കുട്ടിക്കാലം ഒരാളുടെ ജീവിതത്തിലെ മറക്കാനാവാത്ത മധുരമൂറുന്ന ഓർമ്മകളാണ്. ചിന്തകളും ഓർമ്മകളും മുറിഞ്ഞു പോകാൻ തുടങ്ങുന്ന ഈ അവസരത്തിൽ ആണ്ടറുതികളുടെ ഓർമ്മകൾ പങ്കു വയ്ക്കുന്നത് സമകാലക്കാർക്ക് നെമ്പരമുണർത്തുന്ന മധുരാസ്വാദനത്തിന് വഴിവയ്ക്കും. പുതിയ തലമുറക്ക് അക്കാല ചിത്രങ്ങൾ വരച്ചെടുക്കാൻ സന്ദർഭവുമൊരുക്കും. ഇല്ലായ്മകളുടെ നടുവിലാണ് കുട്ടിക്കാലം കഴിച്ചു കൂട്ടേണ്ടി വന്നത് എങ്കിലും സന്തോഷങ്ങളെ തടയിടാൻ ഈ വറുതികൾക്കൊന്നിനു മായിട്ടില്ല എന്നതാണ് വാസ്തവം. ബാപ്പയും ഉമ്മയും വല്ലിമ്മയും പണിക്ക് പോയാലും അഷ്ടിക്ക് വക തികയാതെ വരുന്ന കാലമായിരുന്നു അത്. സന്ധ്യാനേരത്ത് പണി കഴിഞ്ഞെത്തിയിട്ട് വേണം പീടികയിൽ പോയി അന്നത്തേക്കുള്ള അരിയും സാമാനങ്ങളും വാങ്ങാൻ. ഓരോ ദിവസത്തേക്കുമുള്ള സാമാനങ്ങൾ അന്നന്ന് വാങ്ങുകയാണ് ഭൂരിപക്ഷം കുടുംബങ്ങളുടെയും അവസ്ഥ. ആണ്ടറുതികളിൽ ചില്ലറകൾ ഒരുക്കൂട്ടി കുറച്ച് സാധനങ്ങൾ വാങ്ങി വയ്ക്കാനുള്ള ശ്രമങ്ങൾ നടത്താറുണ്ട്. വീട്ടിലെ സൗകര്യങ്ങൾ അക്കാലത്ത് ഇന്നത്തേതിനെ തട്ടിച്ചു നോക്കുമ്പോൾ തുലോം വിദൂരത്താണ്. തെരട്ടയെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൻ്റെ തറയിൽ മൂടപ്പെട്ട കിണർ, പള്ളിക്കിണർ തുടങ്ങി വിരലിലെണ്ണാവുന്ന കിണറുകൾ മാത്രമായിരുന്നു ജല ലഭ്യതയുടെ സ്രോതസ്സ്. വീട്ടിലെ സ്ത്രീകൾ മൺകുടവും അലുമിനിയം കുടവും പാള കെട്ടിയ കയറുമായി വന്ന് വെള്ളം കോരി തലച്ചുമടായി കൊണ്ടുപോയിരുന്ന കാഴ്ച ഓർമ്മകളുടെ നിധികുംഭങ്ങളിൽ തുരുമ്പു പിടിക്കാതെ കിടക്കുന്നുണ്ട്.
മാസം കണ്ടോ?
