പഠന-മനന ലക്ഷ്യം എന്താകണം ?

131
0

മനുഷ്യൻ്റെ പഠന-മനന ലക്ഷ്യം എന്താകണം എന്നതിൻ്റെ കൃത്യവും വ്യക്തവുമായ ഉത്തരവും വിശകലനവുമാണ് അന്തിമ വേദ ഗ്രന്ഥത്തിലെ ആദ്യ അഞ്ച് വചനങ്ങൾ.
അതിപ്രകാരം :
നീ വായിക്കുക, സൃഷ്ടിച്ച നിൻ്റെ നാഥൻ്റെ നാമത്തിൽ .
മനുഷ്യനെ അവൻ ഒട്ടിപ്പിടിക്കുന്ന ഭ്രൂണത്തിൽ നിന്ന് സൃഷ്ടിച്ചു.
നീ വായിക്കുക, നിൻ്റെ നാഥൻ ഏറെ ഉദാരനാകുന്നു.
പേന കൊണ്ട് പഠിപ്പിച്ചവൻ.
മനുഷ്യന് അറിയാത്തത് അവൻ പഠിപ്പിച്ചിരിക്കുന്നു.
(അൽ അലഖ് 1-5)

അൽ അലഖ് എന്നാണ് 19 ആയത്തുകളുള്ള ഈ സൂറത്തിൻ്റെ നാമം . ഒട്ടിപ്പിടിക്കുന്ന ഭ്രൂണം അഥവാ ഗർഭപിണ്ഡം എന്നാണിതിൻ്റെ അർഥം. പുരുഷ ബീജം സ്ത്രീയുടെ ഗർഭാശയത്തിലെത്തി അണ്ഡവുമായി സന്ധിച്ച് ബീജസങ്കലനം നടന്ന ഗർഭാവസ്ഥയുടെ, അഥവാ ഗർഭസ്ഥ ശിശുവിൻ്റെ ആദ്യ രൂപമാണിത്.ഭ്രൂണ ശാസ്ത്രത്തിൻ്റെ ബാലപാഠം പോലും ലോകത്തിനറിയാതിരുന്ന ഒരു കാലത്താണ് ഈ വേദവചന പ്രഘോഷണം എന്ന് നാമോർക്കണം. എങ്കിൽ ഇത് ദൈ വചനമല്ലാതെ മറ്റൊന്നുമല്ല എന്ന ബോധ്യമാണ് മോറിസ് ബുക്കായ എന്ന ആധുനിക ശാസ്ത്രജ്ഞനെ ഇസ്ലാം സ്വീകരിക്കാൻ പ്രേരിപ്പിച്ചത് എന്നും നാമറിയണം.

അന്തിമവേദ ഗ്രന്ഥമായ വിശുദ്ധ ഖുർആനിലെ ആദ്യ അഞ്ച് വചനങ്ങളിൽ അഞ്ച് കാര്യങ്ങൾ പറയുന്നുണ്ട്.
1) മനുഷ്യ സൃഷ്ടിപ്പിൻ്റെ അത്യത്ഭുതകരമായ ആദ്യ ഘട്ടവിവരണം.
2) ആ സൃഷ്ടികർമം നിർവഹിക്കുന്ന സൃഷടാവിനെ പറ്റിയുള്ള വിവരണം.
3) വായനയും പഠനവും പേനയുടെ ഉപയോഗവും മനുഷ്യൻ്റെ അനിവാര്യതയും പ്രത്യേകതയുമാണെന്ന ഓർമപ്പെടുത്തൽ.
5) പഠന- മനനങ്ങളുടെ ആത്യന്തിക ലക്ഷ്യം പ്രപഞ്ചനാഥനെ അറിയലാണെന്ന ഓർമപ്പെടുത്തൽ.
5) പ്രപഞ്ചനാഥനായ അല്ലാഹു കാരുണ്യവാനാണ് അഥവാ അത്യുദാരനാണ് എന്ന വിളംബരം.
ഈ സൂറത്തിലെ 6 മുതൽ 19 വരെ ആയത്തുകളിൽ ഇസ്ലാമിൻ്റെ ആദ്യ കാലത്ത് അബൂജഹലിനെപ്പോലുള്ള ഇസ്ലാം വിരോധികളുടെ അഹങ്കാരത്തെയും അതിക്രമത്തെയും സൂചിപ്പിക്കുന്നു. അത്തരം അബൂ ജഹ് ല് മാരെയൊന്നും വിശ്വാസികൾ ഗൗനിക്കേണ്ടതില്ല എന്നും അവർക്ക് ഒടുവിൽ നാശമാണുണ്ടാവുക എന്നും സൂചിപ്പിച്ചു കൊണ്ട് ഈ സൂറത്ത് അവസാനിക്കുന്നു.

വെളിച്ചം :
വിശ്വാസി ‘പരന്ന വായനക്കാര’നായിരിക്കും. അത് പക്ഷെ രണ്ട് ചട്ടകൾക്കിടയിലുള്ള പുസ്തക വായന മാത്രമല്ല. കണ്ണും കാതും മനസ്സും തുറന്ന് വെച്ച് പ്രവിശാലമായ ഈ പ്രപഞ്ചത്തെ വായിക്കൽ കൂടിയാണത്. അത്തരമൊരു സുതാര്യ വായന ഏതൊരു മനുഷ്യനെയും സർവേശ്വരനെ കണ്ടെത്തുന്നതിലേക്ക് നയിക്കുക തന്നെ ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *