ന്റെ കദീസ

158
1

ഒരു പക്ഷേ ഉമ്മാമ എന്ന് വിളിക്കുന്നതിനെക്കാൾ കൂടുതൽ കദീസാ എന്ന് തന്നെയായിരിക്കും ഞാൻ വിളിച്ചിരിക്ക.
“എന്താ ഇക്കാക്ക” എന്ന ഉമ്മാമന്റെ മറു ചോദ്യവും…
സംഗതി ആള് മൊത്തത്തിൽ വൈബാണ്.

എന്റെ സകല കോപ്രായങ്ങൾക്കും കൂടെ നിക്കും, ഞാൻ സകല കോപ്രായങ്ങളും കളിപ്പിക്കും എന്നതാവും ശരി.
വായിക്കുന്നതിനടയിൽ ബുക്ക് തട്ടി പറിക്കുക, ലൈറ്റ് ഓഫാക്കുക, ഇക്കിളിപ്പെടുത്തുക, പാടുമ്പോൾ അതിലും ഉച്ചത്തിൽ മറുപാട്ട് പാടുക, സുറുമ ഇടുമ്പോൾ കണ്ണിന് ചുറ്റും തേച്ചു കോമാളിയാക്കുക; മൂപ്പരെ ശുണ്ഠി പിടിപ്പിക്കലാണ് ലക്ഷ്യം. കവിളത്ത് ഒരു കടി കൊടുത്താൽ മാത്രം പോവുന്ന ആ കപടദേഷ്യം വല്ലാത്ത ഒരു ഫീലാണ്.

മെലിഞ്ഞൊട്ടിയ ആ ശരീരത്തില് ഇത്തിരി പോലും ഇറച്ചി ഇല്ലാത്ത ആ കവിളത്ത് കടിച്ചില്ലേൽ എനിക്കും അത് കിട്ടിയില്ലേൽ മൂപ്പർക്കും ന്തോ ഒന്ന് എവിടെയോ കുറഞ്ഞ പോലെയാണ്.

എനിക്ക് ഉമ്മാമ എന്നുള്ളത് എന്തൊക്കെയോ ആണ്. അതിനെ എങ്ങനെ വാക്കുകളിൽ വരച്ചു കാണിക്കണം എന്നറിയില്ല.
എന്റെ അഭയം, എന്റെ സന്തോഷത്തിന്റെ താക്കോൽ, എന്റെ കളിപ്പാവ, എന്റെ പലതുമാണ്… ന്റെ കദീസ.

കൊന്തലയ്ക്ക് ഒളിപ്പിച്ചു വെക്കുന്ന സ്നേഹവായ്പകൾ, കെട്ടിപിടിച്ച് മൂപ്പരെ ചൊറിഞ്ഞു കൊണ്ടുള്ള കിടത്തം, മൂളി പാട്ട്, പഴയ കാല ബഡായികൾ, തിന്നാൻ വിളിക്കുമ്പോയുള്ള പരസ്പര അടികൾ, എനിക്ക് വേണ്ടി മാത്രം തലയണയുടെ അടിയിൽ ഒളിപ്പിച്ചുവച്ച സ്നേഹം.

കാലം, മരണം എന്നെ കടക്കാരനാക്കിയിരിക്കുന്നു.
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആ മെലിഞ്ഞൊട്ടിയ ശരീരം എന്നിൽ നിന്നും എന്നെന്നേക്കുമായി പിടിച്ചെടുത്തിരിക്കുന്നു.

ഓടികിതച്ച് വീട്ടിലെത്തുമ്പോഴേക്കും ചുറ്റുമുള്ളവരുടെയൊക്കെ രക്തയോട്ടം നിലച്ചിരുന്നു. കണ്ണ് നിറഞ്ഞിരുന്നു. ഉമ്മാമക്ക് തീരെ വയ്യടാ നീ വേഗം വാ എന്ന് മൂത്താപ്പ വിളിച്ചു പറഞ്ഞപ്പോ ആ ശരീരം ജീവനറ്റ് കിടക്കുന്നത് കാണാൻ ആവുമെന്ന് ഇന്നും മനസ്സിന് ഉൾക്കൊള്ളാനായിട്ടില്ല.