ആകാശവാണി കോഴിക്കോട് നിലയം പ്രക്ഷേപണം ചെയ്യുന്ന പ്രത്യേക അറിയിപ്പുകളാണ് മാസ ദർശന വിവരങ്ങളറിയാനുള്ള പ്രധാന മാർഗം. മഗ്രിബിന് ശേഷം രണ്ടോ മൂന്നോ തവണ നൽകുന്ന ഈ അറിയിപ്പ് പലപ്പോഴും അവസാന ബുള്ളറ്റിൻ വരെ കാത്തു നിന്നാലെ മാസപ്പിറവി വിവരം സ്ഥിരപ്പെട്ടതായി അറിയാൻ സാധിക്കൂ. കോഴിക്കോട് വലിയ ഖാദി ശിഹാബുദീൻ ഇമ്പിച്ചിക്കോയതങ്ങൾ, പാണക്കാട് തങ്ങൾ, കോഴിക്കോട് ഖാദി നാലകത്ത് മുഹമ്മദ് കോയ, കേരള ഹിലാൽ കമ്മറ്റി ചെയർമാൻ കെ.പി. മുഹമ്മദ് ബിൻ അഹ്മദ് എന്നിവരുടെ സ്ഥിരീകരണ വാർത്തകളാണ് അക്കാലത്ത് ലഭ്യമാവുക. മാസമുറപ്പിച്ചത് അറിഞ്ഞു കഴിഞ്ഞാൽ മുതിർന്ന പുരുഷൻമാർ തറാവീഹ് നമസ്കാരത്തിന് പള്ളിയിലെക്ക് നീങ്ങും സ്ത്രീകൾ ‘പെലച്ച ച്ചോറി’ന് വട്ടം കൂട്ടും.
പെലച്ചക്ക് ബുൾച്ചണട്ടോ
നോമ്പ് നോൽക്കാൻ ഞങ്ങൾക്ക് വലിയ ആവേശമായിരുന്നു. സ്കൂളും മദ്രസയും അവധിയായിരുന്നു എന്നതും ആവേശത്തിന് കാരണമായിരുന്നു. അത്താഴത്തിന് വിളിച്ചുണർത്താൻ ഇന്നത്തെ പോലെ അലാറം ഒന്നുമില്ലാത്ത കാലമാണല്ലൊ ഉമ്മയെ പലവുരു ശട്ടം കെട്ടും വിളിച്ചുണർത്താൻ. അത്താഴത്തിനുള്ള ചെണ്ട മുട്ടുണ്ടാവും അരീക്കോട്ട്. 12 മണിയോടെ ചെണ്ടമുട്ട് ആരംഭിക്കും . അരീക്കോട്ടും പരിസര പ്രദേശങ്ങളിലും നിരത്തിലുടെ ചെണ്ടമുട്ടി നടന്ന് നോമ്പിനൊരുങ്ങാൻ ആളുകളെ വിളിച്ചുണർത്തുകയെന്നതാണ് ചെണ്ട മുട്ടുകാരുടെ ദൗത്യം. ചെണ്ട മുട്ട് കേൾക്കുമ്പോൾ ഉമ്മയും ഇണ്യാത്തയും ഉണർന്ന് അത്താഴ ഭക്ഷണം ഒരുക്കുന്ന പണിയിലേർപെടും. നിലത്തു വെക്ക്ണകത്തെ (അടുക്കള) നിലത്ത് മണ്ണുരുള കൂട്ടി മനോഹരമായി തയ്യാറാക്കിയ വീതനപ്പുറമുള്ള അടുപ്പാണ് ഉണ്ടാവുക. മലയിൽ നിന്ന് മരക്കമ്പുകൾ വെട്ടിയുണ്ടാക്കി അടുക്കി വച്ച് തലച്ചുമാടായി പെണ്ണുങ്ങൾ വിറക് കെട്ടുകൾ കൊണ്ട് വന്ന് സൂക്ഷിച്ചിട്ടുണ്ടായിരിക്കും. ചകിരികൾ വിറകായി ഉപയോഗിച്ച് തുടങ്ങിയിട്ടില്ല അക്കാലത്ത്. തെങ്ങുള്ള വരുടെ വീട്ടിൽ നിന്ന് വാങ്ങിവരുന്ന ഓല മടലുകൾ ആഞ്ഞുണ്ടാക്കി ഓലക്കൊടി കെട്ടിവയ്ക്കലും വിറക് സംഘടിപ്പിക്കുന്നത് പോലെ വീട്ടിലെ ഗൃഹനാഥയുടെ ഉത്തരവാദിത്തമായിരുന്നു. പാട്ടവിളക്കിൻ്റെ അരണ്ട വെളിച്ചത്തിൽ സൂചികുത്തുന്ന പോലെയുള്ള തണുപ്പിലും ഉറക്കമൊഴിവാക്കി അത്താഴ ച്ചോറ് തയ്യാറാക്കാൻ അക്കാലത്തെ ഉമ്മമാര് പ്രയാസപ്പെടുന്നത് മുതിർന്നപ്പോഴാണ് മനസ്സിലാകുന്നത്. ഓലക്കൊടിയും വിറകുമാണ് ഇന്ദനം ഇന്നത്തെ ഗ്യാസിൻ്റെയും ഇൻഡക്ഷൻ കുക്കറിൻ്റെയുമൊന്നും സൗകര്യങ്ങളില്ലാതെ വീട്ടിലുള്ളവരെ ഊട്ടാൻ അന്നത്തെ സ്ത്രീകൾ സഹിച്ച പ്രയാസങ്ങൾക്ക് പ്രാർത്ഥന മാത്രമാണ് നന്ദിയായി ചെയ്യാൻ സാധിക്കുക. മിക്ക വീടുകളിലും ചോറും താളിപ്പും പപ്പടം പൊരിച്ചതും കട്ടൻ ചായയും തന്നെയാണ് അത്താഴത്തിനുണ്ടാവുക. സുബ്ഹി ബാങ്കിൻ്റെ 1.5 മണിക്കൂർ മുമ്പെങ്കിലും എഴുനേറ്റ് മുഖ കഴുകി വെക്ക്ണകത്തെ പല മേലിരുന്ന് കുട്ടികൾ ഞങ്ങൾ അതീവ രുചിയോടെ അതിലേറെ നോമ്പിൻ്റെ ആവേശത്തോടെ പെലച്ചച്ചോറ് കഴിക്കും. ബാപ്പക്ക് കോലായ്മലെ കട്ടിലിലേക്ക് ചോറ് കൊണ്ടുപോയ് കൊടുക്കും ഗൃഹനാഥനും കുട്ടികളും കഴിച്ചതിന് ശേഷം ചോറും കലത്തിൽ ബാക്കിയുണ്ടെങ്കിൽ ഉമ്മയും ഇണ്യാത്തയും ഭക്ഷണം കഴിക്കും . ഇല്ലെങ്കിൽ കഞ്ഞിവെള്ളം കൊണ്ട് അത്താഴത്തിൻ്റെ സുന്നത്ത് പാലിക്കും. ചോറ് തിന്നു കഴിഞ്ഞാൽ ബാപ്പ ഞങ്ങൾ കുട്ടികൾക്ക് നിയ്യത്ത് ചൊല്ലിത്തരും “നവയ്ത്തു സൗമ ഗദിൻ അൻ അദാഇ…… എന്ന നിയ്യത്ത് ചൊല്ലുമ്പോൾ അനുഭവിച്ച വല്ലാത്ത അനുഭൂതിയുണ്ട് വാക്കുകൾക്കതീതമാണത്. നിയ്യത്ത് കഴിഞ്ഞാൽ ഞങ്ങൾ വീണ്ടും മണ്ണ് കരിയുടെ കൂടെ മെഴുകിയ നിലത്ത് വിരിച്ച പായയിലേക്ക് വീണ്ടും ഉറങ്ങാനായി ചരിയും.

