പന്തോളം – ഭാഗം 12
റൗണ്ട് ഓഫ് 32-ൽ ബ്രസീലും ജപ്പാനും നേർക്കുനേർ വന്ന പോരാട്ടം ലോക ഫുട്ബോൾ ആരാധകർക്ക് ലഭിച്ച വമ്പൻ വിരുന്നായിരുന്നു. മത്സരത്തിന്റെ 29-ാം മിനിറ്റിൽ തന്നെ കൈഷു സാനോ നേടിയ ഗോളിലൂടെ ജപ്പാൻ 1-0 ന് മുന്നിലെത്തുന്നുണ്ട്. ഡാനിലോയുടെ പാസ് തടഞ്ഞെടുത്ത ശേഷം നടത്തിയ മനോഹരമായ കൗണ്ടർ അറ്റാക്കിലൂടെയായിരുന്നു ആ ഗോൾ പിറന്നത്. ബ്രസീലിന്റെ പ്രതിരോധത്തിലെ വലിയൊരു പിഴവ് കൂടിയായിരുന്നു ആ ഗോളിലേക്ക് വഴിയൊരുക്കിയത്. ആദ്യപകുതിയിൽ ജപ്പാന്റെ കോട്ട കെട്ടിയ പ്രതിരോധ താരങ്ങളെ മറികടക്കാൻ ബ്രസീലിന് സാധിച്ചതേ ഉണ്ടായിരുന്നില്ല. എന്നാൽ ഇടവേളയ്ക്ക് ശേഷം കാർലോ ആഞ്ചലോട്ടി കൂടുതൽ വീതിയിൽ കളിക്കാനും കൂടുതൽ ക്രോസുകൾ നൽകാനും മഞ്ഞപ്പടയോട് നിർദ്ദേശിച്ചു. അതോടെയാണ് മത്സരത്തിന്റെ ഒഴുക്ക് തന്നെ മാറിയത്.

പിന്നെ കണ്ടത് മത്സരത്തിന്റെ 56-ാം മിനിറ്റിൽ ബ്രസീലിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്ന കാസെമിറോയുടെ തകർപ്പൻ ഹെഡറാണ്. ആദ്യപകുതിയിൽ വരുത്തിയ പിഴവിന് രണ്ടാം പകുതിയിൽ അയാളുടെ പ്രായശ്ചിത്തം! മത്സരം എക്സ്ട്രാ ടൈമിലേക്ക് എന്ന് തോന്നിച്ച നേരം, മാച്ചിന്റെ 95-ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലി ബ്രസീലിന്റെ വിജയഗോൾ നേടിയതോടെ ജപ്പാന്റെ വിശ്വവേദിയിലെ മരണമണി മുഴങ്ങി. 1966-ന് ശേഷം ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ എക്സ്ട്രാ ടൈമിൽ ഒരു ടീം നേടുന്ന ഏറ്റവും വൈകിയ വിജയഗോളായിരുന്നു ബ്രസീലിന്റെ ആ ഗോൾ. ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ പിന്നിൽ നിന്ന ശേഷം ബ്രസീൽ ജയിക്കുന്നത് 2002-ൽ ഇംഗ്ലണ്ടിനെതിരെ നേടിയ 2-1 വിജയത്തിന് ശേഷം ഇതാദ്യമായാണ്.
മറുപുറത്ത് ജപ്പാൻ ലോകകപ്പിൽ പലതവണ നോക്കൗട്ടിലെത്തിയിട്ടുണ്ടെങ്കിലും ഇതുവരെയും ഒരു നോക്കൗട്ട് മത്സരവും അവർക്ക് ജയിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ തോൽവിയോടെ ആ ശാപം തുടരുന്നു, ജപ്പാനീസ് കാത്തിരിപ്പും! ജപ്പാൻ 94-ാം മിനിറ്റ് വരെ അക്ഷരാർത്ഥത്തിൽ ചരിത്രമെഴുതുകയായിരുന്നു. പക്ഷേ 95-ാം മിനിറ്റിൽ നിമിഷാർദ്ധം കൊണ്ട് മാർട്ടിനെല്ലി ആ ചരിത്രമപ്പാടെ മാറ്റിയെഴുതി. 1966-ന് ശേഷമുള്ള ഏറ്റവും വൈകിയ ലോകകപ്പ് നോക്കൗട്ട് വിജയഗോളിലൂടെ ബ്രസീൽ ഒരു കാര്യം വീണ്ടും തെളിയിച്ചു; തങ്ങളെ അവസാന വിസിൽ മുഴങ്ങും വരെ ആർക്കും എഴുതിത്തള്ളാനാവില്ല എന്ന യാഥാർത്ഥ്യം. ഡോൺ കാർലോയുടെ മഞ്ഞക്കുപ്പായക്കാർ ഇത്തവണ വിശ്വകിരീടമണിയുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.

