ഖത്തറിനെ തകർത്ത് കാനഡ; സ്വിസ് പടയ്ക്ക് മുന്നിൽ വീണ് ബോസ്നിയ, പന്തോളത്തിലെ വിശേഷങ്ങൾ

പന്തോളം – ഭാഗം 5

ബിഗ് മാച്ചുകൾ ഇല്ലാതിരുന്ന കഴിഞ്ഞ ദിനത്തിൽ പക്ഷേ, ഗോൾവർഷവും റെഡ് കാർഡുകളുടെ പെരുമഴയുമുണ്ടായിരുന്നു. ഗ്രൂപ്പ് എയിൽ സൗത്ത് ആഫ്രിക്കയും ചെക്ക് റിപ്പബ്ലിക്കും ഏറ്റുമുട്ടിയപ്പോൾ മത്സരഫലം 1-1 സമനിലയിലായി. ആക്രമിച്ചു കളിച്ച ചെക്കിന് മുന്നിൽ സൗത്ത് ആഫ്രിക്ക പൊരുതിനേടിയ ഈ സമനില, ചെക്കിന് ചെക്ക് വെച്ചു എന്ന് വേണം പറയാൻ.

മറ്റൊരു മത്സരത്തിൽ മെക്സിക്കോ സൗത്ത് കൊറിയയെ മറികടന്നത് 1-0 എന്ന സ്കോറിനാണ്. ഗ്രൂപ്പ് എയിൽ ടീമുകൾക്കെല്ലാം ഇനി ഓരോ കളി മാത്രം അവശേഷിക്കേ, നിലവിൽ ഗ്രൂപ്പിൽ രണ്ട് ജയവുമായി ഒന്നാമതുള്ള മെക്സിക്കോ മാത്രമാണ് സേഫ് പൊസിഷനിൽ ഉള്ളത്. മറ്റ് ടീമുകൾക്കെല്ലാം അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ജയം അനിവാര്യമാണ്. ഒപ്പം ഗോൾ മാർജിനും അന്തിമവിധിയിൽ നിർണായകമാകും.

ഗ്രൂപ്പ് ബിയിൽ നടന്ന രണ്ട് മത്സരങ്ങളിൽ ആകെ പിറന്നത് 11 ഗോളുകളും 3 റെഡ് കാർഡുകളുമായിരുന്നു. കനേഡിയൻ താരം ഇസ്മായിൽ കോനെ ഖത്തർ – കാനഡ മത്സരത്തിന്റെ 56-ആം മിനിറ്റിൽ ഖത്തർ താരം അസിം മദീബോയിൽ നിന്നേറ്റ അപകടകരമായ ഫൗളിൽ പരിക്കുപറ്റി വേദനയിൽ പുളഞ്ഞ് മൈതാനത്ത് നിന്ന് പുറത്തേക്ക് പോകേണ്ടിവന്നത് ഈ ലോകകപ്പിന്റെ വേദനയുള്ള കാഴ്ചയായി. സ്ട്രെച്ചറിൽ കിടന്നും താരം കാണികളെ അഭിവാദ്യം ചെയ്യുന്ന കാഴ്ച കണ്ണ് നനയിക്കുന്നതായിരുന്നു. കാനഡ – ഖത്തർ മത്സരത്തിൽ മദീബോ ഉൾപ്പെടെ രണ്ട് ഖത്തറി താരങ്ങളാണ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയത്. കാനഡയുടെ സൂപ്പർ സ്ട്രൈക്കർ ജോനാഥൻ ഡേവിഡ് ഹാട്രിക് നേടിയ മത്സരത്തിൽ 6-0 എന്ന സ്കോറിനാണ് കാനഡ ഖത്തറിനെ തകർത്തുകളഞ്ഞത്. മത്സരഫലം പോലെത്തന്നെ മത്സരത്തിലുടനീളം നൂറ് ശതമാനവും കനേഡിയൻ സുപ്രീമസിയായിരുന്നു. അക്ഷരാർത്ഥത്തിൽ ഖത്തർ പൂർണ്ണമായും നിരാശപ്പെടുത്തിയ മത്സരം.

ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തിൽ സ്വിറ്റ്സർലാൻഡും ബോസ്നിയ ആൻഡ് ഹെർസഗോവിനയുമാണ് ഏറ്റുമുട്ടിയത്. ആദ്യപകുതിയിൽ ബലാബലമായിരുന്ന മത്സരത്തിന്റെ അവസാന പകുതിക്ക് പക്ഷേ മറ്റൊരു ഭാവമായിരുന്നു. കഥാന്ത്യം കരുതിവെച്ചത് ബോസ്നിയക്ക് 4-1 എന്ന കനത്ത പരാജയമായിരുന്നു. 74-ആം മിനിറ്റിലാണ് സ്വിറ്റ്സർലാൻഡിന്റെ അംദൗനിയിലൂടെ മത്സരത്തിലെ ആദ്യ ഗോൾ പിറക്കുന്നത്. അംദൗനി ഇരട്ടഗോൾ നേടിയ മത്സരത്തിൽ പിന്നീട് റൂബൻ വർഗാസും, പെനാൽറ്റിയിലൂടെ സ്വിസ് സൂപ്പർ താരം ഗ്രാനിറ്റ് ഷാക്കയും സ്കോർ ചെയ്യുന്നുണ്ട്. ബോസ്നിയക്കായി മഹ്മിക് നേടിയ ആശ്വാസ ഗോൾ മാറ്റിനിർത്തിയാൽ സെക്കൻഡ് ഹാഫിൽ ബോസ്നിയ ചിത്രത്തിലേ ഉണ്ടായിരുന്നില്ല. ബോസ്നിയൻ നിരയിൽ എഡിൻ ജെക്കോ കളത്തിലുണ്ടായിരുന്നു എന്നത് ലൈനപ്പ് പരിശോധിക്കുമ്പോൾ മാത്രം തിരിച്ചറിയാൻ കഴിയുന്നതായിരുന്നു.

നാല് പോയിന്റ് വീതം കാനഡയ്ക്കും സ്വിറ്റ്സർലാൻഡിനും ഉള്ള ഗ്രൂപ്പിൽ ബോസ്നിയയ്ക്കും ഖത്തറിനും ഓരോ പോയിന്റ് വീതമാണുള്ളത്. അതുകൊണ്ട് തന്നെ ഗ്രൂപ്പ് തലത്തിൽ ഇനി ഓരോ ടീമിനും അവശേഷിക്കുന്ന അവസാന മത്സരത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും അവർക്ക് ഗുണകരമാവില്ല.

വിശ്വവേദിയിൽ ഇന്ന് ആതിഥേയരായ അമേരിക്ക ന്യൂസിലാൻഡിനെതിരെ ഇറങ്ങുന്നുണ്ട്. പുലർച്ചെ മൊറോക്കോ സ്കോട്ട്ലാൻഡിനെതിരെയും, ബ്രസീൽ ഹെയ്തിക്കെതിരെയും കളത്തിലുണ്ട്. പന്തോളത്തിൽ നാളെ ആ വിശേഷങ്ങളുമായി വീണ്ടും കാണാം.