നെയ്മർ ഇഫക്ടിൽ ബ്രസീൽ ഗ്രൂപ്പ് ജേതാക്കൾ; ജർമ്മനിയെ വീഴ്ത്തി ഇക്വഡോറിന്റെ പോരാട്ടവീര്യം!

പന്തോളം – ഭാഗം 10

വിശ്വവേദിയിൽ ഗ്രൂപ്പ് മത്സരങ്ങൾ അവസാന ഘട്ടത്തിലെത്തുമ്പോൾ ജയപരാജയങ്ങൾ ഫൈനൽ ലാപ്പിൽ ടീമുകളുടെ നിലനിൽപ്പിനെ സെക്കൻഡുകൾ വെച്ച് മാറ്റിമറിക്കുന്നു.

ഗ്രൂപ്പ് ബിയിൽ ബോസ്നിയ 3-1 ന് ഖത്തറിനെയും, സ്വിറ്റ്സർലാൻഡ് 2-1 ന് കാനഡയെയും പരാജയപ്പെടുത്തിയപ്പോൾ രണ്ട് വിജയങ്ങളുമായി സ്വിസ് സംഘം ഗ്രൂപ്പ് ജേതാക്കളായും കാനഡ രണ്ടാമതും ഫിനിഷ് ചെയ്തു.

ഗ്രൂപ്പ് സിയിൽ വീണ്ടുമൊരു മൊറോക്കൻ കൊടുങ്കാറ്റാണ് നമ്മൾ കണ്ടത്. അതിലവർ 4-2 ന് ഹെയ്തിയെ കടപുഴക്കി. മറ്റൊരു മത്സരത്തിൽ ബ്രസീൽ 3-0 മാർജിനിൽ സ്കോട്ട്ലാൻഡിനെ തോൽപ്പിച്ചു. നെയ്മർ വർഷങ്ങൾക്കിപ്പുറം ബ്രസീലിനായി കളത്തിലിറങ്ങിയ മാച്ച്, അക്ഷരാർത്ഥത്തിൽ ബ്രസീലിയൻ സർവ്വാധിപത്യം കണ്ട മത്സരമായിരുന്നു. മത്സരത്തിൽ വിനീഷ്യസിന്റെ കാലിൽ ആ പഴയ ബ്രസീലിയൻ ജോഗോ ബോണിറ്റയും നമ്മൾ കണ്ടു. എന്തുതന്നെയായാലും ഒരു കാര്യം ഉറപ്പാണ്; വിമർശകർ എന്തൊക്കെ പറഞ്ഞാലും ഡോൺ കാർലോയുടെ ഈ മഞ്ഞപ്പട തിരിച്ചുവരവിന്റെ പാതയിലാണ്. മാത്രമല്ല, അവർക്ക് അവരുടെ സുൽത്താനെയും തിരികെ കിട്ടിയിട്ടുണ്ട്. വരും മത്സരങ്ങളിൽ എതിരാളികൾ ഈ കാനറിസംഘത്തെ ഭയന്നേ മതിയാവൂ. ഗ്രൂപ്പ് സിയിൽ ഇതോടെ ഗോൾ മാർജിനിൽ ബ്രസീൽ ഒന്നാമതും മൊറോക്കോ രണ്ടാമതുമെത്തി.

ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ഒച്ചാവയുടെ മെക്സിക്കോ ഇത്തവണ വിശ്വവേദിയിൽ ഒരു ഗോൾ പോലും വഴങ്ങാതെ തങ്ങളുടെ തുടർച്ചയായ മൂന്നാം ജയവും സ്വന്തമാക്കി. ഇത്തവണ ചെക്ക് റിപ്പബ്ലിക്കിനെയാണ് 3-0 എന്ന മാർജിനിൽ മെക്സിക്കൻ തിരമാലകൾ വിഴുങ്ങിയത്. മറ്റൊരു മത്സരത്തിൽ സൗത്ത് ആഫ്രിക്ക എതിരില്ലാത്ത ഒരു ഗോളിന് ദക്ഷിണ കൊറിയയെയും കീഴടക്കി. ഇതോടെ ഗ്രൂപ്പ് എയിൽ മെക്സിക്കോ ഒൻപത് പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി. ഗ്രൂപ്പിൽ രണ്ടാമത് സൗത്ത് ആഫ്രിക്കയാണ്.

