കാനഡയെ തകർത്ത് മൊറോക്കോ; പരാഗ്വേയെ വീഴ്ത്തി ഫ്രാൻസ്

ലോക ഫുട്ബോൾ മാമാങ്കത്തിൽ പ്രീ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്നലെ തുടക്കമായപ്പോൾ പച്ചപ്പുൽമൈതാനത്ത് മൊറോക്കോയും ആതിഥേയരായ കാനഡയുമാണ് ആദ്യം പോരിനിറങ്ങിയത്. മത്സരത്തിന്റെ ആദ്യപകുതി കണ്ടത് കാനഡയുടെ മികച്ച പ്രകടനവനായിരുന്നു. മത്സരത്തിന്റെ 28-ാം മിനിറ്റ് വരെ ഒരു ഷോട്ട് പോലും ഉതിർക്കാൻ മൊറോക്കോയ്ക്കായില്ല. എന്നാൽ രണ്ടാംപകുതിയിൽ കാര്യങ്ങൾ അങ്ങനെയേ ആയിരുന്നില്ല.

കാനഡയായിരുന്നു മത്സരത്തിലുടനീളം മികച്ച അവസരങ്ങൾ സൃഷ്ടിച്ചതെങ്കിലും ഫിനിഷിങ്ങിലെ മികവാണ് മത്സരം നിർണ്ണയിച്ചത്. അപ്പുറത്ത് മൊറോക്കോ വെറും 4 ഓൺ ടാർഗറ്റ് ഷോട്ടുകൾ മാത്രമായിരുന്നു 90 മിനിറ്റിനുള്ളിൽ കനേഡിയൻ പോസ്റ്റിലേക്ക് തൊടുത്തുവിട്ടത്. എന്നാൽ അതിൽ 3 എണ്ണവും ഗോളുകളായി മാറി! കളിയിൽ മൊറോക്കൻ താരം അസ്ദിൻ ഔനാഹി രണ്ട് ഗോളുകൾ നേടി മത്സരത്തിലെ താരമായി. 2002-ന് ശേഷം ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ഇരട്ടഗോൾ നേടുന്ന ആദ്യ ആഫ്രിക്കൻ താരമായും ഔനാഹി ഇതോടെ മാറി. തുടക്കത്തിൽ കാനഡ ശക്തമായി ആക്രമിച്ചപ്പോൾ മൊറോക്കൻ ഗോൾകീപ്പർ യാസീൻ ബോണോ നടത്തിയ എണ്ണം പറഞ്ഞ സേവുകളാണ് മൊറോക്കോയെ മത്സരത്തിൽ നിലനിർത്തിയത്. പകരക്കാരനായി ഇറങ്ങിയ സുഫിയാൻ റാഹിമി സ്റ്റോപ്പേജ് ടൈമിൽ മൂന്നാം ഗോളും നേടിയതോടെ മൊറോക്കൻ വിജയം പൂർണ്ണമായി.

2022-ൽ ഖത്തർ ലോകകപ്പിൽ മൊറോക്കോ സെമിഫൈനലിലെത്തിയപ്പോൾ യൂറോപ്പ് അതിനെ “ഫെയറി ടെയിൽ” (Fairy tale) എന്ന് വിളിച്ചു. എന്നാൽ 2026-ൽ വീണ്ടും ക്വാർട്ടർ ഫൈനലിലെത്തിയതോടെ അത് യാദൃശ്ചികമല്ലെന്നും ലോകഫുട്ബോളിലെ സ്ഥിരം ശക്തിയായി തങ്ങൾ വളർന്നുവെന്നും ആഫ്രിക്കൻ സംഘം തെളിയിക്കുന്നു. ഈ വിജയത്തോടെ മൊറോക്കോയെ ക്വാർട്ടർ ഫൈനലിൽ കാത്തിരിക്കുന്നത് ഫ്രാൻസാണ്. 2022 ലോകകപ്പ് സെമിഫൈനലിൽ ഫ്രാൻസ് മൊറോക്കോയെ പുറത്താക്കിയിരുന്നു. ഇപ്പോൾ നാല് വർഷത്തിന് ശേഷം മധുരപ്രതികാരത്തിനുള്ള അവസരമാണ് മൊറോക്കോയ്ക്ക് ലഭിക്കുന്നത്. അഷ്റഫ് ഹക്കിമിയും സംഘവും ഫ്രഞ്ച് പടയെ എങ്ങനെ നേരിടുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.