ഒരുക്കങ്ങൾ
മുമ്പേ പറയേണ്ടതായിരുന്നു നോമ്പൊരുക്കങ്ങൾ സംബന്ധിച്ച്. ഇപ്പോൾ നമ്മൾ നോമ്പിനു വേണ്ടി തയ്യാറാകുന്നത് പോലെയുളള ഒരുക്കങ്ങളൊന്നും അക്കാലത്തുണ്ടാകാറില്ല. നനച്ചു കുളി തന്നെയാണ് പ്രധാന ഒരുക്കം . നേരത്തെ വല്ലയിടത്തും നിന്ന് ശേഖരിക്കുന്ന ചീടി മണ്ണുകൾ ഉരുളകളാക്കി വച്ചിട്ടുണ്ടാവും പല വീടുകളിലും. അത് വെള്ളം ചേർത്ത് ചുമരുകൾ വെളുപ്പിക്കും. മണ്ണോ കരിയോ ഉപയോഗിച്ച് നിലം മിനുക്കും വീട്ടുപകരണങ്ങൾ മുഴുക്കെ പാറോത്തില ഉപയോഗിച്ച് തേച്ചു കഴുകും. വസ്ത്രങ്ങൾ മൊത്തമായി തിരുമ്പിയിടും. നോമ്പ് തലേന്ന് വിസ്തരിച്ചൊരു കുളിയും. പാറക്കടവ് ആണ് പ്രധാന അലക്കി കുളിക്കാനുള്ള കേന്ദ്രം. വീടുകളിൽ കുളിമുറി ഉപയോഗിക്കുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വം. രണ്ടോ മൂന്നോ കിലോ അരിയോ ഗോതമ്പോ പൊടിച്ചു വയ്ക്കും. അരീക്കോട് പുളിക്കൽ സ്കൂൾ റോഡിലെ ചീമാടൻ അബുട്ടി ഹാജിയുടെ പൊടിമില്ലായിരുന്നു പ്രധാന ആശ്രയം. തുണിസഞ്ചിയിൽ അരിയോ ഗോതാമ്പോ കൊണ്ടു പോയി പൊടിച്ചു കൊണ്ടുവരുന്ന ഉത്തരവാദിത്തം വീട്ടിലെ മൂത്ത സന്താനത്തിൻ്റെതായിരുന്നു. ഞാൻ മൂത്തയാളല്ലാത്തതിനാൽ ജേഷ്ടനോടൊപ്പം അല്ലെങ്കിൽ മൂത്ത സഹോദരിയോടൊപ്പം പോകലായിരുന്നു എൻ്റെ ഡ്യൂട്ടി. മില്ലും ഒരു അത്ഭുതം തന്നെയായിരുന്നു എനിക്ക്. കാളം പോലെയുള്ള വലിയ ഭാഗത്ത് അരിയിട്ട് തുണി കെട്ടിയ കുഴലിലൂടെ വെളിച്ചെണ്ണ തപ്പിലേക്ക് പൊടിഞ്ഞു വീഴുന്നത് നോക്കി നിൽക്കുന്ന കൗതുകം ഓർമ്മയിലെ മധുരം കിനിയുന്ന ഇനങ്ങളിൽ പെട്ടതാണ്. വല്ലിമ്മ പാലത്തിങ്ങലും കളത്തിങ്ങലും അലവി ഹാജിയുടെ വീട്ടിലുമൊക്കെ പോയി ശേഖരിച്ചു വരുന്ന തേങ്ങകളും, നെല്ല് കൊയ്ത്തു കൂലിയായും സകാത്തായും ലഭിക്കുന്ന നെല്ലും കുറച്ച് വീട്ടിലുണ്ടാവും. ഉമ്മയും ഇണ്യാത്തയും ചേർന്ന് നെല്ല് കുത്തി കുറിയരിയാക്കി വച്ചിട്ടുണ്ടാവും. മസാലപ്പൊടികൾ തയ്യാറാക്കി വയ്ക്കുന്നത് കണ്ടിട്ടില്ല. അന്നാന്നത്തേത് പീടികയിൽ നിന്ന് വാങ്ങി