നിങ്ങൾ മനുഷ്യനോ കാലനോ?

130
1

ഓ ഇസ്രായേൽ…
ബോംബറകളുടെ എരിത്തീയിൽ
വെന്തു മരിച്ചവരുടെ
വെണ്ണീർ ചവിട്ടി
നിങ്ങൾക്കെങ്ങനെയാണ് നിർവൃതിയടയാനാകുന്നത്

ആശ്രയമറ്റ്
അനാഥരായവരുടെ
ആർദ്രമായൊഴുകുന്ന
കണ്ണീരിൽ
നിങ്ങൾക്കെങ്ങനെയാണ്
നീന്തിത്തുടിക്കാനാകുന്നത്

അവരുടെ
ആർത്തനാദങ്ങളുട ഇരമ്പലുകൾ കേട്ട്
നിങ്ങൾക്കെങ്ങനെയാണ്
നൃത്തമാടാനാകുന്നത്

ഷെല്ലുകളുടെ നിറപ്പെയ്ത്തിനാൽ
നിരാലംബരുടെ നിശകളെ
നിദ്രാവിഹീനമാക്കിക്കൊണ്ട് നിങ്ങൾക്കെങ്ങനെയാണ്
ശാന്തമായുറങ്ങാനാകുന്നത്

നിങ്ങളിലേക്ക് നീളുന്ന
മുറിപ്പാടുകളുണങ്ങാത്ത കരങ്ങളിൽ
പെറ്റ മാതാവിന്റെ ചുടുനിണം ഒഴിച്ചുകൊടുത്ത് നിങ്ങൾക്കെങ്ങനെയാണ് എരിവ് പുരട്ടാനാകുന്നത്

പ്രാണ വേർപാടിന്റെ നീറ്റലിൽ പിടയുന്ന
പിഞ്ചോമനകളെ കണ്ട് നിങ്ങൾക്കെങ്ങനെയാണ്
പുഞ്ചിരിക്കാനാകുന്നത്

മനുഷ്യക്കബന്ധങ്ങൾ കുന്നു കൂട്ടിക്കത്തിച്ചതിന്റെ
പുകച്ചുരുളുകൾ ശ്വസിച്ച് നിങ്ങൾക്കെങ്ങനെയാണ്
ആനന്ദിക്കാനാകുന്നത്

കണ്ണു കീറാത്ത ഗർഭസ്ഥശിശുവിന്റെ ഇടനെഞ്ചിലേക്ക്
വെടിയുതിർക്കാൻ മാത്രം നിങ്ങളോടവൻ
എന്ത് തെറ്റാണ് ചെയ്തത്

ഒരുനാൾ ആട്ടിയോടിക്കപ്പെട്ട
അഭയാർത്ഥികളായി നിങ്ങളലയുമ്പോൾ
അഭയം നൽകിയതിനോ
ഈ കൊടും ക്രൂരത

ഓ ഇസ്രായേൽ
നിങ്ങൾ മനുഷ്യരോ
അല്ല മനുഷ്യരായി രൂപാന്തരം പ്രാപിച്ച കാലനോ

Leave a Reply

Your email address will not be published. Required fields are marked *

One thought on “നിങ്ങൾ മനുഷ്യനോ കാലനോ?

  1. Your article helped me a lot, is there any more related content? Thanks!