മസ്തിഷ്കമില്ലാത്ത
ബുൾഡോസർ കൈകൾക്ക്
ക്രൂരതയുടെ മുഖം മൂടി
വെച്ചുകെട്ടി കൂരകൾ
ഇടിച്ചു നിരത്തും കാഴ്ച്ച
കണ്ടു നിൽക്കും നിസ്സഹായത
തളം കെട്ടിയ മനുഷ്യർക്ക്
പറയാനുള്ള വാക്ക്
പേരിൽ മുസ്ലിമെന്ന ഗന്ധം
തങ്ങി നിൽക്കും കാരണത്താൽ
യാത്രമധ്യേ സുരക്ഷയുടെ
വെടിയേറ്റ് നിണം ചിന്തിയ
നിരപരാതിക്ക് പറയാനുള്ള വാക്ക്
തളിർത്തു തുടങ്ങും
ജീവിതത്തെ
പ്രായം നോക്കാതെ
കാമാസക്തിക്ക്
കൊരുതി കൊടുക്കും
ക്രൂരതയുടെ തെളിവുകൾ
മാലോകരെല്ലാം കണ്ടിട്ടും
കയ്യിൽ പിടിച്ച കൊടിയുടെ നിറത്തിൽ
ഇന്നും ഞെളിഞ്ഞു നടക്കുന്ന
കുറ്റവാളിയെ കാണും
കണ്ണീരുകൾക്ക് പറയാനുള്ള വാക്ക്
വിവസ്ത്രരാക്കി
ആർപ്പു വിളിച്ചു
തെരുവിലൂടെ നടത്തപെട്ട
മണിപ്പൂരിലെ പെണ്ണുടലുകൾക്ക്
ഇപ്പോഴും തൊണ്ടക്കുഴിയിൽ
തടഞ്ഞു നിൽക്കുന്ന
പറയാൻ കൊതിക്കുന്ന വാക്ക്
പേരിലും അടയാളങ്ങളിലും
ഒറ്റ മത ചിത്രത്തെ
തെളിയിച്ചെടുക്കാനുള്ള
വഴികൾ പരതുന്നത്
എവിടെ നിന്നോ കാണുന്ന
നാനാത്വത്തിൽ ഏകത്വമെന്നുള്ള
വാക്കുകൾക്ക് വിത്ത് പാകിയ
നിറമുള്ള ആത്മക്കൾക്ക്
പറയാനുള്ള വാക്ക്
സ്വാതന്ത്ര്യത്തിനായ്
മുഷ്ട്ടി ചുരുട്ടിയ മനുഷ്യരും
വെടിയേറ്റും വെട്ടേറ്റും
സിരവിട്ടൊഴുകിയ ചോരയും
ഏറ്റുവാങ്ങിയ ഈ മണ്ണും
ഇന്നിന്റെ ചിത്രങ്ങളിൽ
ലജ്ജിച്ചു തലതാഴ്ത്തി
പറയാൻ വെമ്പൽ കൊള്ളുന്ന വാക്ക്
അതെ ഇന്നിന്റെ ഇന്ത്യ
ഒറ്റുകാരുടെ കയ്യിലാ,
മണ്ണിന്റെ നിറമറിയാത്ത
ജീവന്റെ വിലയറിയാത്ത
ചരിത്ര ചിത്രങ്ങളിൽ
എത്തിനോക്കാത്ത
ഇന്ത്യയെ അറിയാത്ത
തെറ്റിന്റെ കയ്യിലാ…!