ഉരലും അമ്മിയും ഉപയോഗിച്ച് തയ്യാറാക്കുന്ന രീതിയാണ് ഓർമ്മയിലുള്ളത്. മുൻപേ പറഞ്ഞ പോലെ ഓരോ ദിവസത്തേക്കുമുള്ള സാമാനങ്ങൾ വാങ്ങുന്ന ഉത്തരവാദിത്തം വീട്ടിലെ കുട്ടികൾക്കാണ്. പത്ത് പൈസക്ക് ശർക്കര, 5 പൈസക്ക് ഉപ്പ്, 20 പൈസക്ക് വെളിച്ചെണ്ണ, ഒരു കഷ്ണം സാബൂൻ, 50 ഗ്രാം മുളക്, 100 ഗ്രാം മല്ലി എനിങ്ങനെ പീടിക സാമാനങ്ങൾ വാങ്ങാൻ ഞങ്ങൾ കുട്ടികൾ യു. കുഞ്ഞാലൻകുട്ടി കാക്ക, യു ഉണ്ണിമമ്മദ് കാക്ക, സി . ഹംസുട്ട്യാക്ക മുതലായവരുടെ കടയിൽ പോയി തിരക്ക് കൂട്ടുന്ന ചിത്രം ഓർമ്മകളിൽ മങ്ങാതെ നിൽപുണ്ട്. അരി വാങ്ങിക്കൊണ്ട് വരുന്നത് മിക്കപ്പോഴും ബാപ്പ തന്നെയാണ്. തോൾ മുണ്ടിൽ അരി വാങ്ങി മുണ്ടിൻ്റെ തല കൊണ്ട് കെട്ടി ഒരു പന്തിൻ്റെ ആകൃതിയിൽ വീട്ടിലേക്ക് കൊണ്ടുവരുന്നതും ഗൃഹാതുര സ്മരണകളിലെ തിളങ്ങുന്ന ഏടാണ്.
കുട്ടിക്കാല നോമ്പു ഓർമ്മകളിൽ ഓരോ ദിവസത്തെയും പ്രഭാതങ്ങളാണ് ശോഭിച്ചു നിൽക്കുന്നത്. അത്താഴ ചോറു കഴിഞ്ഞ് ഉറങ്ങിയ ഞങ്ങൾ കുട്ടികൾ പ്രഭാതോദയത്തിന് മുമ്പായി തന്നെ ഉണർന്നിരിക്കും. വീടിൻറെ ഇറയത്ത് തൂക്കിയിട്ട കുത്തിയ പാളയിൽ നിറച്ചുവച്ച ഉമിക്കരി എടുത്ത് പള്ളിയിലേക്ക് പുറപ്പെടലായി. തണുപ്പുകാലമാണെങ്കിൽ വഴിയോരത്ത് മുതിർന്നവർ തേക്കില കൂട്ടി കത്തിച്ച് തീ കായുന്നുണ്ടാവും .ആളിക്കത്തുന്ന തീക്ക് ചുറ്റിലുമായി ആളുകൾ കൂടിയിരുന്ന് നടത്തുന്ന തീക്കായ കാഴ്ചവല്ലാത്തൊരു അനുഭവം തന്നെയാണ് . ഞങ്ങൾ കുട്ടികളും കുറച്ചുനേരം കൂട്ടത്തിൽകൂടും. അതുകഴിഞ്ഞ് നേരെ പള്ളിയിലേക്ക് . ഹൗദിന് ചുറ്റും കുന്തിച്ചിരുന്ന് ഉമിക്കരിയിൽ വിരലമർത്തി വിശാലമായുള്ള ഒരു പല്ല് തേപ്പ് തന്നെ നടത്തും. നമ്മുടെ നാട്ടിലെ സമപ്രായക്കാർ ഒട്ടുമിക്കവരും ഹൗദിന് ചുറ്റും സ്ഥലം പിടിച്ചിട്ടുണ്ടാവും.