ഒലീവ് മരത്തിൻ്റെ കൂട്ടുകാരി

918

ഞാൻ ഫാത്തിമ, ഫലസ്തീനിലെ ഒരു ചെറിയ ഗ്രാമത്തിൽ താമസിക്കുന്ന പത്തുവയസ്സുകാരി. എന്റെ വീടിന്റെ മുന്നിലെ ഒലിവ് മരത്തിന്റെ തണലിൽ ഇരുന്ന് ഞാൻ ഇപ്പോൾ നിങ്ങളോട് ഒരു കഥ പറയാൻ പോവുകയാണ്. ഇത് എന്റെ കഥയാണ്, എന്റെ ഗ്രാമത്തിന്റെ കഥയാണ്, ഞങ്ങളുടെ ഹൃദയത്തിന്റെ തുടിപ്പാണ്.

എന്റെ ഗ്രാമം, ഓരോ ദിവസവും സൂര്യോദയത്തോടെ സജീവമാകും. എന്റെ ഉമ്മ, ചൂടുള്ള കട്ടൻചായയും ഫലാഫലും ഞങ്ങൾക്ക് വേണ്ടി ഉണ്ടാക്കും. വളരെ ആസ്വദിച്ച് കൊണ്ട് ഞങ്ങളത് കഴിക്കും. ചില സന്തോഷകരമായ നിമിഷങ്ങൾ..
പക്ഷേ ഇപ്പോഴുണ്ടല്ലോ ഞങ്ങളുടെ അവസ്ഥ അങ്ങനെയൊന്നും അല്ലാട്ടോ..ഒരു ദിവസം ആകാശത്ത് നിന്നും ഒരു വലിയ ശബ്ദം കേട്ടു. ഉമ്മയും ഉപ്പയും കൂടെ സംസാരിക്കുന്നത് കേട്ടപ്പോൾ അത് ബോംബുകൾ വീഴുന്ന ശബ്ദമാണെന്ന് ഞങ്ങൾ മനസ്സിലാക്കി. ഇപ്പോൾ ആ ശബ്ദങ്ങൾ തുടർച്ചയായി കേട്ടു കൊണ്ടിരിക്കുകയാണ്. അത് കേൾക്കുമ്പോൾ ഞങ്ങൾ എല്ലാവരും പേടിച്ച് വീടിന്റെ ഒരു മൂലയിൽ ഒതുങ്ങിക്കൂടും. എന്റെ ചെറിയ സഹോദരൻ യൂസുഫ് ഓടി വന്ന്, അവന്റെ മൂന്ന് വയസ്സുള്ള കൈകൾ കൊണ്ട് എന്റെ കൈ മുറുകെ പിടിക്കും. എന്നിട്ട് എന്നോട് ചോദിക്കും ഇത്താത്ത”, അല്ലാഹു നമ്മളെ കാക്കുമോന്ന്?. ഞാൻ പറയും, “അതേ, യൂസുഫ്, അല്ലാഹു നമ്മെ എപ്പോഴും കേൾക്കുന്നുണ്ട്.”

ഒരു ദിവസം, ഞങ്ങളുടെ ഗ്രാമത്തിലെ സ്കൂൾ തകർന്നു. ഒരു വലിയ ശബ്ദത്തോടെ മതിലുകൾ താഴേക്ക് വീണു. എന്റെ സുഹൃത്ത് ആയിഷ, അവളുടെ പുസ്തകങ്ങൾ മുഴുവനും പൊടി മണ്ണിൽ കിടക്കുകയായിരുന്നു. ആയിഷ കരഞ്ഞില്ല. അവൾ എന്നെ നോക്കി, ഒരു ചെറിയ പുഞ്ചിരിയോടെ പറഞ്ഞു, “ഫാത്തിമ, ഇനി മുതൽ നമുക്ക് ഒലിവ് മരത്തിന്റെ താഴെ പോയിരുന്ന് പഠിക്കാം. അല്ലാഹു നമുക്ക് എല്ലാം എളുപ്പമാക്കി തരും.” അന്ന് ഞങ്ങൾ, ആ പൊടിപടലങ്ങൾക്കിടയിൽ നിന്ന്, പുസ്തകങ്ങൾ കുടഞ്ഞെടുത്ത് , പുതിയൊരു പഠനത്തിന് തുടക്കം കുറിച്ചു.

