വിദേശത്ത് പഠിക്കാൻ ഓവർസീസ് സ്കോളർഷിപ്പ്

495
0

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ മെഡിക്കൽ/ എഞ്ചിനീയറിംഗ്/ പ്യൂവർ സയൻസ്/ അഗ്രികൾച്ചർ/ സോഷ്യൽ സയൻസ്/ നിയമം/ മാനേജ്‌മൻ്റ് എന്നീ വിഷയങ്ങളിൽ ഉപരിപഠനം (PG / Ph.D) നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന സ്കോളർഷിപ്പാണ് ഓവർസീസ് സ്കോളർഷിപ്പ്. www.egrantz.kerala.gov.in എന്ന സ്കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷകര്‍ സംസ്ഥാനത്തെ ഒ.ബി.സി പട്ടികയില്‍ പെട്ട സമുദായാംഗങ്ങളായിരിക്കണം. കുടുംബ വാർഷിക വരുമാനം 6 ലക്ഷം കവിയരുത്. അപേക്ഷകരുടെ പരമാവധി പ്രായം 40 വയസ്സാണ്. പരമാവധി 10 ലക്ഷം രൂപയാണ് സ്കോളർഷിപ്പായി ലഭിക്കുക.

ടൈംസ് ഹയർ എഡ്യൂക്കേഷൻ (THE) ലോക റാങ്കിങ് പ്രകാരമുള്ള ആദ്യ 600 യൂണിവേഴ്സിറ്റികളിൽ ഏതെങ്കിലും ഒന്നിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്കു മാത്രമേ സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കൂ. യൂണിവേഴ്സിറ്റികളുടെ ലിസ്റ്റ് www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.

60% മാർക്കിൽ കുറയാതെ അല്ലെങ്കിൽ സമാന ഗ്രേഡിൽ ബിരുദം നേടിയവരായിരിക്കണം. ബിരുദം നേടിയിട്ടുള്ള വിഷയത്തിലോ ആയതുമായി ബന്ധപ്പെട്ട വിഷയത്തിലോ ഉപരിപഠനം നടത്തുന്നവരെ മാത്രമാണ് സ്കോളർഷിപ്പിന് പരിഗണിക്കുന്നത്. Ph.D കോഴ്‌സിന് അപേക്ഷിക്കുന്നവർക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.

ബിരുദം/പിജി പൂർത്തീകരിച്ചതിന്റെ കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ് അപേക്ഷയോടൊപ്പം Upload ചെയ്യേണ്ടതാണ്. പ്രസ്തുത മാർക്ക് ലിസ്റ്റിൽ മാർക്കിന്റെ ശതമാനം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ നിന്നുമുള്ള ശതമാനം രേഖപ്പെടുത്തിയ സാക്ഷ്യപത്രം കൂടി Upload ചെയ്യേണ്ടതാണ്.

സ്കോളർഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ടവർ അത് അറിയിച്ചുകൊണ്ടുള്ള കത്തിന്റെ തീയതി മുതൽ ഒരു വർഷ കാലാവധിക്കുള്ളിൽ പ്രസ്തുത സ്ഥാപനത്തിൽ അഡ്മിഷൻ നേടി പഠനം ആരംഭിച്ചിരിക്കണം. അല്ലാത്തപക്ഷം സ്കോളർഷിപ്പ് റദ്ദ് ചെയ്യുന്നതാണ്. ആയതുമായി ബന്ധപ്പെട്ട് പിന്നീട് ലഭ്യമാകുന്ന അപേക്ഷകൾ യാതൊരു വിധത്തിലും പരിഗണിക്കുന്നതല്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ-ഗ്രാന്റ്സ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനം പരിശോധിക്കുക. വെബ്സൈറ്റ്: www.egrantz.kerala.gov.in

Leave a Reply

Your email address will not be published. Required fields are marked *