വരവറിയിച്ച് കാനറികൾ

പന്തോളം – ഭാഗം 6

കാനറികൾ വിശ്വവേദിയിൽ വരവറിയിച്ച ദിനമായിരുന്നു ഇന്ന്. അത്രമേൽ സുന്ദരം എന്ന് പറയാനില്ലെങ്കിലും, താരതമ്യേന ദുർബലരായ ഹെയ്തിക്കെതിരെ മാറ്റിയൂസ് കുൻഹ രണ്ട് തവണയും, വിനീഷ്യസ് ജൂനിയർ ഒരു തവണയും ലക്ഷ്യം കണ്ട മത്സരത്തിൽ അലിസൺ ബെക്കറിനെ മറികടക്കാൻ ഹെയ്തിക്കായില്ല. മത്സരം 3-0 എന്ന മാർജിനിൽ ബ്രസീൽ വിജയിച്ചു. ഇതോടെ ബ്രസീൽ ഗ്രൂപ്പ് സിയിൽ 4 പോയിന്റോടെ, ഗോൾ മാർജിന്റെ ബലത്തിൽ ഒന്നാമതെത്തി.

ഗ്രൂപ്പ് സിയിൽ മറ്റൊരു മത്സരത്തിൽ മൊറോക്കോ 1-0 എന്ന സ്കോറിന് സ്കോട്ട്ലാൻഡിനെ മറികടന്നു. ഇസ്മായിൽ സൈബാരിയായിരുന്നു മൊറോക്കോയുടെ വിജയശില്പി. നേരത്തെ ബ്രസീലുമായുള്ള 1-1 സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ മൊറോക്കോയുടെ ഗോൾ നേടിയതും സൈബാരിയായിരുന്നു.

ഗ്രൂപ്പിൽ ഓരോ ടീമിനും ഇനി അവശേഷിക്കുന്നത് ഒരു മത്സരം കൂടിയാണ്. അതിൽ, വരും ദിവസങ്ങളിൽ ബ്രസീൽ സ്കോട്ട്ലാൻഡിനെയും മൊറോക്കോ ഹെയ്തിയെയും നേരിടും. നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ, കളിച്ച രണ്ട് മത്സരവും പരാജയപ്പെട്ട ഹെയ്തി ഏറെക്കുറെ ഗ്രൂപ്പ് കടക്കില്ലെന്ന് ഉറപ്പാണ്. അല്ലെങ്കിൽ ഇനി മൈതാനത്ത് അത്ഭുതങ്ങൾ സംഭവിക്കണം! അതുകൊണ്ട് തന്നെ ഗ്രൂപ്പിൽ ഇനിയുള്ള മത്സരങ്ങൾ എല്ലാവർക്കും നിർണായകമാണ്. മാത്രമല്ല മറ്റു മത്സരങ്ങളുടെ റിസൾട്ടും ഓരോ ടീമിനും പ്രധാനപ്പെട്ടതാണ്.

പോയദിനം ഉദ്യോഗഭരിതമായ മത്സരങ്ങൾ നടന്നത് ഗ്രൂപ്പ് ഡിയിലായിരുന്നു. അതിലൊരു മത്സരത്തിൽ ആതിഥേയരായ യുഎസ്എ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ഓസ്ട്രേലിയയെ തകർത്തു. 90 മിനിറ്റും അമേരിക്കൻ ആധിപത്യം കണ്ട മത്സരത്തിൽ, അലക്സ് ഫ്രീമാൻ അമേരിക്കയ്ക്കായി വലകുലുക്കി. പിന്നെ ഓസ്ട്രേലിയൻ ഡിഫൻഡർ കാമറൂൺ ബർഗസിന്റെ വക ഒരു ഓൺ ഗോളും. ഇതോടെ വിശ്വവേദിയിൽ മികച്ച ഫോമിൽ രണ്ടിൽ രണ്ട് കളികളും ജയിച്ച അമേരിക്ക ഗ്രൂപ്പ് കടക്കുമെന്ന് ഉറപ്പായി.

