അൽവാരസ് മാജിക്കിൽ സ്വിസ് പടയെ വീഴ്ത്തി അർജന്റീന; സെമിയിൽ മെസ്സിക്ക് മുന്നിൽ ഇംഗ്ലണ്ട്

പന്തോളം – ഭാഗം 18

വർഷം 2014. വിശ്വവേദിയിൽ ഇഞ്ചുറി ടൈം വരെ നീണ്ട നെടുനീളൻ മത്സരം. ഒരുഭാഗത്ത് നീലയും വെള്ളയും ചാലിച്ച ആകാശനിറമുള്ള കുപ്പായത്തിൽ അർജന്റീന. മറുഭാഗത്ത് ചെഞ്ചോര ചുവപ്പിൽ സ്വിറ്റ്സർലാൻഡ്. മത്സരം നിശ്ചിത സമയവും ഇഞ്ചുറി ടൈമും കഴിഞ്ഞ് എക്സ്ട്രാ ടൈമിലേക്ക്. മത്സരം ഷൂട്ടൗട്ടിലേക്ക് എന്ന് തോന്നിപ്പിക്കുന്ന നേരം, മാച്ചിന്റെ 118-ാം മിനിറ്റിൽ പിറന്നൊരു ബ്യൂട്ടിഫുൾ ഗോൾ മത്സരത്തിന്റെ വിധി നിശ്ചയിക്കുന്നു. ഗോൾ നേടുന്നത് ഏഞ്ചൽ ഡി മരിയ; അവസരമൊരുക്കുന്നത് ലിയോ മെസ്സി. അർജന്റീന – 1, സ്വിറ്റ്സർലാൻഡ് – 0.

2026-ൽ ഇതേ സൂപ്പർ ത്രില്ലർ ആവർത്തിക്കുന്നു, ഡബിൾ ഡോസ് ഇഫക്റ്റിൽ! മത്സരത്തിന്റെ പത്താം മിനിറ്റിൽ കോർണർ കിക്കെടുത്ത മെസ്സിയുടെ അളന്നുമുറിച്ച കൃത്യതയാർന്ന ബോളിന് അലക്സിസ് മാക് അലിസ്റ്ററിന്റെ പെർഫെക്ട് ഹെഡർ. മത്സരം 1-0 എന്ന സ്കോറിന് അർജന്റീന മുന്നിൽ. 67-ാം മിനിറ്റിലാണ് സ്വിസ് സമനില ഗോൾ വരുന്നത്. പിന്നീട് മത്സരത്തിന്റെ 72-ാം മിനിറ്റിൽ സ്വിറ്റ്സർലാൻഡിന്റെ ബ്രീൽ എംബോളോ രണ്ടാം മഞ്ഞക്കാർഡ് വാങ്ങി പുറത്തേക്ക് പോകുന്നുണ്ട്. ഒരുവേള അർഹിച്ച റെഡ് കാർഡ് ചോദിച്ചുവാങ്ങി എന്ന് പറയുന്ന തരത്തിലുള്ള സെൽഫ് ക്രിയേറ്റഡ് എക്സിറ്റ്! 10 പേരായി ചുരുങ്ങിയിട്ടും സ്വിസ് സംഘം മത്സരം എക്സ്ട്രാ ടൈമിലെത്തിച്ചു.

മത്സരത്തിന്റെ 112-ാം മിനിറ്റിലാണ് കളി മാറിയത്. ബോക്സിന് പുറത്തുനിന്ന് ആരാധകരുടെ സ്വന്തം സ്പൈഡർ ജൂലിയൻ അൽവാരസ് നേടിയ മനോഹരമൊരു ലോങ്-റേഞ്ച് ഗോൾ! പിന്നെ എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷം ലൗട്ടാരോ മാർട്ടിനസ് റീബൗണ്ടിൽ നിന്ന് നേടുന്ന മൂന്നാം ഗോൾ. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ മത്സരം 3-1 ന് അർജന്റീന സ്വന്തമാക്കി.

ഈ വിജയത്തോടെ ലയണൽ മെസ്സി ആദ്യമായി ലോകകപ്പ് വേദിയിൽ ഇംഗ്ലണ്ടിനെ നേരിടാൻ ഒരുങ്ങുകയാണ്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ലിയോയുടെ അന്താരാഷ്ട്ര കരിയറിൽ ഇതാദ്യമായാണ് ലോകകപ്പിൽ ഇംഗ്ലണ്ട് എതിരാളിയാകുന്നത്.

