പന്തോളം – ഭാഗം 2
പോയദിനം പൂർത്തിയായത് ഒരു കൊട്ട സമനിലകൾ സമ്മാനിച്ചാണ്. സ്പെയിനും കേപ് വെർദെയും, ബെൽജിയവും ഈജിപ്തും, ഇറാനും ന്യൂസിലാൻഡും, ഉറുഗ്വായും സൗദി അറേബ്യയുമെല്ലാം സമനിലയിൽ പിരിഞ്ഞു.
ഇന്നേരം ഒരു ചോദ്യമുണ്ട്; ഈ മത്സരങ്ങളെല്ലാം വിരസമായിരുന്നോ? നിങ്ങളിത് മുൻകൂട്ടി പ്രതീക്ഷിച്ചിരുന്നോ? ഉത്തരം കളികണ്ടവർക്കറിയാം! വേണമെങ്കിൽ ഒരു ക്ലൂ തരാം: ഈ ടൂർണമെന്റിൽ ഇതുവരെ നടന്നതിൽ വച്ച് ഏറ്റവും ത്രില്ലടിപ്പിച്ച മത്സരം 0-0 എന്ന സ്കോറിന് സമനിലയിൽ പിരിഞ്ഞ സ്പെയിൻ – കേപ് വെർദെ പോരാട്ടമായിരുന്നു. ഇനി കൂടുതൽ പറയേണ്ടതില്ലല്ലോ, ഫുട്ബോൾ അങ്ങനെയാണ്!

കേവലം ആറ് ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ഒരു രാജ്യം. സാക്ഷാൽ ഡീഗോ മറഡോണ റൊസാരിയോക്കാർക്ക് ആ വിഖ്യാത കിരീടം സമ്മാനിച്ച അതേ വർഷം (1986-ൽ) മാത്രം ഫിഫ അംഗത്വം ലഭിച്ച മണ്ണ്. തങ്ങളുടെ കളിപുരാണത്തിൽ ഇതാദ്യമായി വിശ്വവേദിയിൽ പന്തുതട്ടാൻ അവസരം ലഭിച്ച, ലോകഭൂപടത്തിൽ ഇത്തിരിപ്പൊടിയോളം വലിപ്പമുള്ള ഒരു കുഞ്ഞൻ ദ്വീപ് രാഷ്ട്രം; കേപ് വെർദെ (Cape Verde)!
കൊട്ടിഘോഷിച്ചെത്തിയ, ഈ ലോകകപ്പിന്റെ ‘ഹോട്ട് ഫേവറിറ്റുകൾ’ എന്ന് ഫുട്ബോൾ പണ്ഡിറ്റുകൾ വിധിപറഞ്ഞ സ്പാനിഷ് അർമാഡയോട് പോയരാവിൽ വിജയത്തെ വെല്ലുന്ന ആ സമനില നേടിയപ്പോഴാവും ഇങ്ങനെയൊരു രാജ്യം ലോകഭൂപടത്തിലുണ്ടെന്ന് കോടിക്കണക്കിന് മനുഷ്യർ തിരിച്ചറിഞ്ഞത്. ഒപ്പം ആ നാൽപ്പതുകാരന്റെ പേരും—“വോസീഞ്ഞ” (Vozinha) എന്ന ജോസിമാർ ജോസെ എവോറ ഡയസ്! ലാമിൻ യമാലും, ഗാവിയും, പെഡ്രിയും, ഫെറാൻ ടോറസും, റോഡ്രിയുമൊക്കെ സ്പാനിഷ് പടയ്ക്കായി അണിനിരന്ന ആ മത്സരത്തിലെ താരം, അസാധ്യ മെയ്‌വഴക്കത്തോടെ സ്പെയിനിന് മുന്നിൽ പെരുംകോട്ട കെട്ടിയ അയാൾ മാത്രമായിരുന്നു. മത്സരം ജയിച്ചതും അതിന് സാക്ഷിയായ കോടി മനുഷ്യരുടെ ഹൃദയം കീഴടക്കിയതും അയാൾ തന്നെയാണ്. ഒരു ജനതയുടെ പ്രതീക്ഷകൾക്ക് ചിറക് നൽകിയവൻ—വോസീഞ്ഞ! ഈ ഇത്തിരിപ്പോന്ന നാടും ആ നാൽപ്പതുകാരനും ഈ മത്സരവും ഈ ലോകകപ്പിന്റെ വലിയൊരു ഓർമ്മയായി അവശേഷിക്കും, തീർച്ച.

ഇറാനും ന്യൂസിലാൻഡും 2-2 ന് പിരിഞ്ഞ മത്സരം മറ്റൊരു ത്രില്ലറായിരുന്നു. കളിയും കാര്യവുമുള്ള ലക്ഷണമൊത്തൊരു സൂപ്പർ ത്രില്ലർ! ഇറാനെന്ന് ചുരുക്കിപ്പറയാതെ “ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ” എന്ന് കമന്റേറ്റർ ആവർത്തിച്ച് വിളിച്ചുപറഞ്ഞ ഇറാൻ. അമേരിക്കയുടെ മണ്ണിൽ അവർ പന്തുതട്ടുമ്പോൾ, ഫുട്ബോളിൽ രാഷ്ട്രീയ വൈരം കലർത്തുന്ന ട്രംപ് അധികാരത്തോട്, “ഇത് ഫുട്ബോളാണ്, ഞങ്ങൾക്കിവിടെ അത് മാത്രമേയുള്ളൂ” എന്ന് കൃത്യമായി നിലപാട് പ്രഖ്യാപിച്ചിട്ടും ഉപാധികൾ വെച്ച് വിശ്വവേദിയിലും ലോകപോലീസ് ചമഞ്ഞവർക്കുള്ള മറുപടിയായിരുന്നു ഇറാന്റെ ആദ്യ മത്സരം.
അമേരിക്കൻ മണ്ണിൽ, ലോസ് ആഞ്ചലസ് സ്റ്റേഡിയത്തിൽ ഇറാന്റെ ദേശീയ പതാക വിരിയുന്ന ആ കാഴ്ച എത്ര സുന്ദരമായിരുന്നു! ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ സ്റ്റേഡിയത്തിലെ വി.വി.ഐ.പി ലോഞ്ചിലിരുന്ന് അതിന് സാക്ഷിയായി. ഓരോ തവണ ഇറാൻ മുന്നേറ്റമുണ്ടാകുമ്പോഴും സ്റ്റേഡിയത്തിൽ നിന്ന് ‘ഇറാൻ, ഇറാൻ’ എന്ന് ആർത്തുവിളിച്ചവരിൽ അമേരിക്കൻ ജനതയുമുണ്ടായിരുന്നു. ഇടയ്ക്കൊരിക്കൽ കമന്റേറ്റർ പറയുന്നുണ്ടായിരുന്നു: “ദിസ് ഈസ് ഹോം ഗ്രൗണ്ട് ഫോർ ഇറാൻ, ലൈക്ക് എനിവേർ ഇൻ ദ വേൾഡ്” എന്ന്!
വിശ്വം മനുഷ്യർക്കിടയിൽ മതിലുകൾ കെട്ടുമ്പോൾ ഫുട്ബോൾ അത് തകർത്തെറിയുന്നത് എങ്ങനെ എന്ന് നമ്മൾ പലകുറി കണ്ടതാണ്. അതിൽ ഒടുവിലത്തേതാണ് അമേരിക്കൻ മണ്ണിലെ ഇറാന്റെ ഈ മത്സരം.
“Sport has the power to unite people” എന്ന നെൽസൺ മണ്ടേലയുടെ പ്രശസ്തമായ വരികളുണ്ട്. ഈ അമേരിക്കൻ ലോകകപ്പിന്റെ പശ്ചാത്തലത്തിൽ ആ വരികൾക്ക് പ്രസക്തിയേറെയാണ്. രാജ്യങ്ങൾ പരസ്പരം മത്സരിക്കുമ്പോഴും മനുഷ്യർ ഒന്നിച്ചുനിൽക്കുന്നു; ഫുട്ബോൾ അവരെ ഒന്നിപ്പിക്കുന്നു!
പന്തോളത്തിൽ സംഭവബഹുലമായ വിശേഷങ്ങളുമായി വീണ്ടും കാണാം.