പല്ല് തേപ്പിനിടയിൽ വിശേഷങ്ങൾ പറയാൻ ഒരു പിശുക്കും ഞങ്ങൾ കാണിക്കാറില്ല. ഇന്നത്തെ പോലെ ടാപ്പ് സംവിധാനമോ നിന്ന് വുദു എടുക്കാനുള്ള സൗകര്യമോ അക്കാലത്തുണ്ടായിരുന്നില്ല. കുളം പോലെ അത്യാവശ്യം ആഴമുള്ള ഹൗദിൽ മീനുകളെ വളർത്താറുണ്ടായിരുന്നു. മുളവടിയിൽ ചിരട്ട പിടിപ്പിച്ച കയ്ലു പോലുള്ള ഒരു ഉപകരണമായിരുന്നു കാൽ കഴുകാൻ വെള്ളം എടുക്കുന്നതിന് ഉപയോഗിച്ചിരുന്നത്. പേര് മറന്നുപോയി. പല്ലുതേപ്പും വുദുവും കഴിഞ്ഞാൽ പള്ളിയുടെ തെക്കുഭാഗത്തെ ചരുവിലാണ് കുട്ടികൾ ഏറെയും നിസ്കരിക്കുക. അകത്തെ പള്ളിയിൽ കുട്ടികൾ വല്ലാതെ കയറാറില്ല. വേഗത്തിൽ രണ്ട് റകഅത്ത് സുബ്ഹി നിസ്കരിച്ച് മുകൾ നിലയിലെക്ക് ഞങ്ങൾ ഓടിക്കയറും. ഹൗദിനോടടുത്ത് തന്നെയാണ് മുകളിലെക്കുള്ള ഭീമാകാരനായ മരക്കോണി ഫിറ്റു ചെയ്തിരുന്നത്. മുകൾ നിലയിലെത്തിയാൽ ഒരോ മുസ്ഹഫുമെടുത്ത് ഒരോ വാതിൽപടിയിൽ ഞങ്ങൾ സ്ഥാനം പിടിക്കും. പിന്നയങ്ങോട്ട് ഒരു ഓതൽ യജ്ഞം തന്നെയാണ്. വേഗത്തിലോതി മുമ്പിലെത്താനുള്ള ഒരു ഓട്ട മത്സരം തന്നെയായിരുന്നു അത്. ഓത്ത് യജ്ഞത്തിൽ എൻ്റെ കാഴ്ചയിൽ മുമ്പിൽ നിന്നിരുന്നത് എൻ കെ. കോയ എന്ന ബാല്യകാല സുഹൃത്ത് തന്നെയായിരുന്നു. ഓത്തു കഴിഞ്ഞാൽ കുറച്ചു നേരം പള്ളിയിൽ ഒരു കൂട്ട സൊറയിൽ ഏർപ്പെടും. നോമ്പിന് നേരം പോക്കാനുള്ള വഴി കണ്ടെത്തുന്നത് ഈ സൊറയിൽ വച്ചാണ്. വിവിധ തരം കളികൾ തന്നെയാണ് അതിലെ പ്രധാന ഇനം. നൂറ്റിൻ കോൽ, ഇത്തിൾകളി, തൊപ്പി എന്നിവ വെയിലു കൊള്ളാതെ കളിക്കാൻ പറ്റുന്നവയാണ്. നീളത്തിലുള്ള കോല് വച്ച് അതിൻമേലക്ക് നിശ്ചിത എണ്ണം കുറിയ കോലുകൾ ഇട്ട് മറ്റൊന്നിളകാതെ തിരിച്ചെടുക്കുന്ന അതീവ സൂക്ഷ്മത വേണ്ട കളിയാണ് നൂറ്റിൻ കോൽ . ഉള്ളിലുള്ളാലെ വൃത്തങ്ങൾ വരച്ച് നിശ്ചിത എണ്ണം ഇത്തിളുകൾ ഇട്ട് അതിൻ്റെ സ്ഥിതി പരിഗണിച്ച് സ്വന്തം ഇത്തിളിന് സ്ഥാനക്കയറ്റം ലഭിക്കുന്ന സവിശേഷ കളിയാണ് ഇത്തിൾ കളി. കോഴി, വെള്ള, മുക്കണ്ണൻ തുടങ്ങിയ സംജ്ഞകൾ കളിയിൽ ഇത്തിൾ ചലനഗതിയെ നിയന്ത്രിക്കുന്നു. ചതുരാകൃതിയിൽ കള്ളി വരച്ച് കൃത്യമായ 4 കള്ളികൾ ഉള്ള കളത്തിൽ സ്വന്തം കല്ലുകൾ പ്രത്യേക നേർരേഖയിൽ വരുന്നത് വരെ നീക്കിക്കൊണ്ടിരിക്കുന്ന ദ്വന്ദ മത്സരമാണ് തൊപ്പി.
