മെസ്സിയുടെ വൺ ലാസ്റ്റ് ഡാൻസ്; ഹാട്രിക്കോടെ മിശിഹയുടെ പടയോട്ടം തുടരുമ്പോൾ!

പന്തോളം – ഭാഗം 3

സ്വപ്നങ്ങൾക്ക് പിന്നാലെ പായുന്ന മനുഷ്യർ പാതിവഴിയിൽ കാലിടറി വീണുപോവുകയും, പിന്നാലെ ആർത്തിരമ്പി വന്നൊരു സംഘം അയാളെ ചവിട്ടിയരച്ച് കടന്നുപോവുകയും, അയാൾ മണ്ണിൽ നിന്ന് മുഖമുയർത്തി നോക്കിനിൽക്കവേ അവർ ലക്ഷ്യം തൊടുകയും ചെയ്യുന്ന വേള… തന്റെ ലക്ഷ്യസ്ഥാനം അത്ര അകലെയായിരുന്നില്ലെന്നും അവർക്ക് മുന്നേ തനിക്ക് അവിടെ എത്താമായിരുന്നെന്നും, ഇനി പറഞ്ഞിട്ട് കാര്യമില്ലെന്നും താൻ തന്നെയാണ് തന്റെ അവസ്ഥയ്ക്ക് കാരണം എന്നും അയാൾ തിരിച്ചറിയുന്നു!

അക്ഷരാർത്ഥത്തിൽ അതങ്ങനെത്തന്നെ സംഭവിച്ച ഒന്നായിരുന്നു സെനഗൽ – ഫ്രാൻസ് മത്സരം. ആദ്യപകുതിയിൽ ഒരുപിടി മികച്ച ഗോളവസരങ്ങൾ ലഭിച്ചിട്ടും മുതലെടുക്കാനാവാത്ത സെനഗലും, രണ്ടാം പകുതിയിൽ കളം നിറഞ്ഞു കളിച്ച ഫ്രാൻസും തമ്മിലുള്ള 90 മിനിറ്റിന്റെ വിധി. കഥാന്ത്യം എണ്ണം പറഞ്ഞ രണ്ട് സൂപ്പർ ഗോളുകൾ നേടി നായകൻ കിലിയൻ എംബാപ്പെ തന്നെ പട നയിച്ചപ്പോൾ, മറുപുറത്ത് പ്രതിഭയുടെ നിഴൽ മാത്രമായി സാദിയോ മാനെ മാറി. മത്സരഫലം 3-1 ന് ഫ്രാൻസ് ജയിക്കുന്നു; അവസാന ചിരി കോച്ച് ദിദിയർ ദെഷാംപ്സിന്റേത് (Didier Deschamps).

പിന്നെയൊരു മത്സരം ഏർലിംഗ് ഹാലണ്ട് വരവറിയിച്ച, നോർവേ 4-1 ന് ഇറാഖിനെ കടപുഴക്കിയ പോരാട്ടമായിരുന്നു. മറ്റൊരു മത്സരത്തിൽ ഓസ്ട്രിയ 3-1 ന് ജോർദാനെയും ഈ ദിനം പരാജയപ്പെടുത്തുന്നുണ്ട്.

എന്നാൽ ഈ ദിനം അടയാളപ്പെടുത്തിയ മത്സരം വേറെയാണ്. മത്സരത്തിന്റെ എൺപതാം മിനിറ്റിൽ അയാൾ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെടുന്നു. ഗാലറിയൊന്നാകെ അലകടലായി ആ മുപ്പത്തിയെട്ടുകാരന് സ്റ്റാൻഡിംഗ് ഓവേഷൻ നൽകുന്നു! അയാൾക്ക് പകരക്കാരനായി പതിനെട്ടാം നമ്പർ ജഴ്സിയിൽ നിക്കോ പാസ് കളിക്കളത്തിലെത്തുന്നു. ലോകകപ്പിലെ ആ ഇരുപത്തിയൊന്നുകാരന്റെ ആദ്യ മത്സരം!

