നാല് പതിറ്റാണ്ടിന്റെ ശാപം തീർത്ത് മെക്സിക്കോ; വിശ്വവേദിയിലെ നോക്കൗട്ട് പൂരം

പന്തോളം – ഭാഗം 13

വിശ്വവേദിയിലെ മത്സരങ്ങൾക്ക് ശൗര്യവും ആവേശവും കൂടിക്കൂടി വരികയാണിപ്പോൾ. ഇന്നലെയുമിന്നുമായി മൂന്ന് മത്സരങ്ങൾ നടന്നപ്പോൾ മത്സരഫലങ്ങളെല്ലാം കരുതിയപോലെത്തന്നെയായിരുന്നു! കൃത്യമായ വിലയിരുത്തലുകൾ പലപ്പോഴും ഏറെക്കുറെ ഉറപ്പുള്ളൊരു മത്സരഫലം പ്രവചിക്കാൻ സഹായിക്കാറുണ്ട്, മിക്കപ്പോഴും അത് ശരിയാവാറുമുണ്ട്. അങ്ങനെയൊരു ദിനമായിരുന്നു ഇന്നലെ.

നോർവേയും ഐവറിക്കോസ്റ്റും ഏറ്റുമുട്ടിയ മത്സരത്തിൽ, കളി 1-1 എന്ന നിലയിൽ നിൽക്കുമ്പോഴാണ് 86-ാം മിനിറ്റിൽ എർലിംഗ് ഹാലണ്ട് നോർവേയുടെ വിജയഗോൾ നേടുന്നത്. ആ ഗോളിലൂടെ 1998-ന് ശേഷം ആദ്യമായി നോർവേ ലോകകപ്പിന്റെ ആദ്യ ഘട്ട നോക്കൗട്ട് കടക്കുകയും ചെയ്തു. മത്സരത്തിൽ ആദ്യ ഗോൾ നേടിയത് നോർവേയുടെ 20 കാരനായ വിങ്ങർ അന്തോണിയോ നൂസയായിരുന്നു. ബോക്സിന് പുറത്തുനിന്നെടുത്തൊരു മനോഹരമായ മഴവിൽ ഷോട്ട് വിശ്രമിച്ചത് ഐവറിക്കോസ്റ്റ് വലയിലായിരുന്നു. ഈ ലോകകപ്പിലെത്തന്നെ ഏറ്റവും സുന്ദരമായ ഗോളുകളിൽ ഒന്നായിരുന്നു അത്.

അവസാന വിസിലിന് ശേഷം ഐവറിക്കോസ്റ്റ് കടമ്പ കടന്ന നോർവേ താരങ്ങൾ വൈക്കിങ് ഹെൽമെറ്റ് ധരിച്ച് “വൈക്കിങ് റോ” (Viking Row) സെലിബ്രേഷൻ നടത്തിയത് ചരിത്രം പുതച്ചൊരു കാഴ്ചയായിരുന്നു. ഈ വിജയത്തോടെ റൗണ്ട് ഓഫ് 16-ൽ എത്തിയ നോർവേയുടെ അടുത്ത എതിരാളികൾ ബ്രസീലാണ്. അതായത് ലോകത്തിലെ ഏറ്റവും അപകടകാരിയായ സ്ട്രൈക്കർമാരിലൊരാളായ ഹാലണ്ട്, അഞ്ചുതവണ ലോകചാമ്പ്യന്മാരായ ബ്രസീലിനെതിരെ കളിക്കാനൊരുങ്ങുന്നുവെന്ന്! കാത്തിരിക്കാം നമുക്ക്.

ഫ്രാൻസ് 3-0 ത്തിന് സ്വീഡനെ മറികടന്ന മത്സരമായിരുന്നു അടുത്തത്. ഏഴോ എട്ടോ ഗോൾ ഫ്രാൻസ് നേടേണ്ട ഒരു മത്സരം അവർ 3-0 ത്തിൽ ഫിനിഷ് ചെയ്തു എന്നുവേണം കളിയെ വിലയിരുത്താൻ. കിലിയൻ എംബാപ്പെ ഇരട്ടഗോളുകൾ നേടിയ ഇന്നലെ, ഫ്രഞ്ച് നിര എത്രകണ്ട് അപകടകാരികളാണെന്ന് ലോകം കണ്ട ദിനംകൂടിയായിരുന്നു. ഇന്നലത്തെ ഇരട്ടഗോളുകൾ കൂടിയായപ്പോൾ ലോകകപ്പിൽ ഇതോടെ എംബാപ്പെയുടെ ആകെ ഗോൾനേട്ടം 18 ആയി ഉയർന്നു. ഇനി മുന്നിൽ ലയണൽ മെസ്സി മാത്രം; അതും വെറും ഒരു ഗോൾ മാത്രം അകലത്തിൽ! ഈ ടൂർണമെന്റിൽ മാത്രം ഇതോടെ എംബാപ്പെ 6 ഗോളുകൾ നേടിക്കഴിഞ്ഞു. അവിടെയും ഗോൾഡൻ ബോൾ റേസിൽ മെസ്സിക്കൊപ്പം ഒപ്പത്തിനൊപ്പമുണ്ട് താരം. എംബാപ്പെ – ഡെംബലെ കൂട്ടുകെട്ട് ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ സൃഷ്ടിച്ചത് 6 ഗോളുകളാണ്, ഇതും ഒരു ചരിത്രമാണ്.

