കാനറികളുടെ സുൽത്താന് വിട; ബ്രസീലിനെ പുറത്താക്കി നോർവേ ക്വാർട്ടറിൽ

പന്തോളം – ഭാഗം 15

കാർലോ ആഞ്ചലോട്ടിക്ക് ഇന്ന് തൊട്ടതെല്ലാം പിഴച്ച ദിവസമായിരുന്നു. വിനീഷ്യസും അതിലേറെ പരിചയസമ്പന്നനായ കാസെമിറോയും കളത്തിലുണ്ടായിരിക്കെ, റൊട്ടേഷൻ സിസ്റ്റം എന്ന് പിന്നീട് ന്യായീകരിച്ച മെറിറ്റിൽ, ഒരു ലോകകപ്പിന്റെ അത്രമേൽ നിർണ്ണായകമായ പ്രീ ക്വാർട്ടറിൽ ബ്രൂണോ ഗില്മാരസിനെ സ്പോട്ട് കിക്കെടുക്കാൻ നിശ്ചയിച്ചതും; രണ്ടാംപകുതിയിൽ പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ മാറ്റിയൂസ് കുൻഹയെ പിൻവലിച്ച്, പണ്ട് റയൽ മാഡ്രിഡിൽ കൊട്ടിഘോഷിച്ച് താൻ തന്നെ ഇൻട്രൊഡ്യൂസ് ചെയ്ത് അമ്പേ പരാജയപ്പെട്ട അതേ എൻദ്രിക്കിനെ മൈതാനത്തേക്ക് പറഞ്ഞയച്ചതും; ക്രിട്ടിക്കൽ മാച്ചുകളിൽ ഉറപ്പായും ഉപയോഗപ്പെടുത്തേണ്ട നെയ്മറിനെ ആദ്യ ഇലവനിൽ സ്റ്റാർട്ട് ചെയ്യിക്കാതിരുന്നതും; കൃത്യമായ പാസുകളും മൂർച്ചയുള്ള അറ്റാക്കും വേഗത അല്പം കുറവെങ്കിലും മോശമല്ലാത്ത പ്രതിരോധവുമുള്ള നോർവേയെ പോലൊരു ടീമിനെതിരെ കൗണ്ടർ അറ്റാക്ക് പ്ലാൻ ചെയ്ത് പൊസഷൻ വേണ്ടെന്ന് വെച്ചതും; തന്റെ അരുമശിഷ്യൻ വിനീഷ്യസിനെ മാത്രം ഫോക്കസ് ചെയ്ത് കളി പ്ലാൻ ചെയ്തപ്പോൾ അയാളെ മാർക്ക് ചെയ്ത് ലോക്ക് ചെയ്താൽ പ്ലാൻ ബി നടപ്പിലാക്കാൻ മറന്നുപോയതുമെല്ലാം ഡോൺ കാർലോ എന്ന് അഭിമാനപൂർവ്വം ആരാധകർ വിളിക്കുന്ന കാർലോ ആഞ്ചലോട്ടിയുടെ കോച്ചിംഗ് ഡിസിഷനുകളിലും ഗെയിം സ്ട്രാറ്റജിയിലും വന്ന എണ്ണം പറഞ്ഞ പിഴവുകൾ തന്നെയായിരുന്നു. അടിവരയിട്ടു പറയാം, ഈ തോൽവി ബ്രസീൽ അർഹിച്ചതായിരുന്നു. അതിൽ വേദന അയാളുടെ കാര്യത്തിൽ മാത്രമാണ്!
ബ്രസീൽ ഇനിയും നാല് വർഷത്തിനപ്പുറം ലോകകപ്പ് കളിക്കുമായിരിക്കാം. പത്തിരുപത് കൊല്ലത്തെ കാത്തിരിപ്പല്ലേ, അതവർ തുടരുമായിരിക്കും. പിന്നെ ഇത് ബ്രസീലല്ലേ! പ്രതിഭാധാരാളിത്തമുള്ള എത്രപേർ ആ മണ്ണിൽ നിന്ന് ഇനിയുമെത്ര ഉദയംകൊള്ളാനിരിക്കുന്നു. വിദൂരമല്ലാതെത്തന്നെ ആ സംഘം ജോഗോ ബോണിറ്റോയിൽ തന്നെ ഉയിർത്തെഴുന്നേൽക്കും. അന്ന് അവരുടെ ഹൃദയം തൊടുന്നൊരു പരിശീലകനും അവർക്കുണ്ടാവും. അവർ വിശ്വം കീഴടക്കും. ഈ കറുത്ത കഥകളെല്ലാം ആ സംഘം ദുഃസ്വപ്നം പോലെ പുറകിലുപേക്ഷിക്കുകയും ചെയ്യും, തീർച്ച. പക്ഷേ അയാൾ! അയാൾ ഇനി ഉണ്ടാവില്ലല്ലോ!

