എന്റെ ആഷിക്കിന് ഒന്നര വയസ്സ് പ്രായമുള്ളപ്പോഴാണ് മലപ്പുറത്തുള്ള മൂപ്പര് എന്നെ വിട്ടേച്ചു പോയത്. ആദ്യമൊന്നും ജീവിതം വലിയ പ്രയാസമായി തോന്നിയില്ല. പിന്നീട് പൊന്നു മോനെ എങ്ങനെ പോറ്റുമെന്ന ആധിയായി. അതിനായി എന്ത് ജോലി ചെയ്യാനും ഞാൻ തയ്യാറായിരുന്നു.
ആദ്യം പല കല്യാണവീടുകളിൽ ജോലി നോക്കിയെങ്കിലും അത് മതിയാകില്ലെന്നു വന്നപ്പോൾ അനേകം കൂലിപ്പണികൾ ചെയ്തുമാണ് ഞങ്ങൾ ജീവിതം മുന്നോട്ടു കൊണ്ടുപോയത്. എന്ത് ചോദിച്ചാലും വാങ്ങി കൊടുക്കും, എങ്ങോട്ട് വേണേലും കൊണ്ടുപോകും, ഉപ്പയില്ലാത്ത കുറവ് അറിയിക്കാതെയാണ് ഞാൻ അവനെ വളർത്തിയത്. പത്താം ക്ലാസ് വരെ പഠിത്തത്തിൽ മുന്നോട്ടായിരുന്നവന്, പ്ലസ് വൺ ആയതോടെ ശ്രദ്ധ കുറയുന്നുണ്ടോ എന്നെനിക്ക് തോന്നി.
ചീത്ത കൂട്ടുകെട്ടിൽ കുരുങ്ങിയതാണോ അവന്റെ സ്വഭാവമാറ്റത്തിന് കാരണം എന്ന് വരെ ഞാൻ സംശയിച്ചെങ്കിലും അവൻ ഒരിക്കലും വഴി തെറ്റി പോവില്ല എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. പ്ലസ്ടുവിന് ശേഷം ‘ഐ ടി എ ‘ യിൽ പോകണമെന്ന് പറഞ്ഞപ്പോൾ, ആദ്യം ഞാൻ അനുവദിച്ചില്ല. പക്ഷേ നല്ല ജോലി സാധ്യതയുണ്ട് പെട്ടെന്ന് തന്നെ സെറ്റിൽ ആകാമെന്നൊക്കെയവൻ പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു. മാത്രമല്ല ആയുസ്സിന്റെ പകുതിയും ജോലിചെയ്തു തീർത്തു, ശേഷിക്കുന്നകാലമെങ്കിലും വിശ്രമിക്കാമെന്നും കരുതി. ഏറെ പ്രതീക്ഷയോടെയാണ് ഞാനവനെ ‘ഐ ടി എ’ ചേർത്തത്. പക്ഷേ ആ ആ പോക്ക് അവനെ കൂടുതൽ വഷളാക്കി അവധിക്കു വരുന്ന സമയത്തൊക്കെ അവന്റെ പെരുമാറ്റത്തിൽ വന്ന മാറ്റം ഞാൻ ശ്രദ്ധിച്ചു. അതിനിടക്ക് സൈഡ് ബിസിനസ് എന്ന പേരിൽ വയറിങ് പണിക്കും പോകുമായിരുന്നു. ആ സമയത്താണ് ഒരു ബൈക്ക് വേണമെന്നവൻ ആവശ്യപ്പെടുന്നത്. അവനാഗ്രഹിച്ച ബൈക്ക് തന്നെ എന്റെ ചോര നീരാക്കി ഞാൻ വാങ്ങിക്കൊടുത്തു.
ഒരു ദിവസം കണ്ണ് ചുവന്ന്, ലെക്കുകെട്ടൊരു ഭ്രാന്തനെപ്പോലെയവൻ വീട്ടിൽ വന്നു. ഞാനാകെ അന്താളിച്ചുപോയി, കരഞ്ഞുകൊണ്ട് എന്താ മോനെ നിനക്ക് പറ്റിയത് നീ കുടിച്ചിട്ടുണ്ടോ വലിച്ചിട്ടുണ്ടോ എന്ന് ചോദിചെങ്കിലും നാവിന് പകരം അവന്റെ കൈകളാണ് ഉത്തരം തന്നത്. അവനെന്നെ പുതിരെ തല്ലി എന്റെ അലർച്ച കേട്ട് അയൽവക്കത്തുള്ളവർ ഓടിക്കൂടി അവനെ പിടിച്ചു മാറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി പലതരം പരിശോധനകൾ നടത്തി. ചികിത്സയ്ക്കിടെ ഡോക്ടറെയും അവൻ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്നറിഞ്ഞപ്പോൾ എന്റെ മനസ്സ് വിങ്ങിപൊട്ടി. പല ഡി അഡിക്ഷൻ സെന്ററിലും അന്ന് ഞാനവനെ കയറ്റി ഇറക്കി. ഇതോടെ എല്ലാം അവസാനിച്ചു എന്നാണ് കരുതിയത്. പിന്നീടാണ് കേവലം തുടക്കം മാത്രമാണിതെന്ന് ഞാൻ മനസ്സിലാക്കിയത്. ലഹരി തലക്ക് പിടിച്ച് നിരന്തരമായി അവൻ എന്നെ ഉപദ്രവിക്കുകയും സഹിക്കവയ്യാതെയായപ്പോൾ,അവനെ ബാംഗ്ലൂരിലെ ഡി അഡിക്ഷൻ സെന്ററിൽ ചേർത്തു. വീട്ടിലെ ടേബിളിന്റെ ചില്ലൊഴികെ ബാക്കിയെല്ലാം അവൻ അടിച്ചു പൊട്ടിച്ചിരുന്നു. ഒരു വർണ്ണത്തിനുള്ള ജനവാതിലുകൾ എന്റെ വീട്ടിൽ ഇല്ലായിരുന്നു.
