ശ്രീനഗറിന്റെ തണുത്ത കാറ്റിൽ ഞാൻ നിന്നിരുന്നത്, എന്റെ ഭർത്താവിന്റെ കൈപിടിച്ചുകൊണ്ടാണ്. പട്ടാളക്കാരനായ അവനെ ഞാൻ ആദ്യമായി കണ്ടത്, എന്നെ പെണ്ണുകാണാൻ വന്ന ദിവസമായിരുന്നു. ആദ്യനോട്ടത്തിൽ തന്നെ ഒരു ആകർഷണം. രാജ്യത്തിനായി പോരാടുന്ന ധീരന്റെ ജീവിതസഖിയാകുന്നതിൽ സന്തോഷമുണ്ടായിരുന്നെങ്കിലും, ഹൃദയത്തിന്റെ ആഴത്തിൽ ഒരു ഭയം ഇല്ലാതില്ല. ഏതു നിമിഷവും അദ്ദേഹത്തെ നഷ്ടപ്പെട്ടേക്കാമെന്നുള്ള വിറയൽ.
അവന് അധികം അവധി ലഭിച്ചിരുന്നില്ല. അതുകൊണ്ട് എല്ലാം വേഗത്തിലായി—നിശ്ചയം, കല്യാണം, യാത്രകൾ. വിവാഹത്തിന്റെ രാത്രിയിൽ, അദ്ദേഹം എന്നെ അടുത്ത് വിളിച്ച് ചോദിച്ചു: “അവധി അവസാനിക്കുന്നു. നമുക്കൊരു യാത്ര പോകണം… എങ്ങോട്ടെന്ന് നീ തീരുമാനിക്ക്.”

എന്റെ സ്വപ്നം എപ്പോഴും കാശ്മീർ കാണാനായിരുന്നു. പച്ചപ്പും മഞ്ഞും നീലയും കലർന്ന സ്വർഗ്ഗം. “നീ എപ്പോഴും കാശ്മീറിൽ തന്നെയല്ലേ? ഞാനും കൂടെ വരട്ടെ!” ഞാൻ പറഞ്ഞു. അങ്ങനെ, ഞങ്ങൾ മൂന്നാം ദിവസം കാശ്മീരിലേക്ക് പുറപ്പെട്ടു.
ട്രെയിനിൽ നീണ്ട യാത്ര. പരസ്പരം പരിചയപ്പെടാൻ ഇതിനേക്കാൾ നല്ലൊരവസരം ഉണ്ടാകില്ല. ദാൽ തടാകത്തിന്റെ നീലജലം, ശങ്കരാചാര്യ ക്ഷേത്രത്തിന്റെ ശാന്തി, പൂന്തോട്ടങ്ങളുടെ സുഗന്ധം—എല്ലാം ഒരു സ്വപ്നം പോലെ. ഗുൽമർഗിലെ പച്ചമ്പരപ്പുകൾ, സോൻമർഗിലെ മലകൾ, പഹൽഗാമിലെ അഹൽ ഇന്റെ വിശാലമായ മൈതാനങ്ങൾ. അവിടെ, അദ്ദേഹത്തിന്റെ കൈ പിടിച്ചുകൊണ്ട് നടക്കുമ്പോൾ, ഞാൻ പ്രാർത്ഥിച്ചു: “ഈ നിമിഷങ്ങൾ ഒരിക്കലും അവസാനിക്കരുത്.”
പെട്ടെന്നായിരുന്നു വെടിയുണ്ടകളുടെ ശബ്ദം പർവ്വതങ്ങളിൽ പ്രതിധ്വനിച്ചത്, യാത്രക്കാർ ചിതറിയോടി. കലാപക്കാർ കയ്യിൽ തോക്കുമായി ഞങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. അവൻ ധൈര്യത്തോടെ എന്നെ അവന്റെ പിന്നിൽ മറച്ചുവെച്ചു. ഞാൻ കണ്ണടച്ചു നിന്നു. വെടിയൊച്ചകളുടെ ശബ്ദം അകലേക്ക് പോകുന്നത് കേട്ട് കൺതുറന്നപ്പോൾ ചോര വാർന്ന ശരീരവുമായി അവൻ കിടക്കുന്ന കാഴ്ചയാണ് കണ്ടത്. കണ്ണുനീരുകൾ കവിളുകളിൽ വഴുതി വീണു. എന്നാൽ ഒരു തുള്ളിയെങ്കിലും തുടച്ചുമാറ്റാൻ ശക്തിയില്ലായിരുന്നു. ശരീരം ഒരു പ്രകമ്പനം പോലെ വിറയ്ക്കുന്നു, കാലുകൾ താങ്ങാൻ വിസമ്മതിക്കുന്നു. ഹൃദയം പൊട്ടിത്തെറിക്കുമോ എന്ന് തോന്നുന്നു. ഓർമ്മകൾ ഒരു വെള്ളപ്പൊക്കം പോലെയെന്നെ തലോടിയെത്തി. ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച, അവന്റെ കൈ പിടിച്ചുനടന്ന ദിവസങ്ങൾ, അവന്റെ ശബ്ദത്തിന്റെ മാധുര്യം. ഇനി ഒരിക്കലും കേൾക്കാനാകില്ല എന്ന യാഥാർത്ഥ്യം എന്നെ തളർത്തിക്കളഞ്ഞു.

ചുറ്റുമുള്ളവർ എന്തോ പറയുന്നു, ആശ്വാസം നൽകാൻ ശ്രമിക്കുന്നു, പക്ഷേ ആ വാക്കുകളെന്റെ ചെവിയിൽ എത്തിയിരുന്നില്ല. ലോകം ഒരു മങ്ങിയ കാഴ്ചയായി മാറി, ഒരേയൊരു യാഥാർത്ഥ്യം മാത്രം അവശേഷിക്കുന്നു. അവൻ പോയി, എന്നെന്നേക്കുമായി. ശ്വാസം നിലച്ച ആ ശരീരം മാറോടു ചേർത്തുപിടിച്ച് ചുടുചുംബനം നൽകി ഇരുകണ്ണുകളും മെല്ലെ അടച്ചു. അതുവരെ അടക്കിപ്പിടിച്ചിരുന്ന ശബ്ദത്താൽ കൊലയാളികളോടായി ആക്രോശിച്ചു. ഒരു കരച്ചിലല്ല, മുറവിളിയല്ല ഒരു തകർന്ന ആത്മാവിന്റെ ആർത്തനാദം.
‘അവനില്ലാത്ത ഈ ലോകത്ത് എന്തിന് എന്നെ മാത്രം ബാക്കിയാക്കി, എന്നെയും കൊല്ലാമായിരുന്നില്ലേ…..’