പന്തോളം – ഭാഗം 1
ഓർമ്മകളുടെ പുലർക്കാലങ്ങളിലും ഇരവിലും സായഹ്നങ്ങളിലും കാൽപ്പന്താരവത്തിന്റെ ഗരിമ കാതിൽ മുഴങ്ങുന്ന നാളുകൾ… നാലുവർഷത്തിനിപ്പുറം ആ വിശ്വവേദി വീണ്ടും വിരുന്നുവന്നിരിക്കുന്നു.
കാൽപ്പന്തിന്റെ മഹാമേളയിൽ കുറച്ചു ദിവസങ്ങൾ പിന്നിടുമ്പോൾ തന്നെ കൗതുകമുണർത്തുന്ന കാഴ്ചകളാണ് മൈതാനത്ത്. 2014 ലോകകപ്പിലേറ്റ ജർമ്മൻ ദുർഭൂതം വിട്ടൊഴിയാത്ത, പരിക്കേറ്റ നെയ്മറില്ലാതെ ഇറങ്ങിയ ബ്രസീൽ; നെതർലാൻഡ്സിനെ രണ്ടേ രണ്ടിന്റെ സമനിലയിൽ തളച്ചിട്ട ജപ്പാനീസ് പോരാട്ടവീര്യം; ചരിത്രത്തിലാദ്യമായി ലോകകപ്പ് കളിക്കുന്ന കുറകാവോ (Curaçao) എന്ന ഇത്തിരിക്കുഞ്ഞന്മാരെ അപ്പാടെ വിഴുങ്ങിയ ജർമ്മൻ ബറ്റാലിയൻ; വമ്പൻ വിജയവുമായി കരുത്തറിയിച്ച സ്വീഡൻ… അങ്ങനെ ടീമുകളെല്ലാം ആദ്യ മത്സരങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. കഴിഞ്ഞദിവസം ഈ കാൽപ്പന്തുത്സവത്തിന്റെ ഹോട്ട് ഫേവറിറ്റുകളായ സ്പെയിൻ കൂടെ ആദ്യ മത്സരത്തിനായി ബൂട്ട് കെട്ടിയതോടെ പോരാട്ടങ്ങൾ കൂടുതൽ ചൂടുപിടിക്കുകയാണ്.

ഇവിടെനിന്നങ്ങോട്ട് നമ്മൾ ‘കാൽപ്പന്തിന്റെ അമേരിക്കൻ ഡയറി’ എഴുതിത്തുടങ്ങുകയാണ്. കാലം മറക്കാൻ തുടങ്ങിയ ജോഗോ ബോണിറ്റയും ടിക്കി ടാക്കയും ടോട്ടൽ ഫുട്ബോളുമൊക്കെ ഈ വിശ്വവേദിയിലേക്ക് വീര്യത്തോടെ മടങ്ങിവരുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.
വായനക്കാരുടെ ഓർമ്മപുസ്തകത്തിലേക്ക് ഇതാ ഒരു “പന്തോളം” കൂടെ!