മറ്റൊരു മത്സരത്തിൽ പരാഗ്വേ എതിരില്ലാത്ത ഒരു ഗോളിന് തുർക്കിയെ പരാജയപ്പെടുത്തി. മത്തിയാസ് ഗലാർസയുടെ വകയായിരുന്നു പരാഗ്വേയുടെ വിജയഗോൾ. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ നേടിയ ഈ ഗോളിന് ശേഷം, തിരിച്ചടിക്കാൻ നിരവധി അവസരങ്ങളായിരുന്നു തുർക്കിക്ക് ലഭിച്ചത്. പക്ഷേ അതെല്ലാം മുനയൊടിഞ്ഞു പോകുന്നത് നമ്മൾ കണ്ടു. തുർക്കിയുടെ എണ്ണം പറഞ്ഞ അവസരങ്ങൾക്കെല്ലാം മുന്നിൽ വന്മതിലായി പരാഗ്വൻ ഗോൾകീപ്പർ ഓർലാൻഡോ ഗിൽ ഉണ്ടായിരുന്നു. അപ്പോഴും പരാഗ്വൻ ഗാഥയുടെ യഥാർത്ഥ ക്രെഡിറ്റ് അക്ഷരാർത്ഥത്തിൽ മരിച്ചുകളിച്ചു എന്ന് തന്നെ പറയാവുന്ന തരത്തിൽ കളി നെയ്ത പരാഗ്വൻ സ്ട്രൈക്കർ ഹൂലിയോ എൻകിസോയ്ക്കാണ്.

മത്സരത്തിന്റെ ആദ്യപകുതിയിൽ മുഖംമറച്ച് സംസാരിച്ചതിന് ഫിഫയുടെ പുതിയ നിയമപ്രകാരം റെഡ് കാർഡ് കണ്ട് പരാഗ്വൻ പത്താം നമ്പർ മിഗ്വൽ അൽമിറോൺ പുറത്തുപോകുന്നുണ്ട്. അടുത്ത പകുതി കണ്ടത്, പത്തുപേരായി ചുരുങ്ങിയിട്ടും പ്രതിരോധത്തിന്റെ കോട്ടകെട്ടി ലീഡ് കൈവിടാതിരുന്ന പരാഗ്വേ സംഘത്തെയാണ്. ഒടുവിൽ നിശ്ചയിച്ച 90 മിനിറ്റും, 8 മിനിറ്റ് അധിക സമയവും കടന്ന് വിജയം പിടിച്ചെടുത്ത പരാഗ്വേയാണ് ഈ ദിവസത്തെ എന്റെ ഹീറോ!

ഒരു കാര്യം ഉറപ്പാണ് തുർക്കിക്കേറ്റ ഈ പരാഗ്വൻ ഷോക്കിന് അവർ വലിയ വില നൽകേണ്ടി വരും. തീർച്ച. ഈ വിശ്വവേദിയിലുടനീളം മോശം ഫോം തുടരുന്ന തുർക്കി, നിലവിൽ ഗ്രൂപ്പിൽ കളിച്ച രണ്ട് മത്സരങ്ങളും തോറ്റ്, പോയിന്റ് ഒന്നുമില്ലാതെ അവസാന സ്ഥാനക്കാരാണ്.

ഗ്രൂപ്പ് ഡിയിലും കാര്യങ്ങൾ മറിച്ചല്ല. യുഎസ്എ നോക്കൗട്ട് ഉറപ്പിച്ച ഗ്രൂപ്പിൽ മറ്റു ടീമുകൾക്കിനി ഫോട്ടോ ഫിനിഷാണ്.

ഇനിയുള്ള മത്സരങ്ങൾ സൂപ്പർ ത്രില്ലിലേക്ക് നമ്മെ കൊണ്ടുപോകുമ്പോൾ ഇന്ന് ഗ്രൂപ്പ് എഫിൽ നെതർലാൻഡ്സും, സ്വീഡനും നേർക്കുനേർ ഇറങ്ങുമ്പോൾ ഏഷ്യൻ കരുത്തരായ ജപ്പാൻ, ടുണീഷ്യയെയും നേരിടുന്നുണ്ട്. മറ്റു രണ്ട് മത്സരങ്ങൾ ഗ്രൂപ്പ് ഇയിലാണ്. ജർമ്മനിയും ഐവറിക്കോസ്റ്റും ഏറ്റുമുട്ടുമ്പോൾ ഇക്വഡോറും കുറകാവോയും തമ്മിലാണ് മത്സരം.

പന്തോളം പ്രതീക്ഷയുമായി താരങ്ങൾ കളി മൈതാനത്തെത്തുമ്പോൾ ആവേശക്കൊടുമുടിയിലേക്കടുക്കുന്ന രാവുകൾക്കായി നമുക്കും കണ്ണുകൂർപ്പിക്കാം.