കുട്ടിയും പറയും ,സൈക്കുത്ത്, ഈസിക്കളി, കോട്ടികളി എന്നിവ വെയിൽ പ്രശ്നമാക്കാതെ കളിക്കുന്നവയാണ്. പന്തുകളി നമ്മുടെ പാരമ്പര്യ കളിയായതിനാൽ പ്രത്യേകം പറയേണ്ടല്ലൊ. കുട്ടികൾക്ക് റബ്ബർ പന്തുകൊണ്ടേ അക്കാലത്ത് കളി സാധ്യമായിരുന്നുള്ളൂ. ഇപ്പോഴത്തെ രീതിയിലുള്ള ലതർ പന്ത് ഞങ്ങളുടെ സ്വപ്നത്തിൽ പോലും വന്നിട്ടില്ലായിരുന്നു എങ്കിലും നീണ്ട കഴുത്തുള്ള ട്യൂബ് ഉൾകൊള്ളുന്ന ഒരു തരം ലതർ ബോൾ ഞങ്ങളേക്കാൾ മുതിർന്ന കുട്ടികൾ ഉപയോഗിക്കാറുണ്ട്. വൈകുന്നേരമായാൽ കാറ്റടിച്ച് ട്യൂബ് വീർപ്പിച്ച് അതിൻ്റെ നീണ്ട കഴുത്ത് പ്രത്യേക രീതിയിൽ മടക്കി വച്ച് ലൈസു കൊണ്ട് കെട്ടുന്നത് ഞങ്ങളുടെ കൗതുക കാഴ്ചകളിൽ ഒന്നായിരുന്നു. സൈക്കുത്ത് കളി അൽപം ക്രൂരമല്ലേ എന്ന് എനിക്ക് ചെറുപ്പത്തിൽ തോന്നിയിട്ടുണ്ട്. കളത്തിനുള്ളിൽ വച്ച പമ്പരത്തെ മറ്റുള്ളവർ പമ്പരം കൊണ്ട് എറിഞ്ഞ് മുറിവേൽപിക്കുന്ന വല്ലാത്ത കളിയാണത്. കൊല്ലൻ ആണിയുള്ള ഊക്കൻ പമ്പരങ്ങൾ പട്ടികാണി വച്ചപമ്പരങ്ങളെ രണ്ടായി പിളർത്തുന്നത് അപൂർവ്വമൊന്നുമല്ല. എന്നാലും ഹരം പിടിച്ച് കളത്തിന് ചുറ്റും നോക്കി നിൽക്കാൻ എനിക്ക് വലിയ ആവേശമായിരുന്നു. കോട്ടികൾ കുഴികളിലേക്ക് വിരലുകൾ കൊണ്ട് അടിച്ച് വീഴ്ത്തുന്ന കോട്ടി കളിയിൽ തോൽക്കുന്ന ഒരു കുട്ടിയായിരുന്നു ഞാൻ. തോൽക്കുന്നയാൾക്ക് കോട്ടികൊണ്ട് കിട്ടുന്ന താഢനത്തിൻ്റെ വേദന ഇന്നും എൻ്റെ വിരലുകളിലുണ്ട്. അണ്ടിക്കളി, പാഞ്ചല്ലും പുലിയും തുടങ്ങിയവയും പത്താന എന്ന തൊട്ടുകളിയും ഇട്ടോയി എന്ന ഒളിച്ചു കളിയും കള്ളനും പോലീസും ഞങ്ങളുടെ കുട്ടിക്കാലത്തെ സമ്പന്നമാക്കിയ കളികളാണ്. പെൺകുട്ടികൾ വള്ളിച്ചാട്ടം, റിംഗ്, കൊത്തങ്കല്ല്, ഇത്തിൾകളി, വളപ്പൊട്ട് പൊറുക്കൽ തുടങ്ങിയവയിൽ സന്തോഷം കണ്ടെത്തി.
(തുടരും)
നോമ്പ് ഓർമ്മകൾ നല്ല എഴുത്ത്