ഇതിന്റെയെല്ലാം ക്രെഡിറ്റ് ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാംപ്സിന് തന്നെയാണ്. ഇന്നലെ തന്റെ അമ്മയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത ശേഷം അയാൾ നേരെ ടീമിനൊപ്പം ചേരുകയായിരുന്നു. എംബാപ്പെ തന്റെ ആദ്യ ഗോൾ നേടിയ ഉടൻ നേരെ കോച്ച് ദിദിയർ ദെഷാംപ്സിന് അടുത്തേക്കായിരുന്നു ഓടിയടുത്തത്. പിന്നെയയാളെ ചേർത്തുപിടിച്ചു, പിന്നാലെ ടീം മുഴുവനും കോച്ചിനരികിലേക്ക് എത്തി. തങ്ങളുടെ പ്രിയപ്പെട്ട പരിശീലകനെ ഫ്രഞ്ച് സംഘം ചേർത്തുപിടിച്ച ആ നിമിഷം മത്സരത്തിലെ ഏറ്റവും വികാരഭരിതമായ രംഗങ്ങളിലൊന്നായിരുന്നു. കഴിഞ്ഞ തവണ കൈവിട്ട വിശ്വകിരീടം അവർ തിരിച്ചുപിടിക്കുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.

മെക്സിക്കോയുടെ നാൽപ്പത് വർഷത്തെ ശാപം അവസാനിച്ച മത്സരമായിരുന്നു അടുത്തത്. 1986-ന് ശേഷം ആദ്യമായാണ് മെക്സിക്കോ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ ഒരു മത്സരം ജയിക്കുന്നത്. അന്നുണ്ടായ ആ വിജയം പോലെത്തന്നെ, നാല് പതിറ്റാണ്ടിന് ശേഷമുള്ള ഈ വിജയവും സ്വന്തം നാട്ടിലെ ഇസ്റ്റാഡിയോ ആസ്ടെക (Estadio Azteca) സ്റ്റേഡിയത്തിൽ വെച്ചുതന്നെയായിരുന്നു. ഇടിമിന്നലിനെ തുടർന്ന് മത്സരം ഒരു മണിക്കൂർ വൈകിയാണ് തുടങ്ങിയത്. പിന്നീട് കണ്ടത് 80,000-ത്തിലധികം ആരാധകർ പച്ചക്കടലാക്കി മാറ്റിയ ആസ്ടെക സ്റ്റേഡിയമായിരുന്നു.

മത്സരത്തിൽ മെക്സിക്കോയ്ക്കായി സ്റ്റാർട്ട് ചെയ്ത 17 കാരൻ ഗിൽബർട്ടോ മോറ, ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങുന്ന പെലെയ്ക്ക് ശേഷമുള്ള ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി. മത്സരത്തിൽ ആദ്യ ഗോൾ നേടുന്നത് ജൂലിയൻ ക്വിനോനെസ് ആണ്. രണ്ടാം ഗോളിൽ ക്വിനോനെസ് അസിസ്റ്റും റൗൾ ജിമെനെസ് ഫിനിഷിംഗും നടത്തി. ഇരുവരുടെയും കൂട്ടുകെട്ടാണ് ആദ്യപകുതിയിൽ തന്നെ മത്സരം മെക്സിക്കോയുടെ കൈകളിലെത്തിച്ചത്. പിന്നെയവർ ഗംഭീരമായി മത്സരം 2-0 ത്തിൽ ഫിനിഷ് ചെയ്തു. ഗ്രൂപ്പ് ഘട്ടത്തിലെ 3 മത്സരങ്ങൾ ഉൾപ്പെടെ നാല് മത്സരങ്ങൾ പിന്നിട്ടപ്പോൾ മെക്സിക്കോയ്ക്കുള്ളത് നാല് ക്ലീൻ ഷീറ്റുകളാണ്. ഈ ലോകകപ്പിൽ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങാത്ത അപൂർവ്വം ടീമുകളിൽ ഒന്നായി മെക്സിക്കോ വിശ്വവേദിയിൽ തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ്.

ഗ്രൂപ്പ് ഘട്ടത്തിൽ ജർമ്മനിയെ അട്ടിമറിച്ചെത്തിയ ഇക്വഡോറിന് പക്ഷേ, മെക്സിക്കോയുടെ ഉയർന്ന പ്രസ്സിംഗിനും വേഗതയ്ക്കും മുന്നിൽ താളം കണ്ടെത്താനേ ആയില്ല. കളി തീരും മുൻപേ ഇക്വഡോർ ഡിഫൻഡർ പിയറോ ഹിൻകാപി റെഡ് കാർഡും കണ്ട് പുറത്തുപോയി. സർവ്വത്ര ഒരു മെക്സിക്കൻ അപാരത! അവസാന വിസിലിന് ശേഷം ആസ്ടെക സ്റ്റേഡിയം മുഴുവൻ “എൽ റേ” (El Rey) എന്ന പ്രശസ്ത മെക്സിക്കൻ ഗാനമാലപിച്ചു. നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം നേടിയ നോക്കൗട്ട് ജയത്തിന്റെ വന്യമായ ആഘോഷമായിരുന്നു അത്!

ഷഹ്റാസാദിന്റെ അറബിക്കഥകൾ പോലെ, ആയിരം രാവുകളിലേക്കുള്ള കഥകൾ സമ്മാനിച്ച് വിശ്വവേദിയിലെ വിസ്മയങ്ങൾ തുടരുകയാണ്.