01-04-2021. എടക്കരയിലേക്കുള്ള യാത്ര. ജംഷാദിന്റെ പെങ്ങളുടെ കല്യാണത്തിന് പോയതായിരുന്നു. നിലമ്പൂർ കാട്ടിലൂടെയുള്ള യാത്ര വളരെ മനോഹരമായിരുന്നു. ഇരുവശങ്ങളിലും ഇടത്തൂർന്ന് നിൽക്കുന്ന തേക്കിൻ മരങ്ങൾ. 11:30ന് എടക്കര എത്തി. ചെറിയൊരു കല്യാണമണ്ഡപം. ലളിതവും സ്വാദിഷ്ടവുമായ സൽക്കാരം. കോഴിബിരിയാണി. വയറും മനസ്സും നിറഞ്ഞു. ഭക്ഷണം കഴിച്ച് കൂട്ടുകാർക്കിടയിൽ സന്തോഷം പങ്കിട്ടുകൊണ്ടിരിക്കുമ്പോഴാണ് അറിയുന്നത്, നജീമിന്റെ ബൈക്കിന്റെ താക്കോൽ കാണുന്നില്ല. എടവണ്ണയിൽ വണ്ടി നിർത്തി ഞങ്ങളുടെ കൂടെ ബസ്സിൽ കയറിയതായിരുന്നു അവൻ. താക്കോൽ ബസ്സിലായിരിക്കുമെന്ന് സംശയിച്ചു. ഇനി എന്ത് സെയ്യും മല്ലയ്യ?
അന്വേഷിക്കാനായി ഞങ്ങൾ വഴിക്കടവ് ബസ്റ്റാൻഡിലേക്ക് പോയി. KSRTC ആപ്പീസ് അടഞ്ഞുകിടക്കുകയാണ്. സൂര്യൻ തലക്കുമീതെ കത്തിജ്വലിക്കുന്നു. രണ്ടുപേരും ഓരോ നാരങ്ങ സോഡ പാസാക്കി. ശരീരവും മനസ്സും ഒന്ന് കുളിരണിഞ്ഞപ്പോഴാണ് തോന്നിയത് നിലമ്പൂർ ഡിപ്പോയിലേക്കൊന്ന് വിളിച്ചു നോക്കിയാലോ….

ഡിപ്പോയിലേക്ക് വിളിച്ചു കാര്യങ്ങൾ പറഞ്ഞു. നമ്മൾ കയറിയ ബസ്സിന്റെ നമ്പർ ചോദിച്ചു, പക്ഷേ അതൊന്നും ടിക്കറ്റിലുണ്ടായിരുന്നില്ല. ബസ്സ് എടക്കര എത്തിയ സമയം കൃത്യമായി പറഞ്ഞു കൊടുത്തു. നോക്കട്ടെ, വല്ല വിവരവും ലഭിക്കയാണെങ്കിൽ അറിയിക്കാം എന്നും പറഞ്ഞ് എൻ്റെ ഫോൺ നമ്പർ വാങ്ങി. കിട്ടിയാ കിട്ടി പോയാ പോയി എന്ന മട്ടിൽ. എന്നാൽ മനസ്സിൽ കിട്ടണമെന്ന പ്രാർത്ഥനയുമായി അടുത്ത KSRTC ബസ്സ് വരുന്നതുവരെ ഞങ്ങൾ ഓരോന്നും സംസാരിച്ചിരുന്നു. കാരണം KSRTC ബസ്സിലുഉള്ള യാത്ര ഒരു പ്രത്യേക രസം തന്നെയാണ്, പ്രത്യേകിച്ച് ദൂരയാത്ര.