വെറും രണ്ട് മിനുട്ട് മുന്നേ എത്തിയിരുന്നെങ്കിൽ, മോനേ എന്ന ആ വിളി,
ശരീരത്തിലെ ചൂട് വിട്ട് മാറും മുന്നേ ഒരു ചുടുചുംബനം
അത്, അത്.. മതിയായിരുന്നു എനിക്ക്… അത് പോലും.

എന്റെ ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ, ദൂരമേറിയ വീർപ്പുമുട്ടിയ, ഇരുണ്ട യാത്ര, ആംബുലൻസിൽ ഉമ്മാമാനേം കൊണ്ട് ആശുപത്രിയിലേക്കുള്ള യാത്രയാണ്.

ഉമ്മാമ പോയെന്ന്, മരിച്ചെന്ന് ചുറ്റുമുള്ളവരൊക്കെ അടക്കം പറയുന്നത് എത്ര ചെവി കൊടുക്കാതിരിന്നിട്ടും അരോചകമായി തുടങ്ങിയിരുന്നു.
അവരെയൊക്കെ തറപ്പിച്ച് നോക്കി, ആ ശരീരത്തിൽ എവിടെയെങ്കിലും ജീവന്റെ ഒരു കണിക ബാക്കിയുണ്ടോ എന്നറിയാൻ എടുത്തോടുകയായിരുന്നു.

ആംബുലൻസിന്റെ പിറകിൽ ഞാനും ഉമ്മമായും തനിച്ചായിരുന്നു, തൊണ്ടപൊട്ടുമാറുച്ചത്തിൽ അലറി വിളിച്ചിരുന്നു ഞാൻ; ഉമ്മാമാ എന്ന്. എനിക്കുറപ്പാണ് എന്ത് വയ്യായ്ക ഉണ്ടേലും എത്ര ക്ഷീണിതയാണെങ്കിലും എന്നെയൊന്ന് നോക്കും, മോനേന്ന് വിളിക്കും.

അന്നാദ്യമായി എന്റെ വിളിക്ക് ഉമ്മാമ മറുപടി നല്കീലാ…

ആശുപത്രിയിലെത്തി, അവരുറപ്പിച്ചു. ഉമ്മാമയെ വെള്ളയിൽ പൊതിഞ്ഞു. മൂക്കിൽ പഞ്ഞി വച്ചു, വിരലുകൾ കൂട്ടി കെട്ടി.

തിരികെ വീട്ടിലേക്കുള്ള യാത്രയിൽ എന്റെ ശരീരവും തണുത്തു തുടങ്ങി.

ഉമ്മാമന്റെ പേര് മാറി കഴിഞ്ഞിരുന്നു, “മയ്യത്ത്”
എന്റെ വീട് മരിച്ചവീടും…

ഞാനും ഉമ്മയും പെങ്ങളും ചേർന്ന് മയ്യത്ത് കുളിപ്പിക്കുമ്പോൾ
ഉമ്മാമന്റെ മുഖത്തെ ആ ചിരി അതുപോലെ അവിടെ തന്നെ ഉണ്ടായിരുന്നു.
കരഞ്ഞു കലങ്ങിയ കുഴഞ്ഞു പോയ കണ്ണുകളും, ഭാരമേറിയ മനസ്സും കൊണ്ട് കുളിപ്പിച്ച് തീർക്കൽ ഏറെ സമയമെടുത്തു.
പതിവിൽ വിപരീതമായി ഒരവസാനക്കുളി.

മയ്യത്ത് കാട്ടിലുമായി പള്ളിക്കാട്ടിലേക്ക് ഓരോ അടിയും നടക്കുമ്പോൾ ഞാൻ എന്റെ മനസ്സിനെ അതി ക്രൂരമായി തന്നെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടേയിരിക്കുകയായിരുന്നു; “ഈ ഭൂലോകത്ത് നിന്നെയത്രയേറെ സ്നേഹിച്ച, നീ അത്രയേറെ സ്നേഹിച്ച ഒരാൾ മണ്ണിനോട് ചേരാൻ പോവുകയാണെന്ന്…”

Leave a Reply

Your email address will not be published. Required fields are marked *

One thought on “ന്റെ കദീസ

  1. ജീവിതത്തിനിത്ര കയ്പ്പോ….