പഹൽഗാം; സുരക്ഷാ വീഴ്‌ചകൾ മറച്ചു വെക്കുന്നതിനു പിന്നിലെ രാഷ്‌ട്രീയം

428
1

കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ നിരപരാധികളായ നിരവധിയാളുകളാണ് ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നത്. യാതൊരു വിട്ടുവീഴ്‌ചയും നൽകാനാവാത്ത വിധമുള്ള ക്രൂരത. പിന്നിലുള്ള ശക്തികൾ ആരായാലും ഉടനടി കണ്ടെത്തുകയും ശക്തമായ ശിക്ഷ ഉറപ്പാക്കുകയും ചെയ്യേണ്ടത്‌ മരണപ്പെട്ടവരോടും അവരുടെ കുടുംബഗങ്ങളോടുമുള്ള രാജ്യത്തിന്റെ ബാധ്യതയാണ്‌. എന്നാൽ ഇങ്ങനെയൊരു അക്രമസംഭവം രാജ്യത്ത് നടന്നപ്പോൾ ഉത്തരവാദിത്തപ്പെട്ട ആളുകൾ ഈ സംഭവത്തിന്റെ യാഥാർഥ്യം വെളിച്ചത്തുകൊണ്ടുവരുന്നതിന് പകരം ഇതിലുണ്ടായ തങ്ങളുടെ വീഴ്ചകൾ മറച്ചു വയ്ക്കാൻ വേണ്ടി വൈകാരിക പ്രസ്താവനകൾ നടത്തുകയും സംഘ്പരിവാർ വൃത്തങ്ങൾ ഇതിനെ വർഗ്ഗീയപരമായ വേർതിരിവിനുള്ള വീണുകിട്ടിയ അവസരമായി കാണുകയും ചെയ്യുന്ന തരം താണ പ്രവൃത്തിയാണ് നാം കാണുന്നത്.

ഇത്രയും തന്ത്രപ്രധാനമായ ഒരു സ്ഥലത്ത് ഇത്രയും വലിയ വീഴ്ചയുണ്ടായിട്ടും കേന്ദ്രത്തെ ചോദ്യം ചെയ്യേണ്ട പ്രതിപക്ഷം പോലും തങ്ങളുടെ ദൗത്യം മറന്നുപോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്രയും സൈനിക സുരക്ഷയുള്ള മേഖലയിൽ എങ്ങനെയാണ് സുരക്ഷാ വീഴ്ചയുണ്ടായത്? കാശ്മീരിൽ ഇപ്പോൾ ഒരു വിനോദ സഞ്ചാര സീസൺ എന്ന നിലയിൽ എന്ത് സുരക്ഷാ മുന്നൊരുക്കങ്ങളാണ് സർക്കാർ നടത്തിയിട്ടുള്ളത്? ഭീകരരുടെ നീക്കങ്ങൾ മനസ്സിലാക്കുന്നതിൽ നമ്മുടെ ഇന്റലിജൻസ് സംവിധാനങ്ങൾ പരാജയപ്പെട്ടുവോ? ടൂറിസം മുഖ്യവരുമാന മാർഗ്ഗമായ കശ്മീരിന്റെ സമ്പദ് വ്യവസ്ഥ ഇവ്വിധം തകരുന്നതിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും? ഇതിന്റെ പേരിൽ കശ്മീർ ജനത അനുഭവിക്കുന്ന ടാർഗറ്റഡ് ക്യാമ്പയിനുകളെ എങ്ങനെ നേരിടും? ഈ ചോദ്യങ്ങൾക്കൊന്നും സർക്കാർ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. എന്നാൽ ഈ വിഷയത്തിൽ പ്രതിസ്ഥാനത്ത് മുസ്‌ലിം വിഭാഗത്തെ അവരോധിക്കാനുള്ള ക്യാമ്പയിനുകളുടെ പിന്നാലെയാണ് ബന്ധപ്പെട്ടവരുടെ ശ്രദ്ധ മുഴുവനുമെന്ന് പറയാതെ വയ്യ.

തങ്ങളുടെ അധികാര ചെങ്കോൽ ഭദ്രമാക്കുന്നതിന് വേണ്ടി എന്നും സംഘ്പരിവാർ ചെയ്യാറുള്ളത് പോലെത്തന്നെ ഈ സംഭവത്തിലും പരമാവധി ഇസ്ലാം ഭീതി പരത്തുവാൻ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുകയാണവർ. ഇത് മുസ്‌ലിം സമൂഹത്തിനെതിരായുള്ള ഒരു മനഃശാസത്ര യുദ്ധമാണ്. മുസ്‌ലിം സമൂഹത്തിന്റെ ആത്മധൈര്യം കെടുത്തുകയും, തങ്ങളുടെ വീഴ്ചകൾ വർഗീയതയുടെ പുകമറയിൽ ഒളിച്ചുകടത്താനും കച്ചകെട്ടിയിറങ്ങുമ്പോൾ അപകർഷബോധത്തിന് കീഴ്പ്പെട്ടുപോകാതിരിക്കാൻ മുസ്‌ലിം സമൂഹം പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

One thought on “പഹൽഗാം; സുരക്ഷാ വീഴ്‌ചകൾ മറച്ചു വെക്കുന്നതിനു പിന്നിലെ രാഷ്‌ട്രീയം

  1. Correct 👍