പടരൽ

153

മണ്ണിൽ
വേരു പടരുന്നതെങ്ങനെയെന്നു
കുട്ടികളോട് വിശദീകരിച്ചതിനു
ശേഷം നീ
ബോർഡിലെ
ചിത്രങ്ങൾ മായ്ച്ചുകളഞ്ഞു.

നിനക്കതിനെപ്പറ്റി
നല്ല തിട്ടമുണ്ടായിരുന്നു.

ഒരുമിച്ചു നടന്ന വഴികളെ,
തൊട്ടു തൊട്ടിരുന്ന
ഓർമ്മകളെ,
ഞാൻ സ്നേഹത്തിൻ്റെ വിത്തുകളിൽ
സൂക്ഷിച്ചു വെച്ചിട്ടുണ്ട്.

അതെങ്ങനെ
മുളച്ചുപൊന്തുന്നുവെന്ന്
നീയറിയുന്നുണ്ടോ..?

ഹൃദയത്തിലേക്ക്
വേരുപടരുന്നതിനെപ്പറ്റി
എനിക്കിപ്പോൾ
നല്ല തിട്ടമുണ്ട്.