മദീറയുടെ രാജകുമാരന് കണ്ണീർ വിട

പന്തോളം – ഭാഗം 16

മദീറയുടെ രാജകുമാരനും വിശ്വവേദിയിൽ നിന്ന് കണ്ണീരോടെ മടങ്ങിയിരിക്കുന്നു. അങ്ങനെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവസാന ലോകകപ്പ് മത്സരവും നമ്മൾ കണ്ടുകഴിഞ്ഞു!

ഇങ്ങനെയൊരു പടിയിറക്കം അയാൾ അർഹിച്ചിരുന്നോ എന്നതും, അയാൾക്ക് സ്വയം തെളിയിക്കാൻ ഒരു വിശ്വകിരീടം ആവശ്യമായിരുന്നോ എന്നതും, ഈ ലോകകപ്പ് അയാൾക്ക് ഒഴിവാക്കാമായിരുന്നില്ലേ എന്നതുമൊക്കെ ഫാൻ ഫൈറ്റുകളിലും ഫുട്ബോൾ ചർച്ചകളിലും ഇനിയുമിനിയും ആവർത്തിച്ച് ചർച്ച ചെയ്യപ്പെടാനിരിക്കുന്നതേയുള്ളൂ. അയാളുടെ കണ്ണീരുകണ്ട ആ രാവ് അവസാനിക്കും മുൻപേ അത് തുടങ്ങിയിട്ടുമുണ്ടാകും. മത്സരം കഴിഞ്ഞ് അയാൾ കണ്ണ് നിറച്ച് പറയുന്നുണ്ട്, “എന്റെ അവസാന ലോകകപ്പ് ഇവിടെ അവസാനിച്ചു” എന്ന്. ആ വാക്കുകൾ നമ്മൾ ഫുട്ബോൾ ആരാധകർ എങ്ങനെ ഉൾക്കൊള്ളും എന്നത് കണ്ടറിയേണ്ടതാണ്. ഒരുപക്ഷേ അയാളെ കല്ലെറിയുന്നവർ അതിനെയും ട്രോൾ മെറ്റീരിയൽ ആക്കുമായിരിക്കാം, പക്ഷേ അയാളെ സ്നേഹിക്കുന്നവർക്ക് അത് അങ്ങനെയേ ആവില്ല എന്നുറപ്പാണ്.

യുസേബിയോയ്ക്ക് ശേഷം ഭൂപടത്തിലെ ആ കുഞ്ഞൻ ഭൂമികയ്ക്ക് മേൽവിലാസമായവനെ… പെലെയ്ക്കും മറഡോണയ്ക്കും മെസ്സിക്കുമൊപ്പം കാൽപ്പന്തിന്റെ ആകാശത്തെ സിറിയസ് നക്ഷത്രമേ… ഇതിഹാസങ്ങളുടെ ഇതിഹാസമേ… നിനക്കും കാൽപ്പന്തിന്റെ ആരവങ്ങളുടെ മഹാസമുദ്രത്തിൽ നിന്ന് വിട. ഇനി തലമുറകളുടെ ഓർമ്മകളിൽ നീ നിന്റെ ജൈത്രയാത്ര തുടരൂ….

മത്സരത്തിൽ അത്രമേൽ മികച്ച ഫുട്ബോൾ ഒന്നുമായിരുന്നില്ല സ്പെയിൻ കാഴ്ചവെച്ചത്. പക്ഷേ, അതിലും മോശം ഫുട്ബോളായിരുന്നു പോർച്ചുഗലിന്റെ റോബർട്ടോ മാർട്ടിനസ് സ്ട്രാറ്റജിയിൽ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ പകരക്കാരനായി ഇറങ്ങിയ മൈക്കൽ മെറീനോയുടെ ഇഞ്ചുറി ടൈമിലെ ഒരു ഗോളിൽ സ്പെയിൻ പോർച്ചുഗലിനെ തോൽപ്പിച്ചു. 2010-ൽ ഇതുപോലൊരു ലോകകപ്പിൽ ഡേവിഡ് വിയ്യയുടെ ഗോളിൽ സ്പെയിൻ പോർച്ചുഗലിനെ പുറത്താക്കിയിരുന്നു. 2026-ലും വീണ്ടും 1-0 ന് ജയിച്ച് സ്പെയിൻ തന്നെയാണ് പോർച്ചുഗലിന്റെ യാത്ര അവസാനിപ്പിക്കുന്നത്. ലോകകപ്പ് നോക്കൗട്ടിൽ സ്പെയിനെ ഇതുവരെ പോർച്ചുഗലിന് തോൽപ്പിക്കാനായിട്ടില്ല എന്ന ചരിത്രം ഇവിടെ വീണ്ടും ആവർത്തിക്കുന്നു.