ലോകകപ്പിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ അട്ടിമറിക്കാണ് ജർമ്മനി – പരാഗ്വേ മത്സരം വേദിയായത്. സ്ട്രെയിറ്റ് ഫോർവേഡ് ആയി പറയാം; നാല് തവണ ലോകചാമ്പ്യൻമാരായ ജർമ്മനിയെ പരാഗ്വേ പെനാൽറ്റി ഷൂട്ടൗട്ടിൽ പുറത്താക്കി! ലോകകപ്പ് ചരിത്രത്തിൽ ജർമ്മനി ഇതിന് മുമ്പ് ഒരിക്കലും ഒരു പെനാൽറ്റി ഷൂട്ടൗട്ട് തോറ്റിരുന്നില്ല. ആ ചരിത്രമാണ് ഇന്ന് പരാഗ്വേ അവസാനിപ്പിച്ചത്. പരാഗ്വേയാണെങ്കിൽ അവരുടെ ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് വിശ്വവേദിയിൽ ഒരു നോക്കൗട്ട് മത്സരം ജയിക്കുന്നത്. അതും കരുത്തരായ ജർമ്മനിയോട്. പരാഗ്വേയിൽ ഇന്ന് ഈ ഐതിഹാസിക വിജയത്തിന്റെ ഭാഗമായി പൊതു അവധി കൂടിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മത്സരത്തിൽ ഹൂലിയോ എൻകിസോ നേടിയ ആ ഗോൾ പരാഗ്വേയുടെ ലോകകപ്പ് നോക്കൗട്ട് ചരിത്രത്തിലെ ആദ്യ ഗോൾ ആയിരുന്നു. ജർമ്മനിയുടെ കൈ ഹാവെർട്സ് പിന്നീട് ഹെഡറിലൂടെ സമനില നേടി. പിന്നീട് എക്സ്ട്രാ ടൈമിൽ ജർമ്മനിക്കൊരു ഗോൾ പിറക്കുന്നുണ്ട്, ജോനാഥൻ ടാ നേടിയെന്ന് കരുതിയ ഗോൾ പിന്നീട് വാർ (VAR) പരിശോധിച്ച് റദ്ദാക്കുകയായിരുന്നു. ആ ഗോൾ നിലനിന്നിരുന്നെങ്കിൽ ജർമ്മനി അടുത്ത ഘട്ടത്തിലേക്ക് എത്തുമായിരുന്നു. വിധി പക്ഷേ ജർമ്മനിക്കെതിരായിരുന്നു. മത്സരം അധിക സമയവും കടന്ന് ഷൂട്ടൗട്ടിലേക്ക് എത്തിയപ്പോൾ ജർമ്മനിയുടെ കൈ ഹാവെർട്സ്, നിക്ക് വോൾട്ടമേഡ്, ജോനാഥൻ ടാ എന്നിവർ പെനാൽറ്റി നഷ്ടപ്പെടുത്തി. പരാഗ്വേയാവട്ടെ ഹൊസെ കനാലെയിലൂടെ വിജയഗോൾ കണ്ടെത്തി റൗണ്ട് ഓഫ് 16-ൽ എത്തുകയും ചെയ്തു. ഈ പരാഗ്വൻ വിജയഗാഥയിൽ വിസ്മരിച്ചുകൂടാനാവാത്ത ഒരു പേരുണ്ട്, അത് പരാഗ്വേ ഗോൾകീപ്പർ ഓർലാൻഡോ ഗില്ലിന്റേതാണ്. നിർണായക സേവുകളും ഷൂട്ടൗട്ടിലെ സമ്മർദ്ദവും അതിജീവിച്ച് അയാളായിരുന്നു ഇന്ന് തന്റെ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. അവിടുത്തെ ബോസ്റ്റണിലെ ഈ രാത്രിയിലെ യഥാർത്ഥ ഹീറോ അയാൾ മാത്രമായിരുന്നു! 2018, 2022 ലോകകപ്പുകളിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ജർമ്മനി ഇത്തവണ റൗണ്ട് ഓഫ് 32-ൽ പുറത്താകുന്നു. നഗൽസ്മാനും സംഘത്തിനും ഇനി കാത്തിരിപ്പിന്റെ നാല് വർഷങ്ങൾ കൂടി ബാക്കി.

