രാത്രിയുടെ അന്ത്യയാമത്തിൽ ആകാശം വിണ്ടു കീറിയുണ്ടായ നേരിയ നിലാവെളിച്ചത്തിൽ മുസാഫിർ വീണ്ടും നടന്നു തുടങ്ങി. ക്ഷീണമറിയാത്ത നടത്തത്തിന്റെ ദിനരാത്രങ്ങൾ അയാൾക്ക് എണ്ണിത്തിട്ടപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. അല്ല, അത് എണ്ണേണ്ടത് അയാളുടെ ആവശ്യവ്യമായിരുന്നില്ല. ദേഹത്തിൽ നിന്ന് പൊടിയുന്ന അയാളുടെ വിയർപ്പു കണങ്ങൾക്ക് ഇപ്പോൾ ചന്ദനത്തിന്റെയും ഒലീവെണ്ണയുടെയും സമ്മിശ്രമായ സുഗന്ധം. വിണ്ട കാലടികളിൽ നനുത്ത മണ്ണിന്റെ തണുപ്പ്. പക്ഷെ മുഖത്ത് നീണ്ടൊരു നിർവികാരത മാത്രം.. അയാൾ ഒരു വാക്കിനു വേണ്ടിയുള്ള അലച്ചിലിലാണ്. ഒരു വാക്ക് മാത്രം! അത് എപ്പോൾ കിട്ടുമെന്നോ എവിടെ വച്ച് കിട്ടുമെന്നോ ആര് പകർന്ന് നൽകുമെന്നോ അയാൾക്കറിഞ്ഞു കൂടാ. പക്ഷെ ഇടവും വലവുമുള്ള രണ്ട് റാന്തൽ വിളക്കുകൾ അയാളെ മുന്നിലേക്ക് നയിക്കുകയാണ്, കാത്തിരിപ്പിന് സുഖം നൽകുകയാണ്. ഒന്ന്: ആ വാക്ക് തന്നിലെത്തിച്ചേരും എന്ന വിശ്വാസം. രണ്ട്: താണ്ടുന്ന വഴികളത്രയും ലക്ഷ്യം പോലെ സത്യമാണെന്ന ബോധം…
വൃത്തിയായി ചീകിയ മുടിയിൽ നിന്നും എപ്പോഴും ക്രമം തെറ്റി താഴേക്ക് വീണു കിടക്കുന്ന ഒന്ന് രണ്ട് ഇഴകൾ പോലെ ചില ചിന്തകൾ അയാളുടെ ഹൃദയത്തിലും വീണു കൊണ്ടിരുന്നു:
കാത്തിരിപ്പിന്റെയും ഏകാന്തതയുടെയും നീളം കൂടും തോറും വിഷാദത്തിന്റെ ചുഴികളിൽ കലങ്ങിപോവാതിരിക്കണം. എത്ര നീളുന്നുവോ അത്രയും മധുരിക്കുന്നതാണ് വരാനിരിക്കുന്നത് എന്ന ആശയിൽ മുന്നോട്ട് നീന്തണം. നിന്റെ മുഖത്തിന് തെളിഞ്ഞ ജലാശയത്തിലെ തിളങ്ങി നിൽക്കുന്ന ഒരു പ്രതിബിംബം കാത്തിരിപ്പുണ്ട്. അതിലേക്കുള്ള ദൂരം അത്ര കണ്ട് നിശ്ചിതമല്ലെന്ന് മാത്രം… പക്ഷെ അതു നിന്നെ തേടിയെത്തുമെന്നത് നിലാവു പോലെ സത്യം.
അതിന് നിസ്സംഗമായ ക്ഷമ മാത്രം മതി. പനിനീർപ്പൂവിറുക്കുമ്പോൾ മുള്ളു തറയ്ക്കാതിരിക്കാനുള്ള ക്ഷമ. മാർദ്ദവമായ ഇതളുകളെ തൊട്ടു തലോടി മാത്രം കടന്നു പോവാനുള്ള ക്ഷമ. ക്ഷമ എന്നത് ലക്ഷ്യത്തിലേക്കുള്ള അറ്റമില്ലാത്ത വിരസമായ കാത്തിരിപ്പല്ല. വരാനിരിക്കുന്നതിനെ ഹൃദയ പൂർവ്വം വരവേൽക്കാനുള്ള സൗന്ദര്യമുള്ള തയ്യാറെടുപ്പാണ്. മനസ്സു നിറഞ്ഞ ധ്യാനം പോലെ നിർമ്മലമാണ്. എന്നാൽ പറയുമ്പോഴുള്ള എളുപ്പം പോലെ അത് അത്ര അനായാസമാവാറില്ല. വേദനയാണ്. വേദനയുടെ ഉലയിൽ ഊതിയൂതിപ്പഴുപ്പിച്ചാണ് ഓരോ അനന്തമായ തപസ്സും സഫലമാകുന്നത്. വേദനയെ സുഖകരമായ ആനന്ദമായി സ്വാംശീകരിക്കുമ്പോൾ മാത്രം യഥാർത്ഥത്തിൽ നിൻറെ ക്ഷമയും കാത്തിരിപ്പും സഫലമാകുന്നു. പിന്നെ, അതിൻറെ യാത്ര എത്ര കാലം നീണ്ടതായാലും നീ അതിനെ ആസ്വദിക്കുന്നു.
പ്രഭാതമുണരുന്നു….മുസാഫിർ യാത്ര തുടരുന്നു…