നോട്ടം

257
1

അന്ന്  ബസ്സിൽ അധികം തിരക്കൊന്നും ഇല്ലാത്ത ദിവസമായിരുന്നു. എങ്കിലും സീറ്റൊന്നും ഒഴിവില്ല. രണ്ട് മൂന്ന് സ്‌റ്റോപ്പ് കഴിഞ്ഞപ്പോൾ എനിക്ക് സീറ്റ് കിട്ടി.

കുറച്ചു കഴിഞ്ഞപ്പോൾ ഒരു സ്ത്രീ ബസിൽ കയറി. പ്രായമുണ്ട്. മുടിയെല്ലാം ജഡ പിടിച്ചിട്ടുണ്ട്. വായിൽ നിന്ന്  തുപ്പൽ വസ്ത്രത്തിലൂടെ ഒലിക്കുന്നുണ്ട്. അഴുകിയ വസ്ത്രം. ചെളിപ്പിടിച്ച നിറംമങ്ങിയ ആ സാരി അഴിഞ്ഞു പോകുന്നുണ്ടായിരുന്നു. എങ്കിലും അത് ഒതുക്കിപ്പിടിക്കുവാൻ അവർ ശ്രമിച്ചു. കയ്യിൽ നിറയെ നിറം മങ്ങിയ വളകൾ .. അറപ്പും വെറുപ്പും നിറഞ്ഞ നോട്ടങ്ങൾ അവരുടെ മേൽക്ക് ആഞ്ഞ് പതിക്കുന്നത് പലരുടെയും നോട്ടത്തിലൂടെ കാണാൻ സാധിച്ചിരുന്നു.

അവർക്ക് ഇരിക്കുവാൻ ഒരു കുട്ടി സീറ്റിൽനിന്ന്  എഴുന്നെറ്റു കൊടുത്തെങ്കിലും അവർ ഇരുന്നില്ല. പാതങ്ങൾ നിലത്ത് ഉറയ്ക്കാതെ വീഴാൻ പോകുന്നുണ്ടായിരുന്നു. കണ്ടക്ടർ അവരോട് ചോദിച്ചു “എവിടെക്കാ ? “

ആദ്യം ഒന്നും മിണ്ടിയില്ലെങ്കിലും കണ്ടക്ടറുടെ സ്വരം മാറി തുടങ്ങിയപ്പോൾ പതിഞ്ഞ സ്വരത്തിൽ “പറയാ .. “എന്ന് മാത്രം പറഞ്ഞു.

അവർ കീറിയ തന്റെ കവറിൽ പരതുന്നുണ്ടായിരുന്നു.

കണ്ടക്ടർ പിന്നെയും ചോദിച്ചു, “ടിക്കറ്റെടുക്കണം .. എവിടെക്കാ പറ ..”

ഭീതിയുള്ള കണ്ണുകളോടെ അവർ കണ്ടക്ടറോട് പറഞ്ഞു ,

” തരാം എന്ന് പറഞ്ഞില്ലേ…! “

ഇപ്രാവശ്യം കണ്ടക്ടർ ഒന്നും മിണ്ടിയില്ലെങ്കിലും അയാളുടെ രൂക്ഷമായ കണ്ണുകളിലെ നോട്ടം ആരെയും ഒന്നു പേടിപ്പെടുത്തുന്നതായിരുന്നു.

ഇടയ്ക്കിടയ്ക്ക് അവർ കണ്ടക്ടറെ നോക്കുന്നുണ്ടായിരുന്നു. പേടിയോടെയുള്ള നോട്ടമായിരുന്നു അത്.

രണ്ട് മൂന്ന് സ്‌റ്റോപ്പ് കഴിഞ്ഞു. കുറച്ചു ആൾക്കാർ ആ സ്‌റ്റോപ്പിൽ ഇറങ്ങുവാൻ ഉണ്ടായിരുന്നു. പെട്ടന്ന് ദൃതിയിൽ ആ വൃദ്ധ  മറ്റുള്ളവരോടൊപ്പം ബസ് ഇറങ്ങി. പുറകിലായിരുന്ന  കണ്ടക്ടർ പുറത്തിറങ്ങി.

പൈസ തന്നിട്ട് പോയാൽ മതിയെന്ന് പറഞ്ഞ് കണ്ടക്ടർ അവിടെ തന്നെ നിന്നു.

അവർ വീണ്ടും തന്റെ കയ്യിലെ ആ കവർ പരതി.. മുശിഞ്ഞ കുറച്ചു വസ്ത്രങ്ങളും ഒപ്പം കീറി പറിഞ്ഞ ഒരു പേഴ്സുമായിരുന്നു അതിൽ ഉണ്ടായിരുന്നത്. ആ കീറി പറിഞ്ഞ പേഴ്സിൽ  കുറച്ചു കടലാസുകളും .

കണ്ടക്ടർ അവരോട് കുരച്ചുചാടി.

“ഇത് പോലെ ഒരുപാട് പേർ ഇറങ്ങിയിട്ടുണ്ട്. ഉഡായിപ്പായിട്ട് ഇറങ്ങിയിരിക്കുന്നു. ഇനിയൊരിക്കലും ഈ ബസ്സിൽ കയറി പോകരുത്.”അവർ ഒന്നും മിണ്ടിയില്ല.

കണ്ണിലൂടെ കണ്ണുനീർ കവിഞ്ഞൊഴുകുന്നുണ്ട്. ആ കണ്ണുകൾ നിസ്സഹായതയുടെ കഥകൾ പറയുന്നുണ്ടായിരുന്നു. അവർക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. എന്നാൽ അവരുടെ കണ്ണുകളിലെ കണ്ണുനീർ പറയുന്നുണ്ടായിരുന്നു  ഇനിയും ഒരുപാട്

കണ്ടക്ടറുടെ ചീത്തവിളികൾ കേട്ടുകൊണ്ട് ഈ യാത്ര തുടരും എന്നും

ലക്ഷ്യമില്ലാത്ത ഈ യാത്രയ്ക്ക് ഒരു അവസാനമില്ലെന്നും..

അപ്പോഴേക്കും രൂക്ഷതയോടുള്ള കണ്ണുകളും ,വെറുപ്പും അറപ്പും നിറഞ്ഞ ആ കണ്ണുകൾക്കുമുമ്പിൽ തോറ്റുകൊടുത്തിരുന്നു …

പക്ഷെ ആ ഒരു കാഴ്ചയ്ക്കു സാക്ഷിയായിനിൽക്കാൻ മാത്രമാണ് ബസിലെ ഒരുപാട് കണ്ണുകൾക്കു സാധിച്ചത് .ഞാനടക്കം ആ ബസിലെ യാത്രികർ മുഴുവൻ ആ നിസ്സഹായത നിറഞ്ഞ കണ്ണുകൾക്ക്‌ ഒരു സാക്ഷി മാത്രമായ് !

ഒന്നും ചെയ്യാൻ പറ്റാതെ നോക്കിനിൽകുവാൻ മാത്രമായുള്ള ഒരു സാക്ഷി !

Leave a Reply

Your email address will not be published. Required fields are marked *

One thought on “നോട്ടം

  1. Thanks for sharing. I read many of your blog posts, cool, your blog is very good.