ലോക്കോ പൈലറ്റാകാൻ അവസരം

304
0

ഇന്ത്യൻ റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിലേക്ക് റെയിൽവേ റിക്രൂട്ട്മെന്റ് ബോര്‍ഡ് (RRB) അപേക്ഷ ക്ഷണിച്ചു. ആകെ 5,696 ഒഴിവുണ്ട്. തിരുവനന്തപുരം RRBക്ക് കീഴിൽ 70 ഒഴിവുണ്ട്. എഞ്ചിനീയറിംഗ്, ഡിപ്ലോമ, ഐ.ടി.ഐകാര്‍ക്ക് അപേക്ഷിക്കാം.

വിദ്യാഭ്യാസ യോഗ്യത:
I. എസ്.എസ്.എൽ.സിയും ഫിറ്റര്‍, ഇലക്ട്രീഷ്യൻ, ഇൻസ്ട്രുമെന്റ് മെക്കാനിക്, മിൽറൈറ്റ്/ മെയിന്റനൻസ് മെക്കാനിക്, മെക്കാനിക് (റേഡിയോ/ ടി.വി) ഇലക്ട്രോണിക് മെക്കാനിക്, മെക്കാനിക് (മോട്ടോര്‍ വെഹിക്കിൾ), വയര്‍മാൻ, ട്രാക്ടര്‍ മെക്കാനിക്, ആര്‍മേച്ചര്‍ & കോയിൽ വൈൻഡര്‍, മെക്കാനിക് (ഡീസൽ), ഹീറ്റ് എന്‍ജിൻ, ടര്‍ണര്‍, മെഷീനിസ്റ്റ്, റഫ്രിജറേഷൻ ആൻഡ് എ.സി എന്നീ ട്രേഡുകളിലൊന്നിൽ ഐ.ടി.ഐയും (എൻ.സി.വി.ടി/ എസ്.സി.വി.ടി) അല്ലെങ്കിൽ
II. എസ്.എസ്.എൽ.സിയും മേൽപ്പറഞ്ഞ ട്രേഡുകളിലൊന്നിൽ ആക്ട് അപ്രന്റിസ്ഷിപ്പ് അല്ലെങ്കിൽ
III. എസ്.എസ്.എൽ.സിയും മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് എന്നീ വിഷയങ്ങളിലോ ഇവയുടെ കോമ്പിനേഷനുകളിലോ മൂന്ന് വര്‍ഷ ഡിപ്ലോമ
IV. ഡിപ്ലോമയ്ക്ക് പകരം ഇതേ വിഷയങ്ങളിലെ എഞ്ചിനീയറിംഗ് ബിരുദം

പ്രായം: 18-30 വയസ്സ്, OBC (നോണ്‍ ക്രീമിലെയര്‍) വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും SC/ST വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും ഇളവുണ്ട്.വിധവകള്‍, പുനര്‍വിവാഹിതരാവാത്ത വിവാഹമോചിതകള്‍, വിമുക്തഭടന്മാര്‍, റെയിൽവേയിലെ ഗ്രൂപ്പ് സി,ഡി ജീവനക്കാര്‍, അപ്രന്റിസ്ഷിപ്പ് പൂര്‍ത്തിയാക്കിയവര്‍ തുടങ്ങിയവര്‍ക്കും വയസ്സിളവിന് അര്‍ഹതയുണ്ട്.

പരീക്ഷ: ഒന്നാം ഘട്ട കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ സ്ക്രീനിംഗ് ടെസ്റ്റായാണ് നടത്തുക. പരീക്ഷക്ക് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷക്ക് 75 ചോദ്യങ്ങളുണ്ടാകും. ഒബ്ജക്ടീവ് മാതൃകയിൽ മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളായിരിക്കും. മാത്സ്, മെന്റൽ എബിലിറ്റി, ജനറൽ സയൻസ്, ജനറൽ അവെയര്‍നസ് എന്നീ ഭാഗങ്ങളിൽ നിന്നാണ് ചോദ്യങ്ങളുണ്ടാകുക. EWSകാര്‍ക്ക് 40%, OBC (NCL) – 30%, SC – 30%, ST – 25% എന്നിങ്ങനെയാണ് ഒന്നാംഘട്ട പരീക്ഷയിൽ പാസാകാൻ വേണ്ട മാര്‍ക്ക്.

അപേക്ഷാ ഫീസ്: ജനറൽ വിഭാഗക്കാര്‍ക്ക് 500/-, വനിതകള്‍, ട്രാൻസ്ജെൻഡര്‍, SC, ST, മതന്യൂനപക്ഷങ്ങള്‍, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവര്‍ എന്നിവര്‍ക്ക് 250/-. പരീക്ഷ എഴുതുന്ന ജനറൽ വിഭാഗക്കാര്‍ക്ക് 400 രൂപയും അല്ലാത്ത മേൽപ്പറഞ്ഞ വിഭാഗക്കാര്‍ക്ക് പൂര്‍ണ്ണമായും ഫീസ് മടക്കി നൽകും.

അപേക്ഷ: തിരുവനന്തപുരമുള്‍പ്പെടെ രാജ്യത്തെ 21 റെയിൽവേ റിക്രൂട്ട്മെന്റ് ബോര്‍ഡുകളിൽ ‘CEN 01/2024’ എന്ന വിജ്ഞാപന നമ്പറിൽ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥിക്ക് ഏതെങ്കിലും ഒരു RRBയിലേക്ക് മാത്രമേ അപേക്ഷിക്കാനാവൂ. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും ബന്ധപ്പെട്ട RRB വെബ്സൈറ്റ് സന്ദര്‍ശിക്കുക.

തിരുവനന്തപുരം RRBയുടെ വെബ്സൈറ്റ്: www.rrbthiruvananthapuram.gov.in

അപേക്ഷിക്കേണ്ട അവസാന തീയതി: 2024 ഫെബ്രുവരി 19

Leave a Reply

Your email address will not be published. Required fields are marked *