നീലയും വെള്ളയും ജഴ്സിയിൽ, പതിനെട്ടാം നമ്പറിൽ നിക്കോ പാസ് ഇറങ്ങുമ്പോൾ ഓർമ്മകൾ വർഷം 2010 ലേക്ക് കൂട്ടിക്കൊണ്ടുപോകും. അന്നാണ് ലയണൽ മെസ്സി എന്ന മനുഷ്യൻ ആദ്യമായി ആൽബിസെലസ്റ്റുകൾക്കായി പത്താം നമ്പർ കുപ്പായത്തിൽ വിശ്വവേദിയിൽ പന്തുതട്ടുന്നത്. അർജന്റീനയുടെ കോച്ച് സാക്ഷാൽ ഡീഗോ മറഡോണ ആയിരുന്നു. ഒരിത്തിരി ഗോൾഡൻ ഷെയ്ഡുള്ള ആ നീളൻമുടിക്കാരനെ ചേർത്തുപിടിച്ച് അന്ന് ഡീഗോ പറയുന്നുണ്ട്: “The No. 10 is yours. There’s nobody better than you to wear it.”

അൾജീരിയയുമായുള്ള അർജന്റീനയുടെ ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ അയാൾ നേടിയത് എണ്ണം പറഞ്ഞ മൂന്ന് ഗോളുകളാണ്. അയാളുടെ വിശ്വവേദിയിലെ ആദ്യ ഹാട്രിക്! പതിനേഴാം മിനിറ്റിൽ ഒരു ഓപ്പൺ പ്ലേ ഗോൾ, പിന്നെയൊരു റീബൗണ്ട് സോഫ്റ്റ് ടച്ച് ഗോൾ, ശേഷം മത്സരത്തിന്റെ എഴുപത്തിയാറാം മിനിറ്റിൽ “ദാറ്റ് ലെഫ്റ്റ് ഫൂട്ട് ക്ലാസിക് മെസ്സി ഗോൾ”!

ഏയ്ഞ്ചൽ ഡി മരിയയില്ലാത്ത ലോകകപ്പാണിത്. എങ്കിലും ഡി പോളും മക് അലിസ്റ്ററും എൻസോ ഫെർണാണ്ടസും മനോഹരമായി കളി നെയ്ത മത്സരം. എമി മാർട്ടിനസിന് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഒടുവിൽ മത്സരം 3-0 എന്ന സ്കോറിന് അർജന്റീന ജയിച്ചുകയറുന്നു.

പ്രായം അയാൾക്ക് വെറും നമ്പറാണ്. ആ ഇടങ്കാലിലിപ്പോഴും ലോകത്തെ ഏത് ഗോൾകീപ്പറെയും കീഴ്പ്പെടുത്താനുള്ള കരുത്ത് ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ എതിരാളികൾ ഭയക്കണം, ഇത്തവണയും അയാൾ തന്നെയാണ് പടനയിക്കുന്നത്. ഈ മത്സരം അത് വ്യക്തമാക്കിയതാണ്. അയാൾ പടനയിക്കുമ്പോൾ സ്കലോണിയുടെ ഈ സംഘം എങ്ങനെയാണ് വിശ്വകിരീടം അടിയറവ് വെക്കുക? കണ്ണിമവെട്ടാതെ, കാതുകൂർപ്പിച്ച് നമുക്ക് കാത്തിരുന്ന് കാണാം.

38 തികഞ്ഞ ആ പത്താം നമ്പറുകാരന്റെ, ഡീഗോയുടെ പകരക്കാരന്റെ, റൊസാരിയോ തെരുവിലെ മുത്തശ്ശിമാർ പറയും പോലെ യേശുവിന്റെ ഛായയുള്ള ഫുട്ബോളിന്റെ മിശിഹയുടെ… സാക്ഷാൽ ലയണൽ ആൻഡ്രേസ് മെസ്സി എന്ന അയാളുടെ ‘വൺ ലാസ്റ്റ് ഡാൻസ്’!

“പന്തോളം” ഓർമ്മകൾ അയാളും ഈ ലോകകപ്പും നമുക്ക് സമ്മാനിക്കും. ജൂലൈ 20-ന് ഫൈനൽ മാച്ചിന്റെ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ, അവസാന ചിരിയോടൊപ്പം ഹൃദയം മുറിയുന്നൊരു വിങ്ങലും ബാക്കിയാകും. പിന്നെയോർമ്മകൾ എല്ലാം അവിസ്മരണീയമാക്കും, തീർച്ച.