ഫ്രാൻസിന് ഇന്നലെ പരാഗ്വേയായിരുന്നു എതിരാളികൾ. ഫിലാഡൽഫിയയിൽ ഏകദേശം 39°C കടുത്ത ചൂടിലായിരുന്നു മത്സരം. ഈ ലോകകപ്പിലെ ഏറ്റവും കഠിനമായ കാലാവസ്ഥയിൽ നടന്ന മത്സരങ്ങളിലൊന്നായി ഇത് വിലയിരുത്തപ്പെട്ടു. സാങ്കേതിക മികവിനേക്കാൾ ക്ഷമയും ശാരീരിക കരുത്തും പരീക്ഷിച്ച മത്സരം കൂടിയായിരുന്നു ഇത്. മത്സരത്തിലെ ഏക ഗോൾ കിലിയൻ എംബാപ്പെയുടെ പെനാൽറ്റിയിൽ നിന്നായിരുന്നു. ഇത് അയാളുടെ 19-ാമത്തെ ലോകകപ്പ് ഗോളും ഈ ടൂർണമെന്റിലെ ഏഴാം ഗോളുമായിരുന്നു.

പരാഗ്വേ 5-4-1 എന്ന പ്രതിരോധത്തിൽ അധിഷ്ഠിതമായ ഫോർമേഷനിലായിരുന്നു കളി മെനഞ്ഞത്. ഫൗളുകളും ശാരീരിക പോരാട്ടങ്ങളും ഉപയോഗിച്ച് ഫ്രാൻസിന്റെ റിതം തകർക്കാനായിരുന്നു പരാഗ്വൻ പദ്ധതി. മത്സരം പലപ്പോഴും അപകടകരമായ ഫൗളുകളിലേക്കും കയ്യാങ്കാളിയിലേക്കും പോയതും നമ്മൾ കണ്ടു. അവസാന വിസിലിന് ശേഷം എംബാപ്പെ പരാഗ്വൻ ഗോൾകീപ്പർക്ക് മുന്നിൽ ആക്രോശിക്കുന്നതും, പരാഗ്വൻ ഗോൾകീപ്പർ ഹസ്തദാനത്തിനായി കൈനീട്ടിയപ്പോൾ എംബാപ്പെ അയാൾക്ക് കൈകൊടുക്കാതെ പോകുന്നതും കളിയിലെ കടുത്ത ചൂടേറിയ രംഗമായി. “If we have to get our hands dirty, we can do that too” (ഞങ്ങൾക്ക് കൈകൾ അഴുക്കാക്കേണ്ടി വന്നാൽ, ഞങ്ങൾ അതും ചെയ്യും) എന്ന് മത്സരശേഷം എംബാപ്പെ നടത്തിയ പ്രസ്താവനയിൽ എല്ലാം ഉണ്ടായിരുന്നു.

ഫ്രാൻസിന്റെ ഡെസിറെ ദൂവെയെ ഡീഗോ ഗോമസ് വീഴ്ത്തിയതിനെ തുടർന്ന് ആദ്യം റഫറി കളി തുടരാൻ അനുവദിച്ചെങ്കിലും, പിന്നീട് വാർ (VAR) പരിശോധനയ്ക്ക് ശേഷം പെനാൽറ്റി അനുവദിക്കുകയായിരുന്നു. അത് എംബാപ്പെ കൃത്യമായി വലയിലെത്തിച്ചതോടെ മത്സരത്തിലെ ഏക ഗോൾ പിറന്നു. ഫ്രാൻസിന് ക്വാർട്ടർ ടിക്കറ്റും ലഭിച്ചു. പരാഗ്വേ തോറ്റെങ്കിലും അവരുടെ ഗോൾകീപ്പർ ഓർലാൻഡോ ഗിൽ ആണ് കളിയിലെ താരം. സ്റ്റോപ്പേജ് ടൈമിൽ അയാൾ എംബാപ്പെയെ തുടർച്ചയായി രണ്ടുതവണ തടഞ്ഞത് അവിസ്മരണീയ കാഴ്ചയായിരുന്നു. അക്ഷരാർത്ഥത്തിൽ ഈ മത്സരത്തിന്റെ ഹീറോ അയാൾ തന്നെയായിരുന്നു.

1998 ലോകകപ്പിൽ ഫ്രാൻസ് പരാഗ്വേയെ ലോറന്റ് ബ്ലാങ്കിന്റെ ‘ഗോൾഡൻ ഗോൾ’ (Golden Goal) കൊണ്ട് പുറത്താക്കിയിരുന്നു. 28 വർഷങ്ങൾക്ക് ശേഷം വീണ്ടും ലോകകപ്പ് നോക്കൗട്ടിൽ ഏറ്റുമുട്ടിയപ്പോൾ വീണ്ടും ഫ്രാൻസ് ഒരു ഗോളിന് ജയിക്കുന്നു. ചരിത്രം ആവർത്തിക്കുന്നു! ഇനി ക്വാർട്ടറിലെ ആ സുപ്രധാന ഫ്രാൻസ് – മൊറോക്കോ പോരാട്ടത്തിന് ലോകം സാക്ഷിയാകും.