ ഗോൾ വരൾച്ചയുമായിരുന്നു മത്സരാന്ത്യം നമ്മൾ കണ്ടത്.

ഗ്രൂപ്പ് എഫിൽ നെതർലാൻഡ്സ് 5-1 എന്ന സ്കോറിന് സ്വീഡനെ തകർത്തു. ജപ്പാൻ 4-0 എന്ന സ്കോറിന് ടുണീഷ്യയെയും തകർത്തുവിട്ടു. ഗ്രൂപ്പ് ഇയിൽ ജർമ്മനി 2-1 ന് ഐവറിക്കോസ്റ്റിനെ തോൽപ്പിച്ചപ്പോൾ ഇക്വഡോറിനെ കുറകാവോ ഗോൾരഹിത സമനിലയിൽ തളയ്ക്കുകയും ചെയ്തു.

വിശ്വവേദിയിൽ പതിയെ താളം വീണ്ടെടുക്കുന്ന നെതർലാൻഡ്സിന്റെ കുതിപ്പ് ഏതുവരെ എന്നത് കണ്ടറിയുക തന്നെ വേണം. ഏതൊരു കാൽപ്പന്താരാധകനെയും അതിശയിപ്പിക്കുന്ന ജാപ്പനീസ് കുതിപ്പിനവസാനം കരുതിവെച്ചത് എന്തെന്നും നമുക്ക് കാണണം. 1998 വരെ ലോകകപ്പിന് യോഗ്യത പോലും നേടാത്തൊരു ടീമിന്റെ കഴിഞ്ഞ 30 വർഷത്തെ ഫുട്ബോൾ മുന്നേറ്റത്തിന്റെ കഥകൂടിയാണ് ജപ്പാന്റെ കുതിപ്പ്. ഇതുവരെ ഒരു ലോകകപ്പിന്റെയും ക്വാർട്ടർ ഫൈനൽ കാണാത്ത ജപ്പാൻ ഇത്തവണ ചരിത്രം സൃഷ്ടിക്കുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.

ജർമ്മനിയും ഐവറിക്കോസ്റ്റും ഇതാദ്യമായാണ് ഒരു വിശ്വവേദിയിൽ മുഖാമുഖം വരുന്നത്. തോറ്റെങ്കിലും ജർമ്മനിക്കെതിരെ സ്കോർ ചെയ്യുന്ന ആദ്യത്തെ ആഫ്രിക്കൻ ടീം എന്ന റെക്കോർഡ് ഇന്നലെ ഐവറിക്കോസ്റ്റ് സ്വന്തമാക്കുന്നുണ്ട്. കേവലം രണ്ട് ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള കുറകാവോ നേടുന്നതെല്ലാം വിശ്വവേദിയിൽ ചരിത്രമാണ്. അക്ഷരാർത്ഥത്തിൽ ലോക ഫുട്ബോൾ ഭൂപടത്തിൽ ഒരു പൊട്ടുപോലെയുള്ള കുറകാവോയും, നിരവധി തവണ റൗണ്ട് ഓഫ് 16-ൽ എത്തിയ ഇക്വഡോറും തമ്മിലെ മത്സരം ദാവീദും ഗോലിയാത്തും തമ്മിലെ പോരാട്ടം പോലെതന്നെയായിരുന്നു. ആദ്യ മത്സരത്തിൽ ജർമ്മനിയോട് പരാജയപ്പെട്ട കുറകാവോ ഇന്നലെ നേടിയ ഈ സമനില കളിമൈതാനത്തിനപ്പുറം എല്ലാ പ്രവചനങ്ങൾക്കും അൽപായുസ്സാണ് എന്ന് വീണ്ടും അടിവരയിടുന്നതാണ്. കാരണം ഇത് ഫുട്ബോൾ ആണ്. ഫുട്ബോൾ അങ്ങനെയാണ്!

ഇന്നും നാളെയുമായി ഇനി മത്സരങ്ങൾ ഗ്രൂപ്പ് എച്ചിലും ഗ്രൂപ്പ് ജിയിലുമാണ്. ഗ്രൂപ്പ് എച്ചിൽ സ്പെയിനും സൗദി അറേബ്യയും ഏറ്റുമുട്ടുമ്പോൾ ഉറുഗ്വായ്ക്ക് എതിരാളികൾ കേപ് വെർദെയുമാണ്. ഗ്രൂപ്പ് ജിയിൽ ബെൽജിയവും ഇറാനും നേർക്കുനേർ വരുമ്പോൾ ന്യൂസിലാൻഡ് – ഈജിപ്ത് മത്സരവുമുണ്ട്.
ലോകകപ്പ് വേദികളിൽ വ്യത്യസ്ത ട്രാക്ക് റെക്കോർഡുള്ള സൗദി അറേബ്യ ഇന്ന് കറുത്ത കുതിരകളാകുമോ എന്നും, വോസീഞ്ഞയെ കടന്ന് കേപ് വെർദെയെ കീഴടക്കാൻ ഉറുഗ്വായ്ക്ക് ആകുമോ എന്നും, ബെൽജിയത്തെ തളയ്ക്കാൻ ഇറാൻ സംഘത്തിന് എന്ത് തന്ത്രമുണ്ടെന്നും, മുഹമ്മദ് സലായുടെ ഒരു ക്ലാസിക് ഗോൾ ന്യൂസിലാൻഡ് – ഈജിപ്ത് മത്സരത്തിൽ പിറക്കുമോ എന്നും നമുക്ക് കാത്തിരുന്ന് കാണാം. അട്ടിമറികളും അപ്രതീക്ഷിത വിജയങ്ങളും കണ്ട് പന്തോളം മനം നിറയ്ക്കാം.