സംഭവബഹുലമായ ഇംഗ്ലണ്ട് – നോർവേ മത്സരത്തിൽ ആദ്യം മുന്നിലെത്തുന്നത് നോർവേയാണ്. മത്സരത്തിന്റെ 36-ാം മിനിറ്റിൽ ആൻഡ്രിയാസ് ഷെൽഡ്രപ്പിന്റെ അതിമനോഹര ഗോളിലൂടെയാണത് സംഭവിക്കുന്നത്. പിന്നീട് മത്സരം കണ്ടത് ഇംഗ്ലീഷ് നിരയിൽ ജൂഡ് ബെല്ലിംഗ്ഹാം അവതരിച്ചതാണ്. 45+2-ാം മിനിറ്റിൽ സമനിലയും, 93-ാം മിനിറ്റിൽ എക്സ്ട്രാ ടൈമിലെ വിജയഗോളും താരം സ്വന്തമാക്കി. ഇതോടെ ടൂർണമെന്റിൽ ഹാരി കെയ്നൊപ്പം 6 ഗോളുകൾ എന്ന നേട്ടത്തിലുമെത്തി ബെല്ലിംഗ്ഹാം.

മത്സരത്തെ മാറ്റിമറിച്ച രണ്ട് വിവാദങ്ങൾക്കും ഇന്നലെ ലോകം സാക്ഷിയായി. അതിലാദ്യത്തേത്, ഇംഗ്ലണ്ടിന്റെ സമനിലഗോളിന് മുമ്പ് ഓര്യൻ നയ്ലാൻഡിന്റെ ഗോൾകിക്ക് മുകളിലെ സ്പൈഡർകാം കേബിളിൽ തട്ടിയോ എന്ന സംശയമാണ്. എന്നാൽ കണക്റ്റഡ് ബോൾ ടെക്നോളജി (Connected Ball Technology) പരിശോധിച്ച ഫിഫ, പന്ത് കേബിളിൽ തട്ടിയതിന് തെളിവില്ലെന്ന് വ്യക്തമാക്കി ഗോൾ അനുവദിച്ചു. രണ്ടാമത്തേത്, രണ്ടാം പകുതിയിൽ നോർവേയുടെ ടോർബ്യോൺ ഹെഗ്ഗം ഗോൾ നേടിയെങ്കിലും അത് അനുവദിച്ചില്ല എന്നതായിരുന്നു. ഗോൾ രൂപപ്പെടുന്ന നീക്കത്തിൽ എർലിംഗ് ഹാലണ്ട് എലിയറ്റ് ആൻഡേഴ്സനെ ഫൗൾ ചെയ്തതായി വാർ (VAR) കണ്ടെത്തിയത് കൊണ്ടാണ് ആ ഗോൾ റദ്ദാക്കിയത്.

മത്സരത്തിനിടയിൽ ഹാലണ്ടിന് ഉറപ്പായും സ്കോർ ചെയ്യാവുന്ന ഒരു പന്ത് സഹതാരം നൽകാതിരുന്നതും, സ്വയം ഷോട്ടെടുത്ത് ഗോൾഡൻ ചാൻസ് തുലച്ചതും, ശേഷം ഹാലണ്ട് നിസ്സഹായനായി നടക്കുന്നതും എക്കാലവും നോർവേയുടെ തീരാനോവാകും. നോർവീജിയൻ കോച്ച് സ്റ്റാലെ സോൾബാക്കൻ പറഞ്ഞതുപോലെ തന്നെ പറഞ്ഞ് നിർത്താം: “ഈ ടീം വീണ്ടും നോർവീജിയൻ ഫുട്ബോളിനെ ലോകഭൂപടത്തിൽ തിരിച്ചെത്തിച്ചു, നമുക്ക് അഭിമാനിക്കാം.”

സെമിഫൈനലിലേക്കെത്തുന്ന വിശ്വവേദിയിലെ പോരാട്ടങ്ങളിലിനി ബാക്കിയുള്ളത് ഫ്രാൻസും, അർജന്റീനയും, സ്പെയിനും, ഇംഗ്ലണ്ടും മാത്രമാണ്. ലോക ഫുട്ബോളിലെ ആദ്യ നാല് റാങ്കുകാർ നേർക്കുനേർ വരുന്നു എന്ന പ്രത്യേകതയും ഇനിവരും മത്സരങ്ങൾക്കുണ്ട്. കാണാൻ പോകുന്ന പൂരം കാത്തിരുന്ന് തന്നെ കാണാം!