ഒരുപക്ഷേ ഗാലറിയിലെ വി.ഐ.പി ലോഞ്ചിലിരുന്ന് അയാൾ ആ ചരിത്രമുഹൂർത്തത്തിന് സാക്ഷിയാകുന്നുണ്ടാകാം. എങ്കിലും, നമ്മളുള്ള കാലമത്രയും നമ്മൾക്ക് അയാളെ ആ മഞ്ഞക്കുപ്പായത്തിലെ പത്താം നമ്പറിൽ മിസ്സ് ചെയ്യില്ലേ? മൈതാനത്തെ അയാളുടെ നൃത്തച്ചുവടുകൾ നമ്മളെ വേട്ടയാടില്ലേ? കാരണം അയാൾ നിങ്ങൾ കാനറികളുടെ മാത്രമല്ലല്ലോ, കാൽപ്പന്തിനെ പ്രാണനോളം പ്രണയിച്ചൊരു തലമുറയുടെ തന്നെ സുൽത്താനല്ലേ? ഞങ്ങളുടെ പ്രിയപ്പെട്ട നെയ്മർ, നിങ്ങളുടെ കാര്യത്തിൽ മാത്രമാണ് ഞങ്ങൾക്ക് സങ്കടം. കാൽപ്പന്തിന്റെ ഏത് പുഷ്കല കാലത്തും അത് ഞങ്ങളുടെ ഉറക്കം കെടുത്തും തീർച്ച. അപ്പോഴും മഞ്ഞക്കുപ്പായത്തിൽ നിങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ച ഒരായുഷ്കാലത്തിന്റെ നീളമുള്ള ഒരുപിടി ഓർമ്മകൾ ഉണ്ടല്ലോ, ഇനിയെന്നും ഞങ്ങൾക്ക് നിങ്ങളെയോർക്കാൻ. കാൽപ്പന്തിന്റെ സുൽത്താന്, നെയ്മർ ജൂനിയറിന് ഹൃദയം തൊട്ട് നന്ദി!
നോർവേ ബ്രസീലിനെ കീഴടക്കിയത് ഒട്ടും അവിചാരിതമായിരുന്നില്ല. എർലിംഗ് ഹാലണ്ട് എന്ന ആ വൈക്കിങ് യോദ്ധാവ് ഫൈനൽ തേർഡിൽ ഉണ്ടാകുമ്പോൾ, അയാളിലേക്ക് അവിടെ വെച്ച് തന്നെ മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ പന്തെത്തുമ്പോൾ “ഗോൾ” അല്ലാതെ മറ്റെന്ത് സംഭവിക്കാനാണ്! 4 ടച്ച്, അതിൽ 2 ഗോൾ. ഒറ്റ പേര്—എർലിംഗ് ഹാലണ്ട്!
നോർവേ 2-1 ന് ബ്രസീലിനോട് ജയിച്ച മത്സരം വിശ്വവേദിയിൽ നോർവേക്ക് ക്വാർട്ടർ ടിക്കറ്റും ബ്രസീലിന് എക്സിറ്റ് പാസ്സും നൽകി. നോർവേക്ക് ഇനി ക്വാർട്ടറിൽ ഇംഗ്ലണ്ടാണ് എതിരാളികൾ.