കുറച്ച് കഴിഞ്ഞപ്പോൾ എന്റെ വാട്സാപ്പിലേക്ക് ഒരു മെസ്സേജ് വന്നു, ഒരു കോൺടാക്റ്റ് നമ്പറും കൂടെ ഒരു വോയിസ് മെസ്സേജും. “നിങ്ങൾ കേറിയ വണ്ടീലെ കണ്ടക്റ്റരിന്റെ നമ്പറാണിത്. ബസ്സിപ്പോൾ കോഴിക്കോട്ടേക്ക് പോയികൊണ്ടിരിക്കാണ്, യാത്രക്കാറുള്ളതുകൊണ്ട് ഇപ്പോൾ തിരയാൻ പറ്റൂല ഒന്നര മണിക്കൂർ കഴിഞ്ഞാൽ അവർ കോഴിക്കോടെത്തും, അപ്പോൾ വിളിച്ച് നോക്കിയാമതി”. അപ്പോഴേക്കും ബസ് വന്നു ഞങ്ങൾ കോഴിക്കോട്ടേക്ക് തിരിച്ചു കയറി. മഞ്ചേരി എത്തിയപ്പോൾ ആ നമ്പറിലേക്ക് വിളിച്ചു. താക്കോൽ ബസ്സിൽ തന്നെയുണ്ടെന്ന് പറഞ്ഞു, ഹൊ…. മനസ്സിൽ വല്ലാത്തൊരു സന്തോഷം. അപ്പോഴേക്കും നമ്മുടെ താക്കോൽ എടവണ്ണയിൽ നിന്ന് വഴിക്കടവിലേക്കും, വഴിക്കടവിൽ നിന്ന് തിരിച്ച് കോഴിക്കോട്ടേക്കും യാത്ര ചെയ്തു കഴിഞ്ഞിരുന്നു.
ഇനി താക്കോൽ എങ്ങനെ അവരിൽ നിന്ന് വാങ്ങും എന്നതായിരുന്നു പ്രശ്നം. നജീം അൽപ്പം നിരാശനായി അരീക്കോട്ടേക്ക് ബസ്സ് കയറി പോയികഴിഞ്ഞിരുന്നു. കോഴിക്കോട് ബസ്റ്റാൻഡിൽ പോയി വാങ്ങാം, പക്ഷേ അപ്പോഴേക്കും സമയം ഒരുപാട് വൈകും.
“ഞങ്ങളിപ്പോൾ KSRTC ബസ്സിൽ കോഴിക്കോട്ടേക്ക് വന്നുകൊണ്ടിരിക്കാണ്, നിങ്ങൾ അവിടുന്ന് തിരിച്ചു വരുമ്പോൾ വഴിയിൽ വെച്ച് തരാൻ പറ്റോ” ഞാൻ അവരോട് ചോദിച്ചു. നമ്മൾ കയറിയ ബസ്സ് ഏതാണെന്നും, എവിടെ നിന്നാണ് ബസ്സെടുത്തതെന്നും, ആരാണ് കണ്ടക്റ്റരെന്നും തുടങ്ങിയ കാര്യങ്ങൾ പറഞ്ഞു കൊടുത്തു. രണ്ടു ബസ്സിലെയും കണ്ടക്ടർമാർ പരസ്പരം ഫോണിൽ സംസാരിച്ച്, വഴിയിൽവെച്ച് താക്കോൽ കൈമാറാമെന്ന ധാരണയിലെത്തി.
എന്നാൽ ബസ്സ് എവിടെ നിന്നാണ് കണ്ടുമുട്ടുക, ഓടുന്നതിനിടയിൽ പരസ്പരം തിരിച്ചറിയാൻ പറ്റോ, താക്കോൽ തരാനുള്ള സമയമുണ്ടാവോ, തുടങ്ങി വേവലാതികൾ മനസ്സിൽ അലയടിച്ചുകൊണ്ടിരുന്നു. അപ്പോഴേക്കുമതാ രണ്ടു ബസ്സും ഒരേസമയം ഒരു ബസ്റ്റോപ്പിലെത്തുന്നു, നമ്മുടെ ഡ്രൈവർ കൈകൊണ്ട് ആംഗ്യം കാണിച്ച് നിർത്താൻ പറയുന്നു, പരസ്പരം പുഞ്ചിരിച്ചുകൊണ്ട് താക്കോൽ കൈമാറുന്നു.
അപ്പോൾ മനസ്സിൽ തോന്നിയ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.
തീർന്നില്ല, രാത്രി ഉറങ്ങാൻ കിടക്കുന്ന നേരത്ത് മൊബൈൽ എടുത്തു നോക്കിയപ്പോൾ നിലമ്പൂർ ഡിപ്പോയിലുള്ള ആളുടെ ഒരു മെസ്സേജ്. “കിട്ടിയോ”? ആ ചോദ്യം എന്റെ മനസ്സിൽ ഇടം പിടിച്ചു……