സമൂഹ നിർമിതിയ്ക്ക് നേതൃത്വം നൽകേണ്ടവർ ആരാവരുത്!

253
0

സാധാരണയായി മുഖ ചിത്രത്തിലൂടെ കണ്ണോടിച്ചു പോകുന്നതിനിടയിലാണ് ഒരു വീഡിയോ ശ്രദ്ധയില്‍പ്പെട്ടത്. പ്രായമായ ഒരു സ്ത്രീയായിരുന്നു വീഡിയോയില്‍. രണ്ടു ചെറിയ മക്കളെയും ഒരു യുവതിയും കൂടെയുണ്ട്. ഒരുപാട് പേര്‍ ഷെയര്‍ ചെയ്തു കണ്ടപ്പോള്‍ എന്താണ് എന്നറിയാന്‍ ആ വീഡിയോ കൂടുതല്‍ ശ്രദ്ധിച്ചു.
വീഡിയോ കണ്ണുനിറക്കുന്നതായിരുന്നു. വയോവൃദ്ധയായ ഒരു സ്ത്രീയെ ഒരു ദയയും ദാക്ഷിണ്യവും ഇല്ലാതെ യുവതി തള്ളുന്നതായിരുന്നു വീഡിയോയുടെ ഉള്ളടക്കം. വീഡിയോ കണ്ടുകഴിഞ്ഞപ്പോള്‍ ആദ്യം ഓര്‍മ്മകളില്‍ വന്നത് നമ്മുടെ വീടുകളില്‍ ഉള്ള പ്രായമേറിയ ആളുകളെയാണ്. വീടിന്റെ പടിയിറങ്ങാന്‍, വാഹനത്തില്‍ കയറാന്‍ അവരുടെ ഇരു കൈകളും പിടിച്ചു കൊടുത്തു മാത്രമേ ശീലമുള്ളൂ.

എല്ലാവരുടെയും ജീവിതത്തില്‍ വലിയ പ്രാധാന്യമുള്ളവരാണ് മാതാപിതാക്കള്‍. ഏറെ വേദന സഹിച്ച് പ്രസവിച്ച ഉമ്മ. രണ്ടു വര്‍ഷത്തോളം സ്വന്തം ശരീരം പോലും നോക്കാതെ മുലയൂട്ടി വലുതാക്കിയ സ്ത്രീത്വമാണ് അമ്മ. അതേ സമയം ഇതിനെല്ലാമുള്ള സൗകര്യങ്ങളും സാമ്പത്തികവുമൊരുക്കി ഉമ്മയ്ക്ക് താങ്ങായി തണലായി നിന്ന പിതാവ്. പ്രയാസങ്ങളും പരിഭവങ്ങളും അറിയിക്കാതെ ഇരുവരും കൈ ചേര്‍ത്തു പിടിച്ചതിന്റെ തണലാണ് നാം ഓരോരുത്തരും ഇന്നനുഭവിക്കുന്ന ജീവിത സൗഭാഗ്യമെന്നു പറയുന്നത്.

സ്വാഭാവികമായും ഈ കാരണങ്ങളാല്‍ സ്വന്തം മാതാപിതാക്കളോട് കടപ്പെട്ടവരാണ് എല്ലാവരും. ഒരോരുത്തരും അത് നിര്‍വഹിക്കുമ്പോഴാണ് ഒരു സമൂഹം ധാര്‍മിക ഔന്നിത്യം പ്രാപിക്കുന്നത്. ഇതിന് വിഘാതമാവുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ കൂടി കണ്ടെത്തേണ്ടത് അനിവാര്യമാണ്. സ്വതന്ത്രതാവാദത്തിന്റെയും ആധുനിക ലിബറല്‍ ചിന്താഗതികളുടെയുമെല്ലാം കുടപിടിച്ച് ഇന്ന് നമൂടെ സമൂഹത്തിലേക്ക് കടന്നു വന്നു കൊണ്ടിരിക്കുന്ന ആധുനിക ചിന്തകള്‍ക്ക് ഇതില്‍ വലിയൊരു പങ്കുണ്ട്. ഓരോ വ്യക്തിയുടെയും ആത്മസുഖവും സന്തോഷവും മാത്രം പരിഗണിക്കപ്പെട്ടാല്‍ മതിയെന്നും അതിന് തടസ്സമാവുന്നതെല്ലാം ഒഴിവാക്കണമെന്നുമുള്ള പ്രചരണങ്ങളില്‍ മാതാപിതാക്കളും അധികപ്പറ്റാണെന്ന് പഠിപ്പിക്കപ്പെടുന്നുണ്ട്. ഇത്തരം ധാര്‍മികച്യൂതികള്‍ക്കെതിരെ സമൂഹം ഒന്നിച്ച് പോരാടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

മറ്റൊരു കാര്യം, മേല്‍ സൂചിപ്പിച്ച സംഭവത്തില്‍ അത്ഭുതപ്പെടുത്തിയും ആശങ്കപ്പെടുത്തിയതും മാതാവിനെ അതിക്രമിച്ച സ്ത്രീ, ഒരു അധ്യാപികയാണെന്ന വിവരം അറിഞ്ഞപ്പോഴാണ്. പുതിയ തലമുറയ്ക്ക് ദിശാബോധം നല്‍കേണ്ട അധ്യാപകരുടെ സാമൂഹ്യ ബോധവും ധാര്‍മികമായ ചിന്താഗതികളും ഇത്തരത്തില്‍ അധഃപതിച്ചതാണെങ്കില്‍ അവര്‍ പകര്‍ന്ന് നല്‍കുന്ന അറിവ് ഏതു രൂപത്തിലുള്ളതാവും? വരുന്ന തലമുറയെ അതെങ്ങനെ ബാധിക്കും?

രണ്ടു മാസത്തിനുള്ളിലാണ് യു.പിയില്‍ ഒരധ്യാപിക മതം പറഞ്ഞ് ക്ലാസിലെ ഒരു കുട്ടിയെ മറ്റു കുട്ടികളെക്കൊണ്ട് തല്ലിച്ചത്. ഈ സംഭവം നമ്മുടെ മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല. അതിനു മുമ്പാണ് മറ്റൊന്ന്. നിസാരവത്കരിച്ച് തള്ളിവിടാന്‍ കഴിയുന്ന ഒരു കാര്യമല്ല ഇത്. ഏതെങ്കിലും ഒരു അധ്യാപകനോ അധ്യാപികയോ ചെയ്തതു കൊണ്ട് എല്ലാവരെയും ഈ ഗണത്തില്‍ ഉള്‍പ്പെടുത്തി സമാനവത്കരിക്കുകയല്ല.

അധ്യാപനജോലിയിലേക്ക് കടന്നു വരുന്നവര്‍ ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളും കരസ്ഥമാക്കുന്നുണ്ടാവാം. എന്നാല്‍ അതിലുപരിയായി മാനുഷിക മൂല്യങ്ങളുടെയും സാമൂഹിക പ്രതിബദ്ധതയുടെയും അംശങ്ങള്‍ തൊട്ടുതീണ്ടിയിട്ടില്ലാത്തവര്‍ പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിന് നേതൃത്വം നല്‍കാന്‍ പാടില്ല. അത് നശിപ്പിക്കുന്നത് നമ്മുടെ മക്കളെയാണ്. നമ്മുടെ രാജ്യത്തെയാണ്.

Leave a Reply

Your email address will not be published. Required fields are marked *