അലകടലുപോലെ മെക്സിക്കൻ തിരമാലകൾ വീശിയ “ഇസ്റ്റാഡിയോ ആസ്ടെകയിൽ” പക്ഷേ, പച്ചപ്പുൽ മൈതാനം നനച്ചത് പെരും പേമാരിയായിരുന്നില്ല, മെക്സിക്കൻ കണ്ണുനീരായിരുന്നു. മത്സരത്തിന്റെ ഏറെക്കുറെ പകുതിയോളം നേരം 10 പേരായി ചുരുങ്ങിയിട്ടും, 3-2 എന്ന സ്കോറിലേക്ക് ഒരു ഗോൾ കൂടെ ചേർക്കാൻ മെക്സിക്കോയ്ക്കായില്ല. ജൂഡ് ബെല്ലിംഗ്ഹാം താളം വീണ്ടെടുത്ത മത്സരത്തിൽ, രണ്ട് ഗോളുകൾ മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ആ ബൂട്ടിൽ നിന്ന് പിറന്നത്. പിന്നെ ഇംഗ്ലീഷ് കപ്പിത്താൻ സാക്ഷാൽ ക്യാപ്റ്റൻ ഹാരി കെയ്ൻ വക ഒരു സ്പോട്ട് കിക്ക് ഗോളും. മറുവശത്ത് ഇംഗ്ലീഷ് പ്ലെയർ ഒരാൾ റെഡ് കാർഡ് കണ്ട് പുറത്തുപോയിട്ടും അധികമൊരാളുടെ അഡ്വാന്റേജ് മുതലെടുക്കാൻ മെക്സിക്കോയ്ക്ക് പറ്റാതെയും പോയി. നൂറ് ശതമാനം ജയിക്കേണ്ട കളി മെക്സിക്കോ, ഇംഗ്ലീഷ് ഡിഫൻസിന് മുന്നിൽ അടിയറവ് വെച്ചു എന്ന് വേണം വിലയിരുത്താൻ. ഹാരി കെയ്നിനെ പോലൊരു പ്ലെയർ തങ്ങൾക്ക് ഇല്ലാത്തതിന്റെ ദുഃഖം മെക്സിക്കോ ഇന്ന് ഉറപ്പായും അറിഞ്ഞിട്ടുണ്ടാകും. അങ്ങനെ ആർത്തിരമ്പിയെത്തിയ ആരവങ്ങൾക്കൊടുവിൽ മെക്സിക്കോ വിശ്വവേദിക്ക് പുറത്ത്. സാധാരണ ദൗർഭാഗ്യങ്ങളുടെ അകമ്പടിയുണ്ടാകാറുള്ള ഇംഗ്ലീഷ് സംഘത്തിന് ഇത്തവണ എമ്പാടും ഭാഗ്യം കൊണ്ട് ക്വാർട്ടർ ടിക്കറ്റ് ലഭിച്ചിരിക്കുന്നു!

ടൂഹൽ എന്ന ജർമ്മൻകാരന്റെ ബുദ്ധിയും ഇംഗ്ലണ്ടിന്റെ സ്ക്വാഡ് ഡെപ്തുമല്ല, മെക്സിക്കോയുടെ കഴിവുകേട് ഒന്നുമാത്രമാണ് അവർക്ക് ഇന്ന് തുണയായത്. മഡോക്കെയും ഹെൻഡേഴ്സണുമൊക്കെയായി, ഫോഡനില്ലാത്ത ഈ സംഘം ഏതുവരെ എത്തുമെന്ന് കണ്ടറിയാം.