എന്റെ ഉപ്പ, ഒരു കർഷകനാണ്. ഞങ്ങളുടെ ഒലിവ് തോപ്പുകൾ ഞങ്ങളുടെ ജീവനാണ്. പക്ഷേ, കഴിഞ്ഞ ആഴ്ച, അവിടേക്ക് ചിലർ വന്നു, ഞങ്ങളുടെ മരങ്ങൾ വെട്ടിമാറ്റി. ഉപ്പയുടെ കണ്ണുകൾ നിറഞ്ഞു,
ഒരു വിതുമ്പലോടെ ഉപ്പ എന്നോട് പറഞ്ഞു, “ഫാത്തിമ, മോളേ, നമ്മുടെ ഹൃദയത്തിൽ പ്രത്യാശ നശിപ്പിക്കാൻ ആർക്കും കഴിയില്ല. ഞാൻ വീണ്ടും മരങ്ങൾ നടും, അല്ലാഹുവിന്റെ സഹായത്തോടെ.” അന്ന് രാത്രി, ഞങ്ങൾ എല്ലാവരും ഒരുമിച്ച് പ്രാർത്ഥിച്ചു. ഉമ്മയുടെ പ്രാർത്ഥനകൾ, ഉപ്പയുടെ നിശ്ശബ്ദത, യൂസുഫിന്റെ ചെറിയ കൈകൾ—എല്ലാം ഒന്നായി.

ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടേക്കാം—വീട്, സ്കൂൾ, ഞങ്ങളുടെ പ്രിയപ്പെട്ട ഒലീവ് മരങ്ങൾ—പക്ഷേ, ഞങ്ങളുടെ വിശ്വാസം, അല്ലാഹുവിന്റെ മേലുള്ള ആ ഉറച്ച ഭരമേൽപ്പിക്കൽ, അത് ഒരിക്കലും നഷ്ടപ്പെടില്ല. ഓരോ ദിവസവും, ഞങ്ങൾ എഴുന്നേൽക്കുന്നു, ഓരോ ഇരുണ്ട ദിനങ്ങളിലേക്ക് ഒലിവ് മരത്തിന്റെ തണലിൽ ഒരുമിച്ചിരുന്നു, പ്രാർത്ഥിക്കാൻ ആഗ്രഹിച്ചു കൊണ്ട്.
നാഥാ ഇതിനൊക്കെ എപ്പോഴാണ് ഒരു അവസാനം..
നിങ്ങൾക്കറിയോ ഞങ്ങളുടെ ഗ്രാമത്തിലെ കുഞ്ഞുങ്ങൾ പോലും പറയും, “അല്ലാഹു നമ്മോടൊപ്പമുണ്ട്.”
തൽക്കാലം ഞാനിവിടെ നിർത്താട്ടോ..ദൂരെ നിന്നെന്തോ ശബ്ദം കേൾക്കുന്നുണ്ട്.

ഒരു കാര്യം കൂടെ ഓർമ്മിപ്പിക്കട്ടെ…നിങ്ങളുടെ ഹൃദയത്തിൽ ഞങ്ങൾക്കായി പ്രാർത്ഥനയ്ക്ക് ഒരിടം മാറ്റിവെക്കണേ. ഞങ്ങൾക്ക് ശാന്തി വേണം, നീതി വേണം. ഞങ്ങളുടെ കണ്ണീർ അല്ലാഹു കാണുന്നുണ്ട്, അവന്റെ സഹായം വരും. ഞാൻ ഫാത്തിമ,അതിജീവനത്തിന്റെ പെൺകരുത്ത്,ഞാൻ നിങ്ങളോട് പറയുന്നു—ഞങ്ങൾ ഒരിക്കലും കീഴടങ്ങില്ല.