ഇന്ന് നടന്ന മറ്റൊരു സൂപ്പർ ത്രില്ലറായിരുന്നു മൊറോക്കോ – നെതർലാൻഡ്സ് മത്സരം. 2022 ലോകകപ്പിൽ സെമിഫൈനലിൽ എത്തി ചരിത്രം രചിച്ച മൊറോക്കോ, 2026-ലും തങ്ങളെ കരുതിയിരിക്കണം എന്ന് സിഗ്നൽ തന്ന മത്സരം. ഇത്തവണ നോക്കൗട്ട് ഘട്ടത്തിൽ യൂറോപ്യൻ വമ്പൻമാരായ നെതർലാൻഡ്സിനെ പുറത്താക്കിയാണ് ആഫ്രിക്കൻ ഫുട്ബോളിന്റെ കരുത്ത് അവർ വീണ്ടും തെളിയിച്ചത്. മാച്ചിന്റെ 72-ാം മിനിറ്റിൽ കോഡി ഗാക്പോയുടെ ഗോളിൽ നെതർലാൻഡ്സ് മുന്നിലെത്തുന്നുണ്ട്. എന്നാൽ 90+ സ്റ്റോപ്പേജ് ടൈമിൽ ഇസ്സ ഡിയോപ്പിന്റെ ആ ഗോൾഡൻ ഹെഡർ മൊറോക്കോയെ രക്ഷിക്കുന്നു. ആ ഗോൾ മത്സരം എക്സ്ട്രാ ടൈമിലേക്കും പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിലേക്കും എത്തിച്ചു.

അവിടെ ആ ക്രോസ് ബാറിന് കീഴെ യാസീൻ ബോണോ വീണ്ടും അവതരിച്ചു. താരങ്ങൾ മത്സരിച്ച് പെനാൽറ്റി പാഴാക്കിയ ഷൂട്ടൗട്ടിൽ നെതർലാൻഡ്സിന്റെ ക്രിസെൻസിയോ സമ്മർവില്ലെയുടെ നിർണ്ണായക പെനാൽറ്റി സേവ് ചെയ്ത് അയാൾ മൊറോക്കോയ്ക്ക് വിജയം സമ്മാനിച്ചു. അതിന് തൊട്ടുമുൻപ് വിജയമുറപ്പിക്കാനുള്ള പെനാൽറ്റി അഷ്റഫ് ഹക്കിമി പോസ്റ്റിലേക്ക് അടിച്ച് നഷ്ടപ്പെടുത്തുന്നുണ്ട്. സാധാരണ അത്തരം നിമിഷങ്ങൾ ടീമുകളുടെ കണ്ണീരിലാണ് കലാശിക്കാറ്, പക്ഷേ ബോണോയുടെ ആ സേവിന് ശേഷം അടുത്ത കിക്കിൽ ഇസ്മായിൽ സൈബാരി വിജയഗോൾ നേടി മൊറോക്കോയെ റൗണ്ട് ഓഫ് 16-ലേക്ക് എത്തിക്കുന്നതാണ് നമ്മൾ കണ്ടത്.
നെതർലാൻഡ്സ് സ്ട്രൈക്കർ ഗാക്പോ തന്റെ കുടുംബത്തിലെ വ്യക്തിപരമായ ദുഃഖത്തിനിടയിലായിരുന്നു ഈ മത്സരം കളിച്ചത്. അയാൾ അത്രമേൽ ഹൃദയം മുറിഞ്ഞിരിക്കുന്നതിന്റെ ആഴം ആ ഗോൾ നേടിയ ശേഷമുള്ള ഭാവങ്ങളിൽ നമ്മൾ കണ്ടു. അയാൾ നേടിയ ഗോൾ ഏറെ വൈകും വരെ വിജയഗോളാകുമെന്ന് തോന്നിയെങ്കിലും അവസാന ലാപ്പിൽ മൊറോക്കോ ശക്തമായി തിരിച്ചുവന്നു. ഈ വിജയത്തോടെ മൊറോക്കോ റൗണ്ട് ഓഫ് 16-ൽ സഹആതിഥേയരായ കാനഡയെ നേരിടും.

കാൽപ്പന്തിന്റെ ഈ വിശ്വവേദി കരുതിവെച്ച അത്ഭുതങ്ങളും അതിശയ മുഹൂർത്തങ്ങളും ഇനിയും ബാക്കിയാണ്. കാത്തിരിക്കാം.