ഒരു പാലിയേറ്റീവ് വളണ്ടിയറുടെ ആദ്യ ദിനം

335
0

ജനുവരി 15… വീണ്ടും ഒരു പാലിയേറ്റീവ് കെയര്‍ ദിനം വരവായി. പാലിയേറ്റീവ് കെയറിനെ പറ്റി ചിന്തിക്കുമ്പോഴെല്ലാം മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു ദിവസമുണ്ട്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു ദിനമാണ്. ജീവിതത്തിൽ ആദ്യമായി ഹോം കെയര്‍ വളണ്ടിയറായി പോയ ദിവസം.

പാലിയേറ്റീവ് ഹോം കെയറിനു വളണ്ടിയർ ആയി പോകണമെന്നത് കുറെ നാളുകളായുള്ള ആഗ്രഹമായിരുന്നു. പക്ഷെ ഇഹലോകം കെട്ടിപ്പടുക്കുന്ന തിരക്കിനിടയിൽ അതിനുമാത്രം അന്നേവരെ സമയം കിട്ടിയില്ല..!!!!! അങ്ങനെ 2018 നവംബര്‍ 9ന് അതിനൊരവസരം കിട്ടി. ജീവിതത്തിലെ ഏറ്റവും മൂല്യവത്തായ ദിനം അന്നെനിക്ക് സമ്മാനിച്ചതിന് നാഥന് സ്തുതി… വലിയ എന്തോ ചെയ്തു എന്നൊന്നും കരുതുന്നില്ലെങ്കിലും എന്തെങ്കിലുമൊക്കെ ചെയ്യാൻ പറ്റി എന്ന സന്തോഷം മനസ്സിൽ അലയടിച്ചു.

മനുഷ്യൻ എത്ര നിസ്സാരൻ ആണെന്നും കരുണ വറ്റാത്ത ഒരുപാട് ആളുകൾ നമുക്കിടയിൽ ഉണ്ടെന്നും ഈയൊരു ദിനം മനസ്സിലാക്കി തന്നു. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മതേതരത്വത്തിന്റെയും സാഗരം തന്നെ കാണാൻ സാധിക്കും പാലിയേറ്റീവ് എന്ന ലോകത്തിനു തന്നെ മാതൃകയായ കേരളത്തിലെ മഹാപ്രസ്ഥാനത്തിൽ…!!!

അഞ്ച് രോഗികളെയാണ് അന്ന് സന്ദർശിച്ചത്. ആദ്യം ഞങ്ങൾ പോയത് 86 വയസ്സുള്ള ഒരു വൃദ്ധയുടെ വീട്ടിലാണ്. തീരെ കിടപ്പിലായിരുന്നു അവർ. കിടപ്പു കാരണം ആ അമ്മൂമ്മയുടെ പിറകിൽ വ്രണങ്ങള്‍ വന്ന് പഴുത്തിട്ടുണ്ട്. ആ മുറിവ് കണ്ടപ്പോതന്നെ പാതി ജീവൻപോയി. ഞങ്ങളുടെ കൂടെ വന്ന നഴ്‌സ്‌ മുറിവ് വൃത്തിയാക്കി ഡ്രസ്സ് ചെയ്തു.

പിന്നീട് പോയ വീട്ടിലെ ചേച്ചിക്ക് വായിൽ കാൻസർ ആണ്. പാലിയേറ്റീവുകാരെ കണ്ടപ്പോ തന്നെ അവർക്കുണ്ടായ സന്തോഷം വിവരണാതീതം തന്നെ. അല്ലേലും അത് അങ്ങനെയാ… പാലിയേറ്റീവുകാർ നൽകുന്ന മരുന്നിനേക്കാൾ രോഗികളെ ചികിത്സിക്കുന്നത് അവരുടെ സ്നേഹത്തോടെയുള്ള സ്പർശനവും സാന്ത്വന വാക്കുകളുമാണ്. ലോകത്തിലെ ഏറ്റവും ഫലപ്രദമായ മരുന്ന്..!!

ആ സ്ത്രീക്ക് ഒരുപാട് സംസാരിക്കണം എന്നുണ്ട്. പക്ഷെ വായ ശെരിക്കൊന്നു തുറക്കാൻ പോലും വയ്യ ആ പാവത്തിന്. പിന്നെ പോയത് 5 മാസം മുമ്പ് മാത്രം ക്യാന്സറിന് അടിമപ്പെട്ട ഒരു വൃദ്ധന്റെ വീട്ടിലേക്കാണ്. തരക്കേടില്ലാത്ത സാമ്പത്തികശേഷി ഉള്ള ആളാണ്. പക്ഷെ പറഞ്ഞിട്ടെന്തു കാര്യം. രോഗം മാറ്റാൻ ഒരു ഓപ്പറേഷൻ പോലും ചെയ്യാൻ പറ്റാതെ മോർഫിൻ ഗുളികക്ക് വേണ്ടി പാലിയേറ്റീവ്കാരെ ആശ്രയിക്കേണ്ട ഒരാളായി അദ്ദേഹവും മാറിയിരുന്നു.

മോർഫിൻ….!!! 4 മണിക്കൂർ വരെ വേദന കുറക്കുന്ന ഉഗ്രവീര്യമുള്ള വേദനസംഹാരി. ഞങ്ങൾ അദ്ദേഹത്തെ സന്ദർശിക്കുമ്പോൾ രാവിലത്തെ മോർഫിൻ കഴിച്ചിട്ട് കഷ്ടിച്ച് മൂന്നര മണിക്കൂറേ ആയിട്ടുള്ളൂ. വേദന വീണ്ടും ആ മെലിഞ്ഞ ശരീരത്തിൽ ഇരച്ചുകയറാൻ തുടങ്ങി. അടുത്ത മോർഫിനു സമയമായി…

എന്തുകൊണ്ട് നാമോരോരുത്തരും പാലിയേറ്റീവിനെ നെഞ്ചേറ്റണമെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ഈ ദിവസത്തെ സന്ദര്‍ശനം. മാസങ്ങള്‍ക്ക് മുമ്പ് വരെ പാലിയേറ്റീവിൽ സജീവ വളണ്ടിയറായി സേവനമനുഷ്ഠിച്ച ഒരു വ്യക്തിയുടെ വീടും സന്ദര്‍ശിക്കേണ്ടിയിരുന്നു. ഇന്നദ്ദേഹം വളണ്ടിയറല്ല, പാലിയേറ്റീവിന്റെ സേവനം ആവശ്യമുള്ള ഒരു രോഗിയാണ്. അതെ… നാളെ നമുക്കും പാലിയേറ്റീവ് എന്ന പ്രസ്ഥാനത്തെ ആവശ്യമായി വരും. അതിന് മുമ്പ് പാലിയേറ്റീവ് ഞെട്ടറ്റ് വീഴാൻ നാം അനുവദിച്ചു കൂടാ…!!

Leave a Reply

Your email address will not be published. Required fields are marked *