ബ്രെയിൻ ട്യൂമറിന്റെ ശസ്ത്രക്രിയയുടെ വേളയിൽ പോലും എന്റെ മനസ്സ് മുഴുവനും അവനായിരുന്നു. വീട്ടിൽ നോക്കാൻ ആളില്ലാത്തതിനാൽ സഹോദരരുടെ വീട്ടിലായിരുന്നു താമസം. അവൻ എന്നെ കാണാൻ എന്ന പേരിൽ ബാംഗ്ലൂരിൽ നിന്നും മടങ്ങി വന്നതായിരുന്നു. നാലുദിവസം ചങ്ങാതിമാരോടൊപ്പം കൂത്താടി അവൻ വീട്ടിലെത്തി. സഹോദരി ജോലിക്ക് പോയിരുന്നു. ഞാനവനെ പിടിച്ച് അടുത്തിരുത്തി വിവരങ്ങൾ തിരക്കി. പക്ഷേ പെട്ടെന്ന് തന്നെ അവൻ രോക്ഷാകുലനാവുകയും എന്നോട് വഴക്കിടാനും തുടങ്ങി.
തൊട്ടടുത്ത വീട്ടിൽ പോയി അവിടുത്തെ താത്താനെ വിളിച്ചു ഒരു വാക്കത്തി അത്യാവശ്യപ്പെട്ടു. തേങ്ങാ പൊതിക്കാൻ ആണെന്നാണ് പറഞ്ഞത് പക്ഷേ അവൻ പൊതിച്ചത് എന്നെയായിരുന്നു.ഞാൻ വേദനയാൽ കിടന്നുപുളഞ്ഞു ഉച്ചത്തിൽ നിലവിളിച്ചു. പക്ഷേ അവനെ അതൊന്നും കുലുക്കിയില്ല. നാട്ടുകാർ ഓടിക്കൂടി വാതിൽ തല്ലിപ്പൊളിച്ചെങ്കിലും, അത് തുറന്നുകൊടുക്കാൻ അവൻ തയ്യാറായില്ല. ഒടുവിൽ പിന്നാമ്പുറത്തുകൂടി സഹോദരി വാതിൽ തുറന്ന് അകത്തു കയറി . അവൾക്ക് നേരെയും അവൻ കത്തിയോങ്ങിയെങ്കിലും, നാട്ടുകാർ അവനെ പിടിച്ചു വച്ചു.കുതറി ഓടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടിച്ചു കെട്ടിയിട്ടു പോലീസിനെ വിളിച്ചു.
ഞാൻ സ്നേഹിച്ച് ലാളിച്ച് വളർത്തിയ എന്റെ പൊന്നുമോന്റെ കരങ്ങളാൽ രക്തം വളർന്നു ഞാൻ ലോകത്തോട് വിട പറഞ്ഞു. എന്റെ പ്രിയപ്പെട്ടവരോട് എനിക്കു ഉണർത്താനുള്ളത് മനുഷ്യന്റെ സ്വബോധം നഷ്ടപ്പെടുത്തുന്ന ലഹരി വസ്തുക്കൾ ഉപയോഗിക്കാതിരിക്കുകയും മറ്റുള്ളവരെ അതിൽ നിന്നും കരകയറാൻ സഹായിക്കുകയും ചെയ്യുക. എന്നാലും ഒരു കാര്യം എനിക്ക് ഉറപ്പുണ്ട് എന്റെ മോനല്ല എന്നെ വെട്ടിയത്, അവനത് സാധിക്കുകയുമില്ല. മറിച്ച് അവന്റെ ഉള്ളിൽ കയറിക്കൂടി അവനെ തന്നെ മാറ്റിമറിച്ചത് ലഹരിയാണ്.പൊന്നു മോനെ… ഉമ്മാക് മോനോട് ഒരു ദേഷ്യവുമില്ല, സ്നേഹം മാത്രം.
Mashallah