ഗ്രൂപ്പ് ഇയിൽ ഐവറിക്കോസ്റ്റ് കുറകാവോയെയും ഇക്വഡോർ ജർമ്മനിയെയും തോൽപ്പിച്ചു. ഇക്വഡോറിന്റെ പോരാട്ടവീര്യത്തിന് മുന്നിൽ ജർമ്മൻ സംഘം അപ്പാടെ നിഷ്പ്രഭമായി പോകുന്നതാണ് കണ്ടത്. എന്തൊരു മത്സരമായിരുന്നു അത്! മുൻ ലോക ചാമ്പ്യന്മാരെ ഇക്വഡോർ നാമാവശേഷമാക്കി എന്ന് തന്നെ വേണം പറയാൻ. ജർമ്മൻ താരങ്ങൾ മത്സരിച്ച് പിഴവുകൾ വരുത്തിയ ദിനംകൂടിയായിരുന്നു ഇന്നലെ. മറുവശത്ത് ഇക്വഡോറിന്റെ ഏറ്റവും മികച്ച കളി കണ്ട ദിനവും. ഈ മത്സരം അടിവരയിടുന്നത് ഒറ്റ കാര്യത്തിനാണ്—ആരെയും വിലകുറച്ചു കാണരുത് എന്ന കാൽപ്പന്തിന്റെ ഗോൾഡൻ പ്രിൻസിപ്പിളിനെ! ഗ്രൂപ്പിൽ രണ്ട് ജയമുള്ള ജർമ്മനി തന്നെയാണ് മുന്നിൽ, രണ്ടാമത് ഐവറിക്കോസ്റ്റും. പക്ഷേ മികച്ച മൂന്നാം സ്ഥാനക്കാർക്ക് കൂടെ അടുത്ത ഘട്ടം കാണാൻ അവസരമുള്ളതുകൊണ്ട്, ഗ്രൂപ്പിലെ തങ്ങളുടെ ഏക ജയത്തോടെ ഇക്വഡോർ പ്രതീക്ഷകൾ സജീവമാക്കി.

ഗ്രൂപ്പ് എഫിൽ ജപ്പാനും സ്വീഡനും 1-1 ന്റെ സമനിലയിൽ പിരിഞ്ഞു. നെതർലാൻഡ്സ് 3-1 ന് ടുണീഷ്യയെ പരാജയപ്പെടുത്തുകയും ചെയ്തു. ഇതോടെ നെതർലാൻഡ്സ് ഒന്നാമതെത്തിയ ഗ്രൂപ്പിൽ ജപ്പാൻ പരാജയങ്ങൾ ഒന്നുമില്ലാതെ രണ്ടാമത് ഫിനിഷ് ചെയ്തു.

ഗ്രൂപ്പ് ഡിയിൽ പരാഗ്വേയും ഓസ്ട്രേലിയയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞപ്പോൾ തുർക്കി 3-2 ന് യുഎസ്എയെ അട്ടിമറിച്ചു. ഈ ടൂർണമെന്റിൽ അത് അങ്ങനെത്തന്നെ വേണം പറയാൻ. കാരണം യുഎസ്എ മിന്നും ഫോമിലായിരുന്നു. തുർക്കിയാണെങ്കിൽ അവരുടെ സമീപകാലത്തെ ഏറ്റവും മോശം പ്രകടനവുമായിരുന്നു കാഴ്ചവെച്ചത്. പക്ഷേ അവർ ഗ്രൂപ്പ് ജേതാക്കളായ അമേരിക്കയെ അടിയറവ് പറയിപ്പിച്ചു. തുർക്കി വിശ്വവേദിയിൽ നിന്ന് പുറത്തായെങ്കിലും, ഈ ജയം മാത്രം മതിയാകും അവർക്ക് ഈ ലോകകപ്പിനെ ഓർക്കാൻ! ഗ്രൂപ്പിൽ ആറ് പോയിന്റുള്ള യുഎസ്എ ഒന്നാമതുള്ളപ്പോൾ നാല് പോയിന്റ് വീതമുള്ള ഓസ്ട്രേലിയയും പരാഗ്വേയും ഗോൾ മാർജിനിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണ്.