90 മിനിറ്റും കളിമൈതാനത്ത് ഒട്ടും ആശാവഹമല്ലാത്ത മത്സരത്തിന്റെ ക്രെഡിറ്റ് പൂർണ്ണമായും രണ്ട് യൂറോപ്യൻ ശക്തികൾക്ക് തന്നെയാണ്. ആരായിരുന്നു കൂടുതൽ മോശം കളി മെനഞ്ഞത് എന്ന് മാത്രമാണ് വ്യക്തിഗത പ്രകടനങ്ങളെ വിലയിരുത്തുമ്പോൾ അളക്കാൻ കഴിയുക. എങ്കിലും മത്സരത്തിലുടനീളം തങ്ങളുടെ ഭാഗം ഭംഗിയായി ചെയ്ത സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോണും പോർച്ചുഗീസ് ഗോൾകീപ്പർ ഡീഗോ കോസ്റ്റയും ഇത്തവണയും അത് നന്നായിത്തന്നെ നിർവ്വഹിച്ചു. മത്സരശേഷം, ബെൽജിയത്തിന് ശേഷം പോർച്ചുഗലിന്റെ ഗോൾഡൻ ജനറേഷനെയും തന്നാലാകും വിധം നശിപ്പിച്ച റോബർട്ടോ മാർട്ടിനസ് എന്ന വർത്തമാനകാലത്തെ ഏറ്റവും മോശം പരിശീലകനും തന്നെ പുറത്താക്കുന്നതിന് മുൻപ് സ്വയം രാജിവെക്കുന്നതായി അറിയിച്ചു. ഈ വിജയത്തോടെ സ്പെയിൻ ഇനി ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തെ നേരിടും.

ലോകപോലീസിന്റെ വിരലിൽ തൂങ്ങിനടക്കുന്ന അനുസരണയുള്ള കുഞ്ഞാണ് തങ്ങളെന്ന് ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ച് മണിക്കൂറുകൾ കഴിയവേ, ഫിഫയ്ക്കും ഡൊണാൾഡ് ട്രംപ് എന്ന ഭരണാധികാരിക്കും മുഖമടച്ച് കിട്ടിയ പ്രഹരം തന്നെയായിരുന്നു ബെൽജിയത്തോട് ഏറ്റ യുഎസ്എയുടെ 4-1 ന്റെ നാണംകെട്ട പരാജയം.

യുഎസ്എയുടെ ഫൊളാരിൻ ബലോഗൻ മുൻ മത്സരത്തിലെ ചുവപ്പ് കാർഡിനെ തുടർന്ന് പുറത്തിരിക്കേണ്ടതായിരുന്നു. എന്നാൽ ട്രംപിന്റെ സ്വാധീനത്താൽ, ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെ ആധികാരികമായി റിപ്പോർട്ട് ചെയ്തതുപോലെ, അയാളുടെ റെഡ് കാർഡ് ഫിഫ പിൻവലിക്കുകയായിരുന്നു. അങ്ങനെ അയാൾ യുഎസ്എയ്ക്ക് വേണ്ടി ബെൽജിയത്തിനെതിരെ ആദ്യ ഇലവനിൽ സ്റ്റാർട്ട് ചെയ്തു. ഈ തീരുമാനം ബെൽജിയം ക്യാമ്പിനെ ശക്തമായി പ്രചോദിപ്പിച്ചെന്ന് ബെൽജിയൻ താരം നിക്കോളാസ് റാസ്കിൻ മത്സരശേഷം “There’s justice in life” (ജീവിതത്തിൽ നീതിയുണ്ട്) എന്ന വാചകം കൂടി ഉപയോഗിച്ച് പറയുകയുണ്ടായി. ഇതോടെ യുഎസ്എയുടെ തോൽവി നൂറ് ശതമാനം കാവ്യനീതിയായി മാറി.

ബെൽജിയത്തിന്റെ വിജയത്തിന്റെ മുഖ്യശില്പി ചാൾസ് ഡി കെറ്റലറെയായിരുന്നു. 2 ഗോളും 1 അസിസ്റ്റും നേടി മത്സരം പൂർണ്ണമായും അയാൾ നിയന്ത്രിച്ചപ്പോൾ, അയാളുടെ ക്ലാസ് കണ്ട മാച്ച് കൂടിയായി ബെൽജിയം – യുഎസ്എ പോരാട്ടം. സ്റ്റോപ്പേജ് ടൈമിൽ റൊമേലു ലുക്കാക്കു ബെൽജിയത്തിന്റെ നാലാം ഗോളും നേടിയതോടെ യുഎസ്എയുടെ പെട്ടിയിലെ അവസാന ആണിയും അടിക്കപ്പെട്ടു. അമേരിക്കയുടെ തോൽവിയോടെ അമേരിക്ക, കാനഡ, മെക്സിക്കോ എന്ന മൂന്ന് സഹ-ആതിഥേയ രാജ്യങ്ങളും ഈ ലോകകപ്പിൽ നിന്ന് പൂർണ്ണമായി പുറത്തായി.

കെവിൻ ഡിബ്രൂയിന്റെ തലമുറയ്ക്ക് ലോകകപ്പ് നേടാനുള്ള അവസാന അവസരങ്ങളിലൊന്നായി ഈ മത്സരം കണക്കാക്കപ്പെടുമ്പോൾ, ഇനി വരാനുള്ള സ്പെയിൻ – ബെൽജിയം മത്സരത്തിൽ മികച്ച പോരാട്ടം കാണാനാകുമെന